X

പ്രവാസി തിരിച്ചുവരവ്: ഉറക്കം വെടിയണം

ഫോസില്‍ എണ്ണയുടെ കണ്ടുപിടിത്തം കാരണം 1980കളില്‍ യു.എ.ഇ, സഊദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ്‌നാടുകളിലേക്ക് തൊഴിലിനായി കുടിയേറിയ മലയാളിയുടെ പുതുതലമുറ പല കാരണങ്ങളാല്‍ ഇന്ന് കൂട്ടത്തോടെ തിരിച്ചുവരികയാണ്. മലയാളി ജനസംഖ്യയുടെ ഏഴിലൊന്നുപേര്‍ -അമ്പതുലക്ഷം-വിദേശങ്ങളില്‍ തൊഴിലെടുക്കുന്നുവെന്നാണ് ഏകദേശകണക്ക്. ഗള്‍ഫ് മേഖലയില്‍മാത്രം ഇത് 30 ലക്ഷത്തോളം വരും. ഇവരെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളെകൂടി പരിഗണിക്കുമ്പോള്‍ കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ പ്രവാസ വരുമാനത്തെ ആശ്രയിച്ച് ജീവിതം തള്ളിനീക്കുന്നവരാണ്. ഗള്‍ഫ് മലയാളികളില്‍ 20-30 ശതമാനം പേര്‍ കഴിഞ്ഞ അഞ്ചു കൊല്ലത്തിനകം നാടുപിടിച്ചതായാണ് കണക്ക്-ഏതാണ്ട് പത്തു ലക്ഷത്തോളം മലയാളികള്‍. ഇന്ത്യന്‍ ജനസംഖ്യയുടെ വെറും 7.26 ശതമാനം വരുന്ന കേരളീയരുടെ വിദേശ നിക്ഷേപം രാജ്യത്തിന്റെ മൊത്ത വിദേശ വരുമാനത്തിന്റെ 19 ശതമാനമാണ്. യൂറോപ്യന്‍ സമ്പദ് വ്യവസ്ഥക്ക് തുല്യമായ ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹിക നിലവാരത്തിലേക്ക് മലയാളിയെയാകെ പിടിച്ചുയര്‍ത്തിയതില്‍ പ്രവാസിക്കും വിശിഷ്യാ ഗള്‍ഫ് നാണ്യത്തിനുമുള്ള പങ്ക് സര്‍വരും സമ്മതിക്കുന്നുണ്ടെങ്കിലും ഈ പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍കഴിയുന്നില്ല എന്നത് വലിയ സങ്കടകരമായിരിക്കുന്നു.
മലയാളിയുടെ രണ്ടാം വീടെന്നു വിശേഷിപ്പിക്കപ്പെടുന്ന അറേബ്യയിലെ സാമ്പത്തിക മാന്ദ്യം, എണ്ണ വിലയിടിവ്, വേതനംവെട്ടിച്ചുരുക്കല്‍, വാടക വര്‍ധന, നിതാഖാത്, പൊതുമാപ്പ് കൂടാതെ സഊദിയിലും മറ്റും അടുത്തകാലത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശവത്കരണ നടപടികളും വിദേശികള്‍ക്കും കുടുംബത്തിനുമുള്ള വന്‍തുകയുടെ ലെവിയും കൂടിയാണ് കാര്യങ്ങള്‍ ഇത്രകണ്ട് രൂക്ഷതരമാക്കിയിരിക്കുന്നത്. മലയാളിയേക്കാള്‍ കുറഞ്ഞ കൂലിക്ക് ഫിലിപ്പൈന്‍സുകാരും ബംഗാളികളും ബീഹാറികളും ലഭ്യമാണെന്നതാണ് തൊഴില്‍ നഷ്ടത്തിന് മറ്റൊരു കാരണം. സ്ഥാപനങ്ങളില്‍ ഇത്ര ശതമാനം പേര്‍ സ്വദേശികളായിരിക്കണമെന്ന കര്‍ശന നിബന്ധനകളാണ് നമ്മുടെ സഹോദരങ്ങള്‍ക്ക് വയറ്റത്തടിയായിരിക്കുന്നത്. ചെറുകിട കച്ചവടസ്ഥാപനങ്ങളില്‍നിന്ന് ഇതുമൂലം അടുത്ത കാലത്തായി പുറന്തള്ളപ്പെട്ട് നാടുപിടിക്കേണ്ടിവന്നവരധികവും അവിദഗ്ധരാണ്. ഇവര്‍ നാട്ടിലെത്തിയാല്‍ സ്വന്തമായി കൈത്തൊഴില്‍ ചെയ്യാന്‍ പ്രാപ്തിയുള്ളവരോ കാര്യമായ വ്യാവസായിക-വ്യാപാര മുതല്‍മുടക്കിന് ശേഷിയുള്ളവരോ അല്ലെന്നത് പ്രളയം പോലെതന്നെ നമ്മെയെല്ലാം അലട്ടേണ്ട ഗൗരവ വിഷയമാണ്.
2016 മുതലാണ് ഗള്‍ഫ് തിരിച്ചുവരവ് ഗണ്യമായി വര്‍ധിച്ചതെന്ന് തിരുവനന്തപുരത്തെ സെന്റര്‍ ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ (സി.ഡി.എസ്) പഠനങ്ങള്‍ പറയുന്നു. 1998ല്‍ 13.6 ഉം 2003ല്‍ 18.30 ലക്ഷവുമുണ്ടായിരുന്ന ഗള്‍ഫ് മലയാളികളുടെ എണ്ണം 2016ല്‍ 24,46,000 ആയെങ്കിലും ഇപ്പോഴത് 16 ലക്ഷമായി. പ്രവാസി നിക്ഷേപമെടുത്താല്‍ 2015ലെ 1,17,349 കോടിയില്‍നിന്ന് 2016ല്‍ 1,42,668 കോടിയിലേക്ക് ഉയര്‍ന്നെങ്കിലും 2017 ജൂണില്‍ 1,54,252 ആയി മാത്രമാണ ്‌വര്‍ധിച്ചതെന്ന് സി.ഡി.എസിലെ പ്രൊഫ. ഇരുദയരാജന്‍ പറയുന്നു. ഇതിനുകാരണം ഗള്‍ഫും വിശിഷ്യാ സഊദിയുമാണ്. കേരളത്തിലെ ബജറ്റ് വരുമാനത്തിന്റെ മൂന്നിരട്ടിയാണ് വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് പ്രതിവര്‍ഷം വിദേശ പണമായി എത്തിക്കൊണ്ടിരുന്നത്. തീരെ ചെറിയവരുമാനക്കാരാണ് തിരിച്ചുവരുന്നതെന്നതിനാല്‍ നിക്ഷേപത്തിലെ കുറവ് ഗണ്യമായി ശ്രദ്ധിക്കപ്പെടുന്നതല്ലെങ്കിലും ഇവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെയും മറ്റും കാര്യം പരിതാപാര്‍ഹമാണ്. തിരിച്ചുവരുന്നവര്‍ പലരും ചെറുവ്യാപാര സ്ഥാപനങ്ങളും കൂലിത്തൊഴിലിലുമായാണ് ഉപജീവനം കണ്ടെത്തുന്നത്. എന്നാല്‍ ഈ അധിക വ്യാപാരത്തിനുവേണ്ട ധനം കേരളത്തിലെ സമ്പദ് വ്യവസ്ഥയിലേക്ക് പുതുതായി എത്തുന്നില്ലെന്നുമാത്രമല്ല, വ്യാപാര മേഖലയാകെ സ്തംഭിക്കുന്ന സ്ഥിതികൂടിയാണ് സംജാതമായിരിക്കുന്നത്. നോട്ടുനിരോധനവും ചരക്കുസേവനനികുതിയും വലിയ കീറാമുട്ടിയായി നട്ടെല്ലൊടിക്കുന്ന സമയത്തുതന്നെയാണ് നൂറ്റാണ്ടിലെ മഹാപ്രളയവും മലയാളക്കരയെ കാര്‍ന്നുതിന്നത്. ഇതുമൂലം കിഫ്ബി പോലെ സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ച പ്രവാസി വരുമാനംതന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളുടെ ലോക കേരളസഭ വിളിച്ചുകൂട്ടി പ്രവാസിചിട്ടിവഴി അവരുടെ അധികസമ്പാദ്യം സ്വരൂപിക്കുക എന്ന മാര്‍ഗം ഇനി ഫലവത്താകുമോ. 20,000 കോടി രൂപയാണിതുവഴി കേരളം പ്രതീക്ഷിക്കുന്നത്. ആഭ്യന്തര വരുമാനത്തിന്റെ 37.3 ശതമാനമാണിത്. ഇത് തടയപ്പെട്ടാല്‍ മാസശമ്പളം കൊടുക്കാന്‍പോലും കടംവാങ്ങേണ്ട കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനം മൊത്തത്തില്‍ നിശ്ചലമാകുമെന്ന് പറയേണ്ടതില്ല.
പ്രവാസി പുനരധിവാസത്തെക്കുറിച്ച് കേട്ടുതുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും ക്രിയാത്മകവും ഭാവനാസമ്പന്നവുമായ ഒരു നടപടിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊണ്ടിട്ടില്ല എന്നിടത്താണ് പ്രശ്‌നത്തിന്റെ രൂക്ഷത. പ്രവാസികളെ ഉദ്ദേശിച്ച് നിര്‍മിക്കുന്ന വിമാനത്താവളങ്ങള്‍ക്കായി ചെലവാക്കുന്ന സംഖ്യയുടെ നാലിലൊന്നുപോലും അവരുടെ തൊഴില്‍ ദാനത്തിനും പുനരധിവാസ പദ്ധതിക്കുമായി നീക്കിവെക്കപ്പെടുന്നില്ല. പ്രവാസി സമ്പാദ്യത്തിലെ ചെറിയതുകകള്‍കൊണ്ട് അവര്‍ക്കായി ഒരു തൊഴില്‍ സ്ഥാപനം പോലും വിമാനത്താവളമാതൃകയില്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. മലയാളിയുടെ തിരിച്ചുവരവ് അവനെ മാത്രമല്ല ഇവിടെ അന്നത്തിനായി എത്തുന്ന ഇതര സംസ്ഥാന പൗരന്മാരെകൂടി ബാധിക്കുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കണം. നാശോന്മുഖമായ സമരമുറകളും ചിന്താരഹിതമായ രാഷ്ട്രീയവും ഇരുപത്തൊന്നാം നൂറ്റാണ്ടിലും കേരളത്തെ വേട്ടയാടുന്നുവെന്നത് നമ്മുടെ ശാപമാണ്. സമ്പൂര്‍ണമായി ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലെ പുതിയ തലമുറക്കെങ്കിലും ഉപയോഗയോഗ്യമാകുന്ന വിദഗ്ധ വിദ്യാഭ്യാസ -തൊഴില്‍ പരിശീലന-വ്യാപാരപദ്ധതികള്‍ രൂപപ്പെടുത്താനും വിപണന രംഗത്തെ തദനുസൃതമായി വളര്‍ത്തിക്കൊണ്ടുവരാനുമാണ് അടിയന്തിരമായി നാം ശ്രദ്ധിക്കേണ്ടത്. കൊട്ടിഗ്‌ഘോഷിച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസം മൂന്നുപതിറ്റാണ്ടുപിന്നിട്ടിട്ടും ഏട്ടിലെ പശുവായി നില്‍ക്കുന്നു. മികച്ച വൈദഗ്ധ്യമുള്ള തൊഴിലാളികളെയാണ് ആധുനിക ലോകം ആവശ്യപ്പെടുന്നതെന്ന് ഇനിയെങ്കിലും ഭരണകൂടങ്ങള്‍ മനസ്സിലാക്കണം. നാലു പതിറ്റാണ്ടിലധികം മലയാളിയെ ജാതിമതഭേദമില്ലാതെ ഊട്ടി വളര്‍ത്തിയ പ്രവാസി മലയാളിക്ക് ജീവിതസായന്തനത്തില്‍ വിരഹലേശമെന്യേ സ്വന്തം ഭൂമിയിലൊന്ന് തലചായ്ക്കാനും പട്ടിണിയില്ലാതെ കുടുംബം പോറ്റാനുമുള്ള വകയെങ്കിലും ഈ വൈകിയ വേളയിലെങ്കിലും ആസൂത്രകരും സര്‍ക്കാരുകളും ഉടനടി ചെയ്്തുകൊടുത്തേ തീരൂ. ജീവിതകാലം മുഴുവന്‍ മരുഭൂമിയില്‍ ജീവിതം ഹോമിക്കേണ്ടിവന്ന പ്രവാസികളുടെ വിയര്‍പ്പിലാണ് ആധുനികകേരളം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. അത് തകരാന്‍ അധിക സമയമൊന്നും വേണ്ടെന്ന് പുരോഗമന വാചോടാപക്കാര്‍ തിരിച്ചറിയണം.

chandrika: