X
    Categories: columns

ഈ നിഴല്‍ യുദ്ധം എന്തിനുവേണ്ടി

ഏതാനും മാസമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കേരളത്തിലെ അഴിമതി അന്വേഷണങ്ങളും ഇതേച്ചൊല്ലിയുള്ള പരസ്പര വിഴുപ്പലക്കലും ജനങ്ങളുടെ ക്ഷമയുടെ നെല്ലിപ്പലക പരീക്ഷിക്കുന്ന തലത്തിലെത്തിച്ചിരിക്കുകയാണ്. ഇന്ത്യാചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് അന്താരാഷ്ട്ര കള്ളക്കടത്തിന്റെ കേന്ദ്രമായെന്ന ആരോപണത്തിന്മേലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി പിണറായിവിജയന്‍തന്നെ ആവശ്യപ്പെട്ടതുപ്രകാരമായിരുന്നു അവരുടെ വരവ്. കസ്റ്റംസ്, ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍. ഐ.എ, സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയാണ് കേസന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്നതും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി കസ്റ്റഡിയിലെടുക്കുന്നതും. നീണ്ട ചോദ്യംചെയ്യല്‍ പരമ്പരക്കുശേഷം സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ കഴിഞ്ഞമാസം ഇ.ഡി അറസ്റ്റുചെയ്യുകയുണ്ടായി. സ്വര്‍ണക്കടത്ത് നടത്താന്‍ വര്‍ഷങ്ങളായി തന്റെ അടുപ്പക്കാരി സ്വപ്‌നസുരേഷ് അടക്കമുള്ള പ്രതികള്‍ക്ക് ശിവശങ്കര്‍ ഔദ്യോഗിക സൗകര്യങ്ങള്‍ ചെയ്തുകൊടുത്തെന്നും അതില്‍നിന്ന് കിട്ടിവന്ന പണം ഒളിപ്പിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടിനെ ഏര്‍പെടുത്തിയെന്നുമൊക്കെയാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌സെക്രട്ടറിയും സി.പി.എം നോമിനിയുമായ സി.എം രവീന്ദ്രനെയും ചോദ്യംചെയ്യാന്‍ വിളിച്ചിരിക്കുകയാണിപ്പോള്‍.
അന്വേഷണം ഈവിധം പുരോഗമിക്കുന്നതിനിടെയാണ് മുന്‍ നിലപാടുകളില്‍നിന്ന് പൊടുന്നനെ മുഖ്യമന്ത്രി പിന്നാക്കംവലിഞ്ഞത്. ശിവശങ്കറിന്റെ അറസ്റ്റും സി.എം രവീന്ദ്രന്റെ ചോദ്യംചെയ്യലും മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളുമെന്ന തോന്നലാണ് ഉണ്ടായിരിക്കുന്നത്. ഈ ഘട്ടത്തിലാണ് സി.പി.എം പൊളിറ്റ്ബ്യൂറോയും സംസ്ഥാന സെക്രട്ടറിയേറ്റും അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും തകര്‍ക്കാന്‍ ലക്ഷ്യമിടുന്നുവെന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സി.പി.എമ്മിന് ഇങ്ങനെയൊരു അഭിപ്രായമോ പരാതിയോ ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് അത് ആദ്യംതന്നെ പറഞ്ഞില്ല? അന്വേഷണത്തിന് മുഖ്യമന്ത്രി രേഖാമൂലം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമ്പോഴും ഇതേ പ്രധാനമന്ത്രിയും ബി.ജെ.പിയുംതന്നെയാണ് കേന്ദ്രത്തില്‍ അധികാരത്തിലിരുന്നത്. അന്നൊന്നുമില്ലാത്ത രീതിയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടുന്നുവെന്ന് ആരോപിക്കുമ്പോള്‍ ജനങ്ങളെ അതിന്റെ നിജ:സ്ഥിതി ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും സി.പി.എമ്മിനുമുണ്ട്. ഇന്നേവരെയുള്ള വിവരങ്ങളുടെ പശ്ചാത്തലത്തില്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്നതാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുനടന്ന കോടികളുടെ ക്രമക്കേടുകളും അഴിമതിയും. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന് ആദ്യം പറഞ്ഞ അതേ മുഖ്യമന്ത്രി ലൈഫ്മിഷന്‍ കോഴക്കേസില്‍ സ്വന്തം വിജിലന്‍സ് ഉദ്യോഗസ്ഥരെ വിരട്ടുന്ന പ്രസ്താവന നടത്തിയതെന്തിനായിരുന്നു? തന്നെ കുടുക്കാമെന്ന പൂതി മനസ്സിലിരിക്കട്ടെ എന്നാണ് പിണറായിവിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ സ്വന്തം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കിയത്.
സ്വര്‍ണക്കടത്ത് പുറത്തായതോടെയാണ് കേരളത്തില്‍ കഴിഞ്ഞ നാലരവര്‍ഷക്കാലം സി.പി.എമ്മും മുഖ്യമന്ത്രിയും കെട്ടിപ്പൊക്കിക്കൊണ്ടുവന്ന സര്‍വമിഥ്യാധാരണകളും പൊളിച്ചടുക്കപ്പെടുന്നതും അഴിമതിക്കഥകളുടെനിര തന്നെ വെളിച്ചത്താകുന്നതും. കോവിഡ് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സ്പ്രിംകഌ കമ്പനിയെ നിയമ, ആരോഗ്യവകുപ്പുകള്‍ അറിയാതെ ചുമതലപ്പെടുത്തിയത് പുറത്തുവന്നപ്പോള്‍ അത് തന്റെ സ്വന്തം തീരുമാനമാണെന്ന് വാദിച്ച് രംഗത്തുവന്നയാളാണ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന മുഖ്യമന്ത്രിയുടെ വിശ്വസ്തപ്രിന്‍സിപ്പല്‍ സെക്രട്ടറി. അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച സസ്‌പെന്‍ഷന്‍പോലും അധാര്‍മിക പ്രവൃത്തി നടത്തിയെന്ന പേരിലാണെന്നോര്‍ക്കണം. ഇന്നും ശിവശങ്കറിനെ ആസകലം തള്ളിപ്പറയാന്‍ മുഖ്യമന്ത്രിയോ സി.പി.എം നേതാക്കളോ തയ്യാറായിട്ടില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌നസുരേഷിനും സന്ദീപ് നായര്‍ക്കും കേരളത്തില്‍നിന്ന് രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കിയതും ബംഗളൂരുവില്‍ താമസമൊരുക്കിയതും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷുമായി ബന്ധപ്പെട്ട മയക്കുമരുന്ന്-കള്ളപ്പണ റാക്കറ്റാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിനീഷിനെയും അന്വേഷണഏജന്‍സികള്‍ ചോദ്യംചെയ്തതും ഇപ്പോള്‍ ജയിലിലാക്കിയതും. ഇത്രയെല്ലാം വിവരങ്ങളും വസ്തുതകളും പുറത്തുവന്നിട്ടും അതെല്ലാം ബി.ജെ. പിയുടെയും കേന്ദ്രത്തിലെ മോദിസര്‍ക്കാരിന്റെയും ഗൂഢാലോചന മാത്രമാണെന്ന് വിശ്വസിക്കണമെങ്കില്‍ സി.പി.എമ്മുകാരെപോലെയായിരിക്കണം ശരാശരി മലയാളിയും. അങ്ങനെ ധരിക്കാന്‍ സി.പി.എമ്മിന് എല്ലാ അവകാശവുമുണ്ടെങ്കിലും. അതേസമയം കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ കഴിഞ്ഞ ആറു വര്‍ഷമായി തങ്ങളുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്കൊത്ത് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി ബി. ജെ.പിക്കാര്‍ക്കൊഴികെ എല്ലാപൗരന്മാര്‍ക്കുമുള്ളതാണ്. എന്നിട്ടും തന്നിലേക്ക് കാര്യങ്ങള്‍ എത്തുന്നുവെന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും തോന്നുന്നതുവരെ മിണ്ടാതിരുന്ന സി.പി.എമ്മിന് ഉള്‍വിളി തോന്നിയതിന്റെ കാരണമെന്താണ്? അവിടെയാണ് സ്വര്‍ണക്കടത്തുകേസിലെ രണ്ടാംപ്രതി സ്വപ്‌നസുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശത്തിന്റെ പ്രസക്തി. അതില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ തന്നോട് നിര്‍ബന്ധിച്ചാവശ്യപ്പെട്ടു എന്നാണ് പറയുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സിയാണ് സ്വപ്‌നക്കെതിരെ തെളിവുകള്‍ ശേഖരിച്ചതെങ്കിലും പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പിന് കീഴിലുള്ള ജയിലിലാണ്. ജയിലലടക്കപ്പെട്ട പ്രതിക്കെങ്ങനെയാണ് സന്ദേശം റെക്കോര്‍ഡ് ചെയ്യാന്‍ സൗകര്യം ലഭിച്ചത്? ആ സൗകര്യം ചെയ്തുകൊടുത്തതാര്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. സ്വപ്‌ന എങ്ങനെയാണ് മുഖ്യമന്ത്രി കൈകാര്യംചെയ്യുന്ന ഐ.ടി വകുപ്പില്‍ ജോലിനേടിയതെന്നതുമായി കൂട്ടിവായിക്കുമ്പോള്‍ മുഖ്യമന്ത്രിക്കുവേണ്ടി ജയിലില്‍ ഉന്നത ഇടപെടലുകള്‍ നടന്നുവെന്നുവേണം അനുമാനിക്കാന്‍. അന്വേഷണഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് വാദിക്കുന്ന സി.പി.എമ്മിന് സ്വന്തംവകുപ്പില്‍ നടന്ന ഈ നിയമലംഘനത്തെക്കുറിച്ച് വിശദീകരിക്കാന്‍ ബാധ്യതയില്ലേ ? ഫലത്തില്‍ ജനങ്ങളെ ഇരുട്ടില്‍നിര്‍ത്തി കബളിപ്പിക്കുകയാണ് ഇരുസര്‍ക്കാരുകളുമിപ്പോള്‍. സാധാരണജനത്തിനിപ്പോള്‍ അറിയേണ്ടത് തങ്ങളുടെ അധ്വാനഫലമായനികുതിപ്പണം ആര് കീശയിലാക്കിയെന്നതുമാത്രമാണ്. അവര്‍ക്കെന്ത് ശിക്ഷനല്‍കുന്നുവെന്നതും. അല്ലാതെ മാധ്യമങ്ങളെ ഉപയോഗിച്ചുള്ള ഈവിഴുപ്പലക്കലിനെ ജനങ്ങളുടെ ചെലവിലുള്ള നിഴല്‍യുദ്ധമായേ കാണാനാകൂ.

web desk 1: