X

രോഗി ഇഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും…

സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി രോഗി ഇഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലായി മാറിയിരിക്കുകയാണ്. മദ്യശാലകള്‍ അനുവദിക്കുന്നതിന് പതിനായിരത്തിലധികം ജനസംഖ്യയുള്ള ഗ്രാമങ്ങളില്‍ ദൂരപരിധി ബാധകമല്ലെന്നും നിശ്ചിത ജനസംഖ്യയില്ലെങ്കിലും വിനോദ സഞ്ചാര മേഖലക്ക് ഇളവ് അനുവദിക്കാമെന്നും സര്‍ക്കാറിന് മദ്യ നയം രൂപീകരിക്കാന്‍ സഹായകമായ ഒരു വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. ഇത് പാതയോരങ്ങളിലെ മദ്യശാലകളെ നിയന്ത്രിച്ചുകൊണ്ട് സുപ്രീംകോടതി തന്നെ നേരത്തെ പുറപ്പെടുവിച്ച വിധിയെ തകിടം മറിക്കുന്നതും കേരളത്തെ ഒരു മദ്യപ്പുഴയാക്കി മാറ്റാനുതകുന്നതുമാണ്. പ്രത്യേകിച്ച് മദ്യത്തിന്റെ കാര്യത്തില്‍ അത്രയും ഉദാരസമീപനം സ്വീകരിക്കുന്ന ഒരു സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍.
ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യ ശാല പാടില്ലെന്ന് 2015 ഡിസംബര്‍ 15 നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. പിന്നീട് ദൂരപരിധിയില്‍ നിന്ന് നഗരങ്ങളെ ഒഴിവാക്കി 2017 മാര്‍ച്ച് 31നും മുനിസിപ്പല്‍ മേഖലകളെ ഒഴിവാക്കി ജൂലൈ 11നും കോടതി വിധി പുറപ്പെടുവിക്കുകയുണ്ടായി. ഇതോടെ പഞ്ചായത്തുകളെയും ഒഴിവാക്കണമെന്ന ആവശ്യവുമായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണു പട്ടണ സ്വഭാവമുള്ള പഞ്ചായത്തുകളിലും മദ്യശാലകള്‍ തുറക്കാമെന്നും ഇത്തരം പഞ്ചായത്തുകള്‍ ഏതൊക്കെയാണെന്ന് സര്‍ക്കാറിന് തീരുമാനിക്കാമെന്നുമുള്ള പുതിയ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ വിധിയുടെ ചുവടു പിടിച്ചാണ് പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തുകളെ പട്ടണങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ടൂറിസം മേഖലക്ക് പതിനായിരം എന്ന പരിധി ബാധകമല്ലെന്നും ഏതൊക്കെയാണ് ടൂറിസം മേഖലകളെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വിധിയിലുള്ളതിനാല്‍ നഗര ഗ്രാമ വ്യത്യാസങ്ങളില്ലാതെ കേരളത്തില്‍ മദ്യമൊഴുകുമെന്ന് ഉറപ്പായിരിക്കുകയാണ്.
കേരളത്തില്‍ ഘട്ടംഘട്ടമായി മദ്യ നിരോധനം എന്ന വിപ്ലവകരമായ തീരുമാനമെടുക്കുകയും ആ ലക്ഷ്യത്തിലേക്ക് കൃത്യമായി നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്ത സര്‍ക്കാറായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങളില്ലാത്ത 418 ബാറുകള്‍ ആദ്യം പൂട്ടുകയും പിന്നീട് നക്ഷത്ര ലൈസന്‍സുള്ള ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ലൈസന്‍സ് പരിമിതപ്പെടുത്തുകയും ബാക്കിയുള്ളവക്കെല്ലാം ബീയര്‍ ബാര്‍ ലൈസന്‍സുകള്‍ നല്‍കുകയുമായിരുന്നു. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിലെ മിക്ക പഞ്ചായത്തുകളിലും ബാര്‍ തുറക്കുന്ന സാഹചര്യമുണ്ടാവും. പതിനായിരത്തിനു മുകളില്‍ ജനസംഖ്യ സംസ്ഥാനത്തെ ഏതാണ്ടെല്ലാ പഞ്ചായത്തുകളിലും നിലവിലുണ്ട്.
മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണ് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് പ്രചണ്ഠമായ പ്രചാരണം നടത്തിജനങ്ങളെ വ്യാപകമായി തെറ്റിദ്ധരിപ്പിച്ചാണ് ഇടതു സര്‍ക്കാര്‍ അധികാരത്തിലേക്ക് കാലെടുത്തു വെച്ചത്. ഒരു ഭാഗത്ത് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ മറുഭാഗത്ത് മദ്യ രാജാക്കന്മാരുമായി രഹസ്യ ബാന്ധവവും വെച്ചുപുലര്‍ത്തുകയായിരുന്നു ഈ ഭരണകൂടം. എന്നുമാത്രമല്ല അത്തരം ശക്തികളുടെ കഠിനാദ്ധ്വാനത്തിന്റെ പരിണിതഫലമാണ് പിണറായി സര്‍ക്കാര്‍ എന്നുള്ള പ്രചാരണവും ഒട്ടും അതിശയോക്തിപരമല്ല. കെ.എം മാണിക്കെതിരെ കേസ് നടത്തുകയാണെങ്കില്‍ അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകളെല്ലാം തുറന്നു നല്‍കാമെന്ന് സി.പി.എം നേതാക്കള്‍ വാഗ്ദാനം നല്‍കിയിരുന്നതായുള്ള ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ഈ ആരോപണത്തെ ശരിവെക്കുന്നതാണ്.
ലഹരി ഉപയോഗം വര്‍ധിക്കും, ടൂറിസം വരുമാനം കുറയും തുടങ്ങിയ വാദങ്ങളായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിട്ട ബാറുകള്‍ തുറക്കാന്‍ പിണറായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍. എന്നാല്‍ ബാറുകള്‍ പൂട്ടിയ സമയത്ത് ലഹരി ഉപയോഗത്തില്‍ ഒരു വര്‍ധനവും രേഖപ്പെടുത്തിയിരുന്നില്ലെന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ ക്രമാസമാധാന രംഗത്ത് വമ്പിച്ച മുന്നേറ്റമുണ്ടാവുകയും ചെയ്തു. പ്രത്യേകിച്ച് ഗാര്‍ഹിക പീഡനം വന്‍തോതില്‍ കുറയുകയുണ്ടായി. ടൂറിസം മേഖലയില്‍ തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ സന്ദര്‍സകരുടെ എണ്ണവും വരുമാനവും വര്‍ധിക്കുകയുണ്ടായി. ഈ ഒരു സാഹചര്യമാണ് മുന്‍വാതിലിലൂടെയും പിന്‍വാതിലിലൂടെയുമായി മദ്യശാലകള്‍ വ്യാപകമാക്കിയതിലൂടെ ഇടതു സര്‍ക്കാര്‍ തകര്‍ത്തു കളഞ്ഞത്.
ബാറുടമകള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാനും ഖജനാവിലേക്ക് പണം കുന്നുകൂട്ടാനുമായി മുന്‍ പിന്‍ നോക്കാതെ, നാടിന്റെ സാംസ്‌കാരിക പൈതൃകത്തിന് കോട്ടം വരുത്തുന്ന രീതിയില്‍ മദ്യം സാര്‍വ്വത്രികമാക്കി കൊണ്ടിരിക്കുന്ന സര്‍ക്കാറിന് കേരള ജനതയുടെ കനത്ത പ്രതിഷേധം ഏറ്റുവാങ്ങേണ്ടിവരും എന്ന കാര്യം അവിതര്‍ക്കിതമാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത മുന്നറിയിപ്പുകളാണ് വിവിധ സാമൂഹിക സാമുദായിക സംഘടനകളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. മദ്യലോബി ആഗ്രഹിക്കുന്നതിനുമപ്പുറമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നാണ് സര്‍ക്കാറിന്റെ ഉത്തരവിനെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പ്രതികരിച്ചിരിക്കുന്നത്. ജനങ്ങളെ വീണ്ടും തെരുവിലിറങ്ങാന്‍ പ്രേരിപ്പിക്കരുതെന്നാണ് കെ.സി.ബി.സി അധ്യക്ഷന്‍ ഡോ. സൂസെ പാക്യം മുന്നറിയിപ്പ് നല്‍കുന്നു. മറ്റൊരു ഓഖി ദുരന്തമാണ് സര്‍ക്കാറിന്റെ മദ്യ നയമെന്നും പുതുക്കിയ മദ്യനയത്തിന്റെ ഫലം സര്‍ക്കാറിന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അനുഭവിക്കേണ്ടി വരുമെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനായില്‍ പ്രസ്താവനയിറക്കി കഴിഞ്ഞു. വിവിധ മദ്യ വിരുദ്ധ സംഘടനകളും പ്രക്ഷോഭത്തിന്റെ പാതയിലേക്കിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നാടിനെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെയുള്ള ആദ്യ പ്രഹരമായിരിക്കും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പെന്ന് ഈ പ്രതികരണങ്ങളെല്ലാം വ്യക്തമാക്കുന്നത്.

chandrika: