X

റോഡുകള്‍ നന്നാക്കാന്‍ ആളുകള്‍ മരിക്കണമോ?

റോഡപകടം കൊളാഷ്‌


കൊച്ചിയിലെ തകര്‍ന്ന് തരിപ്പണമായ റോഡുകളുടെ അവസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുകയാണ്. കൊച്ചി കോര്‍പറേഷന്‍, സര്‍ക്കാര്‍, പൊതുമരാമത്ത് ചീഫ് എഞ്ചിനിയര്‍ എന്നിവരെയാണ് ഹൈക്കോടതി കേസില്‍ കക്ഷി ചേര്‍ത്തിരിക്കുന്നത്. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ നടുവൊടിയുന്ന മലയാളിക്ക് മുന്നില്‍ കുറ്റവാളിയായി നില്‍ക്കുന്ന സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ത്ത ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടല്‍ സര്‍ക്കാരിന്റെയും മരാമത്ത് വകുപ്പിന്റേയും തദ്ദേശ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തന രീതിയില്‍ മാറ്റമുണ്ടാക്കുമെന്ന ശുഭപ്രതീക്ഷക്ക് കെടുത്തുന്നതാണ് മരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ പ്രസ്താവന.
ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാകില്ലെന്നാണ് മന്ത്രിയുടെ നിലപാട്. മഴ മാറുന്നതോടെ റോഡുകളുടെ ശോച്യാവസ്ഥ അവസാനിക്കുമെന്ന് കരുതാനുമാകുന്നില്ല. മരാമത്ത് വകുപ്പ് മന്ത്രി തന്നെ പറയുന്നത്-കഴിഞ്ഞ മൂന്ന് വര്‍ഷമായി റോഡുകളുടെ അറ്റക്കുറ്റ പണിക്ക് സര്‍ക്കാര്‍ ഒരു പൈസപോലും അനുവദിച്ചിട്ടില്ലെന്നാണ്. റോഡുകള്‍ കുണ്ടും കുഴിയുമായി കിടക്കുന്നതിന് കാരണം ധനകാര്യവകുപ്പാണെന്നാണ് മന്ത്രി പരോക്ഷമായി സൂചിപ്പിക്കുന്നത്. സര്‍ക്കാരിലെ രണ്ടു വകുപ്പുകള്‍ ഏറ്റുമുട്ടുമ്പോള്‍ ജനംറോഡില്‍ നട്ടം തിരിയുകയാണ്. ദേശീയപാതകളും സംസ്ഥാന പാതകളും മാത്രമല്ല, നഗരസഭാ റോഡുകളും പഞ്ചായത്തു റോഡുകളും തകര്‍ന്ന് കുളമായി കിടക്കുകയാണ്. നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ പതിനായിരം കിലോമീറ്റര്‍ റോഡ് തകര്‍ന്നുവെന്ന് വിലപിച്ച സര്‍ക്കാരിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എത്ര റോഡുകള്‍ നന്നാക്കിയെന്ന് പോലും പറയാനാകുന്നില്ല. റോഡ് നന്നാക്കിയ വകയില്‍ കരാറുകാര്‍ക്ക് സര്‍ക്കാര്‍ 1500 കോടിയും തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിയ വര്‍ക്കുകളില്‍ 254 കോടിയുമാണ് നല്‍കാനുള്ളത്. ഓണത്തിന് മുമ്പ് കരാറുകാര്‍ക്ക് കുടിശ്ശിക നല്‍കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും കിട്ടാനുള്ളവര്‍ക്ക് ആശ്വാസ സഹായം പോലും സര്‍ക്കാരില്‍ നിന്നുണ്ടായില്ല. പത്ത് ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് മാസങ്ങളായി നിലനില്‍ക്കുന്ന നിയന്ത്രണം നീക്കി ധനവകുപ്പ് ഉത്തരവിറക്കിയെങ്കിലും കരാറുകാരില്‍ ഭൂരിപക്ഷത്തിനും കുടിശ്ശിക ബാക്കിയാണ്. ഇപ്പോള്‍ അറ്റക്കുറ്റ പണിക്ക് 732 കോടി അനുവദിച്ചിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. കരാറുകാരുടെ കുടിശ്ശിക നല്‍കാന്‍ പോലും ഈ പണം തികയില്ല. മൂന്ന് വര്‍ഷമായി റോഡ് അറ്റക്കുറ്റ പണികള്‍ക്ക് ധനവകുപ്പ് പണം നല്‍കിയില്ലെന്ന മന്ത്രി ജി.സുധാകരന്റെ പ്രസ്താവനയെ ഗൗരത്തോടെ കാണേണ്ടത് ഈ സാഹചര്യത്തിലാണ്. സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടേയും ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനല്ലെന്ന് കൂടി മന്ത്രി പറയുമ്പോള്‍ ഈ സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തത്തെ കുറിച്ച് ആരും ഒന്നും ചോദിക്കാന്‍ പാടില്ല. എല്ലാം നല്ല നിലയില്‍ നടക്കുന്നുവെന്ന് മേനി നടിക്കുന്ന സര്‍ക്കാര്‍ ധനവകുപ്പും മറ്റ് വകുപ്പുകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന കാര്യം കാണാതെ പോകുന്നു.
കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടേയും പാലങ്ങളുടേയും അറ്റക്കുറ്റപണി നടത്താനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പുതുക്കിയ കണക്കനുസരിച്ച് 5032 കിലോമീറ്റര്‍ റോഡും 139 പാലങ്ങളുമാണ് അറ്റക്കുറ്റ പണി നടത്തേണ്ടത്. നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ നശിച്ച റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 14,066 കോടി രൂപ വേണമെന്നാണ് മരാമത്ത് വകുപ്പിന്റെ കണക്ക്. ഈ പണികളെല്ലാം കിഫ്ബി വഴി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതെല്ലാം എന്ന് നടക്കുമെന്ന് ആര്‍ക്കും ഊഹമില്ല.
പൊട്ടിപൊളിഞ്ഞ റോഡുകളില്‍ വലയുന്ന മനുഷ്യര്‍ക്ക് ഇതില്‍ നിന്ന് എന്ന് മോചനം ലഭിക്കുമെന്ന വ്യക്തതയില്ലാത്ത അനിശ്ചിത്വത്തെയാണ് മികച്ച ഗവേണിങ് എന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. അറ്റകുറ്റ പണിയുടെ പേരില്‍ അഴിമതിയുണ്ടെന്നത് കാലങ്ങളായി നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്. വര്‍ഷാവര്‍ഷം കൊടികള്‍ മുടക്കിയിട്ടും മഴ മാനത്ത് കണ്ടാല്‍ തകരുന്നവയായി മാറിയിരിക്കുന്ന നമ്മുടെ റോഡുകളുടെ ശാപവും അറ്റക്കുറ്റ പണികളുടെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ്. ശാസ്ത്രീയമായി നിര്‍മിച്ച റോഡുകളുടെ പോലും സ്ഥിതി വ്യത്യസ്ഥമല്ല. അതുകൊണ്ട് മാത്രം അറ്റക്കുറ്റ പണികള്‍ക്ക് പണം ചെലവിടേണ്ടെന്ന നിലപാട് സ്വീകാര്യമല്ല. കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അഴിമതി നടത്തുന്നുണ്ടെങ്കില്‍ അത് തടയുന്നതിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം അറ്റക്കുറ്റ പണികള്‍ വേണ്ടെന്ന് വെക്കുന്നത് റോഡുകളെ കൊലക്കളങ്ങള്‍ ആക്കും. പൊട്ടിപ്പൊളിഞ്ഞ പാതകളിലെ കുണ്ടുകളും കുഴികളുമാണ് അപകടങ്ങള്‍ക്കേറെയും കാരണം. നിത്യേനയെന്നോണം അപകടങ്ങളില്‍ പൊലിയുന്ന ജീവനുകള്‍ക്ക് ഉത്തരവാദി മരാമത്ത് വകുപ്പും സര്‍ക്കാരുമാണ്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായാല്‍ തീരുന്നതേയുള്ളൂ ഇപ്പോഴത്തെ പ്രശ്്‌നങ്ങള്‍. എന്നാല്‍ കരാറുകാരെ ശത്രുക്കളായി പ്രഖ്യാപിച്ച് നടത്തുന്ന യുദ്ധം കൊണ്ട് നാടിനോ, നാട്ടുകാര്‍ക്കോ പ്രയോജനമില്ല. കരാറുകാര്‍ക്ക് സമയബന്ധിതമായി പണം നല്‍കാനും, നിര്‍മാണത്തിലെ ഗുണമേന്മ പരിശോധിക്കാനും സംവിധാനമൊരുക്കുകയാണ് വേണ്ടത്.
സംസ്ഥാനത്ത് ഗുണമേന്മയുള്ള റോഡുകള്‍ മാത്രമാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. മൂന്നിരട്ടിയിലേറെ പണം ചെലവഴിച്ചാണ് ഇങ്ങനെ റബ്ബറൈസ്ഡ് റോഡുകള്‍ നിര്‍മിക്കുന്നത്. എന്നാല്‍ ഇവ സംരക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പിനാകുന്നില്ല. വിവിധ വകുപ്പുകള്‍ റോഡുകള്‍ വെട്ടിപ്പൊളിക്കുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കാനേ കഴിയുന്നൂള്ളൂ. ശാസ്ത്രീയമായ നിര്‍മിക്കുന്ന റോഡുകള്‍ പോലും വെട്ടിപ്പൊളിക്കുന്ന പഴയ രീതി മാറ്റിയില്ലെങ്കില്‍ ഖജനാവില്‍ നിന്നൊഴുക്കുന്ന കോടികള്‍ക്ക് പ്രയോജനമില്ലാതാകും. നവകേരളത്തെക്കുറിച്ച് സ്വപ്‌നം കാണുമ്പോള്‍ കുണ്ടും കുഴിയുമില്ലാത്ത റോഡുകള്‍ക്ക് തന്നെയാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. അറ്റക്കുറ്റ പണികള്‍ സമയത്ത് നടപ്പാക്കാനായാല്‍ ജനങ്ങളുടെ ദുരിതം ഒഴിവാക്കാന്‍ മാത്രമല്ല, സര്‍ക്കാരിന് പണവും ലാഭിക്കാന്‍ കഴിയും. വകുപ്പുകള്‍ തമ്മിലുള്ള മൂപ്പിളമ തര്‍ക്കങ്ങള്‍ ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല. കോടതി നിരീക്ഷിച്ചത് പോലെ വി.ഐ.പി വന്നാലേ റോഡ് നന്നാക്കൂവെന്ന സ്ഥിതി മാറണം. പാതകള്‍ ഗതാഗത യോഗ്യമാക്കാന്‍ ആളുകള്‍ മരിക്കണോ എന്ന വിലാപം സര്‍ക്കാര്‍ ഉള്‍ക്കൊള്ളുക തന്നെ വേണം.

web desk 1: