X
    Categories: columns

കേരളം ഏകാധിപത്യത്തിലേക്കോ

ഉദ്ബുദ്ധതയും പ്രതികരണശേഷിയുമുള്ള ജനതയെന്ന നിലയില്‍ മലയാളികള്‍ രാജ്യാന്തര തലത്തിലും സ്വന്തം മേല്‍വിലാസം അടയാളപ്പെടുത്തിയിട്ടുണ്ട്. ജനാധിപത്യ മൂല്യങ്ങള്‍ കൈമോശംവരാതെ സൂക്ഷിക്കുകയും ഏകാധിപത്യ പ്രവണതകളോട് മുഖംതിരിക്കുകയും ചെയ്ത പാരമ്പര്യമാണ് കേരളത്തിനുള്ളത്. പക്ഷെ, കേരളത്തിന്റെ ഭരണസംവിധാനത്തെ ഏകാധിപത്യത്തിന്റെ നുകത്തില്‍ കെട്ടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗരേഖയായ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി അതിലേക്കുള്ള ചുവടുവെപ്പാണ്. ഭരണസംവിധാനത്തെ തകിടംമറിച്ച് അധികാരത്തെ മുഖ്യമന്ത്രിയിലും ഉദ്യോസ്ഥരിലുമായി കേന്ദ്രീകരിക്കപ്പെടുകയായിരിക്കും ഭേദഗതിയുടെ തിക്തഫലം. സഹമന്ത്രിമാരുടെ എതിര്‍പ്പും അനുബന്ധ ചര്‍ച്ചകളുമായി വിഷയം വിവാദമായി വളര്‍ന്നിരിക്കുന്നു. ഭരണഘടനയുടെ 166-ാം വ്യവസ്ഥ പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ റൂള്‍സ് ഓഫ് ബിസിനസിന് രൂപംനല്‍കിയിരിക്കണം.
മന്ത്രിസഭാഉപസമിതി യോഗത്തില്‍ മന്ത്രിമാരില്‍നിന്ന് വിമര്‍ശനം നേരിട്ടത് ഭേദഗതിയുടെ അപകടാവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മന്ത്രിമാരുടെ അധികാരത്തെ വെട്ടിക്കുറക്കുന്നതാണ് അതിലെ പല നിര്‍ദ്ദേശങ്ങളുമെന്ന് മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ. കൃഷ്ണന്‍കുട്ടിയും ചൂണ്ടിക്കാട്ടുമ്പോള്‍ സി.പി.എമ്മും മുഖ്യമന്ത്രിയും ന്യായീകരണങ്ങള്‍ നിരത്തുകയാണ്. 15 വര്‍ഷത്തിന്‌ശേഷം ആദ്യമായാണ് റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നത്. സെക്രട്ടറിമാര്‍ക്ക് പരമാധികാരം നല്‍കുകയും അവര്‍ക്ക് തോന്നിയതുപോലെ പ്രവര്‍ത്തിക്കാന്‍ അവസരം തുറക്കുകയും ചെയ്യുന്നുവെന്നതാണ് ഭേദഗതിയുടെ പ്രധാന അപകടം. നിലവില്‍ പ്രധാനപ്പെട്ടതും അല്ലാത്തതുമായ ഫയലുകളെല്ലാം വകുപ്പ് മന്ത്രിമാര്‍ കണ്ടതിന് ശേഷമേ തീര്‍പ്പാക്കാന്‍ കഴിയൂ. ഭരണകാര്യങ്ങളില്‍ മന്ത്രിമാരുടെ പങ്കാളിത്തവും സ്വാധീനവും ഉറപ്പുവരുത്താന്‍ അത് സഹായകമാകും. മന്ത്രിമാരുടെ കണ്ണില്‍ പൊടിയിട്ട് ഉദ്യോഗസ്ഥന്‍മാര്‍ നടത്തുന്ന തട്ടിപ്പുകളും വെട്ടിപ്പുകളും നിരവധിയാണ്. ഉദ്യോഗസ്ഥ മേധാവിത്വത്തിന് വളംവെക്കുന്നതാണ് ഭേദഗതി നിര്‍ദ്ദേശങ്ങളെല്ലാം. ചുവപ്പുനാടയുടെ കുരുക്കില്‍ പെട്ട് സാധാരണക്കാരന്റെ ഫയലുകളും അപേക്ഷകളും ഗതികിട്ടാതെ അലയുമ്പോഴാണ് പുതിയ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയിലൂടെ ഉദ്യോഗസ്ഥലോബിയെ മേലാളന്മാരാക്കാന്‍ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്.
നിലവിലെ വ്യവസ്ഥ പ്രകാരം മന്ത്രിക്കാണ് വകുപ്പിന്റെ ചുമതല. അദ്ദേഹം അറിയാതെ ഫയലുകളൊന്നും നീങ്ങില്ല. പുതിയ ശിപാര്‍ശയില്‍ മന്ത്രിക്കൊപ്പം സെക്രട്ടറിയെക്കൂടി വകുപ്പിന്റെ ചുമതലയിലേക്ക് കൊണ്ടുവരും. അങ്ങനെ സംഭവിച്ചാല്‍ മന്ത്രി അറിയാതെയും ഫയലുകള്‍ തീര്‍പ്പാക്കാനും തീരുമാനമെടുക്കാനും കഴിയും. ഏകാധിപതിയായി മാറുന്ന മുഖ്യമന്ത്രിക്ക് സ്വന്തം ഇഷ്ടപ്രകാരം ഏത് വകുപ്പിലെയും ഫയലുകള്‍ വിളിച്ചുവരുത്തി തീരുമാനമെടുക്കാമെന്നതാണ് മറ്റൊരു ദുരന്തം. വകുപ്പ് മന്ത്രിയോട് അഭിപ്രായം തേടുകയോ കൂടിയാലോചിക്കുകയോ ചെയ്യേണ്ടതില്ല. മന്ത്രിമാര്‍ അവധിയില്‍ പോകുകയോ, വിദേശ സന്ദര്‍ശനത്തിലാവകുയോ ചെയ്യുമ്പോള്‍ മറ്റാര്‍ക്കെങ്കിലും ചുമതല കൊടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതിയുണ്ടായിരിക്കണം. എന്നാല്‍ ഗവര്‍ണറെ മാറ്റി മുഖ്യമന്ത്രിക്ക് അതിനുള്ള അന്തിമാധികാരം നല്‍കാന്‍ കരട് ഭേദഗതി ശിപാര്‍ശ ചെയ്യുന്നു. നിലവിലുള്ള രണ്ട് വിഭാഗങ്ങള്‍ക്ക്പുറമെ മൂന്നാം ഷെഡ്യൂള്‍കൂടി ഉള്‍പ്പെടുത്താള്‍ നിര്‍ദ്ദേശമുണ്ട്. മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം മൂന്നാം ഷെഡ്യൂള്‍ അപ്പപ്പോള്‍ ഭേദഗതി ചെയ്യാവുന്നതുമാണ്. ഈ വിഭാഗത്തില്‍പ്പെടുന്ന വിഷയങ്ങളില്‍ മന്ത്രി അറിയാതെ വകുപ്പ് സെക്രട്ടറിക്ക് തീരുമാനമെടുക്കാം. ഗവര്‍ണറുടെ അംഗീകാരത്തോടെ മാത്രമേ ഇപ്പോള്‍ ഷെഡ്യൂള്‍ മാറ്റാനാവൂ. പല വകുപ്പ് മേധാവിമാരുടെയും നിയമനങ്ങള്‍ മന്ത്രിസഭയുടെ അനുമതിയില്ലാതെ മുഖ്യമന്ത്രിക്ക് നേരിട്ട് നടത്താം. നിയമന ഫയല്‍ മന്ത്രിസഭയില്‍ വെക്കണമെന്നില്ല. പി.എസ്.സിയിലും സമാന സ്വഭാവമുള്ള സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ ചെയര്‍മാന്‍, ഡയറക്ടര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തുടങ്ങിയ നിയമനങ്ങളിലാണ് ഭേദഗതിയിലൂടെ മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യം നല്‍കുന്നത്. പി.എസ്.സിക്കും സ്റ്റാറ്റിയൂട്ടറി ഏജന്‍സികള്‍ക്കും റഫര്‍ ചെയ്യുന്ന കേസുകളും ക്ലാസ് ത്രീ, ക്ലാസ് ഫോര്‍, ഡെപ്യൂട്ടേഷന്‍ നിയമനം, ജീവനക്കാര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ തുടങ്ങിയ കാര്യങ്ങളിലും സെക്രട്ടറിതലത്തില്‍തന്നെ തീര്‍പ്പുണ്ടാക്കാം. പ്രധാനപ്പെട്ട ഫയലുകള്‍ മന്ത്രിയെ കാണിക്കണമെന്ന് പറയുന്നുണ്ടെങ്കിലും അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കിയിട്ടില്ല. മന്ത്രിസഭാ യോഗ തീരുമാനം പുന:പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിയും മുഖേന മുഖ്യമന്ത്രിക്ക് ഫയല്‍ നല്‍കണമെന്നാണ് മറ്റൊരു ഭേദഗതി. ചുരുക്കത്തില്‍ ഭരണം മന്ത്രിമാരില്‍നിന്ന് ഉദ്യോഗസ്ഥന്മാരില്‍ കേന്ദ്രീകരിക്കപ്പെടും. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും ചുമതലക്കാരായ മന്ത്രിമാരും കാഴ്ചക്കാരായി മാറുകയും ചെയ്യും. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തന്നെ സ്വന്തം അധികാരങ്ങളെ വെട്ടിക്കുറക്കുകയും ഉദ്യോഗസ്ഥ വാഴ്ചക്ക് ലൈസന്‍സ് നല്‍കുകയും ചെയ്യുന്നത് ഏറെ നിര്‍ഭാഗ്യകരമാണ്. ക്രമസമാധാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സെക്രട്ടറി തലത്തില്‍ തീരുമാനമെടുക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. കോടതി ഉത്തരവ് നടപ്പാക്കാനുള്ള അധികാരവും സെക്രട്ടറിക്കാണ്. വിദഗ്ധരെ നിയമിക്കുന്ന എക്‌സ് ഒഫിഷ്യോ സെക്രട്ടറി തസ്തികയും സെക്രട്ടറിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ട്. ഭേദഗതി നടപ്പായാല്‍ ഭരണപരമായ തീരുമാനങ്ങളില്‍ ജനപ്രതിനിധിയെന്ന നിലയില്‍ മുഖ്യമന്ത്രി മാത്രമേ ഉണ്ടാകൂ. അദ്ദേഹം തന്നെ സ്വേച്ഛാധിപതിയായി മാറുകയും ചെയ്യും. വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ തെക്കുവടക്ക് നടത്തിക്കുകയും ഉദ്യോഗസ്ഥര്‍ അധികാരങ്ങള്‍ കൈയടക്കുകയും ചെയ്യും. അധികാര വികേന്ദ്രീകരണമാണ് ജനാധിപത്യത്തിന്റെ അന്ത:സത്ത.
പിണറായി വിജയനെന്ന മുഖ്യമന്ത്രി ഇത്തരം ഭേദഗതികള്‍ വേണമെന്ന് ആഗ്രഹിക്കുന്ന ഭരണാധികാരിയാണ്. സര്‍ക്കാരെന്നാല്‍ താനാണെന്നാണ് അദ്ദേഹത്തിന്റെ ഭാവം. സ്വന്തം പാര്‍ട്ടിയിലും ഭരണത്തിലും അത് അടിച്ചേല്‍പ്പിക്കാന്‍ അദ്ദേഹം നിരന്തരം ശ്രമിക്കുകയും ചെയ്യുന്നുണ്ട്. മറ്റ് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി ഇടപെടുകയും ഏകാധിപതിയെപ്പോലെ പെരുമാറുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ക്ക് കേരളം സാക്ഷിയാണ്. അതിന് നിയമാനുമതി ലഭിക്കണമെന്ന് കൂടി പിണറായി ആഗ്രഹിക്കുന്നുണ്ടാകും. റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നതും അതാണ്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ പോകുന്ന വിവരമൊന്നും അദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ല. അടുത്ത തവണ ഭരണം കിട്ടില്ലെന്നും ഉറപ്പാണ്. പുതിയ സര്‍ക്കാരിനുകൂടി തലവേദന സൃഷ്ടിച്ചാണ് ഭരണസംവിധാനങ്ങളെ അട്ടിമറിക്കാന്‍ നോക്കുന്നത്. കേരളം നാളിതുവരെ ആസ്വദിച്ചുപോരുന്ന ജനാധിപത്യ നേട്ടങ്ങളെ കാറ്റില്‍ പറത്താനുള്ള നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കുക തന്നെ വേണം.

web desk 1: