X

വാനോളമുയരുന്ന ഇന്ത്യ-റഷ്യ ബന്ധം

ഇന്ത്യയും റഷ്യയും തമ്മില്‍ ഒപ്പുവെച്ച എസ് -400 ട്രയംഫ് മിസൈല്‍ സാങ്കേതികവിദ്യാകരാര്‍ നമ്മുടെ പ്രതിരോധ രംഗത്ത് വലിയ പ്രതീക്ഷകള്‍ക്ക് സാധ്യത നല്‍കുന്നുവെന്ന് മാത്രമല്ല, പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ഊഷ്മളമായ പാരസ്പര്യത്തിലേക്ക് കണ്ണി ചേര്‍ക്കപ്പെടുകകൂടിയാണ് പുതിയ കരാര്‍. 39,000 കോടി രൂപയുടെ കരാര്‍ അനുസരിച്ച് രണ്ടു വര്‍ഷത്തിനകം അഞ്ച് യൂണിറ്റ് പടുകൂറ്റന്‍ അതിസാങ്കേതിക വിദ്യാ മിസൈല്‍ സംവിധാനമാണ് ഇന്ത്യക്ക് റഷ്യ കൈമാറുക. ശത്രുവിമാനങ്ങളില്‍നിന്ന്‌വരുന്ന മിസൈലുകളെ 400 കിലോമീറ്റര്‍ ദൂരത്തുനിന്നുതന്നെ നിര്‍വീര്യമാക്കാന്‍ ഇതിനാകും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നടത്തിയ ഇന്ത്യാസന്ദര്‍ശനത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച ഇത്രയും വലിയ കരാറിന് രൂപം നല്‍കിയതും ഇരുരാജ്യങ്ങളുടെ ഭരണാധികാരികള്‍ തമ്മില്‍ ഒപ്പുവെച്ചതും. ഇന്ത്യയുടെ പ്രതിരോധ രംഗത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി നിലനില്‍ക്കുന്ന മാന്ദ്യവും അയല്‍ രാജ്യങ്ങളുമായുള്ള ഈ മേഖലയിലെ അസന്തുലിതാവസ്ഥയുമാണ് ഇത്തരമൊരു കരാറിലേക്ക് വഴിവെച്ചത്. ഈ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന നാളുകളില്‍ ഇന്ത്യ-റഷ്യ ബന്ധം സുദൃഢമാകുമെന്നതിനുപുറമെ, മറ്റൊരു ലോക വന്‍ശക്തിയായ അമേരിക്കയില്‍നിന്നുള്ള ഭീഷണിയെയും നാം പുതിയ പര്യാലോചനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.
പുടിനും നരേന്ദ്രമോദിയും തമ്മില്‍ ഒപ്പുവെച്ച ഊര്‍ജവും ഹെലികോപ്റ്ററുകളുമടക്കമുള്ള പുതിയ കരാറുകള്‍ക്ക് പുറമെയാണ് എസ്-400 മിസൈല്‍ സാങ്കേതിക വിദ്യാകൈമാറ്റം. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി തുടര്‍ന്നുവന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത്തരമൊരു കരാറിന് സാധ്യമായത്. ഇന്ത്യ റഷ്യയുമായി നടത്തിവരുന്ന ഇത്തരം വ്യാപാര സഹകരണ ബന്ധങ്ങള്‍ അമേരിക്കയെയും അതിന്റെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ചൊടിപ്പിക്കുന്നുണ്ടെന്നതിന് തെളിവാണ് കഴിഞ്ഞയാഴ്ച ട്രംപ് നടത്തിയ ഇന്ത്യാ വിരുദ്ധ പ്രസംഗം. ഇന്ത്യ നികുതിയുടെ കാര്യത്തില്‍ രാജാവാണെന്നായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തല്‍. അതിനുമുമ്പുതന്നെ ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതി വസ്തുക്കള്‍ക്ക് വന്‍തോതില്‍ നികുതി ചുമത്തുകയും ചെയ്തിരുന്നു അമേരിക്ക. അതിന് ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയും ചെയ്തു. എസ് 400 മിസൈല്‍ സാങ്കേതിക വിദ്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ അനിവാര്യതയായാണ് ഇന്ത്യന്‍ പ്രതിരോധ മേഖല വിലയിരുത്തുന്നത്. ചൈനയും പാക്കിസ്താനുമൊക്കെ മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഏറെ മുന്നോട്ടുപോകുമ്പോള്‍ അനങ്ങാതിരിക്കാന്‍ നമുക്കാവില്ലതന്നെ. രണ്ടു വര്‍ഷം മുമ്പുതന്നെ ചൈന റഷ്യയില്‍നിന്ന് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം സ്വായത്തമാക്കിയിരുന്നു. അതേതുടര്‍ന്നായിരുന്നു ഇന്ത്യയുടെ നീക്കം. ചൈനയുമായി ദോക്്‌ലാം വിഷയത്തിലും അരുണാചല്‍ പ്രദേശിന്റെയും ലഡാക്കിന്റെയും കാര്യത്തിലും വലിയ തോതിലുള്ള ഭീഷണിയാണ് ഇന്ത്യ ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ദോക്്‌ലാമില്‍നിന്ന് ചൈന പുറകോട്ടുപോയെന്ന് പറയപ്പെട്ടെങ്കിലും ഇപ്പോഴും അവരുടെ സൈന്യത്തെ അവിടെ വിന്യസിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനക്കെതിരെ അമേരിക്ക ഇതിനകം വലിയതോതിലുള്ള ഉപരോധമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ട്രംപ് വന്നതിനുശേഷം ഇരു രാജ്യങ്ങളും തമ്മില്‍ രൂക്ഷമായ നികുതി വര്‍ധനാ ഏറ്റുമുട്ടലിലേക്ക് മാറിയിരുന്നു. ഇതെല്ലാം ഒരു കണക്കിന് അമേരിക്കയെ ഇന്ത്യയുമായി കൂടുതല്‍ അടുപ്പിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞയാഴ്ചത്തെ പുടിന്‍-നരേന്ദ്ര മോദി ഉച്ചകോടിയും എസ് 400 കരാറും അമേരിക്കന്‍ ഭരണകൂടത്തെ വലിയതോതിലുള്ള അസംതൃപ്തിക്കും അരിശത്തിനും ഇടയാക്കിയിട്ടുണ്ടെന്ന് ന്യായമായും ഊഹിക്കാനാകും. എന്നാല്‍ ഇതില്‍ ഇന്ത്യക്കുള്ള മെച്ചമെന്നുപറയുന്നത് ഒരേസമയം ചൈനയെയും ഇന്ത്യയെയും പിണക്കാന്‍ അമേരിക്കക്കാവില്ലെന്നതാണ്.
ഏഷ്യയിലെ രണ്ടു പ്രബല ശക്തികളും ജനസംഖ്യകൊണ്ട് വലിയ ഉപഭോക്തൃ സാമ്പത്തിക മേഖലയുമായ ഇരുരാജ്യങ്ങളെയും ഒരേ സമയം പിണക്കിയാല്‍ തങ്ങളുടെ സാമ്പത്തികവും സൈനികവുമായ താല്‍പര്യങ്ങള്‍ക്ക് അത് വിലങ്ങുതടിയാകുമെന്ന് അറിയാന്‍ കഴിയാത്ത വരല്ല വൈറ്റ്ഹൗസ് ഭരണകര്‍ത്താക്കള്‍. അവര്‍ അതുകൊണ്ടുതന്നെ ഇന്ത്യ-റഷ്യ കരാറിനെ വളരെ പക്വതയോടെയാണ് വിലയിരുത്തുന്നതും അതിന്മേല്‍ പ്രതികരണം നടത്തിയിരിക്കുന്നതും. റഷ്യയുമായി ഇന്ത്യക്ക് സ്വാതന്ത്ര്യകാലത്ത് തന്നെയുള്ള സാമ്പത്തികവും ആശയപരവുമായ ബന്ധമാണ് ഉള്ളതെന്നത് അമേരിക്കക്ക് മറച്ചുവെക്കാനാവില്ല. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ സോഷ്യലിസ്റ്റ് സമ്പദ് നയങ്ങളും പഞ്ചവല്‍സര പദ്ധതികളും റഷ്യയില്‍നിന്ന് സ്വാംശീകരിക്കുകയും ആയത് ഇക്കഴിഞ്ഞ കാലം വരെ നടപ്പാക്കുകയും ചെയ്ത നാടാണ് ഇന്ത്യ. മോദിയുടെയും പുടിന്റെയും പരസ്പരാശ്ലേഷത്തിനുള്ളില്‍ ആ മഹത് പാരമ്പര്യത്തിന്റെ തികട്ടലുകളുണ്ടെന്നത് വാസ്തവംമാത്രം. ഇനി ചൈനക്കെതിരെ അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ള ഉപരോധം ഇന്ത്യക്കെതിരായി പ്രയോഗിക്കാതിരിക്കാന്‍ പാക്കിസ്താനോടുള്ള അമേരിക്കന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ കഴിയുമോ എന്നതും സംശയകരമാണ്. അടുത്തിടെയാണ് ട്രംപ് ഭരണകൂടം പാക്കിസ്താനുള്ള 2200 കോടിയുടെ സഹായധനം പിന്‍വലിച്ചതായി പ്രഖ്യാപനം നടത്തിയത്. ഇന്ത്യ ഇപ്പോഴും പാക്കിസ്താന്റെ ഭീകരതക്കുള്ള പിന്തുണയെ അമേരിക്കയെ ഉപയോഗിച്ച് പ്രതിരോധത്തിലാക്കുകയുമാണ്. ഇവിടെയാണ് പെട്ടെന്നൊരു ഭീഷണി ട്രംപില്‍നിന്ന് നമുക്ക് ഭയക്കേണ്ടതില്ലാത്തത്. ഇനി 2020ലാവും എസ് 400 സംവിധാനം ഇന്ത്യയിലേക്ക് പൂര്‍ണമായും എത്തുക എന്ന സവിശേഷതയും കരാറിലുണ്ട്. അതുവരെയെങ്കിലും ഇന്ത്യക്കെതിരെ വിരലനക്കാന്‍ അമേരിക്കക്കാവില്ല. അമേരിക്കയില്‍നിന്ന് മുമ്പ് 13 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകളാണ് ഇന്ത്യ നടത്തിയിരുന്നതെങ്കില്‍ കാലക്രമേണ റഷ്യക്കാണ് ഇതില്‍ മുന്‍തൂക്കം. ഇന്ത്യയുടെ റഷ്യയുമായുള്ള പ്രതിരോധ ഇടപാട് ഇപ്പോള്‍ 60 ശതമാനത്തോളമാണെങ്കില്‍ അമേരിക്കയുമായി അത് 12 ശതമാനമേ ഉള്ളൂ. മാത്രമല്ല, ഇടക്ക് തെറ്റിപ്പിരിയുന്ന തരത്തിലുള്ള അമേരിക്കന്‍ മോഡല്‍ ബന്ധമല്ല നമുക്ക് റഷ്യയുമായി ഉള്ളത്. ശീതയുദ്ധ കാലത്ത് ചേരിചേരാ നയവുമായി ഇന്ത്യ മുന്നോട്ടുപോയപ്പോള്‍ പോലും നമുക്ക് റഷ്യയുടെ കാര്യത്തിലെന്നും ഒരു കരുതലുണ്ടായിരുന്നു. ചൈനയുമായി ഏറ്റുമുട്ടേണ്ടിവരുമ്പോഴും നാം റഷ്യയെ പൂര്‍ണമായി കൈവിട്ടിരുന്നുമില്ല. കമ്യൂണിസത്തിലെതന്നെ രണ്ടു ധാരകളെ പിന്തുണച്ചവരാണല്ലോ ചൈനയും സോവിയറ്റ് യൂണിയനും. ഇറാന്‍ എണ്ണ ഇറക്കുമതി ഉള്‍പ്പെടെ പശ്ചിമേഷ്യയിലെയും മറ്റും ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യനായ സുഹൃത്ത് തന്നെയാണ് റഷ്യ. ലോക സമാധാനത്തിന്റെ പുതിയ വിഹായസ്സിലേക്ക് പരസ്പര സഹകരണത്തിലൂടെ ഇരു രാജ്യങ്ങളും കൂടുതല്‍ കരുത്തോടെയും ജാഗ്രതയോടെയും ചരിക്കുമെന്നുതന്നെ പ്രത്യാശിക്കാം.

chandrika: