X
    Categories: columns

മുഖ്യമന്ത്രിയുടെ രാജി വൈകരുത്

പാവപ്പെട്ടവര്‍ക്ക് വീട് വെച്ചുനല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആരംഭിച്ചിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് നീതിയല്ല. ധാര്‍മികതയുണ്ടെങ്കില്‍ രാജിവെച്ച് അന്വേഷണത്തെ നേരിടാന്‍ തയാറാകണം. വിജിലന്‍സ് അന്വേഷണത്തെ പരിഹസിച്ചുതള്ളിയിരുന്ന മുഖ്യമന്ത്രിയെത്തേടി സി.ബി.ഐ സംഘം എത്തിയിരിക്കുന്നു. ലൈഫ് മിഷന്‍ അധ്യക്ഷനായ പിണറായിയേയും ഉപാധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ എ.സി മൊയ്തീനെയും സി.ബി.ഐ ഏത് നിമിഷവും ചോദ്യംചെയ്യും. അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം ക്രമക്കേട് വ്യക്തമായ സാഹചര്യത്തില്‍ അനവധി ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി പറയേണ്ടിവരും. നാണക്കേട് ഒഴിവാക്കാന്‍ മുഖ്യമന്ത്രിപദം രാജിവെക്കുന്നതാണ് പിണറായിക്ക് നല്ലത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തി രാജിവെക്കാന്‍ മുറവിളി കൂട്ടിയിരുന്ന പിറണറായിക്കെതിരെ ഇപ്പോള്‍ ഗുരുതരമായ ആരോപണങ്ങളാണുയര്‍ന്നിരിക്കുന്നത്. തൊട്ടതെല്ലാം അഴിമതിയില്‍ മുക്കിയെടുത്ത മുഖ്യമന്ത്രി ഇനിയും തുടരുന്നത് അനീതിയാണ്. അവിവേകമാണ്. ഇടതുപക്ഷത്തെ ഒന്നടങ്കം അദ്ദേഹവും സഹമന്ത്രിമാരും നാണംകെടുത്തിയിരിക്കുന്നു. ന്യായീകരണങ്ങളിലൂടെ രക്ഷപ്പെടാന്‍ സാധിക്കാത്ത രൂപത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അന്വേഷണങ്ങള്‍ക്കും നിയമ നടപടികള്‍ക്കും അതീതനാണെന്നായിരുന്നു മുഖ്യന്ത്രിയുടെ ഭാവം. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ മറുപടി ധിക്കാരം നിറഞ്ഞതായിരുന്നു. ‘എന്നെ ചോദ്യം ചെയ്യുമെന്ന പൂതി മനസ്സിലിരിക്കട്ടെ’ എന്നാണ് അദ്ദേഹം പറഞ്ഞത്. സ്വന്തം ഓഫീസിലേക്ക് സി.ബി.ഐ ഉദ്യോഗസ്ഥര്‍ എത്തുമെന്ന് ഉറപ്പായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് നാടകം കളിച്ചെങ്കിലും ഫലം കണ്ടില്ല. സി.ബി.ഐയെ തടയാനാണ് തിടുക്കപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് വ്യക്തം.
യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയതില്‍ പിണറായിക്കുള്ള പങ്ക് ലൈഫ് മിഷന്‍ ക്രമക്കേടിലൂടെ കേരളത്തിന് ബോധ്യമായിരിക്കുന്നു. യു.എ.ഇയിലെ റെഡ് ക്രസന്റ് പണം മുടക്കുന്ന 20 കോടി രൂപയുടെ പദ്ധതിയില്‍ കരാര്‍ ലഭിക്കുന്നതിന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ക്ക് 4.25 കോടി കമ്മീഷന്‍ നല്‍കിയെന്ന വെളിപ്പെടുത്തലോടെയാണ് വിവാദം ആളിക്കത്തിയത്. സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍നിന്ന് ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണെന്ന് സ്വപ്‌ന എന്‍.ഐ.എക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഒരു മന്ത്രിപുത്രനും ഉന്നതനായ പാര്‍ട്ടി നേതാവിന്റെ മകനും ക്രമക്കേടില്‍ പങ്കുള്ളതായി തെളിഞ്ഞിരിക്കുന്നു. സ്വര്‍ണക്കടത്ത് പുറത്തുവന്നില്ലായിരുന്നെങ്കില്‍ ലൈഫ് മിഷന്‍ പദ്ധതി അഴിമതിയും കുഴിച്ചമൂടപ്പെടുമായിരുന്നു. സ്വര്‍ണക്കടത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ പുറത്താക്കി മുഖംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ലൈഫ് മിഷന്‍ ക്രമക്കേടില്‍ അത്തരം ഒളിച്ചോട്ടങ്ങളൊന്നും നടക്കില്ല. സി.ബി.ഐയുടെ ചോദ്യങ്ങള്‍ക്ക് നിവര്‍ന്നുനിന്ന് മറുപടി പറയേണ്ടിവരും.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടിനെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ സി.ബി.ഐ ഇതിനകം ശേഖരിച്ചിട്ടുണ്ട്. നിര്‍മാണ കമ്പനിയായ യൂണിടാക്കിന്റെ കൊച്ചിയിലെയും തൃശൂരിലെയും ഓഫീസുകളില്‍ സി.ബി.ഐ ഒരേസമയം റെയ്ഡ് നടത്തിയിരിക്കുന്നു. തിരുവനന്തപുരത്തെ ലൈഫ് മിഷന്‍ ആസ്ഥാനത്തേക്കും അന്വേഷണസംഘം എത്തുന്നുണ്ട്. ഫോറിന്‍ കോണ്‍ട്രിബൂഷ്യന്‍ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിദേശ രാജ്യങ്ങളുമായുള്ള ഇടപാടിനും കരാറിനും ധാരണാപത്രത്തിനും കേന്ദ്രാനുമതി ഉണ്ടായിരിക്കണം. അതില്ലാതെ കരാര്‍ ഉണ്ടാക്കാനും പദ്ധതി പ്രഖ്യാപിക്കാനും യൂണിടാകിന് അധികാരമില്ല. 2.17 ഏക്കറില്‍ #ാറ്റുകള്‍ നിര്‍മിക്കുന്നതിന് ജൂലൈ 11നാണ് റെഡ് ക്രസന്റുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. യു.എ.ഇയില്‍നിന്ന് നേരിട്ട് ധനസഹായം സ്വീകരിക്കുന്നതിന് നിയമതടസ്സം ഉള്ളതുകൊണ്ടാണ് റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. പക്ഷെ, ധാരണാപത്രത്തിന്റെ പകര്‍പ്പ് പ്രതിപക്ഷ നേതാവിന് നല്‍കാന്‍ വിസമ്മതിച്ചത് തട്ടിപ്പ് പുറത്താകുമെന്ന ഭയം കൊണ്ടാണ്. ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുള്ള കരാറില്‍ പറയാത്ത മറ്റൊരു ഉപകരാറിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് സി.ബി.ഐ മുമ്പാകെ പറഞ്ഞുനില്‍ക്കാന്‍ സര്‍ക്കാരിനാവില്ല. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കണമെങ്കില്‍ സി.ബി.ഐക്ക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരിക്കണം. അല്ലെങ്കില്‍ സുപ്രീംകോടതിയോ ഹൈക്കോടതിയോ ഉത്തരവിടണം. പക്ഷെ, ഒരു കോടിയിലേറെ രൂപയുടെ അഴിമതിയുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ തന്നെ സി.ബി.ഐക്ക് കേസ് ഏറ്റെടുക്കാം.
റെഡ്ക്രസന്റ് നല്‍കിയ 20 കോടിയില്‍ 3.2 കോടിയുടെ ആദ്യ ഗഡുവും രണ്ടാം ഗഡുവിലെ 75 ലക്ഷവും തട്ടിയതായി സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മാത്രമല്ല, നാലര കോടി കമ്മീഷന്‍ വാങ്ങിയെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ പാര്‍ട്ടി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അഴിമതി വെളിച്ചത്തായിട്ടും ഉറക്കംനടിച്ച് ഒന്നും നടന്നില്ലെന്ന മട്ടില്‍ ഇരിക്കുന്ന പിണറായി സി.ബി.ഐ എത്തിയത് അറിഞ്ഞില്ല. വിവാദം തുടങ്ങി ഒന്നര മാസത്തിന് ശേഷമാണ് പ്രാഥമികാന്വേഷണത്തിനെങ്കിലും മുഖ്യമന്ത്രി വിജിലന്‍സിനെ അനുവദിച്ചത്. അതിന്മുമ്പ് പത്രക്കാരുടെ ചോദ്യത്തിന് വിവരങ്ങള്‍ ശേഖരിച്ചുവരുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെങ്കില്‍ അന്വേഷണം എന്തിനാണിത്ര വൈകിപ്പിച്ചതെന്ന ചോദ്യത്തിന് പിണറായി മറുപടി പറയണം. സ്വര്‍ണക്കടത്തിനേക്കാള്‍ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കിയിരിക്കുന്നത് ലൈഫ് മിഷന്‍ ക്രമക്കേടാണ്. സ്വര്‍ണക്കടത്ത് പ്രതികള്‍ മിഷനില്‍ കമ്മീഷന്‍ പറ്റിയിട്ടുണ്ടെന്നത് സര്‍ക്കാരിന്റെ വിശ്വാസ്യതയെ പൂര്‍ണമായും തകര്‍ത്തിരിക്കുന്നു. വിജിലന്‍സ് അന്വേഷണ സാധ്യത പരിശോധിക്കണമെന്ന് ആഗസ്ത് 21ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പോലും ആവശ്യപ്പെട്ടിരുന്നെങ്കിലും തട്ടിപ്പ് പുറത്താകുമെന്നതുകൊണ്ട് സമയമായിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു പിണറായി. ഏറ്റവുമൊടുവില്‍ വിവാദമായ സ്പ്രിംഗ്ലര്‍ കരാറിലും സര്‍ക്കാര്‍ നാണംകെട്ടിരിക്കുകയാണ്. കോവിഡ് വ്യാപനം ശക്തമായി തുടരുമ്പോഴും കരാര്‍ പുതുക്കി നല്‍കാതിരുന്നത് സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നുണ്ട്. ഡേറ്റകളുടെ വന്‍ശേഖരണം വിലയിരുത്താന്‍ സ്പ്രിംഗ്ലറിനെപ്പോലുള്ള വന്‍കിട കമ്പനികള്‍ വേണമെന്നായിരുന്നു സര്‍ക്കാര്‍ വാദം. പക്ഷെ, കോവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ കരാര്‍ അവസാനിപ്പിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറപുടി പറയേണ്ടിയിരിക്കുന്നു. ഭരണ പരാജയത്തിലേക്കും കൊള്ളരുതായ്മയിലേക്കുമാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. ഭരണത്തലവനെന്ന നിലയില്‍ മുഖ്യമന്ത്രി അടിമുടി പരാജയപ്പെട്ടിരിക്കുകയാണ്. രാജിവെച്ച് പുറത്തുപോകുക മാത്രമാണ് അവശേഷിക്കുന്ന ഏക മാര്‍ഗം.

web desk 1: