X

കൊറിയന്‍ സമാധാനം പുതിയ യുഗത്തിന് തുടക്കം

കെ. മൊയ്തീന്‍കോയ

കൊറിയന്‍ ഉപദ്വീപിനെ സമാധാനത്തിലേക്ക് തിരിച്ച്‌കൊണ്ടുവരാനുള്ള നിര്‍ണായക കാല്‍വെപ്പായി ഇരു കൊറിയന്‍ പ്രസിഡണ്ടുമാരുടെ ഉച്ചകോടി. സമകാലിക ലോകത്തില്‍ നാഴികക്കല്ലായ ഉച്ചകോടി തീരുമാനം മേഖലയെ സംഘര്‍ഷമുക്തമാക്കുമെന്ന് പ്രതീക്ഷിക്കാം. വിജയം ഇരുപക്ഷത്തിനും അവകാശപ്പെടാമെങ്കിലും കൊറിയന്‍ സംഘര്‍ഷം അവസാനിച്ചുവെന്ന നിലയില്‍ ലോക സമൂഹത്തിനും ആശ്വാസം കൊള്ളാവുന്നതുമാണ്. അമേരിക്കയും ചൈനയും റഷ്യയും ഉള്‍പ്പെടെ ലോക രാഷ്ട്രങ്ങള്‍ ഏകസ്വരത്തില്‍ കൊറിയന്‍ ഉച്ചകോടിയെ വിലയിരുത്തുന്നത് ആഹ്ലാദകരമാണ്. പൂര്‍ണ സമാധാനത്തിലേക്ക് എത്താന്‍ കടമ്പകളേറെയുണ്ടെങ്കിലും 65 വര്‍ഷത്തിന് ശേഷമുള്ള ‘സമാധാന ഉച്ചകോടി’ ഉപദ്വീപ് സമൂഹത്തെ ആശ്വാസം കൊള്ളിക്കുന്നു. എട്ട് കോടി വരുന്ന കൊറിയക്കാര്‍ക്ക് ആഗസ്ത് 15-ലെ കൊറിയന്‍ സ്വാതന്ത്ര്യദിനം കുടുംബങ്ങള്‍ക്ക് ഒത്തുചേരാനുള്ള അവസരം കൂടിയാവും. ജൂണില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയില്‍ ഉത്തര കൊറിയന്‍ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉന്‍ സമാധാന കരാറില്‍ ഒപ്പ് വെക്കുമെങ്കില്‍ സമ്പൂര്‍ണ സമാധാനത്തിന് വഴിയൊരുക്കുമെന്ന് തീര്‍ച്ച.
സംഘര്‍ഷങ്ങളുടെ കൊടുമുടിയില്‍ നിന്നാണ് സമാധാന താഴ്‌വരയിലേക്ക് തിരിച്ചുപോക്ക്. 2018 ഏപ്രില്‍ 27 ചരിത്രത്തിലെ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തും. അതിര്‍ത്തിയിലെ സൈനികമുക്ത മേഖലയായ പന്‍മുന്‍ജോം ഗ്രാമത്തിലെ ‘പീസ് ഹൗസാണ്്’ ഒരിക്കല്‍കൂടി ചരിത്രത്തിന് വേദിയായത്. ദക്ഷിണ കൊറിയയുടെ 65കാരനായ പ്രസിഡണ്ട് മൂണ്‍ജേയും ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ചക്ക് വേദിയായ പീസ് ഹൗസില്‍ വെച്ചാണ് 1953 ജൂലൈയ് 27ന് കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലും ഒപ്പ് വെച്ചത്. ഇപ്പോഴത്തെ തുടക്കം ഗംഭീരമാണെന്ന് ലോക രാഷ്ട്രങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്. നൂറ് മിനുട്ട് മാത്രം ഔപചാരിക സംഭാഷണം എല്ലാ വിഷയങ്ങള്‍ക്കും പരിഹാരമാകുമെന്നാരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ കിം ജോംഗ് ഉന്‍ വിശേഷിപ്പിച്ചത് പോലെ, ‘പുതിയ ചരിത്രം ഇവിടെ തുടങ്ങുന്നു.’
കൊറിയന്‍ ഏകീകരണത്തിനോ, സമാധാനത്തിനോ പാശ്ചാത്യ ശക്തികള്‍ മുന്‍കാലങ്ങളില്‍ സമ്മതിച്ചിരുന്നില്ല. 1950കളില്‍ കൊറിയന്‍ യുദ്ധം അവസാനിക്കുമ്പോഴും പിന്നീടും ഏകീകൃത കൊറിയക്ക് വേണ്ടി ഇരുഭാഗത്തും ഉയര്‍ന്ന ശബ്ദത്തെ അടിച്ചമര്‍ത്തുന്നതില്‍ മുന്നില്‍ അമേരിക്കയും മറ്റും തന്നെയായിരുന്നു. യുദ്ധ വിരാമത്തിനുള്ള അന്തിമ കരാറില്‍ 1953-ല്‍ ഒപ്പ് വെച്ചിരുന്നില്ല. സംഘര്‍ഷം ഇക്കാലമത്രയും നിലനിന്നു. എന്നാല്‍ കൊറിയന്‍ സാഹചര്യം മാറിയത് സംഘര്‍ഷം അവസാനിപ്പിക്കണമെന്ന നിര്‍ബന്ധാവസ്ഥയിലേക്ക് അമേരിക്കയെയും ജപ്പാനെയും ദക്ഷിണ കൊറിയയെയും തള്ളിവിട്ടത് ഉത്തര കൊറിയയുടെ ആണവ ശേഷിയാണെന്ന് വിലയിരുത്താം. സമീപകാലം വരെ ദക്ഷിണ-ഉത്തര കൊറിയകളുടെ സമാധാന നീക്കത്തെ തടഞ്ഞത് അമേരിക്കന്‍ നേതൃത്വമായിരുന്നു. ലോകാഭിപ്രായത്തെ അവഗണിച്ച് ഉത്തര കൊറിയ നടത്തിയ നിരന്തര ആണവ മിസൈല്‍ പരീക്ഷണം പാശ്ചാത്യ ശക്തികളെ അസ്വസ്ഥമാക്കി. അമേരിക്കയുടെ പ്രധാന നഗരങ്ങളെ പ്രഹര വലയത്തിലാക്കുന്ന ദീര്‍ഘദൂര മിസൈലുകള്‍ ഉത്തര കൊറിയ സ്വന്തമാക്കിയത് ട്രംപ് ഭരണകൂടത്തെ വിറളി പിടിപ്പിച്ചു. ചൈന കളത്തിലിറക്കി അമേരിക്ക കളിച്ചുനോക്കി. പക്ഷെ, 34കാരനായ കിം ജോംഗ് ഉന്നിന് മുന്നില്‍ ഇവയൊന്നും വിലപ്പോയില്ല. ഉപരോധംമൂലം ഉത്തര കൊറിയയെ ശ്വാസംമുട്ടിച്ചുവെങ്കിലും കിം ഭരണകൂടവും ജനങ്ങളും കുലുങ്ങിയില്ല. സമാധാന പാതയിലേക്ക് കടന്ന്‌വരുന്നതിലും ഉത്തര കൊറിയക്ക് മടിയില്ലെന്നുള്ള പ്രഖ്യാപനമായിരുന്നു ദക്ഷിണയില്‍ ഫെബ്രുവരിയില്‍ നടന്ന ശീതകാല ഒളിമ്പിക്‌സില്‍ പങ്കെടുത്ത് അവര്‍ തെളിയിച്ചത്. ഉന്നിന്റെ സഹോദരിയുമായി ദക്ഷിണ നേതാക്കള്‍ നടത്തിയ ചര്‍ച്ചയും ട്രെയിന്‍ മാര്‍ഗം രഹസ്യ യാത്ര നടത്തി ചൈനയിലെത്തിയും ചൈനീസ് നേതാക്കളുമായി ഉന്‍ നടത്തിയ ചര്‍ച്ചയും സമാധാനത്തിനുള്ള ഉത്തര കൊറിയയുടെ നയതന്ത്ര നീക്കമായി ലോകം വിലയിരുത്തി. സമാധാനത്തിനുള്ള ഉന്നിന്റെ പ്രഖ്യാപനം വന്നതോടെ ട്രംപ് നിലപാട് മാറ്റി അനുകൂലമായി പ്രതികരിച്ചു. ദക്ഷിണയുമായുള്ള ഉച്ചകോടിക്ക് അനുമതി നല്‍കുകയും ചെയ്തതോടെയാണ് ശാന്തിയുടെ പുതിയ യുഗത്തിന് തുടക്കമായത്.
2007-ല്‍ ഉന്നിന്റെ മുത്തച്ഛനുമായി ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് നടത്തിയ ചര്‍ച്ചാവേളയില്‍ പ്രസിഡണ്ടിന്റെ ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയില്‍ സന്നിഹിതനായിരുന്ന ഇന്നത്തെ ദക്ഷിണ പ്രസിഡണ്ട് മുണ്‍ജേക്ക് ഉച്ചകോടി ‘തുടര്‍ച്ച’യായി അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ വഴി എളുപ്പമാക്കി. ലോകത്തിന്റെ ഉറക്കം കെടുത്തിയിരുന്ന കിമ്മിന്റെ പ്രഖ്യാപനങ്ങള്‍ ഇനിയുണ്ടാകില്ലെന്നതും ആശ്വാസകരമാണ്. പുതിയ ചരിത്രത്തിന് തുടക്കം തന്നെയാകട്ടെ ദക്ഷിണ-ഉത്തര കൊറിയന്‍ ഉച്ചകോടി. ഉപദ്വീപില്‍ പൂര്‍ണ ആണവ നിരായുധീകരണം, മേഖലയെ സംഘര്‍ഷരഹിതമാക്കും, പരമ്പരാഗത ആയുധം കുറച്ച് കൊണ്ടുവരും, സൈനിക-ഉന്നതതല ബന്ധം തുടരും തുടങ്ങിയ വ്യവസ്ഥകള്‍ ഏകപക്ഷീയമല്ല. ദക്ഷിണ കൊറിയക്കും ഇത് ബാധകം. ദക്ഷിണയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യമാണ് ഉത്തര കൊറിയയെ പ്രകോപിപ്പിക്കുന്നത്. ഏതവസരത്തിലും തങ്ങള്‍ക്ക്‌മേല്‍ ആക്രമണം നടന്നേക്കാമെന്ന ആശങ്ക ഉത്തര കൊറിയക്കുണ്ട്. അതാണവരെ ആയുധമണിയിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്.
മേഖല ആണവ നിരായുധീകരിക്കുക എന്നാല്‍ ഉത്തര കൊറിയ എന്ന പോലെ ദക്ഷിണയ്ക്കും ബാധകമാവും. അതേസമയം, സമ്പൂര്‍ണ സമാധാനത്തിലേക്കുള്ള വാതില്‍ തുറക്കണമെങ്കില്‍ ട്രംപുമായുള്ള ചര്‍ച്ച വിജയിക്കണം. നിരായുധീകരണം, സംഘര്‍ഷരഹിതം തുടങ്ങിയ പ്രഖ്യാപനത്തിന്റെ വിശദാംശങ്ങള്‍ വരാനിരിക്കുന്ന ചര്‍ച്ചകളില്‍ ഉരുത്തിരിയണം. അതിന് കടമ്പകള്‍ ഏറെയാണ്. അതേസമയം, പാശ്ചാത്യ രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തില്‍ നിന്നുള്ള മോചനം ഉത്തര കൊറിയക്ക് അടിയന്തരാവശ്യമാണ്. ഉപരോധം പിന്‍വലിക്കാന്‍ ഉള്‍പ്പെടെ പ്രധാന കാര്യങ്ങള്‍ നടപ്പാക്കുന്നത് കാത്തിരിക്കുകയാണത്രെ ഉത്തര കൊറിയ. ജൂണില്‍ നടക്കാനിരിക്കുന്ന ട്രംപ്-ഉന്‍ ഉച്ചകോടി ഇവക്കൊക്കെ മറുപടിയാവണം. കൊറിയന്‍ ഉപദ്വീപിലെ സമാധാനം കൊറിയന്‍ സമൂഹം പതിറ്റാണ്ടുകളായി ആഗ്രഹിക്കുന്നു. ഇരു കൊറിയക്കാരും ബാഹ്യശക്തികളാല്‍ ബന്ധിതരാണ്. അവ തകര്‍ക്കാനുള്ള അവസരം എന്ന നിലയില്‍ ഉത്തര-ദക്ഷിണ കൊറിയന്‍ ഉച്ചകോടി വിജയകരമാവുമെന്ന് പ്രതീക്ഷിക്കാം. ഇറാന്‍ ആണവ കരാറിനെ തള്ളിപ്പറയുന്ന ട്രംപിന്റെ അപക്വ നിലപാടുകള്‍ കൊറിയന്‍ പ്രശ്‌നത്തില്‍ ആവര്‍ത്തിക്കരുത്. അങ്ങനെ സംഭവിക്കുന്നത് ദുരവ്യാപക പ്രത്യാഘാതം ക്ഷണിച്ചുവരുത്തും.

chandrika: