X
    Categories: columns

ജനങ്ങളുടെ ബുദ്ധിയെ പരിഹസിക്കരുത്

പട്ടണത്തിന് നടുവിലൂടെ ലക്കുംലഗാനുമില്ലാതെ ചീറിപ്പായുന്ന വെട്ടുപോത്തിന്റെ അവസ്ഥയിലാണിപ്പോള്‍ കേരളത്തിലെ സി.പി.എമ്മും അതിന് നേതൃത്വം നല്‍കുന്ന സര്‍ക്കാരും. ആസന്നമായ യമണ്ടന്‍ പരാജയത്തിന്റെ ഭീതി തലക്കുപിടിച്ചതിനാല്‍ രാഷ്ട്രീയമായി ഏതറ്റംവരെയും പോകുമെന്നതിന്റെ മകുടോദാഹരണങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വവും പ്രത്യേകിച്ച് മുഖ്യമന്ത്രിയും നടത്തിക്കൊണ്ടിരിക്കുന്നത്. അധികാരത്തിന്റെ ധാര്‍ഷ്ട്യവും ഹുങ്കും ഏതുവരെയാകാമെന്നതില്‍ ചരിത്രം തീര്‍ക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. കോടികളുടെ സ്വന്തം അഴിമതികളും ഭരണകെടുകാര്യസ്ഥതയും ജനവിരുദ്ധതയും കേരളീയ സമൂഹത്തിനുമുന്നില്‍ പകല്‍പോലെ വെളിച്ചത്തായതോടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെയും സമരങ്ങളെയും പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയതിനുശേഷം പ്രതിപക്ഷ ജനപ്രതിനിധികളെ താറടിക്കാനും പൊലീസിനെ ഉപയോഗിച്ച് നിര്‍വീര്യമാക്കാനുമാണിപ്പോള്‍ സര്‍ക്കാരിന്റെ ഹീനശ്രമം. മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെ മുന്‍കാല ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് വാറണ്ടുപോലുമില്ലാതെ അറസ്റ്റ്‌ചെയ്ത സര്‍ക്കാര്‍ ഇന്നലെ മുസ്്‌ലിംലീഗിന്റെ മറ്റൊരു എം.എല്‍.എയും മുന്‍ പൊതുമരാമത്തുവകുപ്പുമന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. എറണാകുളം പാലാരിവട്ടം മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷംമുമ്പ് കണ്ടെത്തിയ ക്രമക്കേടെന്നപേരിലാണ് രോഗികൂടിയായ നിയമസഭാസാമാജികനെ പിണറായിയുടെ പൊലീസ് നാടകീയമായി അറസ്റ്റ്‌ചെയ്തിരിക്കുന്നത്. ഇന്നലെരാവിലെ അദ്ദേഹത്തിന്റെ ആലുവ തോട്ടക്കാട്ടുകരയിലെ വസതിയില്‍ വനിതാപൊലീസുമായിചെന്ന് നാടകീയരംഗങ്ങള്‍ സൃഷ്ടിച്ച വിജിലന്‍സ് സംഘം പിന്നീട് കിലോമീറ്ററകലെയുള്ള സ്വകാര്യആസ്പത്രിയില്‍വെച്ച് അറസ്റ്റ്‌രേഖപ്പെടുത്തുകയായിരുന്നു. കുറ്റപത്രം നല്‍കി മാസങ്ങള്‍ക്കുശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊലീസ് നടത്തിയ അറസ്റ്റ് രാഷ്ട്രീയപ്രേരിതമല്ലെന്നുപറയാന്‍ സി.പി.എമ്മുകാര്‍ക്കുപോലുമാകുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനദിനത്തിന്റെ തൊട്ടുതലേന്നായ ഇന്നലെ നടത്തിയ അറസ്റ്റ് സര്‍ക്കാരിലെയും സി.പി.എമ്മിലെയും ഉന്നതരുടെ സമ്മതത്തോടെയും ഒത്താശയോടെയുമാണെന്ന് പറയുന്നത് മറ്റാരുമല്ല. ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടിയായ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇടതുമുന്നണി കണ്‍വീനര്‍ തന്നെയാണ്.
പാലാരിവട്ടംമേല്‍പാലം 39 കോടിരൂപ ചെലവില്‍ സംസ്ഥാനപൊതുമരാമത്തിന്റെ നേതൃത്വത്തിലും കെ.എസ്.ഐ.ഡി.സിയുടെ വിദഗ്ധരുടെ മേല്‍നോട്ടത്തിലും പണിയുന്നത് 2014ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അന്നോളം ഉണ്ടാകാത്തരീതിയിലാണ് ഗ്രാമ-നഗരവ്യത്യാസമില്ലാതെ പുതിയ റോഡുകളുടെയും പാലങ്ങളുടെയുംനിര്‍മാണത്തിന് അന്നത്തെ പൊതുമരാമത്തുവകുപ്പും ഉമ്മന്‍ചാണ്ടി സര്‍ക്കാരും കര്‍മഭരിതമായ നേതൃത്വംവഹിച്ചത്. അതില്‍ അസൂയപൂണ്ട മാര്‍ക്‌സിസ്റ്റുകാര്‍ അന്നുതന്നെ വിജിലന്‍സില്‍ പരാതിയുമായി രംഗത്തുവന്നിരുന്നു. 2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് പോകുമ്പോള്‍ പാലാരിവട്ടം പാലത്തിന്റെ 70 ശതമാനം നിര്‍മാണജോലികളേ തീര്‍ന്നിരുന്നുള്ളൂ. ബാക്കി പണിതീര്‍ത്തത് ഇന്നത്തെ സര്‍ക്കാരും പൊതുമരാമത്തുമന്ത്രി ജി.സുധാകരനുമാണ്. കേരളത്തില്‍ എത്രയോ പാലങ്ങള്‍ ഇബ്രാഹിം കുഞ്ഞിന്റെ കാലത്ത് പണിതിട്ടുണ്ടെന്നും അതൊന്നിനും ബലക്ഷയംസംഭവിച്ചിട്ടില്ലെന്നും പറഞ്ഞ സുധാകരനെ ശരിവെക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞരണ്ടുവര്‍ഷത്തോളം പിണറായിസര്‍ക്കാരും നീങ്ങിയത്. കേസില്‍ നാല് പ്രതികള്‍ അറസ്റ്റിലായിട്ടും മുന്‍മന്ത്രിയെ അറസ്റ്റുചെയ്യാതിരുന്നതും മതിയായ തെളിവില്ലാത്തതിനാലായിരുന്നു. സംസ്ഥാന റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എം.ഡി ശിപാര്‍ശ ചെയ്തതനുസരിച്ച് കരാറുകാരായ ആര്‍.ഡി.എസ്സിന്് 8 കോടി രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് (സാധനങ്ങള്‍ ശേഖരിക്കുന്നതിനുള്ള മുന്‍കൂര്‍) നല്‍കാന്‍ മന്ത്രി സമ്മതിച്ചു എന്നതാണ് അഴിമതിയും അധികാരദുര്‍വിനിയോഗവുമായി വിജിലന്‍സ് പറയുന്നത്. ആ തുക തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ അന്നത്തെ മന്ത്രിയുടെ വകുപ്പുസെക്രട്ടറി ടി.ഒ സൂരജടക്കമുള്ളവരെ പ്രതിയാക്കി ജയിലടക്കുകയുംചെയ്തു. അതേകുറ്റം തന്നെയാണ് അഞ്ചാം പ്രതിയാക്കി ഇബ്രാഹിംകുഞ്ഞിനെതിരെ പൊലീസ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നതെന്നത് വിചിത്രമായിരിക്കുന്നു. ഇതേ കരാറുകാരെ സംസ്ഥാനത്ത് ഇതേ സര്‍ക്കാര്‍തന്നെ പല നിര്‍മാണജോലികളും ഏല്‍പിച്ചിട്ടുള്ളതും അവര്‍ പാലാരിവട്ടം പാലത്തിന്റെ അറ്റകുറ്റപ്പണി നിര്‍വഹിക്കാമെന്ന ്‌വാക്കു നല്‍കുകയും ചെയ്തിരുന്നതാണ്. ഇതുസംബന്ധിച്ച് പിണറായി സര്‍ക്കാരിന്റെയും ചെന്നൈ ഐ.ഐ.ടിയുടെയും വിദഗ്ധര്‍ നേരില്‍ചെന്ന് പാലം പരിശോധിക്കുകയും ഭാരപരിശോധന നടത്തി ബലക്കുറവുണ്ടെങ്കില്‍ പൊളിച്ചുനീക്കി പുനര്‍നിര്‍മിക്കാമെന്ന് പറയുകയും ചെയ്തതാണ്. കേരള ഹൈക്കോടതിയും ഇക്കാര്യം സമ്മതിക്കുകയുണ്ടായി. എന്നിട്ടും കരാറുകാര്‍ക്ക് കൊടുക്കാതെ ജനങ്ങളുടെ ചെലവില്‍ 20 കോടിയോളം രൂപ വിനിയോഗിച്ച് പാലം പൊളിച്ചുകളയുകയും പുതിയത് പണിയുകയും ചെയ്യുന്നതുവഴി യു.ഡി.എഫിനുമേല്‍ മായാത്തകറ സൃഷ്ടിക്കലാണ് ഇടതുസര്‍ക്കാരിലെ ചിലരുടെ ഗൂഢോദ്ദേശ്യം. ഇനി ഉദ്യോഗസ്ഥരുടെ ശുപാര്‍ശയുടെഅടിയില്‍ ഒപ്പുവെച്ചുവെന്നതാണ് ഇബ്രാഹിംകുഞ്ഞ്‌ചെയ്ത തെറ്റെങ്കില്‍ സ്വര്‍ണക്കടത്തുകേസില്‍ ആദ്യം അഴിയെണ്ണേണ്ടത് പിണറായി വിജയനല്ലേ? തോമസ്‌ഐസക്കും കെ.ടി ജലീലും കടകമ്പിള്ളിയും പി.വി അന്‍വറും കാരാട്ട് റസാഖുമെന്തുകൊണ്ടില്ല?
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരുമുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്ര അന്വേഷണ ഏജന്‍സി സെര്‍ച്ച്‌ചെയ്യുന്ന അവസ്ഥയുണ്ടായത് പിണറായി സര്‍ക്കാരിന്റെ കാലത്ത് മാത്രമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ നടത്തിയ അന്താരാഷ്ട്ര സ്വര്‍ണക്കടത്തും ലൈഫ്മിഷനിലെ കോഴയും കെ.ഫോണ്‍, സ്പ്രിംകഌ ഇടപാടുമെല്ലാം മുഖ്യമന്ത്രിയുടെ അടുത്തേക്ക് അന്വേഷണ ഏജന്‍സികളെ എത്തിച്ചിരിക്കവെ അതിനെ രാഷ്ട്രീയപ്രേരിതമെന്ന് കുറ്റപ്പെടുത്തുന്നവരാണ് സ്വന്തം പൊലീസിനെ അതേ നാണയത്തില്‍ ജനകീയ നേതാക്കള്‍ക്കെതിരെ തിരിച്ചുവെച്ചിരിക്കുന്നത്. വിജിലന്‍സിനെ ദുരുപയോഗംചെയ്തതിന് ഈ സര്‍ക്കാരിനെതിരെ ഹൈക്കോടതി മുമ്പ്‌നടത്തിയ വിമര്‍ശം മറക്കാനുള്ളതല്ല. സ്വര്‍ണക്കടത്തിലൂടെ മുഖ്യമന്ത്രിയും പുത്രന്റെ മയക്കുമരുന്ന്-കള്ളപ്പണ ഇടപാടിലൂടെ പാര്‍ട്ടിസെക്രട്ടറിയും ഒളിക്കാന്‍ ഇടംതേടുമ്പോള്‍ ജനശ്രദ്ധ തിരിച്ചുവിടാനായി കാട്ടിക്കൂട്ടുന്ന ചെപ്പടിവിദ്യകള്‍ കാല്‍കീഴില്‍നിന്ന് ഒലിച്ചുപോകുന്ന മണ്ണ് അല്‍പമെങ്കിലും തടയാന്‍ സഹായിക്കുമെന്നാണ് പിണറായി വിജയന്‍ കരുതുന്നതെങ്കില്‍ പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും ഏകഛത്രാധിപത്യം ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും കറകളഞ്ഞ സേവനപാരമ്പര്യമുള്ള മുസ്്‌ലിംലീഗിന്റെയും പക്കല്‍ വേവില്ലെന്നും ഇവയെല്ലാം ബൂമറാംഗായി തിരിച്ചുവരുമെന്നും ഓര്‍ക്കുന്നത് നന്ന്.

 

web desk 1: