X

സിറിയയുടെ കരച്ചില്‍ അവസാനിക്കുന്നില്ല

സഹീര്‍ കാരന്തൂര്‍

വര്‍ത്തമാന കാലത്തെ ഏറ്റവും ഭീകരമായ കൂട്ടക്കുരുതിയാണ് സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പുറത്തുവരുന്ന വാര്‍ത്തകള്‍ കേട്ട് ലോകം തരിച്ചു നില്‍ക്കുകയാണ്. ചോരയില്‍ പൊതിഞ്ഞ കുരുന്നുകള്‍ ലോകത്തെ തുറിച്ചുനോക്കുന്നു. ആരുണ്ടിവിടെ ഈ നിലവിളികല്‍ക്കുത്തരം നല്‍കാനെന്നാണവര്‍ ചോദിക്കുന്നത്. എട്ടു വര്‍ഷത്തോളമായി ഞങ്ങളേറ്റുവാങ്ങുന്ന ദുരന്തത്തില്‍ നിന്നാരാണ് കരകയറ്റുക. രക്ഷകരിലും സംരക്ഷകരിലും വിശ്വാസം നഷ്ടപ്പെട്ട സിറിയ ആര്‍ത്തുവിളിച്ചുകൊണ്ടിരിക്കുകയാണ്.
അറബ് വസന്തത്തില്‍ സിറിയന്‍ യുദ്ധം ലക്ഷണക്കിന് സാധാരണക്കാരായ പൗരന്മാരുടെ ജീവനപഹരിച്ചുകൊണ്ടിരിക്കുന്നു. കുരുന്നുകളുടെ ചോരവാര്‍ക്കുന്ന മുഖങ്ങള്‍ പത്രമാധ്യമങ്ങളില്‍ നിറയുന്നു. സ്വേച്ഛാധിപത്യവും ജീവിത വിഭവങ്ങളുടെ അഭാവവും അസ്വസ്ഥമാക്കിയ സിറിയയിലെ യുവാക്കളായിരുന്നു ജനാധിപത്യ മോഹങ്ങളുമായി 2011 ല്‍ തെരുവിലിറങ്ങിയത്. ടുണിഷ്യയും ഈജിപ്തും അവരുടെ പ്രതീക്ഷകളെ കരുത്ത് പിടിപ്പിച്ചു. സമാധാനപരമായി ആരംഭിച്ച നീക്കങ്ങള്‍ പിന്നീട് രക്തച്ചൊരിച്ചിലിലേക്ക് വഴുതുകയായിരുന്നു. പ്രതിഷേധിക്കുന്നവരെയും തെരുവിലിറങ്ങുന്നവരെയും ആയുധങ്ങള്‍ കൊണ്ട് നേരിട്ടായിരുന്നു ബശാറുല്‍ അസദ് ആദ്യം മുതലേ നേരിട്ടിരുന്നത്.
ഭരണകൂട വിരുദ്ധ വികാരം 2011 മാര്‍ച്ച് പകുതിയോടെ വലിയ കൂട്ടായ്മയായി മാറുകയും പടിഞ്ഞാറന്‍ സിറിയയിലെ ഹംസില്‍ ആയിരങ്ങള്‍ അണിനിരന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തു. സര്‍ക്കാറിന്റെ അഴിമതിക്കും ആക്രമണങ്ങള്‍ക്കും അനീതിക്കുമെതിരെയായിരുന്നു പ്രക്ഷോഭം. പതിയെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ജനവികാരം ഉണര്‍ന്നു. പക്ഷേ സമാധാനപരമായ പ്രതിഷേധങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ അസദിന്റെ നേതൃത്വത്തില്‍ ഷെല്ലാക്രമണങ്ങള്‍ നടന്നു. സിറിയന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം രാസായുധം തുടര്‍ച്ചയായി മരണം വിതച്ചു. രാസമഴ ഒരു ജനതയെ അനുദിനം നിശബ്ദ മരണത്തിലേക്ക് തള്ളിവിടുന്ന അതിദാരുണമായ കാഴ്ചയാണ് സിറിയയില്‍ കാണാനായത്. തലമുറകളോളം നിലനില്‍ക്കുന്നതാണ് ഈ രാസായുധ പ്രയോഗം എന്നു കൂടി മനസ്സിലാക്കണം.
ഇസ്രാഈലിനെ പ്രതിരോധിക്കുന്നതില്‍ എല്ലാ കാലത്തും ശക്തമായി നിലകൊണ്ട രാജ്യമെന്ന നിലക്ക് സിറിയക്ക് അറബ് രാജ്യങ്ങള്‍ക്കിടയിലൊരു സവിശേഷ മതിപ്പുണ്ടായിരുന്നു. 2000 ത്തില്‍ അധികാരമേറ്റെടുത്ത ബശാര്‍ അല്‍ അസദിനെ അറബ് മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടി. ബശാറുല്‍ അസദിലുള്ള അവരുടെ പ്രതീക്ഷകള്‍ പങ്കുവെക്കാനും മടിച്ചില്ല. സിറിയയില്‍ 75 ശതമാനം സുന്നികളായിരുന്നിട്ടും 12 ശതമാനം വരുന്ന ശിയാ വിഭാഗത്തില്‍പെട്ട ബശാര്‍ അല്‍ അസദിന്റെ ഭരണത്തില്‍ അവിടെയുള്ള ഭൂരിപക്ഷ സുന്നി വിഭാഗങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ല എന്ന് പുറം ലോകവും വിശ്വസിക്കാന്‍ പാകത്തിലായിരുന്നു അസദ് തന്ത്രങ്ങള്‍ മെനഞ്ഞത്. രാജ്യ സുരക്ഷയുടെ നല്ലൊരു ഭാഗവും കൈകാര്യം ചെയ്യുന്നത് ശിയാ വിഭാഗമായിരുന്നു. അസദിന്റെ പിതാവും അധികാരാത്തിലെത്തിയത് വലിയ കൂട്ടക്കുരുതിയിലൂടെ തന്നെയായിരുന്നു. 1982 ല്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെതിരായ പോരാട്ടം നയിച്ചുകൊണ്ടായിരുന്നു അദ്ദേഹം അധികാരത്തിലിരുന്നത്. സാമൂഹ്യ അരാജകത്വവും ദാരിദ്രവും കാരണം ഒന്നര മില്യണിലധികമാളുകള്‍ സിറിയയുടെ പ്രാന്ത പ്രദേശങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്ക് മാറിത്താമസിക്കുന്ന കാലം കൂടിയായിരുന്നു അത്.
പലപ്പോഴായി നടക്കുന്ന ഹിതപരിശോധനകളില്‍ തനിക്കുള്ള വ്യക്തമായ ഭൂരിപക്ഷം അസദ് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. 2007 ല്‍ നടന്ന ഹിതപരിശോധനയില്‍ പോലും 99 ശതമാനം പിന്തുണ തനിക്കുണ്ടെന്ന് ധരിപ്പിച്ചു. അസദിന്റെ ഹിതപരിശോധനയുടെ ആധികാരികത വേഗത്തില്‍ ചോദ്യംചെയ്യപ്പെട്ടു തുടങ്ങി. കൃത്രിമത്വം കാണിക്കുന്നുവെന്ന ആരോപണം ശക്തമാവുകയും അത് തെരുവിലേക്ക് പടരുകയും ചെയ്തു. എന്നാല്‍ സൈനിക ശക്തികൊണ്ട് തെരുവ് യുദ്ധക്കളമാക്കാന്‍ അസദ് ഭരണകൂടത്തിന് മടിയുണ്ടായിരുന്നില്ല. റഷ്യയും ഇറാനും ഒഴികെയുള്ള ലോകരാജ്യങ്ങള്‍ ബശാര്‍ അല്‍ അസദിനോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടു.
അസദ് ഭരണകൂടത്തിനെതിരായ പോരാട്ടം തുടങ്ങിയനാള്‍ മുതല്‍ വ്യത്യസ്ത പേരിലുള്ള വിമത ശക്തികള്‍ സിറിയയെ ചോരക്കളമാക്കുന്നതില്‍ പങ്കു വഹിച്ചു. സുന്നി ശിയാ ചേരി തിരിഞ്ഞുള്ള പോരാട്ടമായും ഇതിനെ വ്യാഖ്യാനിക്കാന്‍ എളുപ്പം സാധിച്ചു. പ്രധാന വിമത ഗ്രൂപ്പായ ഫ്രീ സിറിയന്‍ ആര്‍മിയില്‍ ഭരണകൂട വിരുദ്ധ വികാരം കൊണ്ടു നടക്കുന്ന സാധാരണക്കാരും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. അമേരിക്ക, അല്‍ഖാഇദ, അല്‍ നുസ്ര, ജയ്ഷ് അല്‍ ഇസ്‌ലാം, തുര്‍ക്കി തുടങ്ങിയവര്‍ ഫ്രീ സിറിയന്‍ ആര്‍മിക്കൊപ്പം നിലകൊണ്ടു.
സിറിയയുടെ നയതന്ത്ര പ്രധാനമുള്ള നഗരമായ അലപ്പോ വിമതരില്‍ നിന്ന് പിടിച്ചെടുത്തത് അസദിന്റെ സൈന്യം നടത്തിയ വലിയ നീക്കമായിരുന്നു. എന്നാല്‍ സ്വതന്ത്ര ഭരണമെന്ന ലക്ഷ്യത്തോടെ അഫ്രീന്‍ പിടിച്ചെടുക്കാന്‍ വിമത സേന ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതാണ് വലിയ രക്തച്ചൊരിച്ചിലുകള്‍ക്ക് ഇടയാക്കുന്നത്. ഒരു ഘട്ടത്തില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റും സിറിയയില്‍ ശക്തിപ്പെട്ടിരുന്നു. 2011ല്‍ സിറിയന്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതോടെ ബാഗ്ദാദി ഒരു സംഘത്തെ സിറിയയില്‍ യുദ്ധത്തിനായി അയച്ചു. ഇവര്‍ അല്‍ നുസ്ര ഫ്രണ്ട് എന്ന പേരില്‍ സിറിയയില്‍ ശക്തമായ സംഘമായിത്തീരുകയും ചെയ്തു. ജബ്ഹത്തെ ഫതഹു ശാം, ഹിസ്ബുല്ലാഹ്, സിറിയന്‍, സിറിയയുടെ അയല്‍ രാജ്യമായ ഇറാഖില്‍ നിന്നടക്കം വന്ന സിറിയന്‍ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന ഖുര്‍ദുകളുടെ ഗ്രൂപ്പ് തുടങ്ങി നിരവധി ഗ്രൂപ്പുകളാണ് സര്‍ക്കാറിനെതിരായി അണിനിരക്കുന്നത്. ഇറാനായിരുന്നു അസദിന്റെ ഭരണത്തെ മുഖ്യമായും സഹായിച്ച രാജ്യം. അതേസമയം തുര്‍ക്കിയും ഖത്തറുമടങ്ങുന്ന മറുചേരി സിറിയയിലെ വിമത പോരാട്ടങ്ങളെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്തുപോന്നു. ഐസിസിനെ നേരിടാനെന്ന പേരില്‍ വിമതര്‍ക്കെതിരായ കനത്ത ആക്രമണം അഴിച്ചുവിട്ടുകൊണ്ട് അമേരിക്കകൂടി ഇതില്‍ പങ്കാളിയായതോടെ സിറിയയില്‍ ചോരപ്പുഴയൊഴുകി.
നിരപരാധികളെ കൊന്നൊടുക്കുന്നതില്‍ അമേരിക്കയോട് മത്സരിക്കുകയാണ് റഷ്യ എന്നു പറയേണ്ടി വരും. 2015 ലാണ് ഈ യുദ്ധ ഭൂമിയിലെ ചോരച്ചൊരിച്ചില്‍ കൂടുതല്‍ രൂക്ഷമാക്കി കൊണ്ട് റഷ്യ കടന്നുവരുന്നത്. സിറിയയിലെ ഇടപെടലിന് റഷ്യ രണ്ട് ന്യായങ്ങളായിരുന്നു നിരത്തിയത്. ഒന്ന് സിറിയയില്‍ വിമതരെ പിന്തുണക്കുന്നത് അമേരിക്കയാണെന്നും അതുകൊണ്ടു തന്നെ അമേരിക്കന്‍ സൈന്യത്തെ നേരിടാന്‍ സിറിയയില്‍ തങ്ങളുടെ സാന്നിധ്യം അനിവാര്യമാണെന്നും റഷ്യ കണക്കുകുട്ടി. എണ്ണ സമ്പന്നമായ സിറിയയിലെ വാണിജ്യ താല്‍പര്യങ്ങളാണ് അവിടെ തുടരാന്‍ റഷ്യയെ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമാണ്. അതോടൊപ്പം പഴയ യു.എസ്.എസ്.ആറിന്റെ പ്രതാപത്തിലേക്ക് മടങ്ങാന്‍ സിറിയയിലെ സൈനികാക്രമങ്ങള്‍ കാരണമാകുമെന്നുവരെ റഷ്യക്കാരെ പ്രസിഡന്റ് പുടിന്‍ വിശ്വസിപ്പിച്ചു. ഇതിനു ഉപോല്‍കരമായ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പടച്ചുവിട്ടു. എതിര്‍ ശബ്ദങ്ങളെ എന്തുവില കൊടുത്തും തുടച്ചുനീക്കാനുള്ള നീക്കത്തിനു പിന്നിലെ ലക്ഷ്യവും അതുതന്നെ. അസദിനെതിരായ യു.എന്‍ പ്രമേയങ്ങളെ 11 തവണയാണ് റഷ്യ വീറ്റോ ചെയ്തത്. അസദിനെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമത്തില്‍ സഖ്യകക്ഷികളെയും സംശയത്തോടെയാണ് റഷ്യ നോക്കിക്കാണുന്നത്. ഇറാനും തുര്‍ക്കിയും ഒരു പരിധിക്കപ്പുറം സിറിയയില്‍ ഇടപെടുന്നതില്‍ റഷ്യക്ക് അസഹിഷ്ണുതയുണ്ട്. റഷ്യയെ നിലക്കുനിര്‍ത്താന്‍ സാധിക്കാത്ത യു.എന്‍ രക്ഷാസമിതിയുടെ അവസ്ഥ ലജ്ജാകരമാണ്.
റഷ്യന്‍ പിന്തുണയുള്ള അസദ് ഭരണകൂടത്തിനെതിരായ നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിറിയയിലെ രാസായുധ പ്രയോഗം അമേരിക്കയേയും അവിടെ ഇടപെടാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഇക്കാര്യം അന്നത്തെ പ്രസിഡണ്ട് ബറാക് ഒബാമ തന്നെ വ്യക്തമാക്കിയിരുന്നു. 2017 ഏപ്രിലില്‍ അമേരിക്ക നടത്തിയ സൈനികാക്രമണവും ചെറുതായിരുന്നില്ല. ചാര സംഘടനയായ സി.ഐ.എ, അസദിനെതിരായ വിപ്ലവം നയിക്കാന്‍ വിമതരെ പരിശീലിപ്പിക്കുന്നതിനായി വലിയ തുക ചിലവഴിച്ചിരുന്നു. 500 മില്യണ്‍ ചെലവഴിച്ചിട്ടും അറുപത് പേരെ മാത്രമേ പരിശീലിപ്പിച്ചിട്ടുള്ളൂ എന്ന് വാര്‍ത്തകള്‍ വന്നതോടെ അമേരിക്കന്‍ ചാര സംഘടന ഈ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.
യു.എന്‍ ഹൈക്കമ്മീഷന്‍ ഓഫ് റെഫ്യൂജീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ പുറംതള്ളപ്പെടുന്ന രാജ്യം സിറിയയാണ്. സിറിയയുടെ അയല്‍ രാജ്യമായ തുര്‍ക്കിയിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ (27 ലക്ഷം) ചെന്നുപെട്ടത്. അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനെ ചൊല്ലി യൂറോപ്യന്‍ രാജ്യങ്ങളിലും ഭിന്നത രൂക്ഷമാണ്. 28 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലായി ലഭിച്ചിരിക്കുന്ന 12.5 ലക്ഷം അപേക്ഷകളില്‍ കാല്‍ഭാഗം മാത്രമേ തീര്‍പ്പു കല്‍പിച്ചിട്ടുള്ളൂ. അതേസമയം ജര്‍മനിയിലെ പെഗിഡ പോലുള്ള അഭയാര്‍ഥി വിരുദ്ധ പ്രസ്ഥാനങ്ങളും വലിയ പ്രതിസന്ധി തീര്‍ക്കുന്നു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം നാലര ലക്ഷം സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. ഒരു മില്യണിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും 12 മില്യണിലധികമാളുകള്‍ നാടുവിട്ട് പോകുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. അവസാന രണ്ടു വര്‍ഷത്തില്‍ മാത്രം ഒരു ലക്ഷത്തിലേറെ സാധാരണക്കാരുടെ ജീവന്‍ പൊലിഞ്ഞു. ഇതില്‍ പതിനായിരത്തിലധികം കുട്ടികളുമുണ്ടായിരുന്നു. അഞ്ച് മില്യണ്‍ സിറിയക്കാര്‍ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് അയല്‍ രാജ്യങ്ങളിലേക്കും മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്കും കാല്‍നടയായും കടല്‍ വഴിയും അഭയം തേടിപോയി. സിറിയയില്‍ താമസിച്ചു പോന്ന നലര ലക്ഷത്തിലധികം ക്രിസ്ത്യാനികളും ആഭ്യന്തര കലഹങ്ങളെ തുടര്‍ന്ന് സ്വരാജ്യങ്ങളിലേക്ക് തന്നെ മടങ്ങി പോയി.
പലപ്പോഴായി സമാധാന ചര്‍ച്ചകള്‍ നടന്നു. മിക്ക ചര്‍ച്ചകളിലെയും പ്രധാന വിര്‍ശനം അസദ് ഭരണകൂടത്തിന്റെ കിരാത നടപടികള്‍ക്കെതിരായിരുന്നു. 2012 ല്‍ ജനീവയിലും സ്വിറ്റ്‌സര്‍ലണ്ടിലുമായി ആദ്യ ഘട്ട സമാധാന ചര്‍ച്ചകള്‍ നടന്നു. ഐക്യരാഷ്ട്ര സഭയാണ് ഇതിന് മുന്‍കൈ എടുത്തത്. സിറിയയില്‍ ഭരണമാറ്റമുണ്ടായാല്‍ ബശാറുല്‍ അസദിന്റെ പങ്കെന്ത് എന്നത് സംബന്ധിച്ചു നടന്ന തര്‍ക്കത്തില്‍ ചര്‍ച്ച മുട്ടി. പലപ്പോഴും സമാധാന ചര്‍ച്ചകളില്‍ ഉടക്കുണ്ടാക്കുന്ന ഘടകവും ഇതു തന്നെയായിരിന്നു. ക്രൂരനെന്ന് അസദിനെ വിശേഷിപ്പിച്ച വിമതര്‍ അദ്ദേഹവുമായി ഒരു നീക്കുപോക്കിനും തയ്യാറാവുന്നില്ല. 2017 ലും ചര്‍ച്ചകള്‍ നടന്നു. 2014 ല്‍ മുന്‍ യു.എന്‍ സെക്രട്ടറി കോഫി അന്നാനെ സിറിയിലേക്കുള്ള സമാധാന ദൂതുമായി അയച്ചെങ്കിലും പ്രതീക്ഷിച്ച പുരോഗതിയൊന്നും ഉണ്ടാക്കാന്‍ ആ സംഘത്തിനും സാധിച്ചില്ല. 2018 ല്‍ റഷ്യ മുന്‍കൈ എടുത്ത് ഖസാകിസ്ഥാന്റെ തലസ്ഥാനമായ ആസ്താനയില്‍ നടന്ന ചര്‍ച്ച വിമതരുടെ നിസ്സഹകരണംമൂലം മുങ്ങിപ്പോയി. ഫെബ്രുവരിയിലാണ് റഷ്യന്‍ യുദ്ധ വിമാനങ്ങളുടെ സഹായത്തോടെ സിറിയന്‍ ഗവണ്‍മെന്റ് പശ്ചിമ ഗൗതയില്‍ ബോംബ് വര്‍ഷിച്ചു തുടങ്ങിയത്. നൂറുകണക്കിന് പൗരന്മാരായിരുന്നു മരണപ്പെട്ടത്. 2013 മുതല്‍ സൈനിക ഉപരോധത്തിലുള്ള പ്രദേശമാണ് ഗൗത. രാസായുധ പ്രയോഗത്തിനെതിരെ അമേരിക്ക പോലും സിറിയന്‍ സര്‍ക്കാറിന് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അഫ്രീന്‍ പിടിച്ചെടുക്കാന്‍വേണ്ടി തുര്‍ക്കിയുടെ സഹായത്തോടെ വിമത സേനകള്‍ നടത്തുന്ന ശ്രമങ്ങളാണ് അസദിനെയും റഷ്യയേയും ഇപ്പോള്‍ പ്രകോപിപ്പിച്ചത്.
രണ്ടാം ലോക യുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പലായനമാണ് സിറിയയില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഫെബ്രുവരിയില്‍ യു.എന്‍ പുറത്തുവിട്ട കണക്കുപ്രകാരം 5.5 മില്യണ്‍ അഭയാര്‍ത്ഥികളാണ് രാജ്യത്തിന് പുറത്തേക്ക് ഒഴുകിയത് എന്നാണ്. സിറിയയില്‍ തന്നെ നാടും വീടും നഷ്ട്‌പ്പെട്ട് അലഞ്ഞു നടക്കുന്നവരുടെ എണ്ണം ഏകദേശം 6.5 മില്യണ്‍ വരും. ലബനാന്‍ തുര്‍ക്കി, ജോര്‍ദാന്‍ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്ന രാജ്യങ്ങള്‍. മികച്ച ജീവിത സാഹചര്യങ്ങള്‍ തേടി യൂറോപ്പിലേക്ക് പലായനം ചെയ്തവരും നിരവധിയാണ്. 2017 ലെ കണക്കനുസരിച്ച് 66,000 സിറിയക്കാര്‍ രാജ്യത്തേക്ക് തന്നെ മടങ്ങി വന്നിട്ടുണ്ട്.

chandrika: