X
    Categories: columns

നെല്‍കര്‍ഷകരോട് ഇത്രയും ക്രൂരതയോ

കാര്‍ഷിക കേരളത്തിന്റെ പരിതാപാവസ്ഥയെക്കുറിച്ച് വാതോരാതെ സംസാരിക്കാറുള്ള പാര്‍ട്ടിക്കാര്‍ ഭരിക്കുമ്പോള്‍ കാര്‍ഷിക വിളകളുടെയും കര്‍ഷകരുടെയും നിലവിളിയാണ് എങ്ങുനിന്നും ഉയരുന്നത്. സംസ്ഥാനത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന പാലക്കാടും കുട്ടനാടും വയനാടും മറ്റും നെല്‍കര്‍ഷകര്‍ ഇന്നനുഭവിക്കുന്ന ബുദ്ധിമുട്ട് വിവരണതീതമായിരിക്കുന്നു. മാസങ്ങളായി നെല്ല് കൊയ്‌തെടുത്തിട്ടും അത് അളന്നെടുക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കര്‍ഷകരെയും കാര്‍ഷിക കേരളത്തെയുംനോക്കി പല്ലിളിക്കുകയാണിപ്പോള്‍. ആഗസ്ത് മധ്യേയും സെപ്തംബറിലും ഒക്ടോബറിലുമായി വിളവെടുത്ത നെല്ല് മഴയില്‍ കുതിര്‍ന്ന് നാശത്തിന്റെ വക്കിലായിട്ടും അത് അളന്നെടുക്കാനോ കര്‍ഷകരുടെ ആധിയകറ്റാനോ സംസ്ഥാന സര്‍ക്കാര്‍ മുതിരുന്നില്ലെന്ന യാഥാര്‍ത്ഥ്യം കേരളീയ ജനതയെയാകെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഒന്നാണ്. അന്നംതിന്നുന്ന ഏതൊരു മനുഷ്യനും ആകുലപ്പെടേണ്ട അവസ്ഥയാണ് സംസ്ഥാനത്തെ നെല്‍ കര്‍ഷകരിപ്പോള്‍ അനുഭവിക്കുന്നത്. കാലവര്‍ഷത്തില്‍ പാടത്ത് കൊയ്‌തെടുക്കാന്‍ പോലുമാകാതെ നശിച്ചശേഷം ബാക്കിയായ നെല്ലാണ് ഉണക്കാന്‍പോലും കഴിയാതെ കര്‍ഷകര്‍ വീട്ടുമുറ്റത്തും മറ്റുമായി കൂട്ടിയിട്ടിരിക്കുന്നത്. മൂന്നു മാസമായി തുടരുന്ന കര്‍ഷക പരിദേവനം കേള്‍ക്കാന്‍പോലും സംസ്ഥാനകൃഷി വകുപ്പോ മുഖ്യമന്ത്രിയോ തയ്യാറായിട്ടില്ല. ഇങ്ങനെ പോയാല്‍ കര്‍ഷകരുടെ കൂട്ടക്കുരുതിയാകും കേരളത്തിന്റെ നെല്‍പാടങ്ങളില്‍ കാണാനാകുക.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് നെല്ല് കൊയ്‌തെടുത്തയുടന്‍ സംഭരിക്കാനും വില ഉടന്‍തന്നെ ബാങ്കുകള്‍ മുഖേന നല്‍കുന്നതിനും തീരുമാനിച്ചിരുന്നത്. അത് വലിയ പരാതികളില്ലാതെ നടപ്പിലാക്കുകയും ചെയ്തിരുന്നു. സപ്ലൈകോ ശേഖരിക്കുന്ന നെല്ല് സ്വകാര്യ മില്ലുടമകള്‍ക്ക് കൈമാറിയശേഷം വൈകാതെ തന്നെ സര്‍ക്കാര്‍ അതത് രജിസ്‌ട്രേഡ് നെല്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് വില നിക്ഷേപിക്കുക എന്നതായിരുന്നു രീതി. ഇത് തകിടംമറിഞ്ഞത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്. സ്വകാര്യ മില്ലുടമകളുമായി ഒത്തുകളിച്ച് കര്‍ഷകരുടെ നെല്ല് സംഭരിക്കുന്നത് വൈകിക്കുകയോ അളന്നെടുക്കാതിരിക്കുകയോ അതുമല്ലെങ്കില്‍ തൂക്കംകുറച്ചുകാട്ടിയും ഗുണനിലവാരം പോരെന്ന് പറഞ്ഞും കുറഞ്ഞ വില നല്‍കുകയോ ആയിരുന്നു രീതി. നെല്ല് സംഭരിക്കാന്‍ തുടങ്ങിയാല്‍തന്നെ നനഞ്ഞെന്ന കാരണത്താല്‍ വില കുറക്കുന്ന രീതി പലയിടത്തുമുണ്ട്. ഉണക്കം പോരെന്ന് പറഞ്ഞാണ് വില കുറക്കുന്നത്. ഈ അവസരം മുതലാക്കിയാണ് സ്വകാര്യ മില്ലുകളുടെ ഏജന്റുമാര്‍ കര്‍ഷകരെ സമീപിച്ച 16-20 രൂപക്ക് നെല്ല് സംഭരിക്കുന്നത്. പെട്ടെന്ന് വില കിട്ടുമെന്നതിനാല്‍ കര്‍ഷകര്‍ ഈ കെണിയില്‍ വീഴേണ്ട ഗതികേടിലാണ്. സ്വകാര്യമില്ലുകള്‍ നെല്ല് സംഭരിക്കാന്‍ കൂട്ടാക്കാതിരിക്കുകയും സപ്ലൈകോ സഹകരണ സംഘങ്ങളെ ഈ ജോലി ഏല്‍പിക്കുകയും ചെയ്തതോടെയാണ് അതും താറുമാറായിരിക്കുന്നത്. ഇപ്പോഴും പലയിടത്തും സഹകരണ സംഘങ്ങള്‍ നെല്ലുസംഭരണം തുടങ്ങിയിട്ടില്ല. കോവിഡും കനത്തമഴയും ഇത്തവണ നെല്‍കര്‍ഷകരുടെ ദുരിതം പതിന്മടങ്ങ് വര്‍ധിച്ചിപ്പിച്ചിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഉള്‍പ്പെടെ താങ്ങുവില നല്‍കിയാണ് കിലോക്ക് 27.48 രൂപക്ക് സംസ്ഥാന സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നത്. ഇതില്‍ 18.68 രൂപയാണ് കേന്ദ്രത്തിന്റേത്. എന്നാല്‍ അതുപോലും നല്‍കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. ഒന്നാം വിളയിലെ നെല്ലിന്റെ വിലപോലും പലര്‍ക്കും കിട്ടിയത് ഏറെ സമ്മര്‍ദം ചെലുത്തിയശേഷമായിരുന്നു. ഇപ്പോള്‍ രണ്ടാം വിളക്ക് നിലമൊരുക്കം തുടങ്ങിയിട്ടും ഒന്നാം വിള നെല്ല ്‌സംഭരിക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറാകാത്തതാണ് കര്‍ഷകരെ ഇരുട്ടിലാക്കിയിരിക്കുന്നത്. ആയുസ്സിന്റെ വലിയൊരു പങ്കും പാടത്ത് ചെലവഴിക്കുന്ന നെല്‍ കര്‍ഷകനോട് സര്‍ക്കാര്‍ ഇതാണ് ചെയ്യുന്നതെങ്കില്‍ ഇടതുപക്ഷത്തിന്റെ വാഗ്ദാനങ്ങളും പ്രവൃത്തിയും തമ്മിലെ പൊരുത്തക്കേട് ഊഹിക്കാവുന്നതേയുള്ളൂ. കഴിഞ്ഞദിവസം കൃഷിവകുപ്പു മന്ത്രി നെല്‍ കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുപോലും ഇനിയും പാലിക്കപ്പെടാത്ത അവസ്ഥയാണ്. സഹകരണ സംഘങ്ങള്‍ 20 മുതല്‍ നെല്ല് സംഭരിച്ച് വില നല്‍കുമെന്നാണ് 19ന് സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പ്. എന്നാല്‍ മൂന്നുദിവസം കഴിഞ്ഞിട്ടും കൊയ്‌തെടുത്ത നെല്ല് അതേനിലയില്‍ കിടക്കുകയാണിപ്പോഴും. കര്‍ഷരുടെ രോദനം കേള്‍ക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ അവരെ പറഞ്ഞ് പറ്റിക്കുകകൂടിയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക കലണ്ടര്‍ അനുസരിച്ച് ഒന്നാംവിള വിളവെടുപ്പ് ഒക്ടോബറിലാണ്. അതാണ് സംസ്ഥാന സര്‍ക്കാര്‍ നെല്ല് സംഭരണം വൈകിക്കുന്നതിന് കാരണമത്രേ. എന്നാല്‍ സര്‍ക്കാരിന് എന്തുകൊണ്ട് തല്‍ക്കാലത്തേക്ക് ഈ തുക സ്വന്തം കയ്യില്‍നിന്നെടുത്ത് കര്‍ഷകര്‍ക്ക് നല്‍കി നെല്ല് സംഭരിച്ചുകൂടാ. ഫലത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരോട് ചെയ്യുന്നത് കൊടിയദ്രോഹം തന്നെയാണ്. സംസ്ഥാനത്ത ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ 46 ശതമാനവും പാലക്കാടാണ് എന്നത് കണക്കിലെടുക്കുമ്പോള്‍ ആ ജില്ലയിലെ നെല്‍കര്‍ഷകരുടെ പ്രത്യേകത കണക്കിലെടുത്തുള്ള നയത്തിനും നടപടിക്കും ഭരണാധികാരികള്‍ മുന്‍ഗണന കൊടുക്കേണ്ടിയിരിക്കുന്നു. കാലാകാലങ്ങളായി പാലക്കാട്ടെ നല്‍കര്‍ഷകര്‍ അവരുടെ രോഷം പ്രകടിപ്പിക്കാറുണ്ടെങ്കിലും ബധിര കര്‍ണങ്ങളിലാണ് അതിന്റെ സ്ഥാനം.
സപ്ലൈകോ നെല്ല് സംഭരിക്കാനായി നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നില്ലെന്ന ്മാത്രമല്ല, അവരുടെ എണ്ണം പോലും കുറവാണെന്ന പരാതിയുമുണ്ട്. താലൂക്കിന് ഒന്നെങ്കിലും പാഡി പ്രൊക്യുറിംഗ് ഓഫീസര്‍ വേണമെന്നിരിക്കെ അടുത്തുവരെ ഒരാളെയാണ് പാലക്കാട് ജില്ലക്കായി അനുവദിച്ചിരുന്നത്. തമിഴ്‌നാട്ടില്‍നിന്ന് ആളുകളും യന്ത്രങ്ങളും വന്നിട്ടുവേണം കൊയ്ത്ത് തുടങ്ങാനെന്ന അവസ്ഥ ഇനിയെങ്കിലും മാറേണ്ടതുണ്ട്. അവിടെനിന്നെത്തുന്ന തൊഴിലാളികള്‍ക്ക് കോവിഡ് ഉണ്ടാകാമെന്ന ഭീതിയും നിലനില്‍ക്കുകയാണ്. കൂനിന്മേല്‍ കുരു പോലെയാണ് കര്‍ഷരുടെ വിള മുഴുവന്‍ കുത്തകകള്‍ക്ക് ഏറ്റെടുക്കാന്‍ അവസരം നല്‍കുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍. അന്നം വീട്ടുമുറ്റത്തുനിന്ന് മാറി മാളുകളിലേക്ക് നീങ്ങുമ്പോള്‍ ദുരിതത്തിലാകുന്നത് പാവപ്പെട്ട കര്‍ഷകന്‍മാത്രമല്ലെന്നും 70 ശതമാനത്തോളം കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുള്ള ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനതയാണെന്നുമുള്ള തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടായേതീരൂ. അതിന് ആക്കംകൂട്ടുന്ന നിലപാടില്‍നിന്ന് പിണറായി സര്‍ക്കാര്‍ പിന്മാറണം. ഹെലികോപ്ടറിനും മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കുന്നതിനും ചെലവഴിക്കുന്ന നികുതിപ്പണത്തിന്റെയും അതിനുള്ള താല്‍പര്യത്തിന്റെയും ഒരംശമെങ്കിലും നെല്ലു സംഭരണത്തിനായി ഇടതുസര്‍ക്കാര്‍ മാറ്റിവെക്കണം.

web desk 1: