X

വെറുപ്പ് വിറ്റ് ഇരതേടുന്ന സംഘ്പരിവാര്‍

വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ബ്രാന്‍ഡ് അംബാസഡര്‍മാരായ സംഘ്പരിവാറും ആ ആശയാടിത്തറയില്‍നിന്ന് ഊര്‍ജ്ജം വലിച്ചെടുത്ത് രാജ്യം ഭരിക്കുന്ന ബി.ജെ.പിയും രാജ്യത്തിന്റെ സാമൂഹിക ചുറ്റുപാടിലുണ്ടാക്കുന്ന ഭീതിജനകമായ അന്തരീക്ഷത്തിന് ദിവസം തോറും ഇരുട്ട് കൂടി വരികയാണ്. ഹരിയാനയില്‍ ബീഫ് തീനിയെന്നാരോപിച്ച് 16കാരനെ ട്രെയിനില്‍ മര്‍ദ്ദിച്ചുകൊന്ന സംഭവം ഇതുവരേയുള്ളതില്‍ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. ഭക്ഷണവും വസ്ത്രവും ഭാഷയും വിശ്വാസവുമെല്ലാം അന്യന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താനും തെരുവില്‍ പേമൃഗങ്ങളെപ്പോലെ തല്ലിച്ചതക്കാനും ജീവന്‍ കവരാനുമുള്ള മാനദണ്ഡങ്ങളായി മാറുന്നതിനെ ലാഘവത്തോടെ കാണാനാകില്ല. മഹാവ്യാധികള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ ഭയവും നിസ്സഹയാവസ്ഥയും മനുഷ്യ കരങ്ങളെക്കൊണ്ടുള്ള ഈ തിന്മകള്‍ സമൂഹത്തില്‍ രൂപപ്പെടുത്തുന്നുണ്ട്.
പെരുന്നാള്‍ വസ്ത്രങ്ങളും നോമ്പു തുറക്കാനുള്ള വിഭവങ്ങളും വാങ്ങി വരുന്ന മക്കളേയും കാത്തിരുന്ന, ഫരിദാബാദ് സ്വദേശിയായ ഒരു ഉമ്മയുടെ മുമ്പിലേക്കാണ് വ്യാഴാഴ്ച ചേതനയറ്റ മകന്റെ ശരീരം കൊണ്ടുചെന്നു വച്ചത്. അതും 16 വയസ്സ് മാത്രം പ്രായമുള്ള ജുനൈദ് എന്ന ബാലന്റെ. സഹോദരന്‍ ഹസീബിനൊപ്പം ഡല്‍ഹിയില്‍നിന്ന് സാധനങ്ങളും വാങ്ങി മത്തൗര ട്രെയിനില്‍ നാടുപിടിക്കാനുള്ള തത്രപ്പാടിലായിരുന്നു ജുനൈദ്. തിരക്കേറിയ ട്രെയിനില്‍ 15ഓളം വരുന്ന സംഘം മതവിദ്വേഷം മാത്രം അടിസ്ഥാനമാക്കി അധിക്ഷേപിക്കുകയും പിന്നീട് അക്രമത്തിന് മുതിരുകയുമായിരുന്നു. ബീഫ് കൈവശം വച്ചിട്ടില്ലെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നു. മതത്തിന്റെയും വസ്ത്രധാരണത്തിന്റെയും പേരില്‍ പരിഹസിച്ചു. കുത്തേറ്റ് റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ ചോരയൊലിച്ച് കിടക്കുമ്പോഴും നാല്‍ക്കാലികളുടെ വില പോലും ലഭിക്കാതെ പോയ മനുഷ്യ ജീവന്‍ കേവലം ഒരു മരണത്തിന്റെ നൊമ്പരം മാത്രമല്ല. രാജ്യം എത്തിപ്പെട്ടിരിക്കുന്ന മൂല്യച്യുതിയുടെ ആഴത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്.
പെരുന്നാള്‍ ദിനത്തില്‍ വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി, വിശുദ്ധ ഖുര്‍ആന്‍ മനഃപ്പാഠമാക്കിയതിന്റെ സന്തോഷം പങ്കിടാനുള്ള കാത്തിരിപ്പിലായിരുന്നു ജുനൈദിന്റെയും ഹസീബിന്റെയും കുടുംബം. കളിചിരികള്‍ മായ്ച്ചുകളഞ്ഞ്, സന്തോഷ നിമിഷങ്ങളെ അകറ്റി, സങ്കടക്കടലിന്റെ ആഴങ്ങളിലേക്ക് ആ കുടുംബത്തെ തള്ളിവീഴ്ത്താന്‍ മാത്രം രൂഢമൂലമായിപ്പോയ വെറുപ്പ് വല്ലാത്ത ഭീതിയും മുറിവും സൃഷ്ടിക്കുന്നതാണ്. പശു സംഘ്പരിവാറിന് വിശുദ്ധ മൃഗമാകുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, രാഷ്ട്രീയ നേട്ടത്തിനും നിലനില്‍പ്പിനും വേണ്ടിയുള്ള ആയുധമെന്ന നിലയിലാണ്. വിശ്വാസത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ഒരിക്കലും ഇതര വിശ്വാസക്കാരെ അതിന്റെ പേരില്‍ മുറിവേല്‍പ്പിക്കാന്‍ ശ്രമിക്കില്ല. സ്വന്തം പാര്‍ട്ടിയുടെ നേതൃതലത്തിലുള്ളവര്‍ തന്നെ ബീഫ് കയറ്റുമതിയുടെ മൊത്തക്കച്ചവടം ഏറ്റെടുത്തിട്ടും പൊള്ളലേല്‍ക്കാത്തതാണ് ഇവരുടെ വിശ്വാസങ്ങള്‍ എന്നത് കാപട്യത്തിന് തെളിവാണ്. ഏതെങ്കിലും ഒരു സമൂഹത്തില്‍പെട്ടവര്‍ മാത്രം ബീഫ് കഴിക്കുന്നവരാണെങ്കില്‍ കൊല്ലപ്പെടേണ്ടവരാണെന്ന പൊതുബോധം ഒരു ചെറു സമൂഹത്തിന്റെയെങ്കിലും ഉള്ളില്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കില്‍, സംഘ്പരിവാര്‍ കുത്തിവെക്കുന്ന വെറുപ്പിന്റെ കാളകൂടം അവരുടെ ആശയങ്ങളില്‍ ആകൃഷ്ടരായവരുടെ ഹൃദയങ്ങളില്‍ എങ്ങനെ സ്വാധീനിക്കപ്പെടുന്നുവെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.ദാദ്രിയിലെ അഖ്‌ലാഖ് മുതല്‍ ഫരീദാബാദിലെ ജുനൈദ് വരെയുള്ള ഓരോ ഇരകളുടേയും കാര്യമെടുത്ത് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.
ബീഫ് വിഷയമാക്കിയുള്ള സംഘ്പരിവാര്‍ ആക്രമണങ്ങളുടെ മത, സാമൂഹിക പശ്ചാത്തലങ്ങള്‍ മാത്രമാണ് പലപ്പോഴും പരിശോധിക്കപ്പെടുന്നത്. അതിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ കൂടി യഥാര്‍ത്ഥത്തില്‍ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. കാലി വില്‍പ്പന നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന ഉത്തരവ് ഇതിനോട് ചേര്‍ത്തുവായിക്കണം. ഈയത്തിന്റെ അളവ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി നെസ്്്‌ലേ കമ്പനിയുടെ മാഗി നിരോധിച്ചത് ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി കമ്പനിക്ക് വിപണി പിടിക്കാനായിരുന്നുവെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങളില്‍ ഒന്നാണ് ബീഫ്. ചിതറിക്കിടക്കുന്ന ഈ വിപണി പ്രത്യക്ഷമായോ, പരോക്ഷമായോ രാജ്യത്തെ അനേക ലക്ഷം പേരുടെ ജീവിതോപാധിയാണ്. സംസ്‌കരിച്ച മാംസവും മത്സ്യവുമെല്ലാം വിപണിയിലെത്തിക്കുന്ന കോര്‍പ്പറേറ്റ് കമ്പനികള്‍ രാജ്യത്ത് എമ്പാടുമുണ്ട്. ഇത്തരം കമ്പനികളുടെ ഉത്പന്നങ്ങല്‍ വിറ്റഴിക്കുന്നതിന് പ്രധാന തടസ്സം അതത് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ തന്നെയാണ്. ബീഫിന്റെ പേരില്‍ ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും കാലി വില്‍പ്പന നിരോധിച്ച് അറവുശാലകളുടെ പ്രവര്‍ത്തനത്തിന് മൂക്കുകയറിടുകയും ചെയ്യുന്നവര്‍ ഇത്തരം കോര്‍പ്പറേറ്റ് കമ്പനികളുടെ കച്ചവടതാല്‍പര്യങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയാണോ എന്നത് സംശയം മാത്രമായിരിക്കാം. ആധുനികവും യന്ത്രവല്‍കൃവുതമായ സമൂഹത്തില്‍ നിലമുഴുവാനും ചരക്കുചുമക്കുവാനും കാളകളെതന്നെ ഉപയോഗിക്കണമെന്ന് ശാഠ്യം പിടിക്കുകയും അത് മൃഗപീഡനമല്ലെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ വ്യാഖ്യാനിക്കുകയും ചെയ്യുന്നതിലെ യുക്തിയെ ഇതിനോട് ചേര്‍ത്തുവായിക്കണം. ഭക്ഷ്യാവശ്യത്തിനായി വളര്‍ത്തുന്ന മൃഗങ്ങളെ, അറവിന് ഉപയോഗിക്കല്‍ മാത്രമാണ് മൃഗ പീഡനമെന്ന വാദത്തെ എങ്ങനെ അംഗീകരിക്കാന്‍ കഴിയും. അറവിന് ഉപയോഗിക്കാന്‍ കഴിയാതെ വരുന്നതോടെ കാലിവളര്‍ത്തലിലൂടെ ഉപജീവനം കണ്ടെത്തുന്ന അനേകായിരങ്ങളുടെ ജീവിതോപാധിക്കാണ് ഭരണകൂടംതന്നെ തുരങ്കം വെക്കുന്നത്. രാഷ്ട്രീയനേട്ടത്തിനും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഒരേ സമയം ഉപയോഗിക്കാവുന്ന വജ്രായുധം മാത്രമാണ് സംഘ് പരിവാറിന് ബീഫ് എന്ന സംശയം ന്യായമായിത്തീരുന്നത് ഇവിടെയാണ്. ആ ഗുഢോദ്ദേശ്യങ്ങള്‍ വെളിച്ചത്തുവരാന്‍ അധികം കാത്തിരിക്കേണ്ടി വരില്ലെന്നുതന്നെയാണ് വിശ്വാസം.

chandrika: