X

വിവാദങ്ങളില്‍ വേവാതെ

മാന്ത്രിക അടുപ്പില്‍ എന്തോ കരിഞ്ഞു മണക്കുന്നു. ലോകത്താകെയുള്ള പാചക വിധികളത്രയും അരിച്ചു പെറുക്കി അരച്ചു കലക്കി ഇടിച്ചു പിഴിഞ്ഞ് ചേര്‍ത്തിട്ടും കരിഞ്ഞ മണം പോകുന്നില്ല. ഭരണ സിരാ കേന്ദ്രത്തിന്റെ മൂക്കിന് താഴെ തിരുവനന്തപുരം ലോ അക്കാദമിയിലെ ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിടുമ്പോഴും വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവര്‍ അറിയാതെ പോകുന്നതിന് തക്ക കാരണമുണ്ട്. കുട്ടികള്‍ ആവശ്യപ്പെടുന്നത് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ.ലക്ഷ്മി നായരുടെ രാജിയാണ്. ഇവര്‍ കൈരളി ടിവിയിലെ പാചകക്കസര്‍ത്തുകാരി മാത്രമല്ല. മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹാദരപുത്രിയാണ്. അതുകൊണ്ട് തന്നെയാവും ചുമ്മാതങ്ങ് ഇറങ്ങിപ്പോകില്ലെന്ന് ലക്ഷ്മി നായര്‍ പറയുന്നത്, ഇറങ്ങിപ്പോകണമെന്ന അഭിപ്രായം പാര്‍ട്ടിക്കില്ലെന്ന് കോടിയേരി മൊഴിയുന്നത്. പക്ഷെ ചോരച്ചാലുകള്‍ നീന്തിക്കയറിയ എസ്.എഫ്.ഐ പറഞ്ഞുപോയി, പാ(വാ)ചക റാണി കസേര വിടാതെ സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്ന്. അവരൊരു കസേര കത്തിച്ചതേയുള്ളൂ.
അതിശക്തരായ മലയാളി സ്ത്രീകളിലൊരാള്‍ തന്നെ ഡോ. ലക്ഷ്മിനായര്‍. സംസ്ഥാന രാഷ്ട്രീയത്തിലേതടക്കം അതികായന്മാര്‍ക്ക് നിയമബിരുദം കൊടുക്കുന്ന കലാലയത്തിന്റെ അധിപതിയായിരിക്കുമ്പോള്‍ തന്നെ ലോകത്തെല്ലായിടത്തും പറന്നു നടന്ന് തീനിന്റെയും കുടിയുടെയും മാന്ത്രികക്കാഴ്ചകളും വാക്കുകളും വേവിച്ചെടുക്കുന്ന അവരെ തെല്ല് അസൂയയോടെയല്ലാതെ കാണാനാവില്ലെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ പറയുന്നത്. സ്ത്രീകളുടെ കാര്യത്തില്‍ യാഥാസ്ഥികരും കപട സദാചാരക്കാരുമെന്ന് പുരുഷരെ വിലയിരുത്തുന്ന കേരളത്തിലെ സ്ത്രീകളില്‍ സിംഹ ഭാഗത്തിനും ലഭിക്കാത്ത സ്വാതന്ത്ര്യം വേഷത്തിലും ഭാവത്തിലും നോക്കിലുമെല്ലാം പുലര്‍ത്തുന്ന ലക്ഷ്മീനായരെ പറ്റി ലോ അക്കാദമിപ്പിള്ളേര്‍ പറയുന്നത് അത്ര രസകരമായ കാര്യമല്ല. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചു കണ്ടാല്‍ ശുണ്ഠി കാണിക്കുന്നു, പെണ്‍കുട്ടികള്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചത് കണ്ടാല്‍ കലി കയറി എതിര്‍ക്കുന്നു, സി.സി.ടി.വി ക്യാമറക്കണ്ണുകള്‍ പെണ്‍കുട്ടികളുടെ ശുചിമുറി വരാന്തയിലേക്ക് വരെ തിരിച്ചുവെക്കുന്നു, ഇഷ്ടക്കാര്‍ക്ക് ഇഷ്ടം പോലെ ഇന്റേണല്‍ മാര്‍ക്ക്, ഇഷ്ടമില്ലാത്തവരെ ഇന്റേണലിലെന്നല്ല, എഴുത്തുപരീക്ഷയിലും തോല്‍പിക്കുന്നു. പ്രിന്‍സിപ്പളാകും മുമ്പാണ് രണ്ടു വിദ്യാര്‍ഥികളെ തല്ലാന്‍ ഗുണ്ടകളെ വിട്ടുവെന്നതിന് ലക്ഷ്മി നായരെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. കൈരളി ടിവിയുടെ മാനേജിങ് ഡയരക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസിന് പോലും ഇഷ്ടം പോലെ ഹാജറും അത്ര തന്നെ ഇന്റേണല്‍ മാര്‍ക്കും നല്‍കിയെന്ന പരാതിയുണ്ട്. അതു കൊണ്ടൊന്നുമല്ല, ലക്ഷ്മി നായരുടെ വാര്‍ത്താ സമ്മേളനം ലൈവായി കൈരളി ടിവി കാണിച്ചതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി മിക്ക ട്രോളര്‍മാര്‍ക്കുമില്ല.
‘ഇതെന്റെ അഛന്റെ കോളജാണ്. എനിക്കിഷ്ടമുള്ളത് ചെയ്യും. എനിക്കൊപ്പം നിന്നാല്‍ കൊള്ളാം’ എന്ന് ലക്ഷ്മി നായര്‍ പറഞ്ഞതിന് വിദ്യാര്‍ഥികള്‍ എന്തിന് ശുണ്ഠിയെടുക്കുന്നു? തുടങ്ങിയത് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും എല്ലാമുള്ള ട്രസ്റ്റായാണെങ്കിലും ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ഭൂമി ആണെങ്കിലും പയ്യെപ്പയ്യെ കോളജ് കുടുംബ സ്വത്താക്കി മാറ്റുന്നതില്‍ കോലിയക്കോട് നാരായണന്‍ നായര്‍ എന്ന അഛന്‍ വിജയിച്ചിട്ടുണ്ട്. ഇടതു പക്ഷക്കാരനായ ഇദ്ദേഹത്തെ സര്‍ക്കാറുകള്‍ തിരുത്തിയുമില്ല. പാമ്പാടി കോളജിലെ ജിഷ്ണുവിന്റെ മരണമാണ് സ്വാശ്രയ കോളജിലെ വിദ്യാര്‍ഥി പീഡനത്തിലേക്ക് ശ്രദ്ധ തിരിച്ചത്. പക്ഷെ എത്തി നില്‍ക്കുന്നത് അമ്മഛന്റെ കോളജില്‍ മറ്റുള്ളവരെ പിന്തള്ളി മൂട്ട് കോര്‍ട്ട് കണ്‍വീനറും ട്രെയിനറുമായി നില്‍ക്കുന്ന ലക്ഷ്മിനായര്‍ മകന്‍ ജിഷ്ണുനായരിലാണ്.
അഛന്റെ കോളജായതുകൊണ്ട് ചാടിക്കേറി പ്രിന്‍സിപ്പലായതാണെന്നൊന്നും ധരിച്ചുകളയരുത്. തിരുവനന്തപുരം ഗവ. വനിതാ കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും തിരുപ്പതി എസ്.വി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം എല്‍.എല്‍.ബിയും എല്‍.എല്‍.എമ്മും (ഒന്നാം റാങ്ക്) മതേതരത്വത്തിന്റെ നിയമമാനങ്ങള്‍ എന്ന വിഷയത്തില്‍ ഗവേഷണ ബിരുദവും നേടിയ ലക്ഷ്മി നായര്‍ 1988ല്‍ ചരിത്രം ഗസ്റ്റ് ലക്ചററായാണ് ലോ അക്കാദമിയിലെത്തുന്നത്. 1990 ഓടെ വിഷയം നിയമമായി. 2004 ല്‍ മുഴുസമയ സ്ഥിരം ലക്ചററും 2007ല്‍ പ്രൊഫസറുമായി.
20 വര്‍ഷമായി കുക്കറി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകശ കമ്മീഷന്‍ കേസെടുത്തത് ദലിത് വിദ്യാര്‍ഥിയെ ഹോട്ടല്‍ ജോലിക്ക് നിര്‍ബന്ധിച്ചതിനും ജാതിപ്പേര് വിളിച്ചതിനുമാണ്. പാചകക്കാഴ്ചകളിലാണ് ലക്ഷ്മി നായര്‍ കേരളീയ ജീവിതത്തിന്റെ ഭാഗമായത്. കൈരളി ആരംഭിച്ചപ്പോള്‍ തന്നെ മാജിക് ഓവണ്‍ എന്ന പരിപാടിയുമായി ഇവരെത്തി. നാടന്‍, അന്താരാഷ്ട്ര വിഭവങ്ങള്‍ അവതരിപ്പിച്ച ഇവര്‍ ഇതിനെ #േവേഴ്‌സ് ഓഫ് ഇന്ത്യ എന്ന പേരില്‍ യാത്രക്കാഴ്ചകളായി പരിവര്‍ത്തിപ്പിച്ചു. ഭക്ഷണം മാത്രമല്ല സംസ്‌കാരവും ജീവിത രീതിയുമെല്ലാം വാക്കുകളിലും കാഴ്ചകളിലും ഉരുക്കഴിച്ച ഇവര്‍ പാചകറാണി റിയാലിറ്റിഷോക്കും അവസരമൊരുക്കി. ഇംഗ്ലീഷിലും മലയാളത്തിലുമായി പാചക വിധികള്‍ പുസ്തകങ്ങളായും വിപണിയിലെത്തി. ലോ അക്കാദമി വിവാദമുണ്ടായപ്പോള്‍ ഇന്റര്‍നെറ്റില്‍ മലയാളികള്‍ തെരഞ്ഞത് അവരുടെ ചിത്രങ്ങളായിരുന്നത്രെ. കഠിനാധ്വാനി, ബുദ്ധിമതി, സുന്ദരി എന്നിങ്ങനെയാണ് ശബ്ദകലാകാരിയും സ്ത്രീവാദിയുമായ ഭാഗ്യലക്ഷ്മി പോലും ലക്ഷ്മിനായരെ പരിചയപ്പെടുത്തുന്നതെന്നിരിക്കെ ശരാശരി പുരുഷന്‍മാരെ വെറുതെ വിടാം. ഇത്തിരി എരിവും പുളിയും ഏത് കേരള വിഭവത്തിലാണില്ലാത്തത്?

chandrika: