X

മണ്ടത്തരം വിളമ്പുന്ന പ്രധാനമന്ത്രി

New Delhi: Prime Minister Narendra Modi speaks in the Lok Sabha on 'no-confidence motion' during the Monsoon Session of Parliament, in New Delhi on Friday, July 20, 2018. (LSTV GRAB via PTI)(PTI7_20_2018_000270B)


‘ആകാശം മേഘാവൃതമായിരിക്കുന്നതിനാല്‍ ആക്രമണദൗത്യം മറ്റൊരുദിവസത്തേക്ക് മാറ്റണമെന്ന വാദമുയര്‍ന്നു. ഞാന്‍ ഇക്കാര്യത്തില്‍ വിദഗ്ധനോ ശാസ്ത്രജ്ഞനോ അല്ല. എങ്കിലും മഴയും മേഘവുമുണ്ടെങ്കില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്താന്റെ റഡാറുകളുടെ കണ്ണില്‍പെടാതെ പറക്കാമെന്ന മെച്ചമുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് കാലാവസ്ഥ പ്രതികൂലമായിട്ടും മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.’ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 2019 ഫെബ്രുവരി 14ന് നടന്ന പാക്ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ തയ്യാറെടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സൈനിക വിദഗ്ധരുമായി ഇടപെട്ട് നടത്തിയ മേല്‍ ഉപദേശം വലിയവിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കയാണിപ്പോള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പുദിവസത്തിന്റെ തലേന്നാണ് കഴിഞ്ഞഅഞ്ചുവര്‍ഷമായി പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ഒരു വ്യക്തിയില്‍നിന്ന് മേല്‍പറഞ്ഞ അശാസ്ത്രീയമായ പരാമര്‍ശമുണ്ടായത്. ന്യൂസ് നാഷണല്‍ ചാനലിന്റെ രണ്ട് ലേഖകരാണ് മോദിയുമായി സംസാരിക്കുന്നതായി വീഡിയോ പുറത്തുവന്നത്. ബി.ജെ.പി ഔദ്യോഗികമായി മോദിയുടെ ഈ വാചകങ്ങള്‍ ട്വീറ്റ് ചെയ്‌തെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.
ഫെബ്രുവരി 26നാണ് പാക്കിസ്താനിലെ ബാലക്കോട്ടിലേക്ക് ആക്രമണം നടത്തിയത്. പാക് ഭീകരര്‍ക്കുനേരെയുള്ള തിരിച്ചടിക്ക് ഇന്ത്യന്‍ സൈന്യത്തിന് സര്‍വസ്വാതന്ത്ര്യവും കൊടുത്തുവെന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. എന്നിട്ടും എന്തുകൊണ്ട് മോദി യുദ്ധവുമായി ബന്ധപ്പെട്ട് അഗാധപ്രാവീണ്യം ആവശ്യമുള്ള വിഷയത്തില്‍ ഇടപെട്ടു. അദ്ദേഹം പറയുന്നതനുസരിച്ച് താനൊരു ഉപദേശം നല്‍കുകമാത്രമാണ് ചെയ്തതെന്ന് വിശ്വസിക്കാമെങ്കില്‍, അത് വിശ്വസിച്ചാണോ ആണവശക്തിയായ ഇന്ത്യന്‍ സൈന്യം പോരിനിറങ്ങിയത്. ഇന്ത്യയുടെ പേരുകേട്ട സൈന്യത്തിനുമേല്‍ തന്റെ മണ്ടത്തരം അടിച്ചേല്‍പിക്കുകയായിരുന്നുവെന്നാണ് മോദി പരോക്ഷമായി സമ്മതിച്ചിരിക്കുന്നത്. ഇതിന് എന്ത് ധാര്‍മികവും സാങ്കേതികവുമായ അധികാരമാണ് അദ്ദേഹത്തില്‍ നിക്ഷിപ്തമായിട്ടുള്ളത്? മറ്റാരെക്കൊണ്ടെങ്കിലുമാണ് മോദി ഇത് പറയിച്ചിരുന്നതെങ്കില്‍ അത് നിഷേധിക്കാന്‍ അദ്ദേഹത്തിനും സര്‍ക്കാരിനും ഭരണകക്ഷിക്കും സാധിക്കുമായിരുന്നേനെ. എന്നാല്‍ മോദി തന്നെയാണ് പ്രസ്താവന നടത്തിയത് എന്നതുകൊണ്ട് സ്വന്തംമാലിന്യത്തെ സ്വയം വിഴുങ്ങേണ്ട ഗതികേടിലായിരിക്കുകയാണ് അദ്ദേഹവും ബി.ജെ.പിയുമിപ്പോള്‍.
പശു പുറത്തുവിടുന്നത് ഓക്‌സിജനാണെന്നും പുരാണകാലത്ത് ഇ-മെയിലും വിമാനവുണ്ടായിരുന്നുവെന്നും പറയുന്ന ആര്‍.എസ്.എസ്സുകാരായ ബി.ജെ.പി മുഖ്യമന്ത്രിക്ക് തുല്യമായിരിക്കുകയാണ് മോദി ഇതിലൂടെ. നെഹ്രുവിനെയും പ്രശസ്തനായ സൈനികമേധാവി ജനറല്‍ കരിയപ്പയെയുംകുറിച്ചൊക്കെ മോദിപറഞ്ഞ അബദ്ധങ്ങളും പച്ചക്കള്ളങ്ങളും ഇതിലൂടെ പൂര്‍വാധികം ശക്തിപ്പെട്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സൈന്യവുമായി ബന്ധപ്പെട്ട യാതൊന്നും പരാമര്‍ശിക്കരുതെന്ന് തിരഞ്ഞെടുപ്പിനുമുമ്പുതന്നെ ദേശീയതിരഞ്ഞെടുപ്പു കമ്മീഷന്‍ എല്ലാ രാഷ്ട്രീയകക്ഷികളോടും പരസ്യമായി നിര്‍ദേശിച്ചിരുന്നതാണ്. സാധാരണഗതിയില്‍ സൈന്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഷ്ട്രത്തിന്റെ അഖണ്ഡതയും സുരക്ഷയുമായ ഒന്നായതിനാല്‍ ഒരുരാഷ്ട്രീയക്കാരും അതിനെ പൊതുചര്‍ച്ചകളിലേക്ക് വലിച്ചിഴക്കാറില്ല. സൈനികരില്‍ ഒരാളുടെപോലും വീര്യത്തിന് അതുമൂലം പോറലേല്‍ക്കപ്പെടരുത് എന്ന സദുദ്ദേശ്യത്തിലാണത്. എന്നാല്‍ നരേന്ദ്രമോദിയും ബി.ജെ.പിഅഖിലേന്ത്യാഅധ്യക്ഷന്‍ അമിത്ഷാഅടക്കമുള്ള ഭരണകക്ഷിനേതാക്കളും പരസ്യമായി പലതവണയാണ് സൈനികവിഷയങ്ങളെ തങ്ങളുടെ നേട്ടമെന്നനിലയില്‍ രാഷ്ട്രീയമുതലെടുപ്പിനുവേണ്ടി പൊതുവേദികളിലേക്ക് വലിച്ചിട്ടത്. രാജസ്ഥാനിലെ ഒരു പൊതുയോഗത്തില്‍ മോദി കന്നിവോട്ടര്‍മാരോട് ബാലക്കോട്ട് ആക്രമണത്തിന്റെ പേരില്‍ വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയതാണ്.
ഡസനോളം പരാതികളാണ് പ്രധാനമന്ത്രിക്കും അമിത്ഷാക്കുമെതിരെ നടപടിക്കായി തിര.കമ്മീഷന് എത്തിയത്. എന്നാല്‍ അതിലെല്ലാറ്റിലും ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. കോണ്‍ഗ്രസിന് സുപ്രീംകോടതിയെവരെ സമീപിക്കേണ്ടിവന്നു. ഇതിലെ പ്രശ്‌നം മാതൃകാപെരുമാറ്റച്ചട്ടലംഘനത്തിനും അപ്പുറമാണ്. ലോകത്ത് ഇന്നുള്ള റഡാറുകളൊന്നിനെയും മറയ്ക്കാനുള്ള ശേഷി മേഘത്തിനില്ലെന്നത് ശാസ്ത്രസത്യം. അപ്പോള്‍ സൈനികവിദഗ്ധരെ കവച്ചുവെക്കുന്ന ഉപദേശംനല്‍കിയ പ്രധാനമന്ത്രി ചെയ്തത് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ പോന്ന ഒന്നാണ്. ഇന്ത്യന്‍ വിമാനങ്ങളെ റഡാറില്‍കണ്ട് പാക്കിസ്താന് രക്ഷപ്പെടാന്‍ കഴിഞ്ഞുവെന്നാണ് ഊഹിക്കേണ്ടത്. ആക്രമണംകൊണ്ട് എന്താണുണ്ടായതെന്ന് തെളിവുകള്‍സഹിതം സ്ഥാപിക്കാനാകാത്തതും ഇതുകൊണ്ടാണ്. അന്നുപോലും കവിത കോറിയിട്ടു എന്നുപറഞ്ഞ മോദിയുടെ സ്‌ക്രീനില്‍ കാണുന്നത് പ്രിന്റ് ചെയ്ത കവിത. എന്തിനായിരുന്നു ഈ നാടകം?
അഞ്ചുവര്‍ഷവും വാര്‍ത്താസമ്മേളനങ്ങള്‍ നടത്താത്ത പ്രധാനമന്ത്രി നടത്തിയ തട്ടിക്കൂട്ട്് അഭിമുഖത്തില്‍ മോദിപറയുന്ന മറ്റ് രണ്ട് ഭീമാബദ്ധങ്ങള്‍ ഇതിലും വലുതാണ്. താന്‍ 1987-88 കാലത്ത് ഡിജിറ്റല്‍ക്യാമറ സ്വന്തമാക്കുകയും എല്‍.കെ അഡ്വാനിയുടെ വര്‍ണച്ചിത്രം പകര്‍ത്തി ഇ-മെയില്‍വഴി അയച്ചതായും മോദി അവകാശപ്പെടുന്നു. 1995 കാലത്ത് മാത്രമാണ് അമേരിക്കയില്‍പോലും ഇ-മെയില്‍ പൊതുജനം ഉപയോഗിച്ചുതുടങ്ങിയത്. ഡിജിറ്റല്‍ ക്യാമറ പ്രൊഫഷണലുകള്‍പോലും ഇന്ത്യയില്‍ ഉപയോഗിച്ചുതുടങ്ങിയത് ഏതാണ്ടിതേ കാലത്തും. തന്റെ സഹപാഠികളില്ലാത്ത സര്‍വകലാശാലാബിരുദപഠനത്തെക്കുറിച്ചും 50 വയസ്സുവരെ വരുമാനമില്ലാതിരുന്നതിനെക്കുറിച്ചും പറയുന്നത് വിശ്വസിക്കാന്‍ മാത്രം ഇന്ത്യന്‍ ജനത വിഡ്ഢികളാണെന്നാണോ മോദി ധരിച്ചുവെച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രികാലത്തും അതിനുമുമ്പുള്ള ആര്‍.എസ്.എസ് കാലത്തും മോദി പരിശീലിച്ചതൊക്കെയാണ് ഇപ്പോള്‍ ദുര്‍ഭൂതമായി പുറത്തുവന്നിരിക്കുന്നത്.
മോദിയിലൂടെ രാജ്യവും സൈന്യവും തന്നെയാണ് ഇപ്പോള്‍ നാണിക്കപ്പെട്ടിരിക്കുന്നത്. 45 കൊല്ലത്തെ തൊഴിലില്ലായ്മക്ക് കാരണമായതും പൊളിഞ്ഞാല്‍ തന്നെ കത്തിച്ചുകൊല്ലൂ എന്ന് പറഞ്ഞ നോട്ടുനിരോധനവും ജി.എസ.ടിയും കോടികളുടെ വിദേശയാത്രകളുമൊക്കെ ഇതേ മോദിബുദ്ധിയില്‍ ഉദിച്ചതാണെന്ന് വരുമ്പോള്‍ ഇരുപത്തൊന്നാംനൂറ്റാണ്ടില്‍ മോദിയുടെ കയ്യിലകപ്പെട്ട ഇന്ത്യയെക്കുറിച്ച് എന്തുപറയാന്‍. പണ്ഡിറ്റ്‌നെഹ്രുവും ശാസ്ത്രിയും ഇന്ദിരാഗാന്ധിയും രാജീവും ഡോ.മന്‍മോഹന്‍സിംഗുമൊക്കെ ഇരുന്ന മഹനീയകസേരയാണിത്. അഹന്തയും പൊങ്ങച്ചവും പച്ചക്കള്ളങ്ങളും ഒരു ആര്‍.എസ്.എസ്സുകാരന് ഭൂഷണമായേക്കാം. അത്് പട്ടിണിപ്പാവങ്ങളുടെ ചെല്ലുചെലവിലാകുമ്പോഴോ?

web desk 1: