X
    Categories: columns

ആട്ടിന്‍ തോലണിഞ്ഞ് അധികാരത്തിലിരിക്കുന്നവര്‍

അധികാരം കൈയാളുന്നവര്‍ വിശാല ഹൃദയരും നിഷ്പക്ഷ മനസ്‌കരവും സംയമനം പാലിക്കുന്നവരുമായിരിക്കണം. ഭരണഘടനാസ്ഥാപനങ്ങളുടെ അമരത്തിരിക്കുന്നവര്‍ പ്രത്യേകിച്ചും മാന്യമായ പെരുമാറ്റരീതി സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ്. പദവി അലങ്കരിക്കുമ്പോഴും വിരമിച്ചതിന്‌ശേഷവും അതു തന്നെയാണ് അവരില്‍നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്. രാഷ്ട്രപതി മുതല്‍ സര്‍ക്കാര്‍ സര്‍വീസിന്റെ അടിത്തട്ടിലുള്ളവര്‍വരെ പൊതുജന സേവകരാണ്. നിഷ്പക്ഷതയും നീതിയും സത്യസന്ധതയുമായിരിക്കണം അവരുടെ മുഖമുദ്ര. പൊതുജീവിതത്തിലുടനീളം ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. പക്ഷേ, സമീപകാല സംഭവങ്ങള്‍ പലതും നമുക്ക് നിരാശയാണ് പകരുന്നത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ എത്തിനോക്കാന്‍ പോലും പാടില്ലാത്ത ഉന്നത സ്ഥാനങ്ങളിലുള്ളവര്‍ വരെ ചില പക്ഷത്തേക്ക് ചായുകയും വര്‍ഗീയ വിഷം ചീറ്റുകയും ചെയ്യുന്നു. ഇന്ത്യന്‍ ജനത ആദരവോടെ കാണുന്ന വ്യക്തിത്വങ്ങളെപ്പോലും കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ അസഭ്യം വിളിക്കാന്‍ ധൈര്യപ്പെടുന്ന ദുരന്ത സാഹചര്യമാണ് നിലവിലുള്ളത്. മതേതരത്വത്തിന്റെയും സാമുദായിക സൗഹാര്‍ദത്തിന്റെയും കാവല്‍ഭടനായ അന്തരിച്ച സ്വാമി അഗ്നിവേശിനെ അധിക്ഷേപിച്ച് മുന്‍ സി.ബി.ഐ ഡയറക്ടര്‍ നാഗേശ്വര റാവു ട്വിറ്ററില്‍ കുറിച്ച വാചകങ്ങള്‍ ഓരോന്നിനും വിദ്വേഷത്തിന്റെ നാറ്റമുണ്ട്. സി.ബി.ഐയെപ്പോലൊരു ഉന്നത ഏജന്‍സിയുടെ തലപ്പത്തിരുന്ന ഒരാള്‍ പറയാന്‍ പാടില്ലാത്ത വാക്കുകളാണ് അദ്ദേഹത്തില്‍നിന്നുണ്ടായത്.

പണ്ഡിതന്‍, സാമൂഹിക പ്രവര്‍ത്തകന്‍, പരിഷ്‌കര്‍ത്താവ്, മനുഷ്യാവകാശ പോരാളി, കര്‍മയോഗിയായ സന്യാസിവര്യന്‍ തുടങ്ങി വിശിഷ്ടമായ മേല്‍വിലാസമാണ് ഇന്ത്യന്‍ മനസ്സില്‍ അഗ്നിവേശിനുള്ളത്. എന്നാല്‍ നാഗേശ്വര റാവുവിന്റെ ഭാഷയില്‍ അഗ്നിവേശ് കാഷായ വസ്ത്രം ധരിച്ച ഹിന്ദു വിരുദ്ധനാണ്. കാലന്‍ അദ്ദേഹത്തെ തേടിയെത്താന്‍ ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്നും നാഗേശ്വര റാവു ചോദിക്കുന്നു. അഗ്നിവേശിന്റെ വിയോഗ വാര്‍ത്ത പുറത്തുവന്ന മണിക്കൂറുകള്‍ക്കകമാണ് വിവാദ ട്വീറ്റ്. ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെന്നാണ് നാഗേശ്വര റാവു അദ്ദേഹത്തെ വിളിച്ചിരിക്കുന്നത്. അഗ്നിവേശ് ഹിന്ദുമതത്തിന് വലിയ നാശനഷ്ടം വരുത്തിയെന്നും അദ്ദേഹം തെലുങ്ക് ബ്രാഹ്മണനായി ജനിച്ചതില്‍ താന്‍ ലജ്ജിക്കുന്നുവെന്നും പറയാന്‍ നാഗേശ്വര റാവുവിന് ഒട്ടും നാണമുണ്ടായില്ല. പണ്ഡിത ശ്രേഷ്ഠനായ ഒരു സന്യാസി വര്യനെതിരെ മ്ലേച്ഛമായ പദപ്രയോഗങ്ങള്‍ നടത്തിയിട്ടും അല്‍പം പോലും മനസ്താപം തോന്നിയില്ലെന്ന് തെളിയിക്കുന്നുണ്ട് സി. ബി.ഐ മുന്‍ ഡയറക്ടറുടെ തുടര്‍ന്നുള്ള വാക്കുകള്‍. ക്രൂരന്മാര്‍ മരിച്ച ദിവസങ്ങളെ ആഘോഷിക്കുകയാണ് തങ്ങളുടെ പതിവെന്നും സമൂഹത്തെ നശിപ്പിച്ച കീടങ്ങളാണ് അവരെന്നും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച് ഉളുപ്പുകെട്ട ഒരാളുടെ മനോനില തെറ്റിയ വാക്കുകളായി ഇതിനെ തള്ളാനാവില്ല. ഔദ്യോഗിക സ്ഥാനങ്ങള്‍ പലതും വഹിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് ഇതെല്ലാം പറയുന്നതെന്ന് ഓര്‍ക്കണം. ആട്ടിന്‍തോലണിഞ്ഞ ചെന്നായയെന്ന വിശേഷണം നന്നായി ചേരുക നാഗേശ്വര റാവുവിന് തന്നെയാണ്. പൊതുജനങ്ങളുടെ നികുതിപ്പണംതിന്ന് ജീവിക്കുകയും ജനസേവകനായി വിലസി നടക്കുകയും ചെയ്ത അദ്ദേഹത്തിന്റെ മനസ്സ് ഇത്രയേറെ വിഷലിപ്തമാണെന്ന് രാജ്യം പ്രതീക്ഷിച്ചിരുന്നില്ല. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും പരിശുദ്ധി കാത്തുസൂക്ഷിച്ചിരുന്ന അഗ്നിവേശിനെക്കുറിച്ചുപോലും പ്രതികാര ദാഹത്തോടെ സംസാരിക്കുന്ന നാഗേശ്വര റാവുവിനെ പോലുള്ളവരില്‍നിന്ന് എങ്ങനെ നീതി പ്രതീക്ഷിക്കാനാവും? ഇത്തരം ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കുമുന്നില്‍ വരുന്ന മനുഷ്യരെ ജാതിയും മതവും നിറവും ഭാഷയും നോക്കിയായിരിക്കില്ലേ തീരുമാനങ്ങളെടുക്കുക? നിഷ്പക്ഷത പാലിക്കേണ്ട ഘട്ടങ്ങളില്‍ പക്ഷപാതപരമായി മാത്രമേ അവര്‍ക്ക് ചിന്തിക്കാനാവൂ. മതത്തിന്റെയും ജാതിയുടെും അടിസ്ഥാനത്തിലായിരിക്കും അവര്‍ മനുഷ്യനെ അളക്കുക. സംഘ്പരിവാറിനോട് സന്ധിയില്ലാ പോരാട്ടം നടത്തിയിരുന്ന അഗ്നിവേശിനോട് വര്‍ഗീയത തലക്കുപിടിച്ച നാഗേശ്വറ റാവുവിന് വൈരാഗ്യമുണ്ടാവുക സ്വാഭാവികം.

ബി.ജെ.പിയുടെ ഭരണത്തിന്കീഴില്‍ ജനാധിപത്യവും മതേതരത്വവും തകരുന്നത്കണ്ട് അഗ്നിവേശിന്റെ ഹൃദയം പിടഞ്ഞു. പൗരത്വ വിഷയം പോലെ ഇന്ത്യയെ ഇളക്കിമറിച്ച പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തീവ്ര ഹിന്ദുത്വത്തിനെതിരെ ധീരമായ ഇടപെടലുകള്‍ നടത്തുകയും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയും ചെയ്ത അദ്ദേഹം മാനവികതയില്‍ ഉറച്ചു വിശ്വസിച്ചു. മര്‍ദ്ദിതന്റെ വിലാപങ്ങള്‍ക്ക് ചെവിയോര്‍ക്കാനും അവന്റെ അവകാശ സംരക്ഷത്തിനുവേണ്ടി ശബ്ദിക്കാനും അദ്ദേഹം എക്കാലത്തും മുന്നിലുണ്ടായിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ പിടഞ്ഞുമരിച്ചപ്പോള്‍ മോദിക്കെതിരെ ശക്തമായ ഭാഷയില്‍ രംഗത്തെത്തി. ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ഇവിടെ മനുഷ്യനെ കൊല്ലുന്നതെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാട് കാരണമാണ് നാഗേശ്വര റാവുവിന് അഗ്നിവേശ് ഹിന്ദു വിരുദ്ധനായത്. ഹിന്ദു മതത്തിന്റെ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ഉപിനിഷത് ദര്‍ശനങ്ങളുടെ സാരാംശം ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്ത മഹത് വ്യക്തിത്വത്തെ കരിവാരിത്തേക്കുന്ന സംഘ്പരിവാരത്തിന്റെ വാലാട്ടികള്‍ക്ക് അധികാരത്തിന്റെ എച്ചില്‍ കുട്ടയിലാണ് കണ്ണ്. ബി. ജെ.പിയെ സുഖിപ്പിച്ച് ജീവിതത്തിന്റെ ശിഷ്ടകാലം ഭരണത്തണലില്‍ കഴിച്ചുകൂട്ടാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്.

മുമ്പും പലതവണ സംഘ്പരിവാറിനോടുള്ള വിധേയത്വം നാഗേശ്വര റാവു പരസ്യപ്പെടുത്തിയിട്ടുണ്ട്്. പ്രമാദമായ റാഫേല്‍ ഇടപാട് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സുപ്രധാന കേസുകളില്‍ അന്വേഷണം ആരംഭിച്ചതിന് അലോക് വര്‍മ്മയെ മാറ്റിയാണ് നാഗേശ്വര റാവുവിനെ സി. ബി.ഐ തലപ്പത്ത് അവരോധിച്ചത്. അന്വേഷണ ഏജന്‍സിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നതിന് അദ്ദേഹം ബി.ജെ.പിക്ക് കൂട്ടുനിന്നു. മോദി പറയുന്നതെല്ലാം അക്ഷരംപ്രതി അനുസരിക്കുന്ന അച്ചടക്കമുള്ള സംഘ്പരിവാറുകാരനെപ്പോലെയായിരുന്നു നാഗേശ്വര റാവു നിലകൊണ്ടത്. സി.ബി.ഐയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന ഘട്ടത്തില്‍ വരെ അതെത്തി. മോദി സര്‍ക്കാര്‍ പാതിരാത്രി യോഗം ചേര്‍ന്നാണ് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ പുറത്താക്കുകയും നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി പ്രതിഷ്ഠിക്കുകയും ചെയ്തത്. ബി. ജെ.പിയുടെ കണ്ണിലുണ്ണിയാണ് നാഗേശ്വര റാവുവെന്ന് വ്യക്തം. സര്‍ക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് തുള്ളുന്ന രൂപത്തിലേക്ക് ഭരണഘടനാസ്ഥാപനങ്ങളെ മാറ്റിയെടുക്കണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. അതിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുകയും വിമര്‍ശനങ്ങളെ അടിച്ചതൊക്കുകയും ചെയ്യുന്ന ദുരന്ത കാഴ്ചകള്‍ക്ക് രാജ്യം സാക്ഷിയായിക്കൊണ്ടിരിക്കുന്നു.

web desk 1: