X
    Categories: columns

വ്യവസായം വരാന്‍ മണിയടി പോരാ

വ്യവസായ സൗഹൃദത്തിന്റെ കാര്യത്തില്‍ കേരളം ഇന്ത്യന്‍സംസ്ഥാനങ്ങളിലെ ഏറ്റവും ഒടുവിലത്തെ 28-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്ന വിവരം അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമായിരിക്കുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന ഘട്ടത്തില്‍ അവകാശപ്പെട്ടത്, 2016ലെ പ്രകടനപത്രികയില്‍ പറഞ്ഞതില്‍ മിക്കതും സാക്ഷാല്‍കരിച്ചുവെന്നായിരുന്നു. കേരളത്തിന്റെ വ്യവസായരംഗത്തെ രാജ്യത്ത് മികവുറ്റതാക്കുമെന്നും പൊതുമേഖലയെയും സ്വകാര്യമേഖലയെയും പരിഗണിച്ചുകൊണ്ട് അതുവഴി അഞ്ചു വര്‍ഷംകൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നൊക്കെയായിരുന്നു സര്‍ക്കാരിന്റെ മോഹന വാഗ്ദാനം. എന്നാല്‍ ഏറ്റവും പുതിയ പഠനത്തില്‍ പട്ടികയിലെ ഏറ്റവും ഒടുവിലാണ് വ്യവസായ കേരളത്തിന്റെ കിടപ്പ്. അതീവ ദയനീയമാണീ വിവരവും വ്യവസായ മേഖലയുടെ അവസ്ഥയും. കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായ പ്രോല്‍സാഹനവും ആഭ്യന്തര വ്യാപാരവും വകുപ്പ് (ഡി.പി.ഐ.ഐ.ടി) തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തെ വ്യവസായ മേഖലയുടെ ദുരന്തചിത്രം വരച്ചുകാട്ടിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ആന്ധ്രപ്രദേശ് ഒന്നാം സ്ഥാനത്തും ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനത്തുമാണ്.
സെപ്തംബര്‍ അഞ്ചിനാണ് കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ (വ്യവസായസൗഹൃദം) കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഒട്ടനവധി നടപടികള്‍ സ്വീകരിക്കുകയും വ്യവസായികളെ ആകര്‍ഷിക്കുന്നതിന് വിദേശങ്ങളില്‍ വരെ മുഖ്യമന്ത്രിയും മന്ത്രിമാരും പോകുകയും ലക്ഷക്കണക്കിന് രൂപ ഈയിനത്തില്‍ ചെലവഴിക്കുകയും ചെയ്തിട്ടും അതെല്ലാം ജലരേഖയായി മാറിയിരിക്കുകയാണെന്നാണ് പഠന റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചിരിക്കുന്ന വെളിപ്പെടുത്തല്‍. 2019ലെ വ്യവസായപുനരവലോകന ആക്ഷന്‍പ്ലാന്‍ അനുസരിച്ച് 187 പദ്ധതികളാണ് ഓരോ സംസ്ഥാനവും കേന്ദ്ര ഭരണപ്രദേശവും പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ഇതില്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ് കേരളം. കേരളത്തിന്റെ വ്യവസായ മേഖലയില്‍ മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെല്ലാം എന്തു ജോലിയെന്നാണ് ഇത് വായിച്ച മലയാളിക്ക് സാമാന്യമായി തോന്നിയിട്ടുണ്ടാകുക. ബന്ധുവിനെ അനധികൃതമായി പൊതുമേഖലാസ്ഥാപനത്തില്‍ നിയമിച്ചതിന് രാജിവെക്കേണ്ടിവന്നയാളാണ് നമ്മുടെ വ്യവസായ വകുപ്പുമന്ത്രി ഇ.പി ജയരാജന്‍. ചെറിയ ഇടവേളക്കുശേഷം ഇദ്ദേഹംതന്നെ പ്രസ്തുത വകുപ്പിലേക്ക് തിരിച്ചെത്തിയെങ്കിലും കഴിഞ്ഞ നാലര വര്‍ഷമായിട്ടും സംസ്ഥാനത്തെ വ്യവസായ മേഖല പുരോഗതിയിലേക്ക് പോയിട്ട് നിലവിലുള്ളതുപോലും നിലനിര്‍ത്താനായില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ഏഴു നിയമങ്ങള്‍ വ്യവസായ മേഖലക്കായി നിര്‍മിക്കുകയും വെബ്‌സൈറ്റുകളും പോര്‍ട്ടലുകള്‍ തുടങ്ങുകയും ഏകജാലക സംവിധാനം കാര്യക്ഷമമാക്കുകയും ചെയ്തിട്ടും എന്തുകൊണ്ട് കേരളത്തെ ഇപ്പോഴും വ്യവസായ ലോകം കീറാമുട്ടിയായി കാണുന്നുവെന്നത് പര്യാലോചിക്കേണ്ട വിഷയമാണ്. ഇടതുമുന്നണിയുടെയും യു.ഡി.എഫിന്റെയും കാലങ്ങളില്‍ സര്‍ക്കാരുകളുടെ വ്യവസായ വകുപ്പുകള്‍ സ്വീകരിച്ചുവരുന്ന സമീപനത്തിലെ വ്യത്യാസമാണ് ഇവിടെ പ്രതിഫലിക്കുന്നത്. സ്വകാര്യ സംരംഭകരെ വരുത്തി നിക്ഷേപങ്ങള്‍ തുടങ്ങുകയും ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയുമാണ് യു.ഡി.എഫ് ചെയ്തതെങ്കില്‍, ഇക്കാര്യത്തില്‍ കാര്യമായൊരു പുരോഗതിയും നേടാന്‍ സി.പി.എം ഭരിക്കുന്ന വകുപ്പിന് കഴിഞ്ഞില്ല. അതിനുകാരണം ആ കക്ഷിയും നേതാക്കളും അണികളും ഇപ്പോഴും പഴയകാല അക്രമോല്‍സുക, പിന്തിരിപ്പന്‍ നയങ്ങളുമായാണ് വ്യവസായത്തെ സമീപിക്കുന്നതെന്നതുകൊണ്ടാണ്.
കണ്ണൂരില്‍ കോടികള്‍ മുടക്കി കണ്‍വന്‍ഷന്‍ സെന്റര്‍ പണിത പ്രവാസി സാജന്‍ പാറയിലിന്റെയും കൊല്ലത്തെ മറ്റൊരു പ്രവാസി സുഗതന്റെയും അടക്കം ഒട്ടേറെ അനുഭവം നമുക്കുമുന്നിലുണ്ട്. പാലക്കാട് തൃത്താലയില്‍ കോടികള്‍മുടക്കി വ്യവസായത്തിനായി ഇറങ്ങിത്തിരിച്ച മറ്റൊരാളുടെ അനുഭവവും ഇന്ന് അങ്ങാടിപ്പാട്ടാണ്. ഭൂമി വാങ്ങി കെട്ടിടവും പണിത് നാലാള്‍ക്ക് തൊഴില്‍ നല്‍കാനായി പുറപ്പെട്ടിറങ്ങുന്നയാളോട് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും സി.പി.എമ്മുകാരും സി.ഐ.ടി.യുക്കാരും കാണിക്കുന്ന വിരോധവും അക്രമവും തന്നെയാണ് ഇത്തരമൊരു അവസ്ഥയിലേക്ക് കേരളത്തെക്കൊണ്ടുചെന്നെത്തിച്ചത്. ലക്ഷക്കണക്കിന് രൂപ കേരളത്തിന്റെ ഖജനാവിലേക്ക് നികുതിയായി ഒടുക്കുന്ന കേരളത്തിന്റെ അഭിമാനമായ വി-ഗാര്‍ഡിന്റെ ഉടമകള്‍ക്ക് ഇന്നും തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് സ്വതന്ത്രമായി വസ്തുക്കളിറക്കിവെക്കാനാവുന്നില്ല എന്നതുമതി സാജന്റെയും കേരള വ്യവസായ രംഗത്തിന്റെയും ആത്മഹത്യകള്‍ക്ക് കാരണം. കെ.സ്വിഫ്റ്റ് പോലുള്ള പോര്‍ട്ടലുകള്‍ ഉണ്ടാക്കി കാലുനീട്ടിയിരുന്നതുകൊണ്ട് സംസ്ഥാനത്തേക്ക് ആരെങ്കിലും വ്യവസായവും നിക്ഷേപവുമായി വരുമെന്ന ്കരുതിയ സര്‍ക്കാരിനാണ് തെറ്റുപറ്റിയത്. റാങ്കിങിനെക്കുറിച്ച് പരാതിപ്പെടുന്നതിന്പകരം എന്തെല്ലാമാണ് പാളിച്ചകളെന്ന ്തിരിച്ചറിയാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. നിക്ഷേപസംഗമമല്ല, നിക്ഷേപമാണ് നാട്ടിലേക്ക് വരേണ്ടത്. അതിനായിരിക്കണം കോടികള്‍ ചെലവഴിച്ചുള്ള മാമാങ്കങ്ങളേക്കാള്‍ മുന്‍ഗണന.
കേരളത്തിന്റെ അമൂല്യസമ്പത്തായ പ്രവാസി വരുമാനവും പ്രവാസികളും കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. പ്രതിവര്‍ഷം ലക്ഷംകോടി രൂപ എത്തിച്ചിരുന്ന ഈ മേഖലയില്‍നിന്ന് ആളുകള്‍ തിരിച്ചെത്തുന്നത് പരിഗണിച്ച് അവര്‍ക്ക് സംസ്ഥാനത്ത് വ്യാപാര വ്യവസായം തുടങ്ങാനുള്ള അവസരവും സൗകര്യവും ഔദാര്യപൂര്‍വം ഒരുക്കണം. വ്യവസായി ആണോ നാലു കാശ് തടയുമെന്ന വികൃത ചിന്തയില്‍നിന്ന് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പിന്‍വാങ്ങണം. വ്യവസായം തുടങ്ങാനെന്ന പേരില്‍ നാടിന്റെ പ്രകൃതി സമ്പത്തിനെ കൊള്ളയടിക്കാനെത്തുന്ന കൊള്ളക്കാരെ നിലക്കുനിര്‍ത്താനും ഇതോടൊപ്പം സാധിക്കേണ്ടതുണ്ട്. കോവിഡിന് ശേഷവും കേരളത്തിന് ഉണ്ണാനും ജീവിതം നിലനിര്‍ത്താനുമുള്ള വരുമാന സ്രോതസ്സ് കാട്ടിക്കൊടുക്കേണ്ടത് മറ്റാരേക്കാള്‍ ചുമതല ഭരിക്കുന്ന സര്‍ക്കാരിന് തന്നെയാണ്. അട്ടിമറിക്കൂലി അവസാനിപ്പിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയതിന്റെ നാലാം വര്‍ഷവും അത് നിര്‍ബാധം തുടരുന്നുവെങ്കില്‍ പറഞ്ഞതൊന്നും നടപ്പാക്കാനുള്ള ത്രാണിയില്ലാത്ത സര്‍ക്കാരാണിതെന്ന് പറയേണ്ടിവരും. വ്യവസായത്തിന്റെ കാര്യത്തിലെ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തെളിയിക്കുന്നതും അതുതന്നെയാണ്. ഒട്ടേറെ യൂസഫലിമാരും കൊച്ചൗസേപ്പുമാരും കോഴിക്കോട്ടെ നൗഷാദും പാറയില്‍സാജന്മാരും ജീവിതം മുഴുവന്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ നിക്ഷേപവുമായി ജന്മനാട് അണയുമ്പോള്‍ അതിനെ ഇരുകൈയും നീട്ടി സ്വീകരിക്കാനാണ് നാം തയ്യാറാകേണ്ടത്. നമ്മുടെ മക്കളുടെ ഭാവിക്കും നിലനില്‍പിനും അതനിവാര്യമാണ്. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടത് മറ്റാരേക്കാള്‍ ഭരിക്കുന്ന വിവിധ വകുപ്പുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഉന്നതര്‍ മുതല്‍ പ്യൂണ്‍ വരെയുള്ളവരാണ്; ഭരണകക്ഷികളിലെ മാടമ്പി രാഷ്ട്രീയക്കാരല്ല. ലണ്ടന്‍ സ്റ്റോക്എക്‌സ്‌ചേഞ്ചില്‍ മണിയടിച്ചതുകൊണ്ടുമാവില്ല.

 

web desk 1: