X

കമ്മ്യൂണിസ്റ്റ് വര്‍ഗ വിപ്ലവത്തിലേക്കൊരു സ്വവര്‍ഗ ലൈംഗിക വിപ്ലവം

ലുഖ്മാന്‍ മമ്പാട്

‘…മത സംഘടനകളാണ് മേല്‍പ്പറഞ്ഞ വാദങ്ങളുയര്‍ത്തി സ്വവര്‍ഗ ലൈംഗികതയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നത്. മാറിമാറി വന്ന ഭരണാധികാരികളും മതമേലധ്യക്ഷരെയും യാഥാസ്ഥിതിക പക്ഷത്തെയും ഭയന്ന് സ്വവര്‍ഗ ലൈംഗികതയെ ക്രിമിനല്‍ കുറ്റമായി കണ്ട് ഐ.പി.സി 377 മാറ്റുന്നതിനെതിരെ നിലപാട് സ്വീകരിച്ചു. സി.പി.ഐ.എം മാത്രമാണ് സ്വവര്‍ഗരതിക്ക് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ പ്രകടന പത്രികയിലും സി.പി.ഐ എം ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് ദശാബ്ദം പൂര്‍ത്തിയായിട്ടും പൗരന്റെ ലൈംഗിക സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന ഈ വകുപ്പ് ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ കറുത്ത പൊട്ടായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നിലനിന്നു’- ദേശാഭിമാനി മുഖപ്രസംഗം 2018 സെപ്റ്റംബര്‍ 7.

പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഏഴഴകിന്റെ കൊടിയേന്തി തെരുവില്‍ നൃത്തംവെച്ചവര്‍ക്ക് ഒരു സമാനതയുണ്ടായിരുന്നു. മുഖത്ത് ചായം തേച്ച് പൊതുധാരക്ക് പുറത്ത് കഴിഞ്ഞവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണോ എന്ന് തോന്നിപ്പിച്ചു അത്. 377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാബെഞ്ച് പ്രായപൂര്‍ത്തിയായവരുടെ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതിക്ക് നിയമസാധുത നല്‍കിയപ്പോള്‍ ഏതെങ്കിലും മതങ്ങളിലോ ജാതികളിലോ വിശ്വാസമര്‍പ്പിച്ചവരെ അതു തെല്ലും ബാധിക്കില്ല. രാജ്യത്തെ മുഖ്യാധാരാ സംഘടനകളെല്ലാം വിധിയെ കരുതലോടെ സമീപിച്ചപ്പോള്‍ ചെറു ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണം എന്ന വ്യാഖ്യാനത്തേക്കാള്‍ അനിവാര്യമായ ഒന്ന് അനുവദിച്ചു കിട്ടി എന്ന തരത്തില്‍ ആഹ്ലാദഭരിതമായി ആഘോഷമാക്കിയ രാജ്യത്തെ ഒരേയൊരു രാഷ്ട്രീയ സംഘടന സി.പി.എമ്മാണ്. സ്വവര്‍ഗ ലൈംഗികതയും ബന്ധവും കലവറയില്ലാതെ പിന്തുണച്ച് മഹാവിപ്ലവമായി കൊട്ടിഘോഷിച്ച സി.പി.എം പോളിറ്റ് ബ്യൂറോ 377ാം വകുപ്പിനെതിരായ പോരാട്ടത്തെ എല്ലാകാലത്തും പിന്തുണച്ചിരുന്നുവെന്ന് പൊളിറ്റ്ബ്യൂറോ ആന്ദനൃത്തമാടുന്നു.

എല്‍.ജി.ബി.ടി എന്ന പൊതുഘടകത്തില്‍ ശാരീരികമായ വ്യതിയാനവുമായി ബന്ധപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ ചേര്‍ത്തുപറയുന്നത് ആനയെ കണ്ട കുരുടന്മാരുടെ വിശദീകരണം പോലെയാണ്. സ്വവര്‍ഗാനുരാഗവും സ്വവര്‍ഗ രതിയുമല്ല ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വം. രോഗവും മാനസിക അവസ്ഥയും രണ്ടാണ്. ലിംഗവ്യത്യാസമില്ലാതെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് സുപ്രീംകോടതി വകവെച്ച് നല്‍കിയതെന്നും എല്‍.ജി.ബി.ടി വിഭാഗത്തിന് സാധാരണ കുടുംബജീവിതം സാധ്യമാകുമെന്നതും വെറും ബാലിശമായ ദുര്‍വ്യാഖ്യാനമാണ്.

സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹം, കുട്ടികളെ ദത്തെടുക്കല്‍, സ്വത്തവകാശം, ആരോഗ്യസംരക്ഷണം തുടങ്ങിയവക്കൊന്നും കോടതി വിധിയോടെ സാധുത ലഭിച്ചുവെന്ന് ധരിക്കേണ്ടതില്ല. സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹത്തിന് നിലവില്‍ നിയമ വ്യവസ്ഥയില്ല. വിവാഹമോചനം, ജീവനാംശം തുടങ്ങിയ വിഷയങ്ങളിലും വഴിയാധാരമാകുന്നതോടെ അത്തരം സാമൂഹ്യ പ്രശ്‌നങ്ങളും വൈകാതെ തലപൊക്കും. സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ ഭേദഗതിയോ എല്‍.ജി.ബി.ടി വിഭാഗങ്ങള്‍ക്കായി പ്രത്യേക നിയമമോ ഉണ്ടാകുന്നതുവരെ പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗിതയെന്നതിനപ്പുറം വിവാഹത്തിലേക്കോ അതുമായി ബന്ധപ്പെട്ട അവകാശങ്ങളിലേക്കോ കടക്കാനാവില്ലെന്നത് ആശ്വാസകരമാണ്. അധികാരവും അവസരവും ലഭിച്ചാല്‍ അത്തരം നിയമ നിര്‍മ്മാണം നടത്തുമെന്ന് മറയില്ലാതെ പ്രഖ്യാപിക്കുന്ന ഏക രാഷ്ട്രീയ സംഘടന സി.പി.എമ്മാണ്. പ്രകടന പത്രികയില്‍ പോലും ഉള്‍പ്പെടുത്തി ധാര്‍മ്മികതക്കും പാരമ്പര്യത്തിനുമെതിരെ തുറന്ന വിപ്ലവം നയിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് അടുത്തൊന്നും അതിന് കഴിയുമെന്ന് തോന്നുന്നില്ല.

സി.പി.എം മുഖപത്രമായ ദേശാഭിമാനി പറയുന്നു: ‘സ്വവര്‍ഗബന്ധത്തെ ക്രിമിനല്‍ കുറ്റമായി കാണുന്നില്ലെങ്കിലും അത് സ്വാഭാവികമായ ഒന്നല്ലെന്ന കാഴ്ചപ്പാടാണ് ആര്‍.എസ്.എസിന്റേത്. ബി.ജെ.പിയാകട്ടെ സുപ്രീംകോടതി വിധിയോട് പ്രതികരിക്കാന്‍പോലും കൂട്ടാക്കിയില്ല. സര്‍ക്കാര്‍ നിലപാട് ഇതായിരിക്കെ 2019ലെ പൊതുതെരഞ്ഞെടുപ്പ് വരെ എല്‍.ജി.ബി.ടി വിഭാഗത്തിന് കാത്തിരിക്കേണ്ടതായിവരും. എല്‍.ജി.ബി.ടി അവകാശങ്ങള്‍ക്ക് പൂര്‍ണമായ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത് സി.പി.ഐ.എം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികളാണ്’. ‘മാറിമാറി വന്ന ഭരണാധികാരികളും മതമേലധ്യക്ഷരെയും യാഥാസ്ഥിതിക പക്ഷത്തെയും ഭയന്ന് സ്വവര്‍ഗലൈംഗികതയെ ക്രിമിനല്‍ കുറ്റമായി കണ്ട് ഐ.പി.സി 377 മാറ്റുന്നതിനെതിരെ നിലപാട് സ്വീകരിച്ചു. സിപിഐഎം മാത്രമാണ് സ്വവര്‍ഗരതിക്ക് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്കാലത്തെ പ്രകടനപത്രികയിലും സി.പി.ഐ എം ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു…’ എന്ന് മുഖപ്രസംഗത്തിലൂടെ കമ്മ്യൂണിസ്റ്റ് മനസ്സ് തുറന്നു ദേശാഭിമാനി.

അമേരിക്കയും ബ്രിട്ടനും അര്‍ജന്റീനയും ബ്രസീലും മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും യൂറോപ്പിലെ ചിലരും ഉള്‍പ്പെടെ ലോകത്ത് മുപ്പതോളം രാജ്യങ്ങള്‍ സ്വവര്‍ഗരതിക്ക് നിയമ സാധുത നല്‍കിയതായി പറയുന്നവര്‍ അവിടങ്ങളിലെ കുടുംബ ബന്ധങ്ങളുടെ നിലവാരത്തകര്‍ച്ചക്കുള്ള ഒരു കാരണം അതായിരുന്നു എന്നതും ഓര്‍ക്കുന്നത് നന്ന്. 377 മായി ബന്ധപ്പെട്ട വാദത്തിനിടെ 2008ല്‍ അഡീഷനല്‍ സോളിസിറ്റ് ജനറല്‍ പി.പി മല്‍ഹോത്ര ഡല്‍ഹി ഹൈക്കോടതിയെ ബോധിപ്പിച്ചത് ഗൗരവത്തിലെടുക്കേണ്ടതാണ്: ‘സ്വവര്‍ഗരതി സാമൂഹിക തിന്മയാണ്; അത് നിയന്ത്രിക്കാന്‍ രാഷ്ട്രത്തിന് അധികാരമുണ്ട്. സ്വവര്‍ഗരതിയെ കുറ്റകൃത്യമല്ലാതാക്കിത്തീര്‍ക്കുന്നതു വഴി സമാധാന ലംഘനം സൃഷ്ടിക്കപ്പെട്ടേക്കാം.

എയിഡ്‌സിന്റേയും എച്ച്.ഐ.വിയുടേയും നാശങ്ങള്‍ കൂടുതല്‍ വ്യാപിക്കുന്നതിനും ജനങ്ങള്‍ക്ക് ദോഷകരമായിത്തീരുന്നതിനുമാണ് അത് അനുവദിക്കുന്നത് നിമിത്തമായിത്തീരുക. വലിയതോതിലുള്ള ആരോഗ്യപരമായ അപായങ്ങളിലേക്കും സമൂഹത്തില്‍ ധാര്‍മികമൂല്യങ്ങളുടെ തകര്‍ച്ചയിലേക്കുമാണ് അത് നയിക്കപ്പെടുക’ (ടൈംസ് ഓഫ് ഇന്ത്യ 2008 സെപ്റ്റംബര്‍ 27).
2015 ല്‍ അമേരിക്കയിലെ ഒറിഗണില്‍ ലഹരി മാഫിയയുടെ വളര്‍ച്ചക്ക് തടയിടുന്നതിനായി ലഹരി ആവശ്യത്തിന് കഞ്ചാവ് 21 വയസ്സിനുമുകളിലുള്ള ആര്‍ക്കും വാങ്ങാം എന്ന് അവിടത്തെ കോടതി വിധിച്ചിരുന്നു. അതുവരെ ഒരു ഔണ്‍സിന് 1000 ഡോളര്‍ വിലയുണ്ടായിരുന്ന കഞ്ചാവ് അഞ്ചിലൊന്ന് വിലക്ക് (204 ഡോളര്‍) സര്‍ക്കാര്‍ നല്‍കിപോന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ മാനസിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രവിശ്യ ഒറിഗണാണ്. ജനങ്ങളിലെ മാനസിക പ്രശ്‌നം അവിടുത്തെ ആഭ്യന്തര പ്രശ്‌നമായതായി പഠനങ്ങള്‍ പറയുന്നു. കഞ്ചാവ് വ്യാപകമാകുന്നത് തടയിടാനാവുന്നില്ലെന്ന പേരില്‍ യഥേഷ്ടം മദ്യമൊഴുക്കുന്ന രാജ്യത്തെ ഒരേയൊരു കമ്മ്യൂണിസ്റ്റ് ഭരണ മേഖലയായ കേരളത്തിലെ സമീപകാല സംഭവങ്ങള്‍ കാണാതിരിക്കരുത്. ഇപ്പോഴും നിലനില്‍ക്കുന്ന രാജ്യത്തെ മിക്ക ക്രിമിനല്‍ വകുപ്പുകളും ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയതാണ്. ബ്രിട്ടീഷ് വൈസ്രോയി കാനിങ് പ്രഭുവിന്റെ കാലത്താണ് തോമസ് ബാബിങ്ടണ്‍ മെക്കോള ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് രൂപം നല്‍കുന്നത്. സ്വവര്‍ഗ ലൈംഗികത ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാക്കുന്ന ഐ.പി.സി 377 ഉം അതില്‍ ഉള്‍പ്പെടുന്നു. 1994ലാണ് ഐ.പി.സി 377 ന് എതിരെ ഒരു വിഭാഗം രംഗത്തെത്തിയത്. കോണ്‍ഗ്രസ്, ബി.ജെ.പി, എസ്.പി, ബി.എസ്.പി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ സംഘടനകളാരും അതിനെ പിന്തുണച്ചില്ല.

എയ്ഡ്‌സ് ഭേദ്ഭാവ് വിരോധി ആന്തോളന്‍ എന്ന സംഘടന ഇതിനായി ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയെങ്കിലും പരാജയപ്പെട്ടു. 2001ല്‍ സ്വവര്‍ഗ ലൈംഗിക അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നാസ് ഫൗണ്ടേഷന്‍ 377 വകുപ്പിനെതിരെ വീണ്ടും ഹൈക്കോടതിയിലെത്തി. എന്നാല്‍, 2004 ല്‍ ഇവരുടെ പൊതുതാല്‍പര്യ ഹര്‍ജിയും കോടതി തള്ളി. പുനഃപരിശോധന ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നവംബറില്‍ തള്ളിയതോടെ നാസ് ഫൗണ്ടേഷന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 2006 ഏപ്രിലില്‍ സുപ്രീംകോടതി കേസ് ഡല്‍ഹി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. 2008ല്‍ ആഭ്യന്തര ആരോഗ്യ വകുപ്പുകളുടെ അഭിപ്രായ ഭിന്നതയെത്തുടര്‍ന്നു ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം തേടിയതെത്തുടര്‍ന്ന് കേന്ദ്രത്തിന്റെ അപേക്ഷ തള്ളി അന്തിമവാദം തുടങ്ങി.

2009ല്‍ ഡല്‍ഹി ഹൈക്കോടതി 377ാം വകുപ്പ് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് വിധിച്ചതോടെയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. ജസ്റ്റിസുമാരായ എ.പി ഷായും എസ് മുരളീധറും നടത്തിയ വിധിന്യായത്തില്‍ സ്വവര്‍ഗരതിയെ ക്രിമിനല്‍ നടപടിയായി കാണുന്നത് ഭരണഘടനയിലെ 14, 15, 21 വകുപ്പുകളുടെ സത്തക്ക് എതിരാണെന്നാണ് അഭിപ്രായപ്പെട്ടത്. ആരോഗ്യപരവും സാമൂഹ്യപരവുമായ വശങ്ങള്‍ക്ക് പകരം വ്യക്തി സ്വാതന്ത്ര്യം എന്ന ഏകമാനമായിരുന്നു നിരീക്ഷണങ്ങളത്രയും. വിധിക്കെതിരെ ചിലര്‍ സമീപിച്ചതോടെ 2009 ലെ ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി 2013 ല്‍ റദ്ദാക്കി. രാജ്യത്തെ 0.3 ശതമാനത്തില്‍ താഴെയാണ് സ്വവര്‍ഗരതിക്കാരെന്നും അവര്‍ക്കുവേണ്ടി 99 ശതമാനത്തില്‍ അധികം വരുന്ന ജനങ്ങളുടെ താല്‍പര്യം ഹനിക്കാന്‍ കഴിയില്ലെന്നുമാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.

ഇതിനെതിരെ നല്‍കിയ അപ്പീലില്‍ 2016 ല്‍ കേന്ദ്രത്തിന്റെ ഹര്‍ജി പരിഗണിച്ച് കേസ് അഞ്ചംഗ ബെഞ്ചിന് വിട്ടു. 2017 ല്‍ ‘സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമെന്ന’ സുപ്രീംകോടതിയുടെ സുപ്രധാന വിധിവന്നപ്പോള്‍, ലൈംഗികാഭിമുഖ്യവും സ്വകാര്യതയുടെ പരിധിയില്‍ വരുമെന്ന് നിരീക്ഷണം നടത്തി. അതിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം 377 സംബന്ധിച്ച 2013 ലെ തീരുമാനം സുപ്രീംകോടതി തന്നെ പുനഃപരിശോധനക്കെടുത്തു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം ആരാഞ്ഞെങ്കിലും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിക്ക് തീരുമാനിക്കാം എന്ന നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്നാണ് വ്യക്തിസ്വാതന്ത്ര്യം, സ്വകാര്യതക്കുള്ള അവകാശം എന്നിവയില്‍ ഊന്നി, പരസ്പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റം അല്ലെന്ന് സുപ്രീംകോടതി ഭാരണഘടനാ ബെഞ്ച് വിധി പ്രസ്താവം നടത്തിയത്. വിഷയത്തില്‍ ശാസ്ത്രീയ പഠനങ്ങളോ, സാമൂഹികവും ആരോഗ്യപരവുമായ വരുംവരായ്കകളോ ആധാരമായിട്ടില്ല.

സമീപകാലത്തൊന്നും 377 ചുമത്തപ്പെട്ട് ഒരാളും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതിനര്‍ത്ഥം ഇത്തരം പീഡനങ്ങളോ പരാതിയോ നടന്നില്ലെന്നാവില്ലല്ലോ. എന്നാല്‍, സ്വവര്‍ഗ ലൈംഗിതക്ക് നിയമത്തിന്റെ ആനുകൂല്യം ലഭിക്കുമ്പോള്‍ അതുണ്ടാക്കുന്ന സാമൂഹ്യപരവും കുടുംബപരവും ആരോഗ്യപരവും മാനസികപരവുമായ പ്രശ്‌നങ്ങള്‍ കാണാനിരിക്കുന്നേയുള്ളൂ. ചെറുതും വലുതുമായ എല്ലാ ജീവികളിലും സ്വാഭാവികമായി നടക്കുന്ന പ്രത്യുല്‍പാദനപരവും പ്രകൃതിദത്തവുമായ ഒന്നില്‍നിന്ന് മാറിനടക്കാന്‍ ചെറു ന്യൂനപക്ഷത്തിന് അവകാശം വകവെച്ച് കൊടുക്കുമ്പോള്‍ മഹാഭൂരിപക്ഷവും അതിന്റെ കെടുതികള്‍ അനുഭവിക്കേണ്ടി വരും. ഇത്രകാലവും ‘വിലക്കപ്പെട്ടതിന്മയെ’ ഏഴഴകുള്ള നന്മയായി വ്യാഖ്യാനിക്കുന്നവര്‍ പറയുന്ന പുരോഗമനം സ്ത്രീയെ ചൂഷണോപാധിയാക്കുന്ന വിവാഹം എന്ന സങ്കല്‍പത്തിന് എതിരെയുള്ള കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ നിലവാരം മാത്രമുള്ളതാണ്; ആ ചുവപ്പന്‍ വിപ്ലവത്തില്‍ ഇരുട്ട് മാത്രമാണ് ബാക്കിയാവുക.

ഹൈന്ദവതയില്‍ എഴുതപ്പെട്ടതും അറിയപ്പെട്ടതുമായ എല്ലാ നിയമ സംഹിതയും സ്വവര്‍ഗ ലൈംഗികത കുറ്റകരമായാണ് കണക്കാക്കിയത്. ക്രിസ്തുമതത്തിലും ജൂതമതത്തിലുമെല്ലാം ഇതുതന്നെയാണ് അവസ്ഥ. പുരോഗമനപരമായ ഒരു നാഗരികതയിലും സാമൂഹ്യ ക്രമത്തിലും സ്വവര്‍ഗ ലൈംഗികതക്ക് സ്ഥാനമില്ല, സ്വവര്‍ഗരതി സ്വീകരിച്ച സദൂം നിവാസികള്‍ക്കിടയിലേക്ക് നിയോഗിക്കപ്പെട്ട ലൂത്ത് നബിയുമായി ബന്ധപ്പെട്ട ചരിത്രത്തിലൂടെയാണ് ഇസ്‌ലാമിലെ അക്കാര്യത്തിലെ വിധി വ്യക്തമാക്കുന്നത്. ലൂത്ത് നബി ആ ജനതയോട് സ്വവര്‍ഗ ലൈംഗികതക്കെതിരായി നടത്തിയ പ്രബോധനവും സംഭാഷണങ്ങളും ചെവിക്കൊള്ളാത്തതിനാല്‍ നശിപ്പിക്കപ്പെട്ടതും സുവ്യക്തമാണ്. വ്യഭിചാരം മഹാപാപമാണെന്നും വിവാഹിതനാണെങ്കില്‍ ഭൂമിക്ക് മുകളില്‍ ജീവിക്കാന്‍ പിന്നെ അവന് അവകാശമില്ലെന്നുമാണ് വ്യക്തിയുമായി ബന്ധപ്പെട്ട ഇസ്‌ലാമിക ഭരണകൂടമുള്ളിടത്തെ വിധി. എന്നാല്‍, സ്വവര്‍ഗ ലൈംഗികത വ്യക്തിയില്‍ ഒതുക്കാതെ സാമൂഹ്യ തിന്മയായിക്കൂടിയാണ് കണക്കാക്കുന്നത്.

സുപ്രീം കോടതി വിധി സ്വവര്‍ഗാനുരാഗികളെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും അവര്‍ക്ക് രമിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കിക്കൊടുക്കുകയും ചെയ്യുന്ന ചൂഷണ വ്യവസ്ഥ ശക്തിപ്പെടുമെന്നുള്ള മുന്നറിയിപ്പാണ്. ഭരണഘടനയും നിയമവും വ്യാഖ്യാനിക്കുന്ന സ്ഥാപനങ്ങള്‍ സമൂഹത്തില്‍ അവ ഉണ്ടാക്കിയേക്കാവുന്ന സ്വാധീനവും ദൂഷ്യവും പരിഗണിക്കാനും മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ. വ്യക്തിസ്വാതന്ത്ര്യത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന പരമോന്നത കോടതി നിയമ പുസ്തകത്തിനപ്പുറത്തേക്ക് നോക്കിയില്ല. ചുവപ്പിന്റെ ഇരുട്ട് സ്വപ്‌നം കാണുന്നവരൊഴികെ ആരും സന്തോഷിക്കാത്ത സുപ്രീം കോടതി വിധി മാനവരാശിയുടെ ചരിത്രത്തില്‍ വരിയുടക്കപ്പെട്ട വിപ്ലവമാവാതിരിക്കട്ടെ.

chandrika: