X
    Categories: Video Stories

ഏകകക്ഷിയില്‍ നിന്ന് ഏക വ്യക്തിയിലേക്ക്

ചര്‍ച്ചകളില്ല, വാദപ്രതിവാദങ്ങളില്ല, വോട്ടുപിടിത്തമില്ല. സാമാജികരുടെ കയ്യില്‍ ഓരോ വെള്ളപേപ്പറും പേനയും മാത്രം. ചൈനയുടെ പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ ഞായറാഴ്ച ചരിത്ര പ്രാധാന്യമുള്ളൊരു നിയമം മൃഗീയഭൂരിപക്ഷത്തോടെ പാസാക്കപ്പെട്ട പശ്ചാത്തലമാണിത്. ആധുനിക ചൈനയുടെ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവിന് കാരണമായ ഭരണ പരിഷ്‌കാരമാണ് പ്രസിഡന്റ് ഷീ ജിന്‍പിങിന് ആജീവനാന്ത സര്‍വാധികാരം നല്‍കിക്കൊണ്ടുള്ള നിയമഭേദഗതി. 2964 പേരില്‍ രണ്ടു പേര്‍ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും മൂന്നു പേര്‍ വിട്ടുനിന്നെന്നുമാണ് വാര്‍ത്ത. ജനാധിപത്യത്തെ പരിഹസിക്കുമാറ് സത്യത്തില്‍ ഇത്തരമൊരു വോട്ടെടുപ്പുനാടകം തന്നെ ആവശ്യമുണ്ടായിരുന്നോ? രാജ്യം ഭരിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ തലവനും ഇനി മരണംവരെ ഷീ ആയിരിക്കും. കമ്യൂണിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്ക് ചുവടുവെച്ചുവരുന്ന ചൈനയെ സംബന്ധിച്ച് വലിയ രാഷ്ട്രീയ-സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉളവാക്കാവുന്ന നിയമമാണ് 138 കോടി ജനതയെ മൂകസാക്ഷിയാക്കി നിര്‍ത്തിക്കൊണ്ട് ഭരണ നേതൃത്വം ലോകത്തിനുമുമ്പാകെ മുന്നോട്ടുവെച്ചിരിക്കുന്നത്. പാര്‍ട്ടിയുടെയും ജനങ്ങളുടെയും പൊതു ആഗ്രഹമാണ് സാധിതമായിരിക്കുന്നതെന്നാണ് ഷീ അനുകൂലികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ചൈനീസ് യൂത്ത്‌ഡെയ്‌ലിയുടെ മുന്‍ പത്രാധിപര്‍ ലീ ദാറ്റോങ് പറയുന്നതുപോലെ ഇത് ഷീയുടെ ‘സ്വന്തം കുഴി തോണ്ടല്‍’ ആകുമോ എന്നാണ് പലരും ആരായുന്നത്.
രണ്ടു തവണയായി 2023 വരെ തുടരാനാകുമായിരുന്നെങ്കിലും അതിന് അഞ്ചുകൊല്ലം മുമ്പുതന്നെ മരണംവരെ പ്രസിഡന്റ് എന്ന നിയമനിര്‍മാണം നടത്തിയത് അറുപത്തിനാലുകാരനായ ഷീയുടെ അധികാരക്കൊതിയോ സഹപ്രവര്‍ത്തകരുടെ മേലുള്ള അവിശ്വാസ്യതയോ. ഏകകക്ഷി ഭരണത്തില്‍നിന്ന് ഏക വ്യക്തി ഭരണത്തിലേക്കുള്ള ഷീയുടെ പോക്ക് അഴിമതിയെ വ്യക്തിയിലേക്ക് കുടിയിരുത്തുന്നതാകുമോ. കമ്യൂണിസ്റ്റ് വിപ്ലവകാരിയും ചൈനീസ് തലവനുമായിരുന്ന മാവോസേദുങിന്റെ ചിന്താധാരയായിരുന്നു ആധുനിക ചൈനയുടെ ഗതിവിഗതികള്‍ക്ക് ആധാരമായതെങ്കില്‍ അദ്ദേഹം മരിച്ച് എഴുപതു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിഡന്റ് ‘ഷീ ചിന്താധാര’ യെയാണ് മാവോക്ക് പകരമായി ആ രാജ്യം ഇപ്പോള്‍ എടുത്തണിഞ്ഞിട്ടുള്ളത്. ഒരാള്‍ക്ക് രണ്ടു തവണ മാത്രമേ പ്രസിഡന്റായി തുടരാനാകൂ എന്ന വ്യവസ്ഥ 1982ലാണ് അന്നത്തെ ഭരണത്തലവന്‍ ദെങ് ഷിയാവോപിങ് നടപ്പാക്കിയത്.
ആയുധ ബലംകൊണ്ട് തനിക്ക് താഴെയുള്ളവരെയും ജനങ്ങളെയും രാജ്യത്തെയും പിടിച്ചുകെട്ടി ഭരിക്കുന്ന ഏകാധിപതികളുടെ ഗണത്തിലേക്ക് സ്വയം എടുത്തെറിഞ്ഞിരിക്കുകയാണ് ഷീ പിങ് ഇതിലൂടെ. ലോകത്തെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളും ഭരണാധികാരികളും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്നതിന് എണ്ണമറ്റ ദൃഷ്ടാന്തങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ലോകത്ത് സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെ പല കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ക്യൂബയിലുമൊക്കെയായി നിലവിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് ഭരണം പിടിച്ചുനിന്നത് ജനങ്ങള്‍ക്ക് അവര്‍ നല്‍കിയ സ്ഥിതിസമത്വ പൂര്‍ണമായ ജീവിത സൗകര്യങ്ങള്‍ മൂലമായിരുന്നു. എന്നാല്‍ ഈ ഔദാര്യം അധികാര കേന്ദ്രീകരണത്തിലേക്കും പിന്നീട് ഏകച്ഛത്രാധിപത്യത്തിലേക്കും വഴിമാറിയതായിരുന്നു തൊണ്ണൂറുകളില്‍ കണ്ട കൂട്ടകമ്യൂണിസ്റ്റ് ഭരണത്തകര്‍ച്ചകള്‍. സോവിയറ്റ് യൂണിയനിലേക്ക് ചൂണ്ടി അഹങ്കരിച്ച കമ്യൂണിസ്റ്റുകള്‍ക്ക് ഏറ്റ കടുത്ത തിരിച്ചടിയായിരുന്നു ആ രാജ്യത്തിന്റെ തുണ്ടം തുണ്ടമായുള്ള പിരിഞ്ഞുപോക്ക്. വഌദിമീര്‍ ലെനിനും ജോസഫ് സ്റ്റാലിനുമൊക്കെ പട്ടിണിക്കിട്ടും ലക്ഷക്കണക്കിന് സ്വദേശികളെ കൂട്ടക്കുരുതി നടത്തിയും ഭരിച്ച രാജ്യങ്ങള്‍ ഇന്ന് സ്വാതന്ത്ര്യത്തിന്റെ ഉച്ഛ്വാസ വായു നുണയുകയാണ്. ഇതിന്റെ തുടര്‍ച്ചയായി 1989ല്‍ ചൈനയിലെ ടിയാനനെന്‍മെന്‍ ചത്വരത്തില്‍ യുവാക്കള്‍ നടത്തിയ പ്രതിഷേധ പ്രകടനം ലോക ജനാധിപത്യ വാദികളില്‍ പ്രത്യാശ ജനിപ്പിച്ചെങ്കിലും അവരെ തോക്കിന്‍ തിരകള്‍ കൊണ്ട് എന്നെന്നേക്കുമായി നാമാവശേഷമാക്കുകയായിരുന്നു ചൈനീസ് ഭരണകൂടം. അതിന്റെ വഴിയേയാണ് ഇന്ന് സോഷ്യലിസ്റ്റ്ചിന്തയുടെ പേരു പറഞ്ഞ് മറ്റൊരേകാധിപത്യത്തിന്റെ വേരുമുളപ്പിക്കാന്‍ നോക്കുന്നത്. ചൈനയുടെ ചരമ ഗീതമാകുമോ ഇതെന്നാണ് പാശ്ചാത്യ മാധ്യമങ്ങളൊന്നാകെ ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ മാസം ചൈനയിലെ ഒരു പ്രവിശ്യയില്‍ കുട്ടികളെ മദ്രസകളിലേക്ക് പോകുന്നത് തടഞ്ഞുകൊണ്ട് അധികാരികള്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അതിനുമുമ്പുതന്നെ റമസാന്‍ വ്രതം പോലുള്ള അനുഷ്ഠാനങ്ങളെ വിലക്കാനും ഭരണകൂടം തയ്യാറായി. മാധ്യമങ്ങള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ പറ്റാത്തഅവസ്ഥ ചൈനയിലുണ്ടായിട്ട് പതിറ്റാണ്ടുകളായി. അവരുടെ മുറിക്കുള്ളില്‍ വരെ ചാരക്കണ്ണുകള്‍ എത്തിനോക്കുന്നു. ഏതാണ്ട് ജന്മി ഭൂപ്രഭുത്വ കാലത്തെ മാടമ്പി ഭരണത്തിലേക്കാണ് ചൈനയെ ആധുനിക കമ്യൂണിസ്റ്റുകള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇത് മത വിശ്വാസികളുടെയും ജനാധിപത്യ വാദികളുടെയും യുവാക്കളുടെയും ഇടയില്‍ വലിയ നിരാശയാണുണ്ടാക്കിയിരിക്കുന്നത്. പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്തുമെന്നതിന്റെ സൂചനയാണ് നിയമ ഭേദഗതിയെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട എതിര്‍ശബ്ദങ്ങളെയാകെ നീക്കംചെയ്ത ഭരണകൂട നടപടി. ചില വിദേശ സര്‍വകലാശാലകളുടെ കാമ്പസുകളില്‍ ‘എന്റെ പ്രസിഡന്റല്ല, ഞാന്‍ വിയോജിക്കുന്നു’ എന്നീ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
പാക്കിസ്താന്റെയും മസൂദ് അസ്ഹറിന്റെയും മറ്റും കാര്യത്തില്‍ നമ്മുടെ എതിര്‍ പക്ഷത്താണ് ചൈന. ദക്ഷിണ ചൈനീസ് കടലിലും ഭൂട്ടാന്‍ അതിര്‍ത്തിയിലെ ദോക്‌ലാമിലും മറ്റും ആരാജ്യം നടത്തിവരുന്ന സൈനികാഭ്യാസങ്ങള്‍ ഇന്ത്യയുടെ അഖണ്ഡതക്ക് വലിയ വെല്ലുവിളിയാണ്. പ്രതിഷേധിച്ചിട്ടും ദോക്‌ലാമില്‍ പാത പണിയുമായി മുന്നോട്ടുപോകുകയാണ് ചൈനയെന്ന് നമ്മുടെ പ്രതിരോധമന്ത്രി കൈമലര്‍ത്തുന്നു. 2035 ആകുമ്പോള്‍ രാജ്യത്തെ ഏതു യുദ്ധവും ജയിക്കാന്‍ ശേഷിയുള്ളതാക്കുമെന്ന് ഷീ ഇതിനകം വീമ്പിളക്കിയിട്ടുണ്ട്. വിപണി തുറന്നുകൊടുത്തെങ്കിലും അഞ്ചു കൊല്ലം കഴിഞ്ഞിട്ടും കാര്യമായ പുരോഗതി രാജ്യത്തുണ്ടായിട്ടില്ലെന്നതാണ് ഷീയും ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും നേരിടുന്ന വെല്ലുവിളി. അതേസമയം കൂടുതല്‍ ഭരണ പരിഷ്‌കാരങ്ങള്‍ അദ്ദേഹം പ്രഖ്യാപിക്കാനിടയുമുണ്ട്. ലോകത്തെ മൂന്നിലൊന്നുവരുന്ന, പകുതിയോളം ദരിദ്രനാരായണന്മാരുള്ള മേഖലയില്‍ ജനക്ഷേമം ഉറപ്പുവരുത്തുന്നതിനുപകരം ആരായാലും അമിതാധികാരം കൈക്കലാക്കുന്നത് തീക്കളിയാണ്. ചൈനീസ് ഇരുമ്പുമറകള്‍ തകര്‍ത്ത് ജനാധിപത്യത്തിന്റെ കുളിര്‍കാറ്റ് മഞ്ഞക്കടല്‍തീരത്ത് വീശിയടിക്കുമോ എന്നാണ് ഇനി നോക്കാനുള്ളത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: