X

രശശീന്ദ്രനെ വിശുദ്ധനായി വാഴ്ത്തും മുമ്പ്

അശ്ലീല ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം തെറിച്ച എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലെത്തിക്കാനുള്ള തത്രപ്പാടിലാണ് ഇടതുപക്ഷം. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കവെ അനുകൂല സാഹചര്യം രൂപപ്പെട്ടാല്‍ ശശീന്ദ്രനെ വിശുദ്ധനായി വാഴ്ത്താമെന്നാണ് ഇടതുമുന്നണിയുടെ വ്യാമോഹം. കുറ്റമെല്ലാം ഫോണ്‍ വിളിച്ചയാളുടെയും പ്രക്ഷേപണം ചെയ്ത ചാനലിന്റെയും പിരടിയില്‍ മാത്രം വച്ചുകെട്ടി, ശശീന്ദ്രനെ വെള്ളപൂശി റിപ്പോര്‍ട്ട് സമര്‍പ്പിച്ച പി.എസ് ആന്റണി കമ്മീഷന്റെ ചുവപ്പു പരവതാനിയിലാണ് പിണറായി ടീമിന്റെ പ്രതീക്ഷ. കേസ് പിന്‍വലിക്കാനും വിവാദം പുറത്തുവച്ചു പറഞ്ഞുതീര്‍ക്കാനും യുവതിയെ ശട്ടംകെട്ടിച്ചതിന്റെ സൂത്രം ഹൈക്കോടതിക്ക് ബോധ്യപ്പെട്ടാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകണമെന്നില്ല. രണ്ടു ദിവസത്തിനകം മന്ത്രിയുടെ കാര്യത്തില്‍ മുന്നണിയില്‍ തീര്‍പ്പുണ്ടാകുമെന്ന് എന്‍.സി.പി പ്രഖ്യാപിച്ചതോടെ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട പരുവത്തിലാണ് ഇടതുപക്ഷം. പ്രതിച്ഛായയുടെ പേരില്‍ പുളകംകൊണ്ടവര്‍ ഇപ്പോള്‍ ധാര്‍മികതക്കു പുല്ലുവില കല്‍പിക്കുന്നതു കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. ഇ.പി ജയരാജന്‍ എന്ന സന്തതസഹചാരിയെ തിരിച്ചെടുക്കാന്‍ കഴിയാതിരിക്കുകയും ശശീന്ദ്രന്‍ എന്ന മുന്നണിക്കാരനെ തിരുകിക്കയറ്റാന്‍ നിര്‍ബന്ധിതനാകുകയും ചെയ്യുന്നതിന്റെ നിസ്സഹായത പിണറായിയുടെ ഇരട്ടച്ചങ്കില്‍ ഓട്ടതുളക്കുകയാണ്.

ഫോണ്‍ വിളി കേസില്‍ ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആശ്വാസംകൊള്ളാന്‍ ഇടതുപക്ഷത്തിന് എന്ത് അവകാശമാണുള്ളത്? പരാതിക്കാരി ഹാജരായില്ലെന്നും ആവശ്യപ്പെട്ട തെളിവുകള്‍ തങ്ങള്‍ക്കു ലഭിച്ചില്ലെന്നുമുള്ള വാദങ്ങള്‍ നിരത്തിയാണ് ആന്റണി കമ്മീഷന്‍ ശശീന്ദ്രനെ കുറ്റവിമുക്തനായി കാണുന്നത്. എന്നാല്‍ ഇക്കാരണത്താല്‍ ശശീന്ദ്രനുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിലനില്‍ക്കില്ലെന്നുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ആശ്ചര്യാജനകമാണ്. പരാതിക്കാരി പിന്‍മാറുമ്പോള്‍ കേസും നിലനില്‍ക്കില്ലെന്ന തരത്തിലേക്ക് നാടകമെഴുതി തയാറാക്കിയതാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇന്ന് ഹൈക്കോടതിയില്‍ ഇത് അരങ്ങത്തെത്തിക്കാനുള്ള അണിയറ നീക്കമാണ് നടക്കുന്നത്. കേസിന്റെ മെറിറ്റും കുറ്റാരോപിതന്റെ പങ്കാളിത്തവും കൃത്യമായി വിലയിരുത്തിയാല്‍ കോടതിക്ക് ഈ കുറ്റകൃത്യത്തിന്റെ ഗൗരവത്തെ നിസ്സാരമായി വ്യാഖ്യാനിക്കാനാവില്ല. സാഹചര്യത്തെളിവുകളും ആരോപിതന്റെ അക്കാലത്തെ പ്രതികരണങ്ങളും നിലപാടുകളും അന്വേഷണ കമ്മീഷന്‍ മുഖവിലക്കെടുത്തിട്ടില്ലെങ്കിലും ഇതൊന്നും കണ്ടില്ലെന്നു നടിക്കാന്‍ കോടതിക്ക് കഴിയില്ല. തെല്ലും കളങ്കമില്ലെങ്കില്‍ പിന്നെ എന്തിന് തന്നെ കുടുക്കിയവര്‍ക്കെതിരെ നിയമ പോരാട്ടത്തിന് പുറപ്പെട്ടില്ല എന്ന സ്വാഭാവിക ചോദ്യത്തിന് കോടതി ഉത്തരം കണ്ടെത്തിയാലും ശശീന്ദ്രനുമേല്‍ കുരുക്ക് മുറുകുമെന്ന കാര്യം തീര്‍ച്ച.

ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന എന്‍.സി.പിയുടെ ആവശ്യത്തോട് രാഷ്ട്രീയമായി പൊരുത്തപ്പെടുന്നത് ഇടതു മുന്നണിയുടെ അല്‍പ്പത്തമാണ്. ശശീന്ദ്രന് മന്ത്രിയാകാന്‍ തടസമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അങ്ങേയറ്റം അപഹാസ്യവുമാണ്. ശശീന്ദ്രന്‍ മന്ത്രി എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ധാര്‍മികത പുലര്‍ത്തിയില്ലെന്ന കമ്മീഷന്‍ കണ്ടെത്തലിനെ വെല്ലുവിളിക്കുന്നതാണ് പിണറായിയുടെ പരാമര്‍ശം. മന്ത്രി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ നിന്ന് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലാത്തതിനാല്‍ പ്രത്യേകിച്ചും. ഫോണ്‍ വിളി സംപ്രേഷണം ചെയ്ത ചാനലാണ് തെറ്റുകാരെന്ന കമ്മീഷന്‍ കണ്ടെത്തല്‍ ശശീന്ദ്രനുള്ള ക്ലീന്‍ചിറ്റായാണ് പിണറായി കരുതുന്നത്. ഇത് പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന കാഴ്ചപ്പാടാണ്. മാധ്യമ പ്രവര്‍ത്തകയോട് മന്ത്രി സംസാരിച്ച അശ്ലീല സംഭാഷണം കേരളം കേട്ടതാണ്. മാതൃകയാകേണ്ട മന്ത്രി മാന്യതക്കേട് കാണിക്കുകയും പിന്നീട് പുറത്തുവച്ച് ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്താല്‍ എല്ലാം പൊറുക്കപ്പെടുമെന്നാണോ വിചാരം? ഏത് സാഹചര്യത്തിലാണ് സംഭാഷണം നടന്നതെന്ന് കമ്മീഷനു ബോധ്യപ്പെട്ടില്ലെങ്കിലും പരാതിക്കാരിയുടെ ആദ്യ പ്രതികരണത്തിലും ഇതു കേട്ട പൊതുജനങ്ങള്‍ക്കും മനസിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍ക്കുന്നത് നന്ന്. രാജ്യത്ത് പാര്‍ട്ടിക്കുള്ള ഏക മന്ത്രിസ്ഥാനം നഷ്ടമാവാതിരിക്കാനുള്ള എന്‍.സി.പിയുടെ ഒത്തുതീര്‍പ്പ് ഫോര്‍മുലക്കു മുമ്പില്‍ ഇരട്ടച്ചങ്കും ഇടതുപക്ഷവും ഒന്നടങ്കം കുമ്പിട്ടുനില്‍ക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.
രഹസ്യമായി നടത്തിയ അശ്ലീല പദപ്രയോഗങ്ങള്‍ പരസ്യമായപ്പോഴാണ് ശശീന്ദ്രന്‍ രാജിവക്കേണ്ടി വന്നത്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടോ ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലൊ അല്ല അന്നത്തെ രാജി. പൊതുപ്രവര്‍ത്തകന്‍ ഉയര്‍ത്തിപ്പിടിക്കേണ്ട സദാചാരം കാത്തുസൂക്ഷിക്കാനാവാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതിന്റെ പരിണിത ഫലമായിരുന്നു. ചാനല്‍ അടച്ചുപൂട്ടണമെന്നും മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും പറയുന്നവര്‍ കഥയിലെ കേന്ദ്ര കഥാപാത്രത്തിന്റെ കുറ്റം മാത്രം കാണാതെ പോകുന്നത് എന്തുകൊണ്ടാണ്? മാധ്യമ ധര്‍മം അതിരുവിട്ടെങ്കില്‍ അര്‍ഹമായ ശിക്ഷ നല്‍കുന്നതിന് ആരും എതിരല്ല. എന്നാല്‍ അവനവന്റെ ആളുകളുടെ അശ്ലീലതക്കുമേല്‍ അടയിരുന്നിട്ടാവരുത് എന്നു മാത്രം. രായ്ക്കു രാമാനം രാഷ്ട്രീയ സദാചാരവും സഭ്യതയും മര്യാദയും സ്വയം അവകാശപ്പെടുന്നവരില്‍ നിന്നു തന്നെ അറപ്പുളവാക്കുന്ന അനര്‍ത്ഥങ്ങള്‍ കാണുമ്പോള്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണ്.

chandrika: