X

കുത്തകകളുടെ ജലമൂറ്റല്‍ തടയണം

കേരളത്തിന്റെ നാടും നഗരവും അഭൂതപൂര്‍വമായ ജല ക്ഷാമത്തിലേക്ക് നിപതിക്കുമ്പോള്‍ പുര കത്തുമ്പോള്‍ കഴുക്കോല്‍ ഊരാനൊരുമ്പെടുകയാണ് പതിവു പോലെ ചില ലാഭക്കൊതിയന്മാര്‍. വരാനിരിക്കുന്ന കൊടുംവരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ നിധി പോലെ സൂക്ഷിച്ചുവെച്ചിരിക്കുന്ന ജലം പരമാവധി ഊറ്റിയെടുത്ത് കച്ചവടമാക്കാമെന്നാണ് ഇവരുടെ നോട്ടം. സംസ്ഥാനത്ത് റെക്കോര്‍ഡ് ചൂടും വരള്‍ച്ചയും കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്ന നെല്ലറയായ പാലക്കാട് ജില്ലയിലാണ് കുത്തക കുപ്പിവെള്ള-പാനീയ-മദ്യക്കമ്പനികള്‍ കണ്ണും കാതുമില്ലാതെ ഭൂഗര്‍ഭജലം ഊറ്റിക്കൊണ്ടിരിക്കുന്നത്. കുടിവെള്ളക്ഷാമം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുമ്പോള്‍ ഒരു കുപ്പി വെള്ളത്തിനും പാനീയത്തിനുമൊക്കെ ഇരുപതും മുപ്പതും രൂപ വരെ ഈടാക്കി വെള്ളത്തെ പരമാവധി കച്ചവടത്തിന്റെയും ലാഭത്തിന്റെയും ഉപകരണമാക്കുകയാണ് ഇത്തരം കമ്പനികള്‍.
കഴിഞ്ഞ ഒക്ടോബറില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ ജില്ലകളെയും വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചെങ്കിലും ഇതിനുള്ള വ്യക്തവും കര്‍ക്കശവുമായ പുനര്‍നടപടികള്‍ കാര്യമായി നടക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. മന്ത്രിമാര്‍ക്ക് ഓരോ ജില്ലകളുടെ ചുമതല നല്‍കിയെങ്കിലും വരള്‍ച്ചാ അവലോകനം മാത്രമാണ് ചില ജില്ലാ ആസ്ഥാനങ്ങളില്‍ നടന്നിട്ടുള്ളത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇനിയുള്ള ജലം അണക്കെട്ടുകളില്‍ തന്നെ കുടിവെള്ളത്തിനായി ശേഖരിച്ച് നിര്‍ത്തണമെന്നും 75 ശതമാനം ഭൂഗര്‍ഭ ജലം മാത്രമേ അനുവദിക്കാനാകുകയുള്ളൂവെന്നും വ്യക്തമാക്കിയിട്ടും ജലചൂഷണം പഴയതുപോലെ തുടരുക തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഞ്ചിക്കോട്ട് പ്രവര്‍ത്തിക്കുന്ന പെപ്‌സികോ കമ്പനിയാണ് പ്രതിദിനം പത്തു ലക്ഷം ലിറ്ററിലധികം വെള്ളം, വരള്‍ച്ചകൊണ്ട് മരുഭൂമിക്ക് സമാനമായ ജില്ലയുടെ തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്ന് ഊറ്റിക്കൊണ്ടുപോകുന്നത്. ഇവര്‍ക്ക് അനുവദിച്ചത് നാലു കുഴല്‍കിണറുകളും പ്രതിദിനം 2.4 ലക്ഷം ലിറ്റര്‍ ജലമെടുക്കലുമാണെന്നിരിക്കെയാണീ പകല്‍ കവര്‍ച്ച. ഇവിടെ നിര്‍മിക്കുന്ന പാനീയങ്ങള്‍ സംസ്ഥാനത്തും പുറത്തും വന്‍ വിലക്ക് വിറ്റഴിക്കുകയാണ് കമ്പനി ചെയ്യുന്നത്. കഞ്ചിക്കോട്ടെ തന്നെ യു.ബി ഡിസ്റ്റിലറീസ് എന്ന ബിയര്‍ കമ്പനി പ്രതിദിനം ഊറ്റുന്നത് അഞ്ചു ലക്ഷം ലിറ്റര്‍ വെള്ളമാണ്. എം.പി ഡിസ്റ്റിലറീസ് 33000 ലിറ്ററും. പ്രദേശത്ത് അര ഡസനോളം ജലാധിഷ്ഠിത കമ്പനികളും ഇരുമ്പുരുക്ക്, ഡൈ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്.
കഞ്ചിക്കോട് പെപ്‌സികോ പ്രവര്‍ത്തിക്കുന്ന പ്രദേശം പുതുശേരി പഞ്ചായത്തിലാണ്. ഇവിടെ ഭരിക്കുന്നത് സംസ്ഥാന ഭരണ കക്ഷിയാണെന്നതാണ് ഏറെ കൗതുകകരം. ഈ കുത്തകകമ്പനി ഇവിടെ പ്രവര്‍ത്തിക്കുന്നതു കാരണം പാവപ്പെട്ട ഗ്രാമീണ ജനതയുടെ കുടിവെള്ളം മുട്ടിക്കുന്നുണ്ടെന്നത് ഏറെക്കാലമായുള്ള പരാതിയാണ്. എന്നിട്ടും കോടതിയില്‍ വരെ എത്തിയകേസുകളില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാതെ കമ്പനിയെ പരോക്ഷമായി സഹായിക്കുന്ന നിലപാടാണ് പ്രാദേശിക ഭരണകൂടവും ഇപ്പോഴത്തെ ഇടതു സര്‍ക്കാരും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കമ്പനി പ്രവര്‍ത്തിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക വ്യവസായ മേഖലയിലാണെന്നതാണ് കോടതികള്‍ ഇവര്‍ക്കനുകൂലമായ വിധി നല്‍കാന്‍ കാരണമാകുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇതിന് പരിഹാരം കാണേണ്ടതുണ്ട്. ഗ്രാമ പഞ്ചായത്ത് അധികൃതര്‍ മുമ്പ് കമ്പനിക്ക് പ്രവര്‍ത്തനനാനുമതി നിഷേധിച്ചെങ്കിലും കോടതിയുടെ ബലത്തില്‍ കമ്പനി ജലമൂറ്റല്‍ നിര്‍ബാധം തുടര്‍ന്നുവരികയാണ്. പ്രദേശത്തെ മുന്നൂറോളം കുഴല്‍ കിണറുകള്‍ വറ്റിവരണ്ടുകഴിഞ്ഞു. 2009ല്‍ നിയമസഭാ സമിതി സ്ഥാപനം സന്ദര്‍ശിച്ച് പ്രതിദിനം 2.4 ലക്ഷം ലിറ്റര്‍ ലിറ്റര്‍ മാത്രം ജലമെടുക്കാനാണ് നിര്‍ദേശിച്ചതെങ്കിലും കമ്പനി കോടതിയെ സമീപിച്ച് അതിനെതിരെ ഉത്തരവ് സമ്പാദിക്കുകയായിരുന്നു. ഭൂഗര്‍ഭ ജല വകുപ്പ് ഉദ്യോഗസ്ഥരെ അകത്തേക്ക് കടത്തിവിടാത്ത അവസ്ഥയും മുമ്പുണ്ടായിട്ടുണ്ട്. 53 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി പുതുശേരി പ്രദേശത്തെ അമ്പത് ശതമാനം ജലവും ഊറ്റുന്നതായാണ് കണക്ക്. പ്രതിവര്‍ഷം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് അരക്കോടിയോളം രൂപയാണ് ചെലവു വരുന്നത്.
ഇടതു സര്‍ക്കാര്‍ അനുവദിച്ച പാലക്കാട്ടെ തന്നെ പെരുമാട്ടി കന്നിമാരിയിലെ അന്താരാഷ്ട്ര ഭീമന്റെ പ്ലാച്ചിമട കൊക്കകോള ഫാക്ടറി ഇതുപോലെ ജലമൂറ്റലും കടുത്ത കുടിവെള്ള ക്ഷാമവും ജനകീയപ്രക്ഷോഭവും കാരണം പന്ത്രണ്ടു വര്‍ഷം മുമ്പ് പൂട്ടുകയായിരുന്നുവെന്ന് ഓര്‍ക്കണം. അന്ന് അവിടെ സമരത്തിനിറങ്ങിയവരില്‍ പെരുമാട്ടി പഞ്ചായത്ത് ഭരിക്കുന്ന ജനതാദളും സി.പി.എമ്മും ആദിവാസികളും പിരസ്ഥിതി പ്രവര്‍ത്തകരുമൊക്കെയായിരുന്നു. പാലക്കാട്ട് ഇതിനകം തന്നെ പകുതിയോളം പ്രദേശത്ത് നെല്‍ കൃഷി ചെയ്യുന്നില്ല. 115 വര്‍ഷത്തിനകത്തെ ഏറ്റവും വലിയ വരള്‍ച്ചയാണ് 2016ല്‍ ജില്ല അനുഭവിച്ചത്. അമ്പതുശതമാനത്തിലധികം മഴക്കുറവാണ് കഴിഞ്ഞ വര്‍ഷം ജില്ലയില്‍ രേഖപ്പെടുത്തപ്പെട്ടത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജല സേചന പദ്ധതിയായ മലമ്പുഴയില്‍ നിന്ന് കുടിവെള്ളത്തിന് മാത്രമേ ഇനി വെള്ളം നല്‍കാനാവൂ എന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചുകഴിഞ്ഞു. സമരങ്ങള്‍ക്ക് പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്നത് ജില്ലയില്‍ നിര്‍ത്തിവെച്ചു. കഴിഞ്ഞ 27 ദിവസമായി മലമ്പുഴയില്‍ നിന്ന് രണ്ടാം വിളക്കുള്ള വെള്ളം വിട്ടുനല്‍കിയിട്ടും പകുതിയോളം പ്രദേശത്ത് ഉണക്കം ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യങ്ങളില്‍ ഭൂഗര്‍ഭ ജല മൂറ്റുന്നത് പരമാവധി നിരുല്‍സാഹപ്പെടുത്തുകയും കുത്തക വ്യവസായികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കഞ്ചിക്കോട്ട് തന്നെ പെപ്‌സിക്ക് പുറമെ ബിവറിജസ് കമ്പനികളും വന്‍ തോതില്‍ ജലമൂറ്റുന്നതായി സര്‍ക്കാരിന്റെ കണക്കുകളില്‍ തന്നെയുണ്ട്. സ്വകാര്യ കുത്തക കമ്പനികളാണിവയെല്ലാം. മദ്യത്തിന് വെള്ളമെടുത്താല്‍ അരി വേവിക്കാന്‍ വെള്ളം വേണ്ടേ എന്നാണ് പാലക്കാടന്‍ ജനത ചോദിക്കുന്നത്. പരമാവധി നിയന്ത്രണം പാലിച്ചാല്‍ ഇത്തരുണത്തില്‍ പാലക്കാട് ജില്ലക്ക് ഈ വര്‍ഷം മേയ് വരെ കുടിവെള്ളം നല്‍കാനുള്ള വെള്ളം അണക്കെട്ടുകളിലുണ്ട്.
കേരളത്തിലെ രണ്ടാമത്തെ വലിയ പുഴയായ നിള വറ്റി വരണ്ടുകഴിഞ്ഞു. ഇരുന്നൂറോളം പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്ന പുഴയാണ് മെലിഞ്ഞില്ലാതാകുന്നത്. ജില്ലയില്‍ ഇത്തവണ 28602 ഹെക്ടറിലാണ് കൃഷിയിറക്കിയിട്ടുള്ളത്. ഇതില്‍ പകുതിയും ഉണക്കുഭീഷണിയിലാണ്. പുട്ടില്‍ പരുവമാകുമ്പോള്‍ മലമ്പുഴയില്‍ നിന്നും മറ്റും തുറന്നുവിട്ട വെള്ളം ഫലത്തില്‍ തികയാതെ വരുന്നതുകൊണ്ട് കുടം കമഴ്ത്തി വെള്ളമൊഴിച്ചതിന് സമാനമായിരിക്കുകയാണ്. 12642 ഹെക്ടറില്‍ ഇത്തവണ കൃഷിയിറക്കിയിട്ടില്ല. വരള്‍ച്ചയെ നേരിടുന്ന കാര്യത്തിലും കുത്തകകളുടെ ജലമൂറ്റല്‍ തടയുന്നതിലും പതിവു ആലസ്യം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ല. പ്രശ്‌നം ചുവപ്പു നാടയില്‍ കുരുക്കാതെ ഭരണാധികാരികള്‍ അടിയന്തിരമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

chandrika: