X

കള്ളപ്പണത്തിന്റെ കണക്കു പറയണം

കള്ളപ്പണം കണ്ടുകെട്ടാനും കള്ളപ്പണക്കാരെ കല്‍ത്തുറുങ്കിലടക്കാനുമെന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ നോട്ട് നിരോധം പൂര്‍ണ പരാജയമായിരുന്നുവെന്ന് തെളിയിക്കുന്ന റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിനെ വെട്ടില്‍ വീഴ്ത്തിയിരിക്കുകയാണ്. 99 ശതമാനം അസാധു നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന ആര്‍.ബി.ഐയുടെ സ്ഥിരീകരണമാണ് നരേന്ദ്രമോദിയുടെ പരിഷ്‌കാരം ചരിത്രത്തിലെ വലിയ മണ്ടത്തരമായിപ്പോയെന്ന് ബോധ്യപ്പെടുത്തുന്നത്. നോട്ട് നിരോധത്തെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് കൂടി വ്യക്തമാക്കിയ സാഹചര്യത്തില്‍ ജനങ്ങളോട് കുറ്റമേറ്റു പറയാന്‍ പ്രധാനമന്ത്രിക്ക് ധാര്‍മിക ബാധ്യതയുണ്ട്. നോട്ട് നിരോധത്തിലൂടെ കള്ളപ്പണം തടയാനാകുമെന്നും കള്ളനോട്ടും അഴിമതിയും ഭീകരവാദ പണമിടപാടും ഇല്ലാതാക്കാനാകുമെന്നും വീമ്പുപറഞ്ഞവര്‍ ആര്‍.ബി.ഐയുടെ വെളിപ്പെടുത്തലോടെ മാളത്തിലൊളിച്ചിരിക്കുകയാണ്.
2016 നവംബര്‍ എട്ടിന് അര്‍ധരാത്രിയാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. ഒരു മുന്നറിയിപ്പുമില്ലാതെ നടപ്പാക്കിയ ഈ തലതിരിഞ്ഞ സാമ്പത്തിക നയം രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിക്കുകയായിരുന്നു. നോട്ട് നിരോധം സ്യഷ്ടിച്ച ദുരിതത്തില്‍ നിന്ന് ഇപ്പോഴും ജനങ്ങള്‍ പൂര്‍ണമായും മുക്തരായിട്ടില്ല. ആവശ്യങ്ങള്‍ നിറവേറ്റാന്‍ പണമില്ലാതെ ആളുകള്‍ നെട്ടോട്ടമോടുന്ന അവസ്ഥ അതിദയനീയമായിരുന്നു. പണം മാറിയെടുക്കാന്‍ മണിക്കൂറുകളോളം ബാങ്കുകളുടെയും എ.ടി.എമ്മുകളുടെയും മുന്നില്‍ വരി നില്‍ക്കേണ്ട ഗതിവന്നു. വെയിലേറ്റ് വരിനിന്ന ആയിരക്കണക്കിനാളുകള്‍ തളര്‍ന്നുവീണു. നൂറുകണക്കിനു പേര്‍ക്ക് ജീവത്യാഗം വരിക്കേണ്ടി വന്നു. വന്‍കിട സ്ഥാപനങ്ങള്‍ മുതല്‍ കുടില്‍ വ്യവസായങ്ങള്‍ വരെ താഴിട്ടുപൂട്ടി. ഫാക്ടറികളില്‍ നിന്നു തൊഴില്‍ശാലകളില്‍ നിന്നും പതിനായിരക്കണക്കിന് തൊഴിലാളികള്‍ പടിയിറങ്ങി. ധനമിടപാട് കേന്ദ്രങ്ങള്‍ക്കു മുമ്പില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അവനവന്റെ അക്കൗണ്ടുകളില്‍ നിന്നു പണമെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ആദ്യ രാജ്യമായി ഇന്ത്യ മാറി. പിന്‍വലിക്കപ്പെട്ട നോട്ടുക്കള്‍ക്ക് പകരം നോട്ടുകള്‍ പുറത്തിറക്കാതെ കേന്ദ്ര സര്‍ക്കാറും ആര്‍.ബി.ഐയും ജനങ്ങളെ കണ്ണീരു കുടിപ്പിച്ചു. പെണ്‍മക്കളുടെ വിവാഹത്തിനു വേണ്ടി കരുതിവച്ച പണം കയ്യില്‍കിട്ടാതെ വന്നവര്‍ ഹൃദയംപൊട്ടി മരിച്ചു. വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിയാതെ കേന്ദ്ര സര്‍ക്കാര്‍ വെള്ളം കുടിച്ചു. സംഘടിതമായ സാമ്പത്തിക കൊള്ളയെന്ന് രാജ്യം കണ്ട എക്കാലത്തെയും മികച്ച ധനകാര്യ വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയും ആര്‍.ബി.ഐ ഗവര്‍ണറുമായിരുന്ന മന്‍മോഹന്‍സിങ് പരിഷ്‌കാരത്തെ പരിഹസിച്ചു. അമ്പത് ദിവസത്തിനകം പ്രശ്‌നപരിഹാരം കണ്ടില്ലെങ്കില്‍ തന്നെ തൂക്കിലേറ്റാമെന്ന് പ്രധാനമന്ത്രി വീരവാദം മുഴക്കി. അമ്പതും നൂറും ദിവസങ്ങള്‍ എണ്ണിയെണ്ണി രാജ്യം കാത്തിരുന്നെങ്കിലും നിരാശമാത്രം ബാക്കിയായി. പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ക്ക് പകരം രണ്ടായിരത്തിന്റെ പുതിയ നോട്ടുകള്‍ അച്ചടിച്ചെങ്കിലും ‘മണി മാര്‍ക്കറ്റി’ലെ അടിസ്ഥാന കറന്‍സികളുടെ അഭാവം അപ്പോഴും നിഴലിച്ചുനിന്നു. സാധാരണക്കാരന്‍ ആശ്രയിച്ചിരുന്ന സഹകരണ ധനമിടപാട് കേന്ദ്രങ്ങള്‍ പൂട്ടിക്കിടുന്നു. എന്തു സംഭവിക്കുന്നുവെന്ന് സുപ്രീംകോടതിയുടെ രൂക്ഷമായ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പരിഷ്‌കരണ വാദികള്‍ക്ക് ഉത്തരംമുട്ടി. പാര്‍ലമെന്റിന്റെ ഇരു സഭകളിലും നോട്ട് നിരോധനത്തിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാനാവാതെ ഭരണപക്ഷം തളര്‍ന്നു. സാമ്പത്തികമായി രാജ്യം തകരുന്നുവെന്ന് പ്രതിപക്ഷം അക്കമിട്ടു നിരത്തിയ വാദങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ മോദി സര്‍ക്കാര്‍ ആടിയുലഞ്ഞു. നോട്ട് നിരോധത്തിനു ശേഷമുള്ള ഒമ്പതു മാസക്കാലത്തിനിടെ ബാങ്കുകളുടെ നിയന്ത്രണവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പണത്തിന്റെ ലഭ്യതക്കുറവും കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി.
ഒടുവില്‍ കള്ളപ്പണക്കാരെ കയ്യാമം വെക്കാനായിരുന്നില്ല നോട്ട് നിരോധമെന്ന വിചിത്ര വാദവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. ‘കാഷ്‌ലെസ് ഇക്കോണമി’ എന്ന ‘മുയല്‍ക്കൊമ്പ്’ പിടിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ഇതും വിശദീകരിക്കും തോറും സങ്കീര്‍ണമാകുന്നത് രാജ്യം കണ്ടു. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം അവസാനിപ്പിച്ചുവെന്ന പരോക്ഷമായ പ്രഖ്യാപനങ്ങളായിരുന്നു പിന്നീട്. ‘ഇന്ത്യയുടെ നോട്ട് നിരോധന നടപടി ലോക സാമ്പത്തിക ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ളതായിരുന്നു. അസാധാരണമായ സ്ഥിതിവിശേഷമൊന്നും ഇല്ലാത്ത സമയത്ത് വളരെ രഹസ്യസ്വഭാവത്തോടെയും ഞൊടിയിടയിലുമാണ് ഇത്തരമൊരു തീരുമാനം നടപ്പാക്കപ്പെട്ടത്. സാധാരണയായി ഇത്തരം നടപടികളുണ്ടാവുന്നത് ഗുരുതരമായ പണപ്പെരുപ്പ പ്രതിസന്ധി, രാഷ്ട്രീയ അരക്ഷിതാവസ്ഥ, യുദ്ധങ്ങള്‍ തുടങ്ങിയവ ഉണ്ടാകുന്ന സാഹചര്യങ്ങളിലാണ്. ഇതുവരെ ആരും ചെയ്യാത്ത രീതിയില്‍ നടപ്പാക്കിയ പരിഷ്‌കാരം ദുരിതങ്ങള്‍ ഇനിയും വിളിച്ചുവരുത്തും’- നോട്ട് നിരോധത്തിനു ശേഷം രാജ്യത്തിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടതാണ് ഇക്കാര്യങ്ങളെല്ലാം. ഇവയില്‍ ഏതാണ്ടെല്ലാം പുലര്‍ന്നുകണ്ടതിനു ശേഷമാണ് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നത്. നോട്ട് നിരോധനം സമ്പൂര്‍ണ പരാജയമാണെന്ന് ആര്‍.ബി.ഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. നിരോധിക്കപ്പെട്ട 15.44 ലക്ഷം കോടി മൂല്യമുള്ള 500,1000 രൂപ കറന്‍സികളില്‍ 15.28 ലക്ഷം കോടിയുടെ നോട്ടുകളും തിരിച്ചെത്തിയെന്ന് കണക്കുകള്‍ പറയുന്നു. 2016 നവംബര്‍ എട്ടു മുതല്‍ 2017 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ബാങ്കുകളില്‍ തിരിച്ചെത്തിയ നോട്ടുകളുടെ കണക്കാണിത്. അസാധുവാക്കിയ ആയിരത്തിന്റെ 9 ദശലക്ഷം നോട്ടുകളില്‍ 8,900 കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ് ഇനി തിരിച്ചെത്താനുള്ളത്. ഈ 1.4 ശതമാനം നോട്ടുകളില്‍ തിരിച്ചുവരവ് തീരെ പ്രതീക്ഷിക്കാതിരിക്കാനാവില്ലെന്നര്‍ത്ഥം.
നോട്ട് നിരോധത്തിലൂടെ തിരിച്ചെത്തിയ പണത്തിന്റെ കണക്ക് ഇതുവരെ പുറത്തുവിടാതിരുന്ന ആര്‍.ബി.ഐ നിലപാടായിരുന്നു മോദി സര്‍ക്കാറിനെ സംരക്ഷിച്ചുനിര്‍ത്തിയ പ്രധാന ഘടകം. കള്ളപ്പണത്തിന്റെ കണക്കുകള്‍ എത്ര എന്ന ചോദ്യത്തിനു മുമ്പിലും വ്യക്തമായ മറുപടി ആര്‍.ബി.ഐ നല്‍കിയിരുന്നില്ല. എന്നാല്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 99 ശതമാനം നിരോധിത നോട്ടുകളും തിരിച്ചെത്തി എന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇനി കേന്ദ്ര സര്‍ക്കാറിന് മുടന്തന്‍ ന്യായങ്ങള്‍ നിരത്തി രക്ഷപ്പെടാനാവില്ല. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തി, ജീവിതവും, ജീവിത സ്വപ്‌നങ്ങളും തച്ചുതകര്‍ത്തു നടപ്പാക്കിയ പരിഷ്‌കാരത്തിന് പരിണിത ഫലം എന്തെന്നു വ്യക്തമാക്കാന്‍ പ്രധാനമന്ത്രി തയാറാവേണ്ടതുണ്ട്. അല്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയാകെ തകിടം മറിച്ച തലതിരിഞ്ഞ പരിഷ്‌കാരത്തിന്റെ പാപം ഏറ്റു പറഞ്ഞ് പൊതുജനങ്ങളോട് മാപ്പു പറയുകയാണ് വേണ്ടത്. നോട്ട് ദുരിതത്തിന്റെ നീറുന്ന വ്യഥകളില്‍ രാജ്യം വിങ്ങിപ്പൊട്ടുമ്പോള്‍ ജപ്പാനില്‍ പോയി വീണ വായിച്ച പ്രധാനമന്ത്രിയില്‍ ഇത് പ്രതീക്ഷിക്കുന്നത് അതിമോഹമാണെന്ന കാര്യം അറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ. പ്രധാനമന്ത്രി മാപ്പു പറയാതെ രാജ്യം ഈ മഹാപാപം പൊറുക്കില്ല, തീര്‍ച്ച.

chandrika: