X

പി.എസ്.സി ഉരുണ്ടുകളിക്കരുത്


‘എന്തിനാണ് ഈസമരമെന്ന് മനസ്സിലാകുന്നില്ല. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സി പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനാണ് ശ്രമംനടക്കുന്നത്. വിശ്വസ്ഥതയോടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന പി.എസ്.സി എന്ന ഭരണഘടനാസ്ഥാപനത്തെ കള്ളക്കഥകള്‍ പ്രചരിപ്പിച്ച് തകര്‍ക്കുകയാണ്. യൂണിവേഴ്‌സിറ്റികോളജില്‍ പി.എസ്.സി പരീക്ഷയെഴുതിയ രണ്ടുവിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ച് പൊലീസ് റാങ്കുപട്ടികയില്‍ കയറി എന്നായിരുന്നു പ്രചാരണം.അത് ശരില്ലെന്ന് ഇപ്പോഴെല്ലാവര്‍ക്കും അറിയാം.’ മുഖ്യമന്ത്രി പിണറായിവിജയനാണ് ജൂലൈ 25ന് വാര്‍ത്താസമ്മേളനത്തില്‍ മേലുദ്ധരിച്ച പ്രസ്താവന നടത്തിയത്. അതുകഴിഞ്ഞ് കൃത്യം പത്താംദിവസം അതേമുഖ്യമന്ത്രി നിയോഗിച്ച കേരള പബ്ലിക്‌സര്‍വീസ്‌കമ്മീഷന്‍ ചെയര്‍മാന്‍ പറയുന്നു, പരാതികള്‍ പ്രഥമദൃഷ്ട്യാ ശരിയെന്നുകണ്ട് മൂന്നുവിദ്യാര്‍ത്ഥികളുടെ നിയമനം തടയുന്നുവെന്ന്. ഇന്നലെ പി.എസ്.സി ആസ്ഥാനത്താണ് ചെയര്‍മാന്‍ എം.കെ സക്കീര്‍ വാര്‍ത്താലേഖകരോട് പരീക്ഷാകോപ്പിയടി വിഷയത്തില്‍ പി.എസ്.സിയുടെ ആഭ്യന്തരവിജിലന്‍സ് കുറ്റം കണ്ടെത്തിയതായി വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കുമെന്നും കേസെടുത്ത് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ്‌മേധാവിയോട് ആവശ്യപ്പെട്ടുവെന്നും അറിയിച്ചിട്ടുണ്ട്. അപ്പോള്‍ എന്തിനായിരുന്നു ഒരു ഭരണഘടനാസ്ഥാപനത്തിന്റെ കാര്യത്തില്‍ തിടുക്കപ്പെട്ട് മുഖ്യമന്ത്രി നേര്‍വിപരീതമായ പ്രസ്താവന നടത്തിയത്. കോപ്പിയടിച്ച് ഒന്നുമുതല്‍ 33 വരെ റാങ്കുകള്‍ നേടിയവരെല്ലാം മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ കുട്ടിസഖാക്കളായിരുന്നതാണോ ആരോപണം ഇത്രപെട്ടെന്ന് നിഷേധിച്ചുതള്ളാന്‍ പിണറായിവിജയനെ പ്രേരിപ്പിച്ചത്. അതും കത്തിക്കുത്ത്, വധശ്രമക്കേസില്‍ തന്റെതന്നെ പൊലീസ് അഴിക്കുള്ളില്‍ പിടിച്ചിട്ടിരിക്കുന്ന ക്രിമിനല്‍പുള്ളികള്‍ക്കുവേണ്ടി.
നിരപരാധിയായ സ്വന്തം സംഘടനയില്‍പെട്ട ഒരു വിദ്യാര്‍ത്ഥിയെ കാന്റീനില്‍ പാട്ടുപാടിയെന്നതിനായിരുന്നു ശിവരഞ്ജിത്, നസീം എന്നീ തിരുവനന്തപുരം യൂണി. കോളജ് എസ്.എഫ്.ഐ യൂണിയന്‍ ഭാരവാഹികള്‍ ചേര്‍ന്ന് അഖില്‍ എന്ന ചെറുപ്പക്കാരനെ കുത്തിവീഴ്ത്തിയത്. നെഞ്ചിന് മാരകപരിക്കേറ്റ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഇതിനെതിരെ കോളജിലെ എസ്.എഫ്.ഐയില്‍ പെട്ടവരടക്കമുള്ള വിദ്യാര്‍ത്ഥികളും കെ.എസ്.യു, എം.എസ്.എഫ് സംഘടനകളും കേരളീയ പൊതുസമൂഹവുമൊന്നടങ്കം കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുവരവെയായിരുന്നു പി.എസ്.സി പരീക്ഷയിലും പ്രസ്തുത പ്രതികള്‍ കൃത്രിമം കാട്ടി ഉയര്‍ന്ന റാങ്ക് നേടിയതായി ആരോ ശ്രദ്ധയില്‍പെടുത്തുന്നത്. ഇതിനെതിരെ പി.എസ്.സിയുടെ ഉന്നതരും മുഖ്യമന്ത്രിയും സി.പി.എം സഖാക്കളുമൊക്കെ ന്യായീകരണവാദങ്ങളുമായി രംഗത്തുവന്നു. ഇതേ പ്രതികള്‍തന്നെ കോളജ് പരീക്ഷയിലും പലതവണ തോറ്റശേഷം കൃത്രിമംകാട്ടിയാണ് വിജയിച്ചതെന്ന വാര്‍ത്തകളും പുറത്തുവന്നു. എസ്.എഫ്.ഐ യൂണിറ്റ്ഓഫീസിലും ഒന്നാം പ്രതിശിവരഞ്ജിത്തിന്റെ വീട്ടിലും നിന്ന് കണ്ടെടുത്ത രേഖകള്‍ സര്‍വകലാശാലയുടെ ഉത്തരക്കടലാസ് മുതല്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് സീലുവരെയുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരെ വടിയുമായി ആക്രമിക്കാന്‍ വന്ന പ്രതിയുടെ അടുത്തബന്ധുക്കള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നു മാത്രമല്ല, എല്‍.ഡി.എഫിന്റെ കണ്‍വീനര്‍തന്നെ ഉത്തരക്കടലാസ് എന്നാല്‍ ഉത്തരമെഴുതാത്ത പീറക്കടലാസല്ലേ എന്ന വിതണ്ഡവാദവുമായി പരിഹാസ്യനായി രംഗത്തുവന്നു. ഇതിനെല്ലാമിടയിലാണ് പി.എസ്.സി ഇപ്പോള്‍ പ്രതികള്‍ കോപ്പിയടി നടത്തിയാണ് റാങ്ക് പട്ടികയില്‍ വന്നതെന്ന് സമ്മതിച്ചിരിക്കുന്നത്.
പി.എസ്.സിയുടെ ആഭ്യന്തരവിജിലിന്‍സ് സംവിധാനമാണ് എസ്.പിയുടെയും ഡിവൈ.എസ്.പിയുടെയും നേതൃത്വത്തില്‍ പ്രതികളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി കുറ്റംകണ്ടുപിടിച്ചത്. ശിവരഞ്ജിത്തിന്റെ മൊബൈലില്‍ നിന്ന് 96 തവണയം പ്രണവിന്റേതില്‍നിന്ന് 72 തവണയും പരീക്ഷാദിനത്തില്‍ സന്ദേശം പോയതായാണ് കണ്ടെത്തിയിരിക്കുന്നത്. പരീക്ഷ നടന്ന 2018 ജൂലൈ 22ന് രണ്ടിനും 3.15നും ഇടക്കാണിത്. ഇത് കോപ്പിയടി നടത്തിയെന്നതിന് ശക്തമായ തെളിവാണ്. ഉടന്‍തന്നെ പ്രതികളുടെ റാങ്ക് റദ്ദാക്കാനും സ്ഥിരമായി വിലക്കാനും എടുത്ത തീരുമാനം ശ്ലാഘനീയംതന്നെ. അതേസമയം ഇത്തരമൊരു കത്തിക്കുത്തും ആരോപണവും ഉയര്‍ന്നില്ലായിരുന്നുവെങ്കില്‍ ഈ ക്രിമിനലുകള്‍ സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കുന്ന പൊലീസ്‌നിരയില്‍ എത്തിപ്പെടുമായിരുന്നുവെന്നത് ഏറെആകുലപ്പെടുത്തുന്നു. അതിലുപരിയാണ് കഷ്ടപ്പെട്ട് വര്‍ഷങ്ങള്‍ ഗൃഹപാഠം നടത്തിയശേഷം പി.എസ്.സി പരീക്ഷയെഴുതാനെത്തുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ മനോവേദനകള്‍. ഭരിക്കുന്ന രാഷ്ട്രീയക്കാരായതുകൊണ്ടും ഇടതുപ്രതിനിധികളാണ് പി.എസ്.സിയിലെന്നതുകൊണ്ടും എന്തും നടക്കുമെന്നാണ് ഈസംഭവം നമ്മെ തെര്യപ്പെടുത്തുന്നത്. പിണറായിയുടെ പൊലീസിന് തന്നെയാണ് ഇനിയും ഇതേകേസ് അന്വേഷിക്കേണ്ടത് എന്നത് അതിലും വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.
പ്രശ്‌നത്തില്‍ പി.എസ്.സി എടുത്തിരിക്കുന്ന നിലപാട് ആടിനെ പട്ടിയാക്കുന്നതാണ്. പ്രതികള്‍ സ്മാര്‍ട്ട്‌വാച്ചുമായി വന്നിരിക്കാമെന്ന് പറയുന്ന ചെയര്‍മാന്‍, പക്ഷേ പരീക്ഷാഹാളില്‍ അവരെങ്ങനെയാണ് കോപ്പിയടിസംവിധാനവുമായി എത്തിയെന്നതിനെക്കുറിച്ച് മിണ്ടുന്നില്ല. ഇന്‍വിജിലേറ്ററും കൂടെപരീക്ഷയെഴുതിയവരുമാണ് ഇതിനുത്തരവാദികളെന്നും പി.എസ്.സി അല്ലെന്നും പറയുമ്പോള്‍ ആരെയൊക്കെയോ രക്ഷപ്പെടുത്താനുള്ള വിദഗ്ധനീക്കമാണ് ചെയര്‍മാന്‍ നടത്തുന്നതെന്ന് വ്യക്തം.പി.എസ്.സിയുടെ 7 പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്കുലിസ്റ്റും മരവിപ്പിക്കുമെന്നുപറയുന്ന ചെയര്‍മാന്‍ പക്ഷേ നിരപരാധികളായ മൂന്നുലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കക്ക് മറുപടിപറയുന്നില്ല. ആദ്യനൂറ് റാങ്കുകാരുടെ മൊബൈല്‍ പരിശോധിക്കുമെന്ന് പറയുമ്പോള്‍ അതെന്തുകൊണ്ട് പരാതിയുയരുന്നതിനുമുമ്പ് നടത്തിയില്ലെന്ന് ഉന്നതര്‍ മറുപടി പറയണം. ഇങ്ങനെയാണ് പി.എസ്.സിയും സര്‍വകലാശാലയും സര്‍ക്കാരുമൊക്കെ ചലിക്കുന്നതെങ്കില്‍ സാധാരണക്കാര്‍ക്ക് അവയില്‍ വിശ്വാസ്യത നഷ്ടപ്പെടുന്നതിനാരാണ് ഉത്തരവാദികള്‍. ഇക്കണക്കിന് പ്രതികളുടെ കോളജ് യോഗ്യതയുംറദ്ദാക്കണം. കോപ്പിയടിച്ച് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ജോലിയും വാങ്ങാന്‍ മാത്രമല്ല, സഹജീവികളെ കുത്തിക്കൊല്ലാനും മടിയില്ലാത്തവരാക്കി അണികളെ പരുവപ്പെടുത്തിയെടുത്തവര്‍ വേണ്ടത് ജനം വെച്ചുനീട്ടിത്തന്ന കസേരകളില്‍നിന്ന് തല്‍കാലത്തേക്ക് മാറിനില്‍ക്കുകയാണ്. പി.എസ്.സി വഴിയല്ലെങ്കില്‍ മറ്റുവഴികളിലൂടെ കുറ്റവാളികള്‍ നാളെ നമ്മുടെ തലയ്ക്കുമുകളില്ലെത്തില്ലെന്നാരുകണ്ടു ?

web desk 1: