X
    Categories: columns

പാര്‍ട്ടി ചികിത്സ

നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2020ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളും അവരുടെ അനിവാര്യമായ സ്വന്തം കുഴി തോണ്ടിതുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അതാണ് ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയെന്നവകാശപ്പെടുന്ന കേരളത്തില്‍ കമ്യൂണിസ്റ്റുകളിപ്പോള്‍ അനുഭവിക്കുന്നത്. സി.പി.എം നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മറ്റും ചേര്‍ന്ന് സ്വര്‍ണക്കള്ളക്കടത്തും അഴിമതിയും നടത്തിയതുകേട്ട് ജനം അമ്പരന്നിരിക്കുമ്പോഴാണ് സംസ്ഥാനത്തെ മുഖ്യഭരണപ്പാര്‍ട്ടിയുടെ തലതൊട്ടപ്പനായ കോടിയേരി ബാകൃഷ്ണന്റെ വക പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കുമിട്ടുള്ള പൂഴിക്കടകന്‍. തിരിച്ചാണോയെന്നും പറയാന്‍വയ്യ. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം പിണറായിയിലേക്ക് എത്തുമെന്നും അദ്ദേഹത്തിന് രാജിവെക്കേണ്ടിവരുമെന്നും കരക്കമ്പി പരക്കുന്നതിനിടെയാണ് സാക്ഷാല്‍ കോടിയേരി സഖാവ്തന്നെ രാജി പ്രഖ്യാപിച്ചുകളഞ്ഞത്. പോരേപൂരം, ബൂര്‍ഷ്വാപാര്‍ട്ടിക്കാര്‍ക്കും മാധ്യമമൂരാച്ചികള്‍ക്കും അര്‍മാദിക്കാനിനിയെന്തുവേണം! മുജ്ജന്മ ശത്രുക്കള്‍ ഈജന്മത്തിലെ മക്കളായി ജനിക്കുമെന്ന് കേട്ടിട്ടേയുള്ളൂ. കപ്പിത്താന്‍ നഷ്ടമായ കപ്പലിന്റെ അവസ്ഥയിലാണിപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിനിടെ പാര്‍ട്ടി. ഒരര്‍ത്ഥത്തില്‍ ജീര്‍ണിച്ചവശയായ പാര്‍ട്ടിക്കുള്ള വെന്റിലേറ്റര്‍ ചികില്‍സകൂടിയാണിത്.
പി.കൃഷ്ണപ്പിള്ള, എ.കെ ഗോപാലന്‍, ഇ.എം.എസ് തുടങ്ങി ഇ.കെ നായനാര്‍ വരെ വാണരുളിയ കസേരയിലാണ് ഇരുന്നതെന്ന് പറഞ്ഞിട്ടെന്തുകാര്യം. തഴമ്പ് മക്കള്‍ക്ക് കിട്ടില്ലല്ലോ. സൗമ്യനും സരസപ്രിയനുമാണെന്നാണ് വെയ്പ്. പൊലീസ് സ്റ്റേഷനില്‍ ബോംബ് നിര്‍മിക്കുമെന്നും സഖാക്കളെ ആക്രമിച്ചാല്‍ നിയമവ്യവസ്ഥയുണ്ടെങ്കിലും വരമ്പത്ത് കൂലികൊടുക്കുമെന്നുമൊക്കെ ചില തട്ടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്കെതിരെ വിളമ്പുമെങ്കിലും ആര്‍ക്കെങ്കിലും സഖാവ് നേരിട്ട് കൂലികൊടുത്തതായി രേഖയിലില്ല. ജില്ലാ-സംസ്ഥാന സെക്രട്ടറി കാലത്ത് കുറെ ശത്രുക്കള്‍ കൊല്ലപ്പെട്ടത് ശരിതന്നെ. അടിയന്തിരാവസ്ഥക്കാലത്ത് മിസ തടവുകാരനായി 16 മാസം ജയിലില്‍. ജനനം 1953ല്‍ സാക്ഷാല്‍ വിപ്ലവ ജില്ലയിലെ തലശേരിയില്‍. വിദ്യാര്‍ത്ഥി കാലത്ത് എസ്.എഫ്.ഐ യൂണിറ്റ് രൂപീകരിച്ച് അതിന്റെ സെക്രട്ടറിയായാണ് പാര്‍ട്ടിയിലേക്ക് പിച്ചവെച്ചുകയറിയത്. തിരിഞ്ഞുനോക്കിയത് 2020 നവംബര്‍ 13ന് മാത്രം. ഇതിനകം കേട്ട പുകിലുകള്‍ക്ക് കയ്യും കണക്കുമില്ല. വര്‍ഗ ശത്രുക്കളൊന്നുമല്ല, സാക്ഷാല്‍ സന്തതികള്‍തന്നെ പണിതന്നു. ആകെയുള്ള രണ്ടു മക്കളും ചേര്‍ന്ന് ചാരുകസേരയുടെ വടിയൂരിക്കളഞ്ഞു. ഒരാള്‍ കള്ളപ്പണ ഇടപാടിലും മയക്കുമരുന്ന് കച്ചവടത്തിലുമാണ് ഡോക്ടറേറ്റെടുത്തതെങ്കില്‍ മറ്റേയാള്‍ കടം വാങ്ങി തിരിച്ചുകൊടുക്കാതെയും ദുബൈയില്‍വെച്ച് മുംബൈക്കാരിയെ കല്യാണം കഴിച്ച് കുട്ടിയുണ്ടായപ്പോള്‍ മുങ്ങിയുമൊക്കെയാണ് കമ്യൂണിസ്റ്റ് പിതാമഹന് പണികൊടുത്തത്. തെറ്റുചെയ്‌തെങ്കില്‍ തൂക്കിക്കൊല്ലട്ടെ എന്നുവരെ പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ പരമാവധി നോക്കിയതാണ്. ഉള്‍പാര്‍ട്ടി ജനാധിപത്യക്കാരുണ്ടോ വിടുന്നു. അവരില്‍പലരും ലാല്‍സലാം പറയുമ്പോള്‍തന്നെ ഉപ്പുതിന്നവര്‍ വെള്ളംകുടിക്കട്ടെയെന്നും ആരായാലെന്താ ശിക്ഷ അനുഭവിക്കട്ടെ എന്നുമൊക്കെ കൊളുത്തിവലിച്ച് പറയാന്‍തുടങ്ങി. ബിനീഷിനെതിരെ ഉയര്‍ന്ന സാമ്പത്തികാരോപണങ്ങളുടെ ഇടയില്‍തന്നെയാണ് സംസ്ഥാന സെക്രട്ടറിയായി സ്ഥാനക്കയറ്റം. കണ്ണൂര്‍ ലോബി സമം കേരള സി.പി.എം എന്നതുകൊണ്ട് ആരും എതിരു പറഞ്ഞില്ല. ബിനീഷിനെതിരായി കേന്ദ്ര ഏജന്‍സികള്‍ സ്വന്തം വീട് കയറിയിറങ്ങിയപ്പോള്‍ ഇപ്പറഞ്ഞ ലോബിയെയൊന്നും മഷിയിട്ടു നോക്കിയിട്ട് കാണാനായില്ല. അതാണ് സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും എന്തിന് സാക്ഷാല്‍ പി.ബിവരെ പിന്തുണച്ചിട്ടും സെക്രട്ടറി പദവിയൊഴിയേണ്ടിവന്നത്. വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാന കമ്മിറ്റിയുടേതായി ഇറങ്ങിയ പത്രക്കുറിപ്പില്‍ സ: കോടിയേരി ചികില്‍സക്കായി അവധിക്ക് അപേക്ഷിച്ചെന്നും സെക്രട്ടറിയേറ്റ് അതനുവദിച്ചുവെന്നുമാണ് പറഞ്ഞിരിക്കുന്നത്. കോടിയേരിയാകട്ടെ മിണ്ടിയില്ല. ഒള്ളത് ഒള്ളപോലെ എന്നെങ്കിലും പറഞ്ഞ ചരിത്രം കമ്യൂണിസ്റ്റുകള്‍ക്ക് ഭൂലോകത്തെവിടെയെങ്കിലുമില്ലാത്തതുകൊണ്ട്് പുത്രനെതിരായ അന്വേഷണമാണ് കോടിയേരിയുടെ പിന്മാറ്റത്തിന് കാരണമായി സാമാന്യബോധമുള്ളവരെല്ലാം കരുതുന്നത്. സാമ്പത്തിക തട്ടിപ്പുകേസില്‍ ബിനീഷ് 14 ദിവസത്തേക്ക് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് പോയതിന്റെ ഇരുപതാം മണിക്കൂറിലാണ് പിതാവിന്റെ സ്ഥാനത്യാഗം. പിണറായിക്ക് ശേഷം മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് 66-ാം വയസ്സിലെ ഈ പേരുവെട്ട്.
കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂളിലും മാഹി എം.ജികോളജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുമായിരുന്നു പഠനം. 1980ല്‍ ഡി.വൈ.എഫ്.ഐ ജില്ലാഅധ്യക്ഷന്‍. 1982 നും 2011നും ഇടയില്‍ അഞ്ചുതവണ എം.എല്‍.എ, രണ്ടുതവണ നിയമസഭാഡെപ്യൂട്ടി ലീഡര്‍. 1990ല്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി, 2008ല്‍ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോ അംഗം, 2015 ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി, ’18ലെ തൃശൂര്‍ സമ്മേളനത്തില്‍ രണ്ടാമതും സെക്രട്ടറി പദവി. 2006-11 കാലത്ത് വി.എസ് സര്‍ക്കാരില്‍ ആഭ്യന്തരം-ടൂറിസം മന്ത്രി. രണ്ടു വര്‍ഷത്തോളമായി തുടരുന്ന അര്‍ബുദ രോഗത്തിന് അമേരിക്കയില്‍ രണ്ടുമാസം ചികില്‍സ നടത്തിയപ്പോഴൊന്നും കിട്ടാത്ത അവധിയാണ് ഇപ്പോള്‍ പാര്‍ട്ടി അനുവദിച്ചിരിക്കുന്നത്. രോഗം ഏതാണ്ട് ഭേദമായെന്ന് കരുതിയിരിക്കുമ്പോഴാണ് പുത്രന്റെയും പാര്‍ട്ടിയുടെയും വക പണി. വിധിയില്‍ വിശ്വാസമില്ലെങ്കിലും ഒന്നും പറയാന്‍വയ്യ. ഇനി ഭാര്യ വിനോദിനിയുടെവക ‘പൂമൂടല്‍’ നടത്തിനോക്കിയാലോ!

web desk 1: