X
    Categories: columns

കുറ്റകൃത്യങ്ങളുടെ വിളനിലമാകരുത് കേരളം

സാമ്പത്തിക, സാമൂഹിക പുരോഗതില്‍ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം. പ്രബുദ്ധരായ ജനങ്ങളും വിദ്യാഭ്യാസ മുന്നേറ്റങ്ങളും അന്തരാഷ്ട്രതലത്തില്‍ നമ്മുടെ യശസ്സുയര്‍ത്തിയിരിക്കുന്നു. പക്ഷേ, അവകാശവാദങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമപ്പുറം ഇരുള്‍പടര്‍ന്നതാണ് കേരളത്തിന്റെ സാമൂഹികാന്തരീക്ഷമെന്ന് അല്‍പം കുറ്റബോധത്തോടെ തന്നെ സമ്മതിക്കേണ്ടതുണ്ട്. മാധ്യമങ്ങള്‍ അറിയിച്ചുതരുന്ന സംഭവങ്ങള്‍ ഓരോന്നും മലയാളിയെ ആത്മവിചാരണക്ക് നിര്‍ബന്ധിതനാക്കുന്നു. കൊലപാതകങ്ങളും ലൈംഗിക പീഡനങ്ങളും അക്രമങ്ങളും അഴിമതിയും സമൂഹത്തെ സര്‍വ്വത്ര ഗ്രസിച്ചിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തിന്‌നേരെ മുഖംതിരിക്കാനാവില്ല. കേരളപ്പിറവിദിനത്തിലും കുറ്റകൃത്യങ്ങള്‍ വാര്‍ത്തകളായി പിറവിയെടുത്തു. ഓരോ ദിവസും കാണുന്നതും കേള്‍ക്കുന്നതുമെല്ലാം മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍.
അക്രമങ്ങളും പീഡനങ്ങളുമെല്ലാം ജീവിതത്തിന്റെ പതിവുകളാണെന്ന മട്ടില്‍ കേരളീയ സമൂഹം പ്രതികരിച്ചുതുടങ്ങിയോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. കുറ്റകൃത്യങ്ങളേക്കാള്‍ ഭീകരമാണ് അത്തരം നിസ്സംഗതകള്‍. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ നെറ്റ്‌വര്‍ക് കവറേജ് തേടിപ്പോയ പെണ്‍കുട്ടിയെ ഡ്രൈവര്‍ പീഡിപ്പിച്ചതും അഞ്ചു വയസ്സുകാരനെ പിതാവിന്റെ സഹോദരന്‍ വലിച്ചെറിഞ്ഞതും പീഡനത്തിനിരയായതിനെത്തുടര്‍ന്ന് പതിനാറുകാരി തീകൊളുത്തി മരിച്ചതും കുറ്റകൃത്യപ്പട്ടികയില്‍ ഇടം നേടിയ പുതിയ വാര്‍ത്തകളാണ്. നിഷ്‌കളങ്കനായ പിഞ്ചുബാലനെ പടിക്കെട്ടില്‍നിന്ന് താഴേക്കെറിഞ്ഞ് തലയോട്ടി പൊട്ടിക്കുന്ന കണ്ണില്‍ ചോരയില്ലാത്ത ക്രൂരത വീടിന്റെ അകത്തളങ്ങള്‍ എത്രമാത്രം ഭയാനകമാണെന്ന് തെളിയിക്കുന്നുണ്ട്. നരിയമ്പാറ സ്വദേശിനിയായ പട്ടിക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി പീഡനത്തിനിരയായശേഷം സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. ആര്‍ക്കും രക്ഷയില്ലാത്ത അവസ്ഥയിലേക്ക് കേരളീയ അന്തരീക്ഷം മാറിയിട്ടുണ്ട്. കോവിഡ് പൊസിറ്റീവായ പെണ്‍കുട്ടി പോലും ആംബുലന്‍സില്‍ ബലാത്സംഗത്തിനിരയായി. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നഷ്ടപ്പെടുന്നതിന്റെ സൂചനകളാണ് ഇവയൊക്കെ. സ്ത്രീ ഭീതിയോടെ ജീവിക്കേണ്ടിവരുന്നതും ധൈര്യപൂര്‍വം പുറത്തിറങ്ങാന്‍ സാധിക്കാതെവരുന്നതും ഗൗരവത്തോടെ കാണേണ്ടതുണ്ട്.
സാമ്പത്തിക, സാമൂഹിക വേര്‍തിരിവുകളില്ലാതെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും കുറ്റകൃത്യങ്ങള്‍ ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. കേരളത്തിന്റെ ഉറക്കംകെടുത്തുന്ന ക്രമസമാധാന പ്രശ്‌നമായി കുറ്റകൃത്യങ്ങള്‍ വളര്‍ന്നതില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. മത, രാഷ്ട്രീയ, സാമൂഹിക സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. തിരുത്തേണ്ടവരും വഴികാട്ടികളേകണ്ടവരും തന്നെ മയക്കുമരുന്ന് കടത്തിലും കൊലപാതകങ്ങളിലും പ്രതിപ്പട്ടികയില്‍ ഇടംനേടുന്നത് ഏറെ ദയനീയമാണ്. കുറ്റകൃത്യങ്ങള്‍ എന്താണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവും നിര്‍വചനവും ആവശ്യമായിരിക്കുന്നു. ജീവിത ഭദ്രതയെ നശിപ്പിക്കുകയും മന:സാക്ഷിക്ക് വിരുദ്ധവുമായ ചിന്തകളും പ്രവര്‍ത്തനങ്ങളും നീക്കങ്ങളുമെല്ലാം കുറ്റകൃത്യങ്ങള്‍ തന്നെ.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അത്യാസന്ന നിലയില്‍ തീവ്രപരിചരണ വിഭാഗത്തിലെത്തുന്ന മനുഷ്യന് ചികിത്സ നിഷേധിക്കുന്നതും അയാളെ പുഴുവരിക്കാന്‍ വിട്ടുകൊടുക്കുന്നതുമെല്ലാം ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ചെയ്യുന്ന നിയമലംഘനങ്ങളാണ്. പാവപ്പെട്ടവനില്‍നിന്ന് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനും സ്വന്തം പൗരന്മാരെ ആട്ടിയോടിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുന്ന ഭരണാധികാരിയും ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് കള്ളക്കടത്തിന് വഴിയൊരുക്കുന്ന അധികാരിയുമെല്ലാം ക്രിമിനലുകളാണെന്ന് പറയേണ്ടിവരും. നിയമത്തിന്റെ പിടിയില്‍നിന്ന് വരേണ്യ വര്‍ഗം അനായാസം കുതറിപ്പോകുന്നത് കുറ്റകൃത്യങ്ങള്‍ക്ക് ഉത്തേജനമാകും. നിയമത്തിന് മുഖമില്ലെന്നാണ് പൊതു തത്വം. അധികാരികളും നിയമപാലകരും നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കേണ്ടവരാണ്. പകരം കുറ്റവാളികള്‍ക്ക് കുട പിടിക്കുകയും രക്ഷപ്പെടാന്‍ പഴുതൊരുക്കുകയും ചെയ്യുന്നത് ഒട്ടും മാര്‍പ്പര്‍ഹിക്കുന്നില്ല.
നാഷണല്‍ ക്രൈം റിപ്പോര്‍ട്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി)യുടെ കണക്കുപ്രകാരം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളത്തിന്റെ ഗ്രാഫ് മുകളിലേക്കാണ്. സംസ്ഥാനത്ത് ക്രൈമുകള്‍ നാലോ അഞ്ചോ ഇരട്ടി വര്‍ധിച്ചതായി എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികയില്‍ ഉത്തര്‍പ്രദേശിന്റെയും മുകളിലാണ് കേരളം. റിപ്പോര്‍ട്ടില്‍ കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്ന് സംശയിക്കാനാവില്ല. സിനിമയെപ്പോലും വെല്ലുന്ന കുറ്റകൃത്യങ്ങള്‍ക്കാണ് മലയാളി സാക്ഷിയാകുന്നത്. പലതും അസാധാരണ സ്വഭാവമുള്ള സംഭവങ്ങളാണ്. പക്ഷേ, മാധ്യമങ്ങളില്‍ വാര്‍ത്തയാകുമ്പോള്‍ മാത്രം ഓര്‍മയില്‍ സൂക്ഷിക്കുകയും പുതിയ കുറ്റകൃത്യങ്ങള്‍ തലക്കെട്ടുകളില്‍ വരുമ്പോള്‍ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. കുടുംബാംഗങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ സഹവര്‍ത്തിത്വം നഷ്ടമാകുന്നതും സാമൂഹിക പ്രതിസന്ധിക്കിടയാക്കുന്നു. രക്ഷിതാക്കളുടെ നിയന്ത്രണ വലയത്തില്‍നിന്ന് കുട്ടികള്‍ പുറത്തുപോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കവര്‍ച്ചകളിലും മയക്കുമരുന്നു കേസുകളിലും പതിനെട്ട് മുതല്‍ 22 വയസ്സ് വരെ പ്രായമുള്ളവരാണെന്നത് ആശങ്കാജനകമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗം യുവാക്കളെ ചതിക്കുഴികളിലെത്തിക്കുന്ന സംഭവങ്ങളും നിരവധിയുണ്ട്.
ഓരോ സമയവും വില്ലന്മാരും അനുബന്ധ കഥാപാത്രങ്ങളും മാറിവരുന്നുവെന്ന് മാത്രം. കോടതിയുടെ അന്തിമ വിധിയുടെ മാധ്യമങ്ങളിലൂടെ മാത്രമേ അവ ഓര്‍മയില്‍ തിരികെ എത്തുന്നുള്ളൂ. മൂല്യച്യുതിയും ക്രമസമാധാന പാലനത്തിലെ പാളിച്ചകളും ക്രൈമുകള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളാണ്. പൊലീസ് സംവിധാനത്തില്‍ ശാസ്ത്രീയമായ പരിഷ്‌കരണങ്ങളും പൊളിച്ചെഴുത്തുകളും അനിവാര്യമാണ്. കുറ്റവാളികളെ പിടികൂടി നിയമത്തിന്മുന്നില്‍ കൊണ്ടുവരുന്നതില്‍ മാത്രമായി ക്രമസാധാനപാലനം ഒതുങ്ങാതെ സാമൂഹിക ചിന്തയില്‍ നന്മയുടെ വിത്ത് വിതക്കാന്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതികളെ ശിക്ഷിക്കുന്നതോടൊപ്പം തിന്മകള്‍ നാമ്പിടാതിരിക്കാന്‍ മുന്‍കരുതലുകളും വേണം. ദുഷിച്ച സാമൂഹിക ചുറ്റുപാടില്‍ മോശം ചിന്തകളും വികലമായ കാഴ്ചപ്പാടുകളും അതിവേഗം മുളപൊട്ടും. തെറ്റും ശരിയും തിരിച്ചറിയാന്‍ സാധിക്കാതെ വ്യക്തികള്‍ ഇരുട്ടില്‍ തപ്പുമ്പോള്‍ ക്രൈമുകള്‍ വാര്‍ത്തകളില്‍ നിറയുക സ്വാഭാവികം. പണ സമ്പാദനവും സുഖഭോഗങ്ങളും ജീവിത ലക്ഷ്യമായി ചുരുങ്ങിയത് കാര്യസാധ്യത്തിന് വളഞ്ഞ വഴികള്‍ തേടാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. സമ്പത്തിലൂടെ എല്ലാം വെട്ടിപ്പിടിക്കാമെന്ന തോന്നല്‍ വന്‍ ദുരന്തത്തിലായിരിക്കും കലാശിക്കുക. മാലാഖമാരെപ്പോലെ ഔന്നത്യം പ്രാപിക്കാവുന്ന മനുഷ്യന്‍ മൃഗത്തെക്കാള്‍ തരംതാഴുന്നത് സാമൂഹിക ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാനിടയാക്കും.

 

 

 

 

web desk 1: