X

പൊലീസിനു പഠിക്കാന്‍ പുതിയൊരു പാഠം

ഉദയകുമാര്‍ ഉരുട്ടികൊല കേസില്‍ രണ്ടു പൊലീസുകാര്‍ക്ക് സി.ബി.ഐ കോടതി വധശിക്ഷ വിധിച്ചതില്‍ പൊലീസിന് പഠിക്കാന്‍ പാഠങ്ങളേറെയുണ്ട്. കാക്കിക്കുള്ളിലെ ‘കടുവാക്കൂട്ടങ്ങള്‍’ മനുഷ്യ കബന്ധങ്ങള്‍ക്കുമേല്‍ ക്രൂരനൃത്തമാടുന്ന കേരളത്തിലെ പൊലീസിന് ഇനിയെങ്കിലും ‘മര്യാദ’ പഠിക്കാന്‍ ഈ വിധി നിമിത്തമാകാതിരിക്കില്ല. പരിഷ്‌കൃത സമൂഹത്തിന് പേരു ദോഷമുണ്ടാക്കുന്നത് പതിവാക്കിയ പൊലീസുകാരുടെ പെരുമാറ്റ ശീലങ്ങളില്‍ കാതലായ മാറ്റം അനിവാര്യമാണെന്ന ആവശ്യം പരക്കെ ഉയര്‍ന്ന സന്ദര്‍ഭത്തില്‍ കൂടിയാണ് ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ ശക്തമായ വിധി വന്നിരിക്കുന്നത്. വധശിക്ഷയുടെ നേരും നെറിയും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതാണെങ്കിലും മനുഷ്യത്വം മരവിച്ചുപോകുന്ന ഇത്തരം കാട്ടാള കൃത്യങ്ങള്‍ക്ക് ഇതല്ലാതെ എന്തു ശിക്ഷയാണ് പകരമാവുക? കടുത്ത കുറ്റവാളിയോട് പോലും ശാരീരിക ആക്രമണത്തിന്റെ നേരിയ ശിക്ഷ പോലും പ്രയോഗിക്കരുതെന്ന നിയമം നിലനില്‍ക്കെയാണ് ഇടിച്ചും തൊഴിച്ചും ഉരുട്ടിയും ചവിട്ടിയും കേരളത്തിലെ പൊലീസ് കൊന്ന് കലി തീര്‍ക്കുന്നത്. ബ്രിട്ടീഷ് രാജിലെ നിയമങ്ങളില്‍ പലതും നിലനില്‍ക്കുന്ന രാജ്യത്തെ പൊലീസ് സംവിധാനത്തില്‍ ബ്രിട്ടീഷുകാരെപ്പോലും നാണിപ്പിക്കും വിധത്തിലാണ് കസ്റ്റഡി മരണങ്ങളുടെ കണക്കുകള്‍ വര്‍ധിക്കുന്നത്. ഇതിനു തടയിടാനായില്ലെങ്കില്‍ പൗരന്റെ സമാധാനത്തിനു കാവല്‍ നില്‍ക്കേണ്ടവര്‍ കൊമ്പുകുലുക്കി കൊലവിളി നടത്തുന്നത് തുടരുമെന്ന കാര്യം തീര്‍ച്ച.
കോടതി ഉത്തരവുകളെല്ലാം കാറ്റില്‍പ്പറത്തിയാണ് പൊലീസുകാരുടെ ഈ കിരാത കൃത്യങ്ങള്‍ നടക്കുന്നത്. അറസ്റ്റിനും കസ്റ്റഡിയില്‍ വെക്കുന്നതിനും സുപ്രീംകോടതിയുടെ നിബന്ധനകളുണ്ട്. എന്നാല്‍ ഇവ കാറ്റില്‍ പറത്തിയാണ് കസ്റ്റഡിയിലുള്ളവരെ പൊലീസ് മര്‍ദിച്ചു കൊലപ്പെടുത്തുന്നത് എന്നത് സുപ്രീംകോടതി മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ്. കസ്റ്റഡിയിലുള്ള സ്ഥലവും അറസ്റ്റിന്റെ വിവരങ്ങളും ബന്ധുക്കളെയൊ സുഹൃത്തുക്കളെയൊ അറിയിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. പലപ്പോഴും മര്‍ദനമേറ്റ് ആസ്പത്രിയില്‍ ഗുരുതരാവസ്ഥയിലുള്ളപ്പോഴാണ് ഇത്തരക്കാരുടെ വീട്ടുകാര്‍ പോലും വിവരമറിയുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 16 പേരെ കേരള പൊലീസ് കസ്റ്റഡിയില്‍ കശാപ്പു ചെയ്തിട്ടുണ്ട്. 2010ല്‍ സമ്പത്ത്, 2014ല്‍ ശ്രീജീവ്, 2016ല്‍ കാളിമുത്തുവും അബ്ദുല്ലത്തീഫും 2017ല്‍ വിനായകനും കുഞ്ഞുമോനും 2018ല്‍ വരാപ്പുഴയിലെ ശ്രീജിത്തിലും എത്തിനില്‍ക്കുന്നു പൊലീസ് മൂന്നാംമുറയില്‍ മരണമടഞ്ഞ ഇരകളുടെ പട്ടിക. വരാപ്പുഴ വീടാക്രമണ കേസില്‍ ആളുമാറിയാണ് ശ്രീജിത്തിനെ പൊലീസ് പിടികൂടുന്നത്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയോ മെമ്മോ നല്‍കുകയോ ചെയ്തിരുന്നില്ല. കസ്റ്റഡിയിലെടുത്ത വിവരം ബന്ധുക്കളെ അറിയിച്ചതുമില്ല. മരണാസന്ന സമയത്ത് മനുഷ്യത്വപരമായ കരുണ കാണിക്കുക പോലുമില്ലാതെയാണ് ശ്രീജിത്തിനെ നിഷ്ഠൂരമായി കൊന്നൊടുക്കിയത്. ഈ കേസില്‍ തന്റെ മകനു നീതി ലഭിക്കുന്നതിനു വേണ്ടി നിയമ വ്യവസ്ഥകളുടെ വാതിലുകളിലെല്ലാം കെഞ്ചിനില്‍ക്കുന്ന അമ്മയുടെ വേദനക്കും പ്രാര്‍ത്ഥനക്കും ഇടയിലാണ് പ്രതീക്ഷയുടെ പുതുവെളിച്ചംപോലെ ഉദയകുമാറിന്റെ ഘാതകര്‍ക്ക് വധശിക്ഷ വിധിക്കുന്നത്. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയുടെ പതിമൂന്നു വര്‍ഷത്തെ കരുത്തുറ്റ പൊരാട്ടമാണ് അര്‍ഹിച്ച ശിക്ഷയുടെ വിധി പ്രസ്താവത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. തന്റെ മകനെ ഉരുട്ടിക്കൊന്ന കേസില്‍ ഒന്നും രണ്ടും പ്രതികളായ കെ. ജിത കുമാറിനും എസ്.വി ശ്രീകുമാറിനും തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്ജി ജി. നാസര്‍ വധശിക്ഷ വിധിച്ചത് പൊലീസിന് പാഠമാണെന്നാണ് പ്രഭാവതി പ്രതികരിച്ചത്. കൂട്ടുപ്രതികളായ ഡിവൈ.എസ്.പി അജിത് കുമാറിനും ഇ.കെ സാബുവിനും മൂന്ന് വര്‍ഷം വീതം തടവും കോടതി വിധിച്ചിട്ടുണ്ട്. വിധിയില്‍ സന്തോഷമുണ്ടെന്നും താന്‍ ഇനി മകനെയോര്‍ത്ത് കരയില്ലെന്നും നിറകണ്ണുകളോടെ വിതുമ്പിപ്പറഞ്ഞ പ്രഭാവതിയുടെ വാക്കുകള്‍ ഓരോ പൊലീസുകാരന്റെയും കര്‍ണപുടങ്ങളില്‍ എന്നെന്നും പ്രതിധ്വനിക്കണം. സര്‍വീസിലിരിക്കുന്ന പൊലീസുകാര്‍ക്ക് വധശിക്ഷ വിധിക്കുന്ന ചരിത്രപരമായ വിധിയുടെ സാംഗത്യം പൊലീസ് ചെയ്ത പാതകം മാപ്പര്‍ഹിക്കാത്തതാണ് എന്ന കാരണത്താല്‍ തന്നെയാണ്.
എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഇത്തരത്തില്‍ മനുഷ്യത്വരഹിതമായ ക്രൂരതകള്‍ക്ക് കൂട്ടുനില്‍ക്കുന്നവരല്ല. വിസ്മയകരമായ സേവന ദൗത്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നവരും രാജ്യത്തിനും ക്രമസമാധാന സംവിധാനത്തിനും അഭിമാനം പകരുന്നവരും അക്കൂട്ടത്തില്‍ ധാരാളമുണ്ട്. ഏതാനും ചിലരുടെ പ്രവര്‍ത്തനങ്ങളാണ് പൊലീസുകാര്‍ക്ക് പൊതുവെ ചീത്തപ്പേരുണ്ടാക്കുന്നത്. പ്രത്യേകിച്ച് സ്റ്റേഷന്‍ ഉത്തരവാദിത്വമുണ്ടായിരുന്ന എസ്.ഐമാര്‍ അവരുടെ അധികാരത്തെ നഗ്നമായ അവകാശ ലംഘനങ്ങളിലേക്ക് വഴിമാറ്റിയതാണ് ദുഷ്പ്രവണതകളുടെ മൂലകാരണം. മുന്‍കാലങ്ങളില്‍ ചെറിയ പിഴവുകള്‍ക്കുപോലും പല തട്ടുകളില്‍ വിശദീകരണം നല്‍കേണ്ടിയിരുന്ന സ്ഥിതി ഇല്ലാതായതോടെയാണ് എസ്.ഐമാര്‍ അധികാര ദുര്‍വിനിയോഗം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ലോക്കപ്പ് മരണങ്ങള്‍ കൂടുന്നതിന്റെ കാരണങ്ങളിലും ഇതുതന്നെയാണ് കാണാന്‍ കഴിയുന്നത്. വരാപ്പൂഴയില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ലോക്കപ്പില്‍ കൊല്ലപ്പെട്ടതില്‍ പ്രതിസ്ഥാനത്ത് തിരുവനന്തപുരത്തുകാരനായ എസ്.ഐ ദീപക്കാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. സമീപ കാലങ്ങളില്‍ സംസ്ഥാനത്തെ 70 ശതമാനം അറസ്റ്റും നിയമവിരുദ്ധമാണെന്ന് മുന്‍ ഇന്റലിജന്‍സ് മേധാവി ബി.എസ് മുഹമ്മദ് യാസീന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പരിണിത ഫലങ്ങള്‍ പൊതുജനങ്ങള്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിക്കുന്നത് കേരള പൊലീസ് ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാണ്. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് രണ്ടുതവണ പൊലീസുകാര്‍ക്ക് വധശിക്ഷ വിധിക്കുന്നത്. ഈ രണ്ടുതവണയും ശിക്ഷ വിധിച്ചത് സംസ്ഥാനത്തുനിന്നുള്ള കേസുകളാണ്. സര്‍വീസിലിരിക്കുന്ന പൊലീസുകാര്‍ക്ക് ശിക്ഷ വിധിച്ച രണ്ടു സംഭവത്തിനും സാക്ഷിയാവേണ്ട ദയനീയതയും കേരളത്തിനു തന്നെ. ഇനിയും ഇത്തരം കൊടുംക്രൂരത കാണാന്‍ കേരളത്തിന്റെ കണ്ണുകള്‍ക്ക് കരുത്തില്ല. കസ്റ്റഡിയില്‍ കിടന്ന് പ്രാണനു വേണ്ടി നിലവിളിക്കുന്നവരുടെ ദീനരോദനങ്ങള്‍ കേള്‍ക്കാന്‍ കേരളത്തിന്റെ കാതുകള്‍ക്ക് ശേഷിയില്ല. ഉദയകുമാറിനെ ഉരുട്ടിക്കൊന്ന പൊലീസുകാര്‍ക്ക് കോടതി നല്‍കിയ കടുത്ത ശിക്ഷയില്‍ നിന്നു വലിയ പാഠം പഠിക്കാന്‍ കേരളത്തിലെ പൊലീസ് മനസുവെക്കുമെന്ന് പ്രതീക്ഷിക്കാം. രാജ്യത്തിനു മാതൃകയായി നിരവധി ‘കേരള മോഡലുകള്‍’ രൂപപ്പെട്ട ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാധാരണക്കാരന്റെ സ്വാസ്ഥ്യജീവിതത്തിനു കാവല്‍ നില്‍ക്കുന്ന മാതൃകാതുല്യരായ ക്രമസമാധാന പാലകരുടെ പുതുയുഗപ്പിറവിക്ക് പുതിയ വിധി കരുത്താകട്ടെ എന്നു പ്രത്യാശിക്കാം.

chandrika: