X

പറുദീസയുടെ അനന്തരാവകാശികള്‍

എ.എ വഹാബ്

ജീവിത മാര്‍ഗദര്‍ശനത്തിന്റെ വാര്‍ഷിക സ്മരണയായി സത്യവിശ്വാസികള്‍ അനുഷ്ഠിച്ചുവരുന്ന ഉപവാസം അതിന്റെ അവസാന പത്തിലേക്കു കടന്നിരിക്കുന്നു. അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും ആദ്യ പത്തും മധ്യ പത്തും കഴിഞ്ഞ ശേഷമുള്ള മൂന്നാം പത്തു നാളുകള്‍ നരക വിമോചനത്തിന്റെയും സ്വര്‍ഗ പ്രവേശനത്തിന്റേതുമാണ്. ഏറെ പുണ്യകരമായ നിമിഷങ്ങളും നാളുകളുമാണ് നമ്മിലൂടെ ഇപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. നന്മകള്‍ വര്‍ധിപ്പിച്ച് പ്രയോജനപ്രദമായി ഈ ദിനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) ഉപദേശിച്ചിട്ടുണ്ട്. ഒടുവിലത്തെ പത്തിലെ ഒറ്റ രാവുകളില്‍ ഒന്നിലാണ് ഖുര്‍ആന്‍ ആദ്യമായി അവതരിപ്പിച്ചത്. പ്രപഞ്ച ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമേറിയ ഒരു നാളാണത്. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠം. ആകാ ശം അതിന്റെ കരുണയുടെ കവാടം തുറന്ന് ഭൂമിയെ കെട്ടിപ്പുണര്‍ന്ന നാള്‍. മനുഷ്യവംശത്തിന്റെ നിത്യ സന്തുഷ്ട ജീവിതത്തിന് പറുദീസയിലേക്ക് നയിക്കുന്ന മാര്‍ഗദര്‍ശനം ലഭിച്ച നാള്‍. പറുദീസയുടെ അനന്തരാവകാശികളാകുന്ന സത്യവിശ്വാസികളുടെ സവിശേഷതകളെക്കുറിച്ച് പലയിടത്തും ഖുര്‍ആന്‍ വിശദമായി വിവരിക്കുന്നുണ്ട്. അവ എന്താണെന്നറിഞ്ഞ് നമ്മുടെ നിത്യ ജീവിതവുമായി തട്ടിച്ചുനോക്കി, അതൊക്കെ നമ്മിലുണ്ടോയെന്ന് വിലയിരുത്താന്‍ ഏറ്റവും പറ്റിയ സന്ദര്‍ഭമാണ് ഈ നോമ്പുകാലം.
സത്യവിശ്വാസികള്‍ എന്ന പേരിലുള്ള ഖുര്‍ആനിലെ ഇരുപത്തിമൂന്നാം അധ്യായം ആരംഭിക്കുന്നത് ‘സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടാണ്. മുഹമ്മദ് നബി (സ)യില്‍ വിശ്വസിച്ചവര്‍ ജീവിതം പാഴാക്കിനഷ്ടപ്പെട്ടവരാണെന്ന് കുബേരന്മാരായ ഖുറൈശികള്‍ പലപ്പോഴും പറയാറുണ്ടായിരുന്നു. അന്നത്തെ മക്കയിലെ കച്ചവടവും പ്രതാപവും ആഭിജാത്യവും സ്വാധീനവും പേരും പെരുമയും ഒക്കെ ഖുറൈശികള്‍ക്കായിരുന്നു. ദരിദ്രരും പാവങ്ങളും പട്ടിണിക്കാരുമായിരുന്നു പ്രവാചകന്റെ അനുയായികള്‍. വിജയത്തിന്റെ മാനദണ്ഡം ഭൗതിക പ്രതാപത്തിലും വസ്തുവകകളിലും കണ്ട ഖുറൈശികള്‍ക്ക് അവരാണ് വിജയികള്‍ എന്ന ധാരണയായിരുന്നു. ജീവിത വിജയത്തെ സംബന്ധിച്ച ആ വീക്ഷണം തെറ്റാണെന്നും യഥാര്‍ത്ഥ വിജയികള്‍ സ്വര്‍ഗാവകാശികളാകുന്ന സത്യവിശ്വാസികളാണെന്നുമുള്ള അല്ലാഹുവിന്റെ സത്യപ്രഖ്യാപനമാണ് ഇവിടെ മുഴങ്ങിക്കേള്‍ക്കുന്നത്.
സമകാലികത്തിലും പഴയ മക്കാ ഖുറൈശികളെപോലെ ചിന്തിക്കുന്ന ആളുകള്‍ നമ്മുടെ ചുറ്റിലുമുണ്ട്. ‘സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. നമസ്‌കാരത്തില്‍ ഭക്തിയുള്ളവര്‍, അനാവശ്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നവര്‍, സക്കാത്ത് നല്‍കുന്നവര്‍, സ്വന്തം ഭാര്യമാരും അടിമ സ്ത്രീകളും അല്ലാത്തവരെ ആഗ്രഹിച്ചുചെന്ന് അതിരുവിടാത്തവര്‍, അന്യ സ്ത്രീകള സമീപിക്കാതെ സൂക്ഷിക്കുന്നതിനാല്‍ ആക്ഷേപിക്കപ്പെടാത്തവര്‍, അമാനത്തുകളും കരാറുകളും പാലിക്കുന്നവര്‍, നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവര്‍. ഇവര്‍ തന്നെയാണ് പറുദീസ അവകാശപ്പെടുത്തുന്ന അനന്തരാവകാശികള്‍; അവരതില്‍ നിത്യവാസികളാണ്’ (വിശുദ്ധ ഖുര്‍ആന്‍ 23: 1-11).
സ്വര്‍ഗാവകാശികളുടെ ഒന്നാമത്തെ ഗുണം അവര്‍ തങ്ങളുടെ നമസ്‌കാരത്തില്‍ ‘ഭക്തിയുള്ളവര്‍’ എന്നതാണ്. ‘ഖുശൂഅ്’ എന്ന അറബി പദമാണ് ഇവിടെ പ്രയോഗിച്ചിട്ടുള്ളത്. ഒന്നിന്റെ മുന്നില്‍ കുനിയുക, കീഴ് വണങ്ങുക, ഭക്ത്യാദരങ്ങള്‍ അര്‍പ്പിക്കുക, വിനയവും വിധേയത്വവും പ്രകടിപ്പിക്കുക തുടങ്ങിയവയാണ് ആ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. വിനയത്തില്‍ നിന്നാണ് ഭയഭക്ത്യാദരവുകള്‍ ഉണ്ടാകുക. വിനയമുണ്ടാവാന്‍ വിവരമുണ്ടാകണം. നല്ല വിവരമുണ്ടാകുമ്പോഴേ തനിക്കു ഒന്നും അറിയില്ലെന്ന അറിവ് ഉണ്ടാവുകയുള്ളൂ. അതിന് പ്രപഞ്ച സൃഷ്ടിപ്പിന്റെയും നടത്തിപ്പിന്റെയും കാര്യങ്ങള്‍ ഗൗരവമായി ചിന്തിച്ചുനോക്കാന്‍ ഖുര്‍ആന്‍ ഉപദേശിക്കുന്നു. അറ്റമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രവിശാലതയിലേക്കു ഊളിയിട്ടിറങ്ങാനാവാത്ത സൂക്ഷ്മ ലോകത്തിന്റെ ആഴങ്ങളിലേക്കും മനുഷ്യമനസ് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് മനസിലാകും പലതും മനസിന്റെ സങ്കള്‍പങ്ങള്‍ക്കുപോലും അതീതമാണെന്ന്. അപ്പോഴാണ് മനുഷ്യമനസ് പറയുക: ‘നീ എത്ര പരിശുദ്ധന്‍, ഞങ്ങളുടെ നാഥാ നീ ഇതൊന്നും വൃഥാ സൃഷ്ടിച്ചതല്ല..’ എന്ന്. അല്ലാഹുവിന്റെ ഗൗരവവും ഗാംഭീര്യവും അപ്പോള്‍ മനസ്സ് തിരിച്ചറിയും. ആ മനോവികാരത്തോടെ അവന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ സിരകളിലാകമാനം വിനയവും ഭക്തിയും പടര്‍ന്നൊഴുകും. മറ്റെല്ലാം മറന്ന് പ്രതാപിയായ അല്ലാഹുവിലേക്കു മാത്രം മനുഷ്യമനസ് കേന്ദ്രീകരിക്കുമ്പോള്‍ ശരീരം വിറകൊള്ളുകയും നയനങ്ങള്‍ സജലങ്ങളാകുകയും ചെയ്യും. ഹൃദയം നിര്‍മലവും ശാന്തവുമാകും. മലിന ചിന്തകളില്‍ നിന്ന് മുക്തമാവുന്ന മനസപ്പോള്‍ സംശുദ്ധമായതു മാത്രം നോക്കിക്കാണും. ശക്തവും ആത്മാര്‍ത്ഥവുമായ ദൈവ സ്മരണ മലിനതയുണ്ടാക്കുന്ന പൈശാചിക ദൗര്‍ബോധനങ്ങളെ തുരത്തും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്തരം നമസ്‌കാരമാണ് ‘തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മ്മത്തില്‍ നിന്നും തടയും’ (വി.ഖു 29:45) എന്ന് അല്ലാഹു പറഞ്ഞ യഥാര്‍ത്ഥ ഭക്തിയുള്ള നമസ്‌കാരം. അശ്രദ്ധമായി നമസ്‌കരിച്ചാല്‍ ഒരിക്കലും ഈ അവസ്ഥ പ്രാപിക്കാനാവില്ല. മടിയന്മാരായും അശ്രദ്ധരായും നമസ്‌കരിക്കുന്നതിനെക്കുറിച്ച് ഖുര്‍ആന്‍ വിശ്വാസികള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്.
നമസ്‌കരിക്കാന്‍ പോകുന്നതിന് ഏറെ നേരം മുന്നുതന്നെ അതിന് മാനസികമായും ശാരീരികമായുമുള്ള തയാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ഭംഗിയായി വുളു എടുക്കുമ്പോള്‍ തന്നെ വുളുവിന്റെ അവയവങ്ങള്‍കൊണ്ടു ചെയ്തുപോയ പാപങ്ങള്‍ പൊറുക്കപ്പെടും. വുളുവിന് ശേഷമുള്ള പ്രാര്‍ത്ഥന അവന്റെ നേരെ സ്വര്‍ഗത്തിന്റെ എട്ടു കവാടങ്ങളും തുറന്നിടാന്‍ പര്യാപ്തമായതാണ്. ഇതൊക്കെ കഴിഞ്ഞാണ് റബ്ബിന്റെ മുന്നില്‍ ചെന്നുനില്‍ക്കുന്നത്. മറ്റു വര്‍ത്തമാനങ്ങളില്‍പെട്ടും തമാശ പറഞ്ഞും മൊബൈല്‍ ഫോണില്‍ സംസാരിച്ചും പള്ളിയില്‍ കയറിവരികയും വുളു എടുക്കുമ്പോള്‍ പോലും മറ്റുള്ളവരോട് സംസാരിക്കുകയുമൊക്കെ ചെയ്യുന്നവര്‍ക്കു ഭക്തിയുടെ നിറവ് ആസ്വദിക്കാന്‍ സൗഭാഗ്യം ലഭിക്കുകയില്ല.
ശരീരംകൊണ്ട് അനുഷ്ഠിക്കുന്ന ആരാധനകളില്‍ ഏറ്റവും പ്രാധാന്യമേറിയത് നമസ്‌കാരമാണ്. അത് ശരിയായാലേ മറ്റു കര്‍മ്മങ്ങളുടെ കണക്ക് അല്ലാഹു എടുക്കുകയുള്ളു.പരലോകത്ത് ആദ്യം വിചാരണ ചെയ്യപ്പെടുന്നതും നമസ്‌കാരത്തിന്റെ കാര്യമാണ്. ശരീരത്തെ നമസ്‌കാരത്തിനായി നിര്‍ത്തി കൈയും കെട്ടി മനസ്സ് എവിടെയെങ്കിലുമൊക്കെ പോകും. ഒടുവില്‍ അത്തഹിയ്യാത്തിലാകുമ്പോഴാണ് തിരിച്ചെത്തുക. പൊതുവെ ഇതാണ് സ്ഥിതി. അത് മാറ്റിയെടുത്താലേ നമസ്‌കാരം പ്രയോജനപ്രദമാകുകയുള്ളൂ. ഒരാളുടെ നമസ്‌കാരം ശരിയായാല്‍ മറ്റെല്ലാ കര്‍മ്മങ്ങളും ശരിയാകുമെന്ന് പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ നമസ്‌കാരമുള്ളവന്‍ അനാവശ്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കും. അവന് സക്കാത്ത് കൊടുക്കാന്‍ മടിയുണ്ടാവില്ല. ചാരിത്രശുദ്ധി സൂക്ഷിക്കും. വിശ്വസ്തതകളും കരാറുകളും പാലിക്കും. നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുകയും ചെയ്യും. അപ്പോള്‍ നമസ്‌കാരമാണ് ഫിര്‍ദൗസിന്റെ താക്കോല്‍. അല്ലാഹുവിന്റെ ഗാംഭീര്യം അറിഞ്ഞു പറയുന്നതിന്റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാക്കി ഏറെ ശ്രദ്ധയോടെ നമസ്‌കരിച്ചാലേ നമുക്കതിന്റെ പ്രയോജനം ലഭിക്കുകയുള്ളു എന്ന കാര്യം വിശ്വാസികള്‍ എപ്പോഴും ഓര്‍ക്കണം.

chandrika: