X

കാലിക്കറ്റ് സര്‍വകലാശാല @ അന്‍പത്

ഡോ. കെ മുഹമ്മദ് ബഷീര്‍
(വൈസ് ചാന്‍സലര്‍)

ഉന്നത വിദ്യാഭ്യാസത്തിന്റെ പുതിയ പ്രകാശത്തിലേക്ക് മലബാറിലെ ജനതയെ കൈപിടിച്ചുയര്‍ത്തിയ കാലിക്കറ്റ് സര്‍വകലാശാല സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയാണ്. അഞ്ച് പതിറ്റാണ്ടിനുള്ളില്‍ കാലിക്കറ്റ് സര്‍വകലാശാല കൈവരിച്ച നേട്ടങ്ങള്‍ ഏറെ വലുതാണ്. ഇന്ത്യയിലെ എണ്ണൂറിലേറെ സര്‍വകലാശാലകളില്‍ അമ്പത്തിയേഴാം റാങ്ക് നേടിയത് അഭിമാനമുയര്‍ത്തുന്നു. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കി(എന്‍.ഐ.ആര്‍.എഫ്) ന്റെ ഔദ്യോഗിക അംഗീകാരമാണിത് എന്നത് മാറ്റ് വര്‍ധിപ്പിക്കുന്നു. ഇന്ത്യയിലെ മൊത്തം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 93-ാം സ്ഥാനം കൈവരിക്കാനും സാധിച്ചു. ഭാരതത്തിലെ സര്‍വകലാശാലകളുടെ നിലവാരം അളക്കുന്ന ഔദ്യോഗിക ഏജന്‍സിയായ നാക് (നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) സമ്മാനിച്ച ‘എ’ ഗ്രേഡ് കാലിക്കറ്റിന്റെ ശിരസിലെ പൊന്‍തൂവലായി വിരാജിക്കുന്നു. കേരളത്തിലെ സര്‍വകലാശാലകളില്‍ ഏറ്റവുമധികം പോയന്റ് കാലിക്കറ്റിന് ലഭിച്ചത് അഭിമാനം ഉയര്‍ത്തുന്നതോടൊപ്പം ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 3.13 സി.ജി.പി.എ നേടാന്‍ കാലിക്കറ്റിന് സാധ്യമായി.
കേരളയെ വിഭജിച്ച് പുതിയൊരു സര്‍വകലാശാല സ്ഥാപിക്കുന്ന ഓര്‍ഡിനന്‍സ് 1968 ജൂലൈ 23-ന് പുറപ്പെടുവിച്ചതോടെ മലബാറിന്റെ വൈജ്ഞാനിക ചരിത്രത്തില്‍ പുതുയുഗപ്പിറവിയായി. തുടര്‍ന്ന് 1968 ഓഗസ്റ്റ് 12-ന് ഔപചാരിക ഉദ്ഘാടനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ത്രിഗുണസെന്‍ കോഴിക്കോട്ട് നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. തൃശൂരിനിപ്പുറം സംസ്ഥാനത്തിന്റെ വടക്കെ പാതിയിലെ യുവജനങ്ങള്‍ക്ക് ഉന്നത പഠനത്തിനായി അക്കാലത്ത് 54 കോളജുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പില്‍ക്കാലത്ത് ഭൂ പരിധിയില്‍ നിന്ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളും വയനാട്ടിലെ മാനന്തവാടി താലൂക്കും വേര്‍പെട്ടു. എന്നിട്ടും ഇന്ന് കോളജുകളുടെ എണ്ണം 432 ആയി ഉയര്‍ന്നിരിക്കുന്നു. 35 പഠന-ഗവേഷണ വകുപ്പുകള്‍, നേരിട്ട് നടത്തുന്ന 36 സ്വാശ്രയ സ്ഥാപനങ്ങള്‍, 11 ഗവേഷണ ചെയറുകള്‍ എന്നിവയും സര്‍വകലാശാലയുടെ ഭാഗമാണ്. സംസ്ഥാനത്ത് ആദ്യമായി ‘ക്രെഡിറ്റ് സെമസ്റ്റര്‍ സമ്പ്രദായം’ നടപ്പിലാക്കിയതിന്റെ ക്രെഡിറ്റും കാലിക്കറ്റിന് സ്വന്തമാണ്. ഗോത്ര വര്‍ഗ യുവജനതയുടെ സര്‍വതോന്മുഖ പുരോഗതി ലക്ഷ്യമാക്കി അവര്‍ക്ക് വേണ്ടി മാത്രമായി വയനാട്ടിലെ ചെതലയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സ്ഥാപിച്ചതില്‍ സര്‍വകലാശാലക്ക് പ്രത്യേക ചാരിതാര്‍ത്ഥ്യമുണ്ട്. ഫോക്‌ലോര്‍, വിമന്‍ സ്റ്റഡീസ് പഠനവകുപ്പുകളും സംസ്ഥാനത്ത് കാലിക്കറ്റിന്റെ തനിമയാണ്. 11,82,108 ബിരുദം, 1,60,573 പി.ജി, 716 സര്‍ട്ടിഫിക്കറ്റ്, 4165 ഡിപ്ലോമ, 1982 എം.ഫില്‍, 2236 പി.എച്ച്.ഡി എന്നിങ്ങനെ മൊത്തം 13,51,780 യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ കാലിക്കറ്റ് സര്‍വകലാശാല ഇതിനകം സമ്മാനിച്ചുകഴിഞ്ഞു.
‘ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ സമൂഹത്തിന്റെ സേവകരായി കാണേണ്ടതുണ്ട്. ജനതയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അവ സഹായകമാവണം. കോളജുകളും സര്‍വകലാശാലകളുമെല്ലാം നിരന്തരമായി മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട്. പുതിയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മാറാന്‍ മടിക്കുന്നവയുടെ അസ്ഥിത്വം പോലും നീതീകരിക്കാനാവാത്തതാണ്’. സര്‍വകലാശാലയുടെ പ്രോ-ചാന്‍സലറായ വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ 1968 നവംബര്‍ രണ്ടിന് പ്രഥമ സിണ്ടിക്കേറ്റ് യോഗത്തില്‍ചെയ്ത പ്രസംഗത്തില്‍ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. കേവലം പുതിയൊരു സര്‍വകലാശാലകൂടി സ്ഥാപിക്കുന്നുവെന്നതല്ല തികച്ചും നവീനവും വ്യത്യസ്തവുമായൊരു സര്‍വകലാശാല പിറക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കും ഇതേ സരണികളിലെ ഗവേഷണങ്ങള്‍ക്കും വലിയ പ്രാധാന്യം കൊടുക്കുമ്പോള്‍ തന്നെ സാംസ്‌കാരിക പരിണാമത്തിന്റെ മഹത്തായ മൂല്യങ്ങളെ താന്‍ ലഘൂകരിച്ച് കാണുന്നില്ലെന്നും സി.എച്ച് മുഹമ്മദ് കോയ വ്യക്തമാക്കിയിരുന്നു. ഫിലോസഫി, പൗരസ്ത്യപഠനം, ഫൈന്‍ ആര്‍ട്‌സ് എന്നിവക്കൊപ്പം പൊതുജന സേവന പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് പ്രഥമ പ്രോ-ചാന്‍സലര്‍ അന്ന് നിരീക്ഷിച്ചു.
വനിതാ ശാക്തീകരണം ലക്ഷ്യമാക്കി ലൈഫ്‌ലോങ് പഠനവകുപ്പിലൂടെ സൗജന്യമായി നടപ്പാക്കുന്ന തൊഴിലധിഷ്ഠിത പ്രോഗ്രാമുകള്‍, ബഹുജനങ്ങള്‍ക്ക്കൂടി സേവനം നല്‍കുന്ന ഹെല്‍ത്ത് സെന്റര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി വിവിധ വിഭാഗങ്ങള്‍ വഴി നടപ്പാക്കുന്ന പരിപാടികള്‍, ക്യാമ്പുകള്‍, ബൗദ്ധിക ഭിന്നശേഷിക്കാര്‍ക്ക് സൈക്കോളജി പഠനവകുപ്പില്‍ നടപ്പാക്കിയ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം, അവധിക്കാല കായിക പരിശീലന ക്യാമ്പുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവയിലൂടെ ഈ ആശയം വലിയൊരളവില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍വകലാശാല ജനങ്ങളിലേക്ക് എന്ന സമീപനത്തോടെയാണ് ജൂബിലി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിച്ചത് നേട്ടമാണ്. ഫയല്‍ നീക്കം ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയലിങ് സിസ്റ്റം (ഡി.ഡി.എഫ്.എസ്) സംവിധാനത്തിലാക്കിയത് പേപ്പര്‍ രഹിത ഫയലിങ് സംവിധാനത്തിന് തുടക്കം കുറിച്ചു. ഇക്കാര്യത്തിലും സംസ്ഥാനത്ത് കാലിക്കറ്റിനാണ് പ്രഥമ സ്ഥാനം. സമ്പൂര്‍ണ്ണ വൈഫൈ കാമ്പസുമാണ് കാലിക്കറ്റ്.
നേടിയതിനേക്കാള്‍ ഏറെയാണ് നേടാനിരിക്കുന്നവ എന്ന കാഴ്ചപ്പാടില്‍ ബൃഹത്തായ പദ്ധതികള്‍ക്ക് ജൂബിലി വര്‍ഷത്തില്‍ സര്‍വകലാശാല സമാരംഭം കുറിക്കുന്നു. സെന്‍ട്രല്‍ സൊഫിസ്റ്റികേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റി സവിശേഷ പ്രാധാന്യമര്‍ഹിക്കന്നു. ശാസ്ത്ര മേഖലയിലെ നൂതനവും വിലയേറിയതുമായ ഉപകരണങ്ങള്‍ വ്യത്യസ്ത ശാസ്ത്ര പഠന വകുപ്പുകള്‍ക്ക് പൊതുവായി ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണിത്. മറ്റ് സര്‍വകലാശാലകളിലെ അധ്യാപകര്‍ക്ക്കൂടി ഇവിടത്തെ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അവസരം നല്‍കുമെന്ന സവിശേഷതയുമുണ്ട്. പരീക്ഷാ ഭവന്‍ സുവര്‍ണ്ണ ജൂബിലി ബ്ലോക്ക്, ഡിജിറ്റല്‍ ലൈബ്രറി മന്ദിരം, ഭാഷാ വിഭാഗങ്ങള്‍ക്കായി ലൈബ്രറി, അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍, സ്റ്റുഡന്‍സ് അമിനിറ്റി സെന്റര്‍, മ്യൂസിയം കോംപ്ലക്‌സ്, സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍, ഗവേഷക ഹോസ്റ്റല്‍, സ്ഥിരം ഓപ്പണ്‍ സ്റ്റേജ് എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസനത്തിന് വൈവിധ്യമാര്‍ന്ന പദ്ധതികളുണ്ട്. സര്‍വകലാശാലാ കാമ്പസും അഫിലിയേറ്റഡ് കോളജുകളും കൂടുതല്‍ ഹരിതാഭമാക്കാനുള്ള ബൃഹത് പദ്ധതി-ഗ്രീന്‍ കാമ്പസ് കാമ്പയ്ന്‍-തുടങ്ങി കഴിഞ്ഞു. ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്, ദേശീയ ഗവേഷക സംഗമം, പ്ലേസ്‌മെന്റ് പ്രോഗ്രാം, നൊബേല്‍ ജേതാക്കളെ ഉള്‍പ്പെടുത്തി ഫ്രോണ്ടിയര്‍ പ്രഭാഷണങ്ങള്‍, അന്താരാഷ്ട്ര സെമിനാറുകള്‍ തുടങ്ങിയവ ജൂബിലി വര്‍ഷക്കാലത്ത് നടത്തും. വൈസ് ചാന്‍സലര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തിനും കാലിക്കറ്റ് സര്‍വകലാശാല വേദിയാകും. വിദേശ വിദ്യാര്‍ത്ഥി സംഗമം, സാംസ്‌കാരിക പരിപാടികള്‍, ജൂബിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍, സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ തുടങ്ങിയവയും വിഭാവനം ചെയ്യുന്നു.
ഭവനരഹിതരായ 250 പേര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുകയെന്ന മഹത്തായ ദൗത്യം കാലിക്കറ്റ് സര്‍വകലാശാലാ നാഷണല്‍ സര്‍വീസ് സ്‌കീം ജൂബിലി വര്‍ഷത്തില്‍ ഏറ്റെടുക്കും. സുനാമിയില്‍ വംശനാശം സംഭവിച്ചവയുള്‍പ്പെടെ ലോകത്തിന്റെ നാനാദേശങ്ങളിലുമുള്ള സസ്യവര്‍ഗങ്ങള്‍ വളര്‍ത്തുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇന്ത്യന്‍ സര്‍വകലാശാലകളിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. കാഴ്ചയില്ലാത്തവര്‍ക്ക് പൂക്കളും ഇലകളും കായ്ഫലങ്ങളും തൊട്ടും മണത്തും കേട്ടും അറിയാനുള്ള അതിനൂതന സംവിധാനത്തോടെയുള്ള പ്രത്യേക പൂന്തോട്ടം കാമ്പസിന്റെ മറ്റൊരു സവിശേഷതയാണ്. പ്രാചീന വിജ്ഞാന ശേഖരമായ തുഞ്ചന്‍ താളിയോല ലൈബ്രറി, വാനനിരീക്ഷണ കേന്ദ്രം എന്നിവയും ശ്രദ്ധേയമാണ്. കായിക രംഗത്ത് ദേശീയ തലത്തില്‍ വന്‍ നേട്ടങ്ങള്‍ കൊയ്ത കാലിക്കറ്റ് സര്‍വകലാശാല ‘കായിക സര്‍വകലാശാല’ എന്ന അപരനാമം പോലും കരസ്ഥമാക്കി. ഇക്കഴിഞ്ഞ വര്‍ഷം അഞ്ച് ദേശീയ ചാമ്പ്യന്‍ഷിപ്പുകളാണ് കാലിക്കറ്റിന്റെ താരങ്ങള്‍ പൊരുതിനേടിയത്. 20 ഒളിമ്പ്യന്‍മാര്‍, 14 അര്‍ജുന അവാര്‍ഡ് ജേതാക്കള്‍, ദേശീയ ടീമുകളിലെ അസംഖ്യം താരങ്ങള്‍ എന്നിവരൊക്കെ കായിക മേഖലയില്‍ കാലിക്കറ്റിന്റെ അഭിമാനം ഉയര്‍ത്തുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച സിന്തറ്റിക് ട്രാക്ക്, ഒരേ സ്റ്റേഡിയത്തില്‍ രണ്ട് ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍, നിര്‍മ്മാണം പൂര്‍ത്തിയായിവരുന്ന സ്വിമ്മിങ് പൂള്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ തുടങ്ങിയവയൊക്കെ നേട്ടങ്ങളാണ്. യുവതലമുറയുടെ കായികാരോഗ്യം മികച്ചതാക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്താദ്യമായി കോളജ് ഫിറ്റ്‌നസ് എഡ്യുക്കേഷന്‍ പ്രോഗ്രാം സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ്. ജൂബിലി വര്‍ഷത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ അവസരം ലഭിക്കും.
‘നിര്‍മ്മായ കര്‍മ്മണാശ്രീ’ – കളങ്കമില്ലാത്ത പ്രവര്‍ത്തികൊണ്ട് ഐശര്യമുണ്ടാകും എന്നാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ആപ്ത വാക്യം. 49 വര്‍ഷങ്ങളിലായി സര്‍വകലാശാലക്ക് വേണ്ടി സേവനമനുഷ്ഠിച്ച വൈസ് ചാന്‍സലര്‍മാരുള്‍പ്പെടെയുള്ള സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാര്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവരെല്ലാം ഈ മനോഭാവത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലമാണ് സര്‍വകലാശാലയുടെ ഇന്നത്തെ ഔന്നത്യം.

chandrika: