X

അമിത്ഷായുടെ യുദ്ധ പ്രഖ്യാപനം

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നടത്തിയ അതിരൂക്ഷ വിര്‍ശനം കേരളത്തെ കലാപ കലുഷിതമാക്കാന്‍ അണികള്‍ക്കുള്ള ആഹ്വാനമായിട്ട് വേണം കരുതാന്‍. കണ്ണൂരില്‍ പാര്‍ട്ടി ജില്ലാ ആസ്ഥാനം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ സംസ്ഥാന ഭരണകൂടത്തെ മാത്രമല്ല പരമോന്നത നീതിപീഠത്തെ കൂടിയാണ് വെല്ലുവിളിച്ചിരിക്കുന്നത്.
അയ്യപ്പഭക്തന്‍മാരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കേരളസര്‍ക്കാറിനെ മറിച്ചിടാന്‍ മടികാണിക്കില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഇവ്വിഷയകമായി ബി.ജെ.പി സംസ്ഥാനത്ത് സ്വീകരിക്കാന്‍ പോകുന്ന സമീപനം ഒളിഞ്ഞു കിടപ്പുണ്ട്. ശരണം വിളികളെ ഭാരത് മാതാ കീജയ് വിളികള്‍ക്കൊപ്പം ചേര്‍ത്ത് വെച്ച് ശബരിമല വഴി സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള ശ്രമമാണ് അമിത്ഷാ ആസൂത്രണം ചെയ്യുന്നത്. സംസ്ഥാന ബി.ജെ.പി നേതാക്കളുമായി ഒറ്റക്കും കൂട്ടമായും നടത്തിയ കൂടിക്കാഴ്ച്ചയിലും ഇക്കാര്യം തന്നെയാണ് അദ്ദേഹം ഊന്നിയത്. ശബരിമലയിലെ നിലവിലെ സാഹചര്യം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കമാക്കി മാറ്റണമെന്നും അധികാരത്തിലേറാനുള്ള സുവര്‍ണാവസരമായി ഉപയോഗപ്പെടുത്തണമെന്നുമാണ് സംസ്ഥാന നേതാക്കള്‍ക്കുള്ള അദ്ദേഹത്തിന്റെ നിര്‍ദേശം.

അമിത്ഷാ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ എന്നതിലുപരി രാജ്യസഭാ അംഗംകൂടിയാണെന്നത് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. കേന്ദ്രസര്‍ക്കാറായാലും സംസ്ഥാന സര്‍ക്കാറായാലും അവയുടെയെല്ലാം അധികാര പരിധികള്‍ നമ്മുടെ രാജ്യത്ത് വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ സംസ്ഥാനങ്ങള്‍ മുഴുവന്‍ തങ്ങളുടെ ചൊല്‍പ്പടിക്ക് കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ബി.ജെ.പി ഇതര ഭരണകൂടങ്ങളുള്ള പ്രദേശങ്ങളില്‍.
സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളുടെയും അവകാശങ്ങളുടെയുമെല്ലാം പേരിലാണ് പലപ്പോഴും മോദി സര്‍ക്കാര്‍ ഇവരെ വരച്ചവരയില്‍ നിര്‍ത്താന്‍ ശ്രമിക്കാറുള്ളത്. കേന്ദ്രത്തിന്റെ ഈ സമീപനത്തിന്റെ ഏറ്റവും വലിയ ഇര കേരളം ആണെന്ന കാര്യം അവിതര്‍ക്കിതമാണ്. രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗവും കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചെങ്കിലും കേരളം എന്ന കൊച്ചുപ്രദേശം എത്തിപ്പിടിക്കാന്‍ സാധിക്കുന്നില്ലെന്നതും അതിനുള്ള വിദൂര സാധ്യതകള്‍ പോലും തെളിഞ്ഞുവരുന്നില്ലെന്നതും വൈര്യനിര്യാതന ബുദ്ധിയോടെ സംസ്ഥാനത്തെ സമീപിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നു. രാജ്യം തന്നെ ദര്‍ശിച്ചിട്ടില്ലാത്തത്രയും ഭീകരമായ ഒരു മഹാപ്രളയത്തില്‍ സംസ്ഥാനം വിറങ്ങലിച്ചു പോയപ്പോള്‍ പോലും ആ വിവേചനം പ്രകടിപ്പിക്കാന്‍ മടികാണിക്കാത്തവരാണ് മോദിസര്‍ക്കാര്‍. പിന്നീട് സംസ്ഥാനം ഒറ്റക്ക് അതിജീവനത്തിനുള്ള ശ്രമം തേടിയപ്പോള്‍ അതിനു പോലും തടയിടുകയുമുണ്ടായി.

അമിത്ഷായുടെ പുതിയ പ്രസ്താവന അണികള്‍ക്ക് ആവേശം നല്‍കാന്‍ ഉപകരിക്കുമെങ്കിലും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് അത് വഴി ചെറുതല്ലാത്ത രീതിയിലുള്ള കോട്ടമാണ് സൃഷ്ടിക്കപ്പെടുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി പ്രഭാവത്തില്‍ മൂന്നില്‍ രണ്ട് സീറ്റു നേടി അധികാരത്തിലേറി എന്ന അവകാശവാദം ബി.ജെ.പി ഉന്നയിക്കുമ്പോഴും അവര്‍ക്ക് ലഭിച്ചിട്ടുള്ള വോട്ട് 33 ശതമാനം മാത്രമാണ്. അപ്പോഴും രാജ്യത്തെ 67 ശതമാനം ജനങ്ങളും മോദി പ്രധാനമന്ത്രിയാകുന്നതിനെ എതിര്‍ത്തവരാണ്. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ സവിശേഷത നരേന്ദ്രമോദിയെ അദ്ദേഹത്തെ എതിര്‍ത്തവരുടെയും അനുകൂലിച്ചവരുടെയുമുള്‍പ്പെടെ മുഴുവന്‍ പേരുടെയും പ്രധാനമന്ത്രിയാക്കി മാറ്റിയിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ കാര്യത്തില്‍ മാത്രമല്ല മുന്‍ കഴിഞ്ഞുപോയതും നിലവിലുള്ളതുമായ മഹാഭൂരിപക്ഷം സര്‍ക്കാറുകളുടേയും അവസ്ഥസമാനമാണ്. അപ്പോഴൊന്നും ഒരു ഭരണകൂടത്തിനെതിരെയും ഏതെങ്കിലും രീതിയിലുള്ള അസ്വസ്ഥതകള്‍ ഉയര്‍ന്നുവരുന്നതായി രാജ്യം ദര്‍ശിച്ചിട്ടില്ല. എന്നു മാത്രമല്ല അത്തരം എതിര്‍പ്പുകള്‍ അപ്രസ്‌കതവും ജനാധിപത്യ വിരുദ്ധവുമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ ജനാധിപത്യസംവിധാനത്തോടുള്ള വെല്ലുവിളിയായിട്ടു വേണം അമിത്ഷാ സംസ്ഥാന സര്‍ക്കാറിനെതിരെ നടത്തിയ വലിച്ചുതാഴെയിറക്കല്‍ പ്രസ്താവനയെ കാണാന്‍.

അപ്രായോഗിക വിധികള്‍ നല്‍കുന്നതില്‍ നിന്ന് കോടതികള്‍ പിന്മാറണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന തെറ്റായ സന്ദേശമാണ് നാടിന് നല്‍കുന്നത ്. കോടതി വിധി നടപ്പില്‍ വരുത്തേണ്ട അധികാരകേന്ദ്രത്തിന്റെ ഭാഗം കൂടിയായ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഒരു പ്രസ്താവന ഉയര്‍ന്നുവരുമ്പോള്‍ ഇവിടെ വേലി തന്നെയാണ് വിള തിന്നുന്നത്. നിയമ നിര്‍മാണ സഭകള്‍ നിര്‍മിച്ചിട്ടുള്ള നിയമങ്ങുടെ വ്യാഖ്യാനമാണ് നീതിപീഠങ്ങള്‍ നിര്‍വഹിക്കുന്നത്. അത് തങ്ങളുടെ ഇഛക്ക് അനുകൂലമാകുമ്പോള്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും എതിരാകുമ്പോള്‍ നീതിപീഠങ്ങളെ തള്ളിപ്പറയുകയും ചെയ്യുന്നത് ഭരണകൂടത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ക്ക് ഒരിക്കലും ചേര്‍ന്നതല്ല. ബാബരി മസ്ജിദുള്‍പ്പെടെ പല സുപ്രധാന വിഷയങ്ങളും സുപ്രീംകോടതി പരിഗണിക്കാനിരിക്കേയുള്ള ഈ നിലപാടു പ്രഖ്യാപനം അത്യന്തം അപകടകരമായ പലസന്ദേശങ്ങളും നല്‍കുന്നുണ്ട്. മാത്രവുമല്ല സ്ത്രീ പ്രവേശന വിഷയത്തില്‍ മഹാരാഷ്ട്രയിലെ ശനിശിങ്ക്‌നാപൂരിലെ ക്ഷേത്രത്തില്‍ സമാനമായ വിധി കോടതിയുടെ ഭാഗത്തു നിന്നുണ്ടായപ്പോള്‍ അത് നടപ്പാക്കാന്‍ ആവേശം കാണിച്ചത് അമിത്ഷായുടെ അനുയായികള്‍ തന്നെയാണെന്നത് ബി.ജെ.പി നിലപാടിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നുണ്ട്.

ശബരിമലയുടെ പേരില്‍ സംഘ് പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അഴിഞ്ഞാട്ടത്തെ വിശ്വാസികളുടെ തലയില്‍ വെച്ചുകെട്ടുകവഴി വിശ്വാസി സമൂഹത്തെ അവഹേളിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടുകൊണ്ട് വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അത് ഒരിക്കലും അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് നീങ്ങിയിട്ടില്ല. സമാധാനപരമായ മാര്‍ഗത്തിലൂടെയാണ് അവര്‍ പ്രതികരിച്ചിട്ടുള്ളത്. എന്നാല്‍ അതിന്റെ മറവില്‍ കലാപാഗ്നി ആളിക്കത്തിക്കാനും അതുവഴി രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ശ്രമം നടത്തിയത് തല്‍പര കക്ഷികളാണ്. അത്തരക്കാര്‍ക്ക് വിശ്വാസത്തിന്റെ മേലങ്കി ചാര്‍ത്തിക്കൊടുത്ത് അക്രമപ്രവര്‍ത്തനത്തിന് പ്രോത്സാഹനം നല്‍കുകയാണ് അമിത് ഷാ ചെയ്തിരിക്കുന്നത്. ചുരുക്കത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിലൂടെ കാലുറപ്പിക്കുകയെന്ന ഹിഡണ്‍ അജണ്ടയുമായിട്ടാണ് ബി.ജെ.പി അധ്യക്ഷന്‍ ഇത്തവണ കേരളത്തില്‍ പറന്നിറങ്ങിയിരിക്കുന്നത്.

chandrika: