X

ഹോര്‍മൂസില്‍ പടരുന്ന കാര്‍മേഘങ്ങള്‍


അറേബ്യയിലെ ഹോര്‍മൂസ് കടലിടുക്കില്‍ രണ്ട് എണ്ണ ടാങ്കറുകളുള്‍പ്പെടെ സഊദി അറേബ്യയുടെ നാല് കപ്പലുകള്‍ക്ക് നേരെ ചൊവ്വാഴ്ച നടന്ന ആക്രമണത്തിനുപിറകെ പുലര്‍ച്ചെ വീണ്ടും ആക്രമണം നടന്നിരിക്കുന്നുവെന്ന വാര്‍ത്ത ഈ മേഖലയില്‍ മാത്രമല്ല, ഇതര രാജ്യങ്ങളിലും വലിയ ആശങ്കകളാണ് വിതച്ചിരിക്കുന്നത്. ലോകത്ത് എണ്ണയുല്‍പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള സഊദി അറേബ്യയെ സംബന്ധിച്ച് ഈ ഭീകരാക്രമണത്തെ നിസ്സാരമായി കാണാനാവില്ല. രണ്ടാമത്തെ ഡ്രോണ്‍ ആക്രമണത്തില്‍ സഊദി കമ്പനിയായ അരാംകോയുടെ എണ്ണക്കുഴലുകളിലേക്കുള്ള രണ്ട് വിതരണ കേന്ദ്രങ്ങള്‍ക്കാണ് കേടുപറ്റിയത്. കപ്പലുകള്‍ക്ക് കേടു സംഭവിച്ചിട്ടുണ്ടെങ്കിലും ടാങ്കറുകള്‍ നശിക്കുന്നതിനോ കടലില്‍ എണ്ണ പടരുന്നതിനോ ഭാഗ്യവശാല്‍ ഇടയാക്കിയില്ല. യാന്‍ബൂ തുറമുഖത്തെ ഒരു വിതരണ കേന്ദ്രത്തിന് തീപിടിച്ചെങ്കിലും പെട്ടെന്ന് അണയ്ക്കാന്‍ കഴിഞ്ഞത് വലിയ ആശ്വാസമാണ്. വരുംനാളുകള്‍ സഊദിക്ക് വളരെയധികം സുരക്ഷയും സൂക്ഷ്മതയും പാലിക്കേണ്ടിയിരിക്കുന്നു എന്ന മുന്നറിയിപ്പാണ് ഇത് തരുന്നത്. പ്രതിദിനം ഒരു കോടി ബാരല്‍ അംസംസ്‌കൃത എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് മലയാളികളടക്കം നിരവധി വിദേശികളുടെ ജീവിതാശ്രയമായ സഊദി അറേബ്യ.
ആദ്യ ദിവസത്തെ ആക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുശേഷമാണ് ഇറാനിലെ ഹൂഥി വിമത പോരാളികളാണ് ആക്രമണത്തിന് പിന്നിലെന്ന് വാര്‍ത്ത പരന്നത്. ഭീകരാക്രമണമാണെന്ന് സഊദി ഊര്‍ജകാര്യമന്ത്രി ഖാലിദ് അല്‍ഫാലിഹ് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തകാലത്തായി ഇറാനുമായി സഊദിയുടെ ബന്ധം തീര്‍ത്തും വഷളായ അവസ്ഥയിലാണ്. ഇറാന്റെ ആണവ നയവുമായി ബന്ധപ്പെട്ട് അമേരിക്ക ഏര്‍പെടുത്തിയ ഉപരോധത്തെ പിന്തുണക്കുകയാണ് സഊദി. മുമ്പും സഊദിയുടെ ഭൗമ മേഖലയില്‍ ആക്രണം നടന്നിട്ടുണ്ടെങ്കിലും ഇത്തവണത്തേത് കൂടുതല്‍ ഗൗരവതരമാകുന്നത് അത്യധികം അപകടകരമായ മേഖലയായ എണ്ണയിലാണ് ഭീകരര്‍ ആക്രമണമുന നീട്ടിയിരിക്കുന്നതെന്നതാണ്. ലോകത്താകെ വിഷയം വലിയചര്‍ച്ചക്കും ആശങ്കക്കും വിധേയമായതും ഇതുകൊണ്ടുതന്നെയാണ്.
തെക്കന്‍ അറേബ്യയിലെ യെമനില്‍ നാലു വര്‍ഷമായി സഊദി അനുകൂല ഭരണകൂടവും ഹൂഥി വിമതരും തമ്മില്‍ തുടരുന്ന പോരാട്ടത്തില്‍ പതിനായിരങ്ങളാണ് മരിച്ചുവീണത്. സ്ത്രീകളും കുട്ടികളുമാണ് യുദ്ധത്തില്‍ അധികവും മരണത്തിന് ഇരയായതും ഇന്നും തീ തിന്നുകൊണ്ടിരിക്കുന്നതും. തലസ്ഥാനമായ സന്‍അ വിമതരുടെ കയ്യിലാണ്. ഇതിനെതിരെ ലോക സമൂഹം പലതവണ ശ്രദ്ധക്ഷണിച്ചിട്ടും ഇരുവിഭാഗവും പിന്നോട്ടുപോകുന്ന ലക്ഷണം പോലും പ്രകടിപ്പിക്കുന്നില്ല. ഇറാനുമായി ബന്ധപ്പെട്ട മേഖലയിലെ ഇപ്പോഴത്തെ സംഘര്‍ഷാന്തരീക്ഷത്തില്‍ മുതലെടുപ്പ് നടത്താനാകുമോ എന്ന ചിന്തയായിരിക്കണം ഹൂഥി വിമതര്‍ക്ക്. അതുകൊണ്ടുതന്നെ ചൊവ്വാഴ്ചത്തെ ഹോര്‍മൂസ് ആക്രമണം സഊദിയും അമേരിക്കയും മറ്റും മുന്‍കൂട്ടി കണ്ടിരിക്കാനാണ് സാധ്യത. ഇതിനെതിരെ എങ്ങനെ കവചം തീര്‍ത്ത് നാശത്തില്‍നിന്ന് എണ്ണ മേഖലയെ രക്ഷിക്കാമെന്നതായിരിക്കണം ഇനിയത്തെ ആലോചനകള്‍.
ലോകത്തെ ഇന്ന് ചലിപ്പിക്കുന്നത് പെട്രോളിയം എന്നു വിളിക്കപ്പെടുന്ന ഫോസില്‍ എണ്ണയാണെന്ന യാഥാര്‍ത്ഥ്യം അറിയാത്തവരുണ്ടാകില്ല. പ്രധാനമായും അറേബ്യന്‍ മേഖലയാണ് ഇതിന്റെ അക്ഷയഖനി. സഊദി, ഇറാഖ്, ഇറാന്‍, യു.എ.ഇ, ഖത്തര്‍, കുവൈത്ത് എന്നിവയാണവ.ഈ പ്രദേശത്തിന്റെ സാമ്പത്തിക ഉയര്‍ച്ചയുടെ നിദാനവും മറ്റൊന്നല്ല. അറേബ്യക്കുപുറമെ അമേരിക്ക, റഷ്യ, വെനിസ്വേല, അംഗോള, നൈജീരിയ, മെക്‌സിക്കോ തുടങ്ങിയ ആഫ്രോ-അമേരിക്കന്‍ രാജ്യങ്ങളും പെട്രോളിയം ഉല്‍പാദനത്തില്‍ മുന്‍പന്തിയിലാണ്. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കുള്ള അസംസ്‌കൃതഎണ്ണയുടെ ആശ്രയം സഊദിയും ഇറാഖും ഇറാനും ഖത്തറുമൊക്കെയാണ്. ഖത്തറിനെതിരെ സഊദി അറേബ്യ അടുത്ത കാലത്തായി ഉപരോധം അടക്കമുള്ള സാമ്പത്തിക നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ഇറാനുമായി ഖത്തറിനുള്ള ബന്ധമാണ് ഇതിനൊരു കാരണം. ഇന്ത്യ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഇറക്കുമതി ചെയ്ത അസംസ്‌കൃത പെട്രോളിയത്തിന്റെ നാലിലൊന്നും ഇറാനില്‍ നിന്നാണ്. 2011-2019 നിടയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് സഊദിയില്‍നിന്ന് മുപ്പതുകോടിയും ഇറാഖില്‍നിന്ന് 28 കോടിയും വെനിസ്വേലയില്‍നിന്ന് 15 കോടിയും ഇറാനില്‍നിന്ന് 14 കോടിയും ടണ്‍ എണ്ണയാണ്.
പുതിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുമെന്ന ആശങ്ക സ്ഥിരീകരിക്കുകയാണ് ഇന്നലെ ഉയര്‍ന്ന എണ്ണവില.ബാരലിന് 70.79 ഡോളറുണ്ടായിരുന്നത് ഇന്നലെ 70.83 ഡോളറായി ഉയര്‍ന്നു. ഇനിയും വില വര്‍ധിച്ചേക്കാമെന്നാണ് സാമ്പത്തിക നിരീക്ഷരുടെ പ്രവചനം. അമേരിക്കന്‍ ഉപരോധത്തെതുടര്‍ന്ന് ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയടക്കം പല രാജ്യങ്ങളും നിര്‍ത്തിവെച്ചത് ഇറാനിലെ ഉല്‍പാദനം കുറയ്ക്കാന്‍ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ്ശരീഫും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമസ്വരാജും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം എണ്ണ ഇറക്കുമതി കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത് കാണിക്കുന്നത് അമേരിക്കയുടെ നിര്‍ദേശത്തിന് വഴങ്ങാന്‍ മോദി സര്‍ക്കാരിന് തല്‍കാലത്തേക്കെങ്കിലും കഴിയില്ലെന്നാണ്. സഊദിയും ഇറാനും അമേരിക്കയും ഉള്‍പ്പെട്ട വിഷയത്തില്‍ ഇന്ത്യയെ പോലൊരു രാജ്യത്തിന് സ്വീകരിക്കേണ്ട നിലപാട് പരസ്പര സ്‌നേഹത്തിന്റേതും സഹകരണത്തിന്റേതുമായിരിക്കണം. അതാണ് നമ്മുടെ പാരമ്പരാഗത വിദേശനയവും. മേഖലയില്‍ സംഘര്‍ഷം വിതച്ചും അതുവഴി സഹസ്രകോടികളുടെ ആയുധം വിറ്റും ലോക എണ്ണ സമ്പത്ത് വിഴുങ്ങാന്‍ കണ്ണു നട്ടിരിക്കുന്ന അമേരിക്കയെ കരുതിയിരിക്കാന്‍ അറേബ്യന്‍ സമൂഹത്തിന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

web desk 1: