X

ഘര്‍വാപസി: സര്‍ക്കാര്‍ ഉറക്കം നടിക്കരുത്

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറക്കടുത്ത് കാക്കനാട് പ്രവര്‍ത്തിച്ചുവരുന്ന ശിവശക്തി യോഗാകേന്ദ്രത്തില്‍ വിവാഹിതരായ പെണ്‍കുട്ടികളെ അടിച്ചും തൊഴിച്ചും ഹിന്ദുമതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിക്കുന്നതായ വാര്‍ത്ത പുറത്തുവന്നിട്ട് രണ്ടുമാസം അടുക്കുമ്പോള്‍ വ്യാഴാഴ്ച കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച നിര്‍ദേശം കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള അനങ്ങാപ്പാറനയത്തിനുള്ള കനത്ത താക്കീതായി വിലയിരുത്തപ്പെടേണ്ടതാണ്. ഈ കേന്ദ്രത്തില്‍ നിരവധി പെണ്‍കുട്ടികളെയാണ് രഹസ്യമായി പാര്‍പ്പിച്ച് ക്രൂരമായ മര്‍ദനങ്ങള്‍ക്ക് വിധേയരാക്കി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിക്കുന്നതെന്നാണ് ഇവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ നല്‍കിയ പരാതികളില്‍ പറയുന്നത്. ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിനി ശ്രുതിയുടെ ഭര്‍ത്താവ് കണ്ണൂര്‍ പരിയാരം സ്വദേശി അനീസ് ഹമീദ് നല്‍കിയ ഹര്‍ജി പരിഗണക്കവെ നിര്‍ബന്ധിത പരിവര്‍ത്തന കേന്ദ്രങ്ങള്‍ അടിയന്തിരമായി അടച്ചു പൂട്ടണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
ശ്രുതിയെ അനീസുമായുള്ള വിവാഹത്തെതുടര്‍ന്ന് ചിലര്‍ ചേര്‍ന്ന് തൃപ്പൂണിത്തുറയിലെ ശിവശക്തി കേന്ദ്രത്തിലെത്തിച്ച് ഹിന്ദുമതത്തിലേക്ക് തിരികെ ചെല്ലണമെന്ന് ആവശ്യപ്പെട്ട് രണ്ടുമാസത്തോളം ക്രൂരമായി മര്‍ദിക്കുകയായിരുന്നുവത്രെ. ശ്രുതിയെ പയ്യന്നൂര്‍ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടതിനെതുടര്‍ന്നാണ് അവര്‍ തൃപ്പൂണിത്തുറയിലെത്തിച്ചത്. വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിച്ച് മര്‍ദിച്ചതായി ശ്രുതി മൊഴി നല്‍കിയിരുന്നു. ഇരുപത്തിനാലുകാരിയായ ശ്രുതിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ്് കോര്‍പസ് ഹര്‍ജിയും പരിഗണിച്ച ശേഷം പെണ്‍കുട്ടിയെ കോടതി സ്വതന്ത്രമായി ജീവിക്കാന്‍ അനുമതി നല്‍കിയതോടൊപ്പമാണ് നിര്‍ബന്ധിത പരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചത്. മകളെ 2017 മെയ് 16 മുതല്‍ കാണാനില്ലെന്ന് കാട്ടിയാണ് മാതാപിതാക്കളായ രാജനും ഗീതയും ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ തെറ്റിദ്ധാരണാജനകമായ ഇടപെടലുകളിലൂടെ കോടതി നടപടികളെ വഴിതെറ്റിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചുവെന്നാണ് കോടതി കണ്ടെത്തി താക്കീത് നല്‍കിയിരിക്കുന്നത്.
പ്രായപൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനും തനിക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഭരണഘടന അതിന്റെ 25(1) വകുപ്പിലൂടെ മൗലികാവകാശമാക്കിയിട്ടുണ്ട്. അനീസുമായി ഒക്ടോബറില്‍ വിവാഹിതയായ ശ്രുതി പക്ഷേ സ്വന്തം മതത്തില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് മിശ്രവിവാഹത്തെ പ്രോല്‍സാഹിപ്പിക്കണമെന്ന ഭരണഘടനയുടെ താല്‍പര്യത്തിന് അനുകൂലമാണെന്നും കോടതി വിലിരുത്തുന്നു. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ മതം നോക്കാതെ വിവാഹം കഴിക്കുന്നത് പുതിയ സംഭവമല്ല. ഇത്തരം നൂറുകണക്കിന് സംഭവങ്ങള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ അടുത്ത കാലത്തായാണ് ഇത്തരം സംഭവങ്ങളെ പെരുപ്പിച്ചുകാട്ടുകയും വിവാഹിതരായ ദമ്പതികളെ പീഡിപ്പിക്കുകയും ചെയ്യുന്ന ദുഷ്പ്രവണത കണ്ടുവരുന്നത്. കോട്ടയം സ്വദേശിനി അഖില എന്ന ഹാദിയയുടെ ഷഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതിയുടെ വിവാദവിധിക്കെതിരെ സുപ്രീംകോടതിയില്‍ കേസ് നടന്നുവരികയുമാണ്. യോഗയുടെ മറവില്‍ തൃപ്പൂണിത്തുറ ശിവശക്തി കേന്ദ്രം നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടത്തിവരുന്നതെന്ന് പരാതിയുയര്‍ന്നിട്ടും പേരിനൊരു കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും പൊലീസ് നോക്കുകുത്തിയായി നില്‍ക്കുന്ന അനുഭവമാണ് ഉണ്ടായിട്ടുള്ളത്. ഇത്തരമൊരു ഘര്‍വാപസി (ഹിന്ദുമതത്തിലേക്ക് തിരികെകൊണ്ടുവരല്‍) കേന്ദ്രം മതേതരത്വത്തിനും മതസൗഹാര്‍ദത്തിനും ശക്തമായ അടിത്തറയുള്ള കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നതുതന്നെ ഞെട്ടലുളവാക്കുന്ന അറിവാണ്. ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും ആളുകളുടെ ഒത്താശയോടെ മനോജ് സ്വാമി എന്നയാളാണ് കേന്ദ്രം നടത്തിവരുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എറണാകുളത്തുതന്നെ മൂന്നും തിരുവനന്തപുരത്ത് ഒന്നും സമാന കേന്ദ്രങ്ങള്‍ മനോജ് നടത്തിവരുന്നുണ്ടെന്നാണ് പൊലീസിന് കിട്ടിയിട്ടുള്ള വിവരം. തൃപ്പൂണിത്തുറയില്‍ ആതിര എന്ന പെണ്‍കുട്ടി ഹിന്ദുമതത്തിലേക്ക് തിരികെ പോകുകയുമുണ്ടായി. സംസ്ഥാനത്ത് ഇത്തരമൊരു നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്നത് സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യഭരണപ്പാര്‍ട്ടിയുടെയും സംഘിവിരോധത്തിന്റെ പൊള്ളത്തരം ഉത്തരോത്തരം വെളിച്ചത്താക്കുന്നുണ്ട്. പരാതിയുയര്‍ന്നപ്പോള്‍ സ്ഥലം എം.എല്‍.എ കൂടിയായ സി.പി.എം നേതാവ് എം. സ്വരാജ് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ഇതേ എറണാകുളം ജില്ലയിലാണ് വിവാദ പാഠ്യഭാഗങ്ങള്‍ കടന്നുകൂടിയതിന് പീസ് സ്‌കൂളിലേക്ക് സി.പി.എം മാര്‍ച്ച് നടത്തിയത്.
മുസ്്‌ലിം യുവാക്കള്‍ ഇതരമതസ്ഥരെ പ്രണയിച്ച് വിവാഹം കഴിക്കുന്നതിനെ ലൗജിഹാദ് ആയി മുദ്രകുത്തുന്ന സംഘ്പരിവാറിന് ഘര്‍വാപസിയുടെ തൃപ്പൂണിത്തുറ മോഡലിനെക്കുറിച്ച് മിണ്ടാട്ടമില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രണയബദ്ധരായി വിവാഹിതരായ ദമ്പതിമാരെ അവരുടെ മതംനോക്കി ലൗജിഹാദിന്റെ വാറോലപ്പട്ടിക ചമച്ചവരാണിക്കൂട്ടര്‍. അതേറ്റുപിടിക്കാനും ചിലരുണ്ടായി. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ അത്തരമൊരു സംഘടിത വിവാഹവും മതപരിവര്‍ത്തനവും നടക്കുന്നില്ലെന്ന് കണ്ടെത്തിയതും കേരള ഹൈക്കോടതി അക്കാര്യം ശരിവെച്ചതുമാണ്. എന്നാല്‍ കേന്ദ്രത്തിലെ അധികാരത്തിന്റെ ബലത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായാണ് ഹിന്ദുമതത്തില്‍പെട്ട പെണ്‍കുട്ടികളെ അന്യ മതത്തില്‍പെട്ട പുരുഷനെ വിവാഹം കഴിച്ചുവെന്നതിന്റെ പേരില്‍ തിരികെകൊണ്ടുവരാനുള്ള സംഘടിത പരിശ്രമം സംഘ്പരിവാരം ആസൂത്രണം ചെയ്ത് നടപ്പാക്കിത്തുടങ്ങിയത്. വി.എച്ച്.പി നേതാവ് പ്രവീണ്‍തൊഗാഡിയ തന്നെ തൃപ്പൂണിത്തുറയിലെ കേന്ദ്രത്തില്‍ എത്തിയിരുന്നുവെന്നാണ് വിവരം. അപ്പോള്‍ ബി.ജെ.പിയും മറ്റും ഉന്നയിക്കുന്ന ലൗജിഹാദല്ല, ഘര്‍വാപസിയാണ് കേരളത്തില്‍ തുടങ്ങിയതെന്നുവേണം മനസ്സിലാക്കാന്‍. പൊലീസിനോ സി.പി.എം ശക്തികേന്ദ്രമായിട്ടും ആ കക്ഷിക്കാര്‍ക്കോ സംഭവം കണ്ടെത്താനോ നടപടിയെടുക്കാനോ ആയില്ലെന്നതാണ് സര്‍ക്കാരിന്റെ ഒരു പന്തിയിലെ രണ്ടുതരം വിളമ്പലിനെക്കുറിച്ച് സന്ദേഹം ജനിപ്പിക്കുന്നത്. കാസര്‍കോട്ടെ ഖത്തീബിന്റെയും കൊടിഞ്ഞി ഫൈസലിന്റെയും പറവൂരിലെ ലഘുലേഖാവിതരണത്തിന്റെയും ശശികലയുടെയുമൊക്കെ കാര്യത്തില്‍ ഉറക്കം നടിക്കുകയോ സംഘ്പരിവാറിന്റെ താളത്തിന് തുള്ളുകയോ ആണ് പിണറായി സര്‍ക്കാര്‍ ചെയ്തുവരുന്നതെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കാനാകും. തൃപ്പൂണിത്തുറയിലെ വിവാദ കേന്ദ്രത്തിന്റെ കേസില്‍ കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ് ജനം നോക്കുന്നത്. അതോ ഗുര്‍മിത് സിംഗുമാരെ കേരളത്തിലും വെച്ചുപൊറിപ്പിക്കാനാണോ സര്‍ക്കാര്‍ ശ്രമമെന്ന് വ്യക്തമാക്കണം.

chandrika: