X
    Categories: columns

സര്‍ക്കാരിനെ കുത്തി സി.എ.ജി റിപ്പോര്‍ട്ട്

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ തൊട്ടതെല്ലാം അഴിമതിയിലും പിടിപ്പികേടിലുമാണ് അവസാനിക്കുന്നത്. കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ കേരളത്തിന് പ്രതീക്ഷിക്കാനും അഭിമാനിക്കാനുമായി സര്‍ക്കാര്‍ ഒന്നും ബാക്കിവെക്കുന്നില്ല. എന്തെങ്കിലും അവശേഷിപ്പുണ്ടെങ്കില്‍ സാമ്പത്തിക ബാധ്യതയും അപമാനവും മാത്രമാണ്. മുഖ്യമന്ത്രിയുടെയും സഹമന്ത്രിമാരുടെയും ഓഫീസുകള്‍ കേന്ദ്രീകരിച്ചും ഭരണം നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുമായി ബന്ധപ്പെടുത്തിയും പലതരം അഴിമതിക്കഥകളാണ് പുറത്തുവരുന്നത്. അവയില്‍ പലതും കേരളീയ സമൂഹത്തെ ഞെട്ടിപ്പിക്കുന്നതുമാണ്. ഇവരൊക്കെ ഇത്രയേ ഉണ്ടായിരുന്നുള്ളൂ എന്ന് സ്വന്തം അനുയായികളെക്കൊണ്ടുപോലും പറയിപ്പിക്കുന്ന ആരോപണങ്ങള്‍. തെറ്റുകള്‍ക്കും നെറികേടുകള്‍ക്കും ന്യായീകരണങ്ങള്‍ നല്‍കി വിശദീകരണത്തിന്റെ വാള്‍ത്തലകള്‍ക്ക് മൂര്‍ച്ച നഷ്ടപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ പ്രതിരോധം സാധ്യമല്ലാതെ ഇടതുമുന്നണി തളര്‍ന്നിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്)ക്കെതിരെയുള്ള കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് സര്‍ക്കാരിനെ വലിയ കുഴിയിലാണ് വീഴ്ത്തിയിരിക്കുന്നത്. കുടുങ്ങുമെന്നായപ്പോള്‍ ധനമന്ത്രി തോമസ് ഐസക് ഒരുമുഴം മുന്‍പേ എറിഞ്ഞ് രക്ഷപ്പെടാന്‍ നടത്തിയ ശ്രമം സ്വന്തം കഴുത്തില്‍തന്നെ കുരുക്കായി വീഴുകയും ചെയ്തു.
രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും കിഫ്ബി വായ്പ എടുക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഇതുവരെയുള്ള കടമെടുപ്പ് സര്‍ക്കാരിന് 3100 കോടി രൂപയുടെ ബാധ്യത വരുത്തിയെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവ രണ്ടും ഏറെ ഗൗരഹവമര്‍ഹിക്കുന്നതാണ്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ കിഫ്ബിക്കെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളെ റിപ്പോര്‍ട്ട് ശരിവെക്കുന്നുണ്ട്. കിഫ്ബിയില്‍ നടത്തിയ ഓഡിറ്റിന്റെ കരട് റിപ്പോര്‍ട്ട് മാത്രമാണ് സി.എ.ജി ധനവകുപ്പിന് കൈമാറിയിരിക്കുന്നത്. എന്തെങ്കിലും ആക്ഷേപങ്ങളും വിശദീകരണങ്ങളുമുണ്ടെങ്കില്‍ അറിയിക്കാനും തിരുത്താനുമാണ് അത്തരമൊരു നടപടിക്രമം. ധനവകുപ്പിന്റെ മറുപടി പരിശോധിച്ചശേഷം തയാറാക്കുന്ന അന്തിമ റിപ്പോര്‍ട്ട് നിയമസഭക്കാണ് സി.എ.ജി കൈമാറുക. അതിന്മുമ്പ്തന്നെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിടുന്നത് സഭയുടെ അവകാശലംഘനമാണ്. അതേക്കുറിച്ച് തോമസ് ഐസകിന് നല്ല അറിവുണ്ട്. പക്ഷേ, ചട്ടങ്ങളെല്ലാം കാറ്റില്‍പറത്തി മന്ത്രി അതിന് തയാറായത് കെണിയില്‍നിന്ന് രക്ഷപ്പെടാനാണ്. അതാണെങ്കില്‍ സര്‍ക്കാരിനെ എത്തിച്ചത് പാതാളത്തിലും. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രതിപക്ഷത്തിന് കിട്ടിയാല്‍ പുലിവാലാകുമെന്ന് ഭയന്നാണ് മന്ത്രിതന്നെ അക്കാര്യം വിളിച്ചുപറഞ്ഞത്.
പിണറായി സര്‍ക്കാര്‍ കിഫ്ബി പുന:സംഘടിപ്പിച്ചശേഷം ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഗതാഗതം, ജല ശുദ്ധീകരണം, ഊര്‍ജ്ജം, സാമൂഹികവും വാണിജ്യപരവുമായ അടിസ്ഥാന സൗകര്യവികസനം, ഐ.ടി, ടെലികമ്യൂണിക്കേഷന്‍ തുടങ്ങിയവയിലെ അടിസ്ഥാന സൗകര്യവികസനാണ് കിഫ്ബിയുടെ സ്ഥാപിത ലക്ഷ്യം. നൂതന പ്രഫഷണല്‍ സമീപനത്തോടെ രൂപീകരിച്ച നോഡല്‍ ഏജന്‍സിയെന്ന നിലയിലാണ് സര്‍ക്കാര്‍ കിഫ്ബിയെ കൊട്ടിഘോഷിച്ചത്. പക്ഷേ, വികസനത്തേക്കാള്‍ ബാധ്യതകളാണ് അത് ഉണ്ടാക്കിവെച്ചിരിക്കുന്നതെന്ന് സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. വായ്പയെടുത്തും സര്‍ക്കാരില്‍നിന്ന് വിഹിതം വാങ്ങിയും ഫണ്ട് സ്വരൂപീക്കാനായിരുന്നു പദ്ധതി. ഉദ്ദേശിച്ചതുപോലെ വികസനമുണ്ടായില്ലെന്ന് മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഇക്കാലത്ത് കടം വാങ്ങിക്കൂട്ടുകയും ചെയ്തു. ഇതിനൊക്കെ ആര് തലവെക്കുമെന്ന് സര്‍ക്കാര്‍ ആലോചിച്ചതേയില്ല. സംസ്ഥാന ഖജനാവിന് അധിക ബാധ്യതയുണ്ടാക്കി സമ്പത്ത് ഊറ്റിക്കുടിക്കുന്ന ഒരു സംവിധാനത്തെ എന്തിനാണ് തീറ്റിപ്പോറ്റുന്നതെന്ന ചോദ്യം തീര്‍ച്ചയായും ന്യായമാണ്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സി.എ.ജി ഒാഡിറ്റിങ്ങില്‍നിന്ന് മറച്ചുവെക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം വലിയ ആക്ഷേപങ്ങള്‍ക്കിടയാക്കി. വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട് കിഫ്ബിക്കെതിരെ പ്രതിപക്ഷം ശക്തമായ അഴിമതി ആരോപണമുന്നയിച്ചിരുന്നു. വൈദ്യുതി കൊണ്ടുവരുന്നതിനുള്ള ട്രാന്‍സ് ഗ്രിഡ് പദ്ധതിയുടെ നടത്തിപ്പിലും കോട്ടയം ലൈന്‍സ് പദ്ധതിയിലും കിഫ്ബിക്കുവേണ്ടി വൈദ്യുതി ബോര്‍ഡിലെ എഞ്ചിനീയറെ മാറ്റിയതും സര്‍ക്കാരിന് ഇഷ്ടമുള്ള കമ്പനിക്കുവേണ്ടി കരാര്‍ മാനദണ്ഡങ്ങള്‍ മാറ്റിയതുമെല്ലാം കിഫ്ബിയുടെ മറവില്‍ നടന്ന വലിയ അഴിമതികളാണ്.
കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുകയും അതേക്കുറിച്ച് വിശദീകരണങ്ങള്‍ തേടുകയും ചെയ്‌തെങ്കിലും സര്‍ക്കാര്‍ മൗനംപാലിക്കുകയും വിവാദങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുകയുമാണ് ചെയ്ത്. കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റിങിന് പ്രസക്തയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പലതും ഒളിച്ചുവെക്കാനായിരുന്നു. ഓഡിറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ വിശദീകരണം സി.എ.ജി തള്ളുകയാണുണ്ടായത്. കിഫ്ബിയിലെ ഓഡിറ്റ് വ്യവസ്ഥകള്‍ സുതാര്യത ഉറപ്പവരുത്താന്‍ പര്യാപ്തമല്ലെന്ന് സി.എ.ജി വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ക്രമക്കേടുകളും വഴിവിട്ട പോക്കുകളും പുറത്തറിയുമെന്ന ഭയമാണ് സര്‍ക്കാരിനെ നിയന്ത്രിച്ചത്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് നേരത്തെതന്നെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മസാല ബോണ്ടുകളില്‍നിന്നുള്‍പ്പെടെ ഉയര്‍ന്ന പലിശക്ക് പണം സ്വീകരിച്ചതാണ് ഇത്തരമൊരു ആശങ്കക്ക് കാരണം. അന്താരാഷ്ട്ര വിപണിയില്‍നിന്ന് കിഫ്ബി മസാല ബോണ്ട് വഴി 2150 കോടി രൂപ സമാഹരിച്ചിരുന്നു. അതിന് 9.723 ശതമാനമാണ് പലിശ. വേറെയും നിരവധി കടങ്ങള്‍. കഫ്ബി പണം വായ്പയെടുത്തതെല്ലാം വലിയ പലിശക്കാണ്. മാത്രമല്ല, ഈ വായ്പകളുടെയെല്ലാം പലിശ പണം വാങ്ങിയതുമുതല്‍ നല്‍കുകയും വേണം. സര്‍ക്കാരാണ് വായ്പകള്‍ക്ക് ഗ്യാരണ്ടിനില്‍ക്കുന്നതെന്നിരിക്കെ അവ ഖജനാവിനുണ്ടാക്കുന്ന ബാധ്യത ഏറെ വലുതാണ്.
അതിനെല്ലാം പുറമെയാണ് പരസ്യങ്ങളും മറ്റുമായി പദ്ധതികളുടെ പേരില്‍ കോടികള്‍ വാരിയെറിയുന്നത്. ധൂര്‍ത്താണ് കിഫ്ബിയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷം നിരന്തരം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കിഫ്ബിയുടെ മീഡിയാമാനേജ്‌മെന്റ് ഗ്രൂപ്പിന്റെ കോര്‍ഡിനേറ്റര്‍ക്ക് പ്രതിമാസം 80,000 രൂപയാണ് ശമ്പളം. ഇത്തരം കാര്യങ്ങളെല്ലാം ഒളിച്ചുവെക്കാനാണ് സര്‍ക്കാര്‍ സി. എ.ജി ഓഡിറ്റിങിനെ എതിര്‍ത്തതെന്ന് എളുപ്പത്തില്‍ മനസ്സിലാകും. ഏജന്‍സിക്ക് സ്വന്തം ഓഡിറ്റ് സംവിധാനമുണ്ടെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പകരം നിര്‍ബന്ധിതമല്ലാത്ത സി.എ.ജി ഓഡിറ്റ് അനുവദിച്ചു. ഈ വര്‍ഷം നടത്തിയ തുടര്‍ ഓഡിറ്റിങിലാണ് കിഫ്ബിയുടെ വായ്പയെടുക്കല്‍ ഭരണഘടനാവിരുദ്ധമാണെന്ന് സി.എ.ജി വ്യക്തമാക്കിയത്.

 

web desk 1: