X

നീതിന്യായ വ്യവസ്ഥയെ അപകടപ്പെടുത്തരുത്

 

അസാധാരണമായ സംഭവവികാസങ്ങള്‍ക്കാണ് രാജ്യം വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രണ്ട് കോടതികളിലെ നടപടികള്‍ അവസാനിപ്പിച്ച് വാര്‍ത്താസമ്മേളനം വിളിച്ചു സുപ്രീംകോടതി നടപടികളില്‍ സുതാര്യതയില്ലെന്ന് ജനങ്ങളോട് വ്യക്തമാക്കുകയായിരുന്നു. കോടതികള്‍ നിര്‍ത്തിവെക്കുക, ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിക്കുക എന്നീ അസാധാരണ സംഭവങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യമാണ് ജഡ്ജിമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ജസ്റ്റിസ് ചെലമേശ്വര്‍, മദന്‍ ബി.ലൊക്കൂര്‍, രഞ്ജന്‍ ഗൊഗോയി, മലയാളിയായ കുര്യന്‍ ജോസഫ് എന്നിവരാണ് മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.

കുറച്ചുനാളുകളായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ചൂഴ്ന്നുനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളുടെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. തങ്ങള്‍ നിശബ്ദരായിരുന്നെന്ന് പിന്നീട് ആരും കുറ്റപ്പെടുത്തരുതെന്ന മുഖവുരയോടെയാണ് ഇവര്‍ പരസ്യപ്രതികരണത്തിനു തുനിഞ്ഞതെന്നത് പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നതാണ്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പൊട്ടിത്തെറി എന്നത് സംഭവത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്‍ ഷൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണം ഏറെ രാഷട്രീയ വിവാദം ഉയര്‍ത്തിയിരുന്നു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കഠാരിയ തുടങ്ങിയവര്‍ പ്രതികളായിരുന്ന കേസാണിതെന്നത് സംഭവത്തിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നുണ്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ജുഡീഷ്യറിക്ക് മാത്രമേ ജനാധിപത്യം സംരക്ഷിക്കാനാവൂവെന്ന ചെലമേശ്വറിന്റെ വാക്കുകള്‍ രാജ്യം ഭയത്തോടെയും ഒപ്പം തെല്ല് ആശ്വാസത്തോടെയുമാണ് കേട്ടത്. രാജ്യം ഫാസിസ്റ്റ് കരങ്ങളില്‍ ഞെരിഞ്ഞമരുന്ന ഈ കാലത്ത് സമാധാന കാംക്ഷികളായ ജനകോടികള്‍ ജുഡീഷ്യറിയിലായിരുന്നു മുഴുവന്‍ പ്രതീക്ഷയും അര്‍പ്പിച്ചിരുന്നത്. ആ പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടിയിരിക്കുന്നുവെന്നാണ് ജഡ്ജിമാരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതോടൊപ്പം അനീതിക്കെതിരെ പ്രതികരിക്കാന്‍ നാല് പേര്‍ ധൈര്യത്തോടെ മുന്നോട്ടുവന്നത് തിരി പൂര്‍ണമായി കെട്ടുപോയിട്ടില്ലെന്നതിന്റെ നല്ല സൂചനയാണ്.

കോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെങ്കില്‍ ജനാധിപത്യം തകരുമെന്ന് പരമോന്നത കോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ ഒരേ മനസ്സോടെ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ വ്യക്തമായ ആപത് സൂചനയുണ്ട്. ക്രമരഹിതമായ പ്രവര്‍ത്തനങ്ങളാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന വാക്കുകള്‍ ഏറെ ഗൗരവതരമാണ്; അക്രമത്തിന്റെയും ഹിംസയുടെയും ഉന്മൂലനത്തിന്റെയും വക്താക്കള്‍ നേതൃത്വം നല്‍കുന്ന ഫാസിസ്റ്റ് ശക്തികളാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നത് എന്നുകൂടി കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. ഒട്ടും സന്തോഷത്തോടെയല്ലെങ്കില്‍ പോലും കോടതിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനാണ് ഈ പരസ്യ പ്രതികരണമെന്നും ഇനി ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ജഡ്ജിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു വിഷയത്തില്‍ അഭിപ്രായ വ്യത്യാസമറിയിച്ച് ചീഫ് ജസ്റ്റിസിന് നാലുപേരും കൂടി ഒപ്പിട്ട കത്ത് നല്‍കിയിരുന്നതായി ഇവര്‍ പറയുന്നു. പലതവണ നേരിട്ടു കാണുകയും ചെയ്തു. ഇന്നലെയും കണ്ടിരുന്നു. ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടെന്നും അവസാനമാണ് ഇത്തരത്തിലൊരു സമീപനം സ്വീകരിച്ചതെന്നും ജഡ്ജിമാര്‍ വെളിപ്പെടുത്തി. കേസുകള്‍ കൈമാറുന്നതില്‍ തന്നിഷ്ടം കാണിക്കുന്നു എന്ന് വ്യക്തമാക്കി മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം മുതല്‍ മെഡിക്കല്‍ കോഴ വരെയുണ്ട്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രതിപ്പട്ടികയിലുള്ള വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ട സി.ബി.ഐ ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ചിനു നല്‍കാതെ ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള പത്താം നമ്പര്‍ കോടതിക്ക് കൈമാറി എന്നതാണ് കത്തിലെ പ്രധാന ആരോപണം.

ഒരോ കേസും എങ്ങനെ ആര്‍ക്ക് കൈമാറണമെന്നതിന് കൃത്യമായ വ്യവസ്ഥയുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം കേസുകള്‍ ബെഞ്ചിന് കൈമാറുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ജഡ്ജിമാരുടെ നിലപാട്. മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ ചീഫ് ജസ്റ്റിസ് അടക്കം സുപ്രീംകോടതി ജഡ്ജിമാര്‍ കോഴ വാങ്ങിയെന്ന പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹരജി നേരത്ത, ചെലമേശ്വറിന്റെ ബെഞ്ച് മുമ്പാകെ വന്നിരുന്നു. ഈ ഹരജി ഭരണഘടനാബെഞ്ചിന് വിടുകയും കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ചെലമേശ്വര്‍ ഉത്തരവിട്ടു. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കി കേസ് വിപുലമായ മറ്റൊരു ബെഞ്ചിന് കൈമാറുകയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചെയ്തത്. താനാണ് സുപ്രീംകോടതിയിലെ പരമാധികാരി എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പിന്നീട് ഹരജി തള്ളിപ്പോയി. ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധമാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോടതിയുടെ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ചീഫ് ജസ്റ്റിസിന് അധികാരമുണ്ട്. എന്നാല്‍ ഇത് പരമാധികാരമല്ലെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെയുള്ള കേസ് ആര് കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് തന്നെ തീരുമാനിക്കുന്ന അവസ്ഥയിലെത്തിയതോടെയാണ് മുതിര്‍ന്ന ജഡ്ജിമാര്‍ അസ്വസ്ഥരായത്. ജഡ്ജിമാരുടെ അഴിമതി വെളിച്ചത്തുകൊണ്ടുവന്ന ജസ്റ്റിസ് കര്‍ണന്റെ അറസ്റ്റിലും ശക്തമായ പ്രതിഷേധമാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചത്.

കൊളീജയത്തിന്റെ മെമ്മോറാന്‍ഡം ഓഫ് പ്രൊസീജിയവുമായി ബന്ധപ്പെട്ട് അടിയന്തിര തീരുമാനം കോടതി കൈക്കൊള്ളണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. സുതാര്യമല്ലാത്ത പ്രവര്‍ത്തനമാണ് കൊളീജിയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന അഭിപ്രായം നേരത്തെ തന്നെ ഉണ്ടായിരുന്നു. കൊളീജിയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ചെലമേശ്വര്‍ തന്റെ എതിരഭിപ്രായം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറുമുണ്ടായിരുന്നില്ല. ഒരു കൊല്ലമായി ഇതാണ് തുടര്‍ന്നുവരുന്ന സ്ഥിതി. കഴിഞ്ഞ ദിവസം രണ്ടു പേരെ സുപ്രീം കോടതി ജസ്റ്റിസുമാരാക്കി കൊളീജിയത്തിന്റെ തീരുമാനം വന്നിരുന്നു. ഏതാനും ഹൈക്കോടതി ജസ്റ്റിസുമാരെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ടും തീരുമാനമെടുത്തിരുന്നു.
ഭരണത്തിലേറി വൈകാതെ തന്നെ ജുഡീഷ്യറിയില്‍ കൈവെക്കാന്‍ ശ്രമിച്ച ബി.ജെ.പി സര്‍ക്കാറിന് അവസരം മുതലെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പാലിക്കേണ്ട സന്ദര്‍ഭമാണിത്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ അത് ചെയ്തില്ലെങ്കില്‍ ഒരു രാജ്യം തന്നെ ഇല്ലാതാകും. അതിന് അവസരം ഒരുക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

chandrika: