X

ക്ലേശമാണ് ജീവിതത്തിന്റെ മുഖമുദ്ര

എ.എ വഹാബ്

സൂറത്തുല്‍ ‘ബലദ്’, ഖുര്‍ആനിലെ തൊണ്ണൂറാം അധ്യായം. അവതരണ ക്രമമനുസരിച്ച് മുപ്പത്തിഅഞ്ചാമതായി മക്കയില്‍ അവതരിച്ചത്. വെറും ഇരുപത് സൂക്തങ്ങളുള്ള ചെറിയ അധ്യായം. വളരെ ഹ്രസ്വമായി ആഴത്തിലുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വമിപ്പിക്കുന്നു.
അധിക മനുഷ്യര്‍ക്കും ജീവിത പ്രയാസങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണ് പലപ്പോഴും പറയാനുണ്ടാവുക. മനുഷ്യന് ജീവിതത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സുഭിക്ഷതയും സുഖവും ഉണ്ടാവുമ്പോള്‍ അധികപേരും ദാതാവിനെയും അവന്റെ നിര്‍ദ്ദേശങ്ങളെയും ഗൗരവത്തിലെടുക്കാതെ കിട്ടിയതില്‍ ആഹ്ലാദിക്കുകയും പലപ്പോഴും മറ്റുള്ളവരുടെ അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന തരത്തില്‍ പൊങ്ങച്ചവും ഗര്‍വും കാണിക്കുകയും ചെയ്യുന്നു. അതേ ആള്‍ക്കാര്‍ക്കും തന്നെ എന്തെങ്കിലും നഷ്ടമോ, കഷ്ടപ്പാടോ ബാധിച്ചാല്‍ അവര്‍ അല്ലാഹുവിനോട് നന്ദികെട്ടവരാവുകയും അങ്ങേയറ്റത്തെ നിരാശയില്‍ ആപതിക്കുകയും ചെയ്യുന്നു. ഇക്കാര്യം ഖുന്‍ആനില്‍ പലേടത്തും പല രൂപത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മക്കയില്‍ സത്യ പ്രബോധനത്തിന്റെ വഴിത്താരയില്‍ ഖുറൈശികള്‍ പ്രവാചകനും അനുയായികള്‍ക്കും വല്ലാത്ത പ്രയാസങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചിരുന്ന വേളയിലാണ് ജീവിതത്തിന്റെ ചില സുസ്ഥിര യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അടിവരയിട്ടുകൊണ്ട് ഈ അധ്യായം അവതരിപ്പിക്കപ്പെട്ടത്. ‘നീ വസിക്കുന്ന ഈ നാടിനെയും പിതാവിനെയും പുത്രനെയും മുന്‍നിര്‍ത്തി ഞാന്‍ സത്യം ചെയ്യട്ടെ മനുഷ്യനെ നാം പ്രയാസങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നു’ എന്ന ആമുഖമായി പറഞ്ഞുകൊണ്ടാണ് അധ്യായം ആരംഭിക്കുന്നത്.
ആ നാട് മക്കയാണ്. മനുഷ്യന് ശാന്തിയും അഭയവുമായിത്തീരാനായി ഭൂമിയില്‍ സ്ഥാപിതമായ ആദ്യ ആരാധനാലയം സ്ഥിതി ചെയ്യുന്ന പവിത്രഭൂമി. മനുഷ്യാരംഭം മുതലേ അവിടെ ചില പെരുമാറ്റ ചട്ടങ്ങള്‍ സര്‍വാംഗീകൃതമായി ആചരിച്ചിരുന്നു. അവിടെ എത്തിയാല്‍ മനുഷ്യര്‍ തമ്മില്‍ തര്‍ക്കമോ, യുദ്ധമോ, ശത്രുതയോ ഇല്ലാതെ സാഹോദര്യത്തിന്റെ സഹവര്‍ത്തിത്വമാണ് അനുവര്‍ത്തിച്ചുപോരുന്നത്. അങ്ങനെയുള്ള നാട്ടില്‍ സത്യപ്രബോധനത്തിന് നിയോഗിക്കപ്പെട്ട പ്രവാചകനെ അവഗണിക്കുകയും അനാദരിക്കുകയും അക്രമിക്കുകയും ചെയ്ത ഖുറൈശികളെ ഉണര്‍ത്താനാണീ സത്യം ചെയ്യല്‍. ഇബ്രാഹീം നബിയുടെയും ഇസ്മായില്‍ നബിയുടെയും പാരമ്പര്യം അവകാശപ്പെടുന്ന ഖുറൈശികളാണ് അത് ചെയ്തതെന്ന കാര്യം ഏറെ ഗൗരവമുള്ളതാണ്.
പ്രപിതാക്കന്മാരായ ഇബ്രാഹീം നബിയുടെയും ഇസ്മായീല്‍ നബിയുടെയും ത്യാഗനിര്‍ഭരമായ ജീവിതത്തെ രണ്ട് വാക്കുകളില്‍ അനുസ്മരിപ്പിച്ചുകൊണ്ടാണ് മനുഷ്യ ജീവിതത്തിനായി അല്ലാഹു നിശ്ചയിച്ച ഒരു സുസ്ഥിര യാഥാര്‍ത്ഥ്യം ഇവിടെ വെളിപ്പെടുത്തുന്നത്. മനുഷ്യനെ അല്ലാഹു പ്രയാസങ്ങളും കഷ്ടപ്പാടുകളും സഹിക്കാന്‍തക്കവണ്ണമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇക്കാര്യം സൂറത്തുല്‍ ഇന്‍ഷിഖാഖില്‍ മറ്റു വാചകത്തിലൂടെ അല്ലാഹു ഇങ്ങനെ പറയുന്നു. ‘അല്ലയോ മനുഷ്യാ നീ വളരെ പ്രയാസത്തോടെ നിന്റെ രക്ഷിതാവിലേക്ക് നടന്നടുക്കുകയും അവനെ കണ്ടുമുട്ടുകയും ചെയ്യും.’ ജീവിത പ്രയാസങ്ങളെക്കുറിച്ച് അധികം വിശദീകരിക്കാതെ തന്നെ നമുക്കൊക്കെ അറിയാവുന്നതാണ്. ആദ്യ ജീവകോശം ഗര്‍ഭപാത്രത്തില്‍ നിലയുറപ്പിക്കുന്നത് തന്നെ ഏറെ പ്രയാസങ്ങള്‍ അതിജീവിച്ചുകൊണ്ടാണ്. അവിടന്നങ്ങോട്ടുള്ള വളര്‍ച്ചയും പ്രസവവും തുടര്‍ന്നുള്ള പ്രയാണവും അനായാസമല്ലല്ലോ. അതിനാവശ്യമായതെല്ലാം അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. ഇങ്ങനെ ചിട്ടയോടും സൂക്ഷ്മതയോടും വളര്‍ത്തിയെടുക്കപ്പെട്ട മനുഷ്യന്‍ വളര്‍ന്ന് വലുതാവുമ്പോള്‍ തന്റെ സ്വന്തം അവസ്ഥയെ മറക്കുകയും അല്ലാഹു നല്‍കിയ കഴിവുകളിലും ക്ഷമതകളിലും ഭൗതിക വിഭവങ്ങളിലും വഞ്ചിതനായി തന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തന്നെ ആരും പിടികൂടാനില്ല എന്ന ഭാവത്തില്‍ അക്രമിയാവുകയാണെന്ന് അല്ലാഹു കുറ്റപ്പെടുത്തുന്നു. പലതിനും താനേറെ പണം തുലച്ചിട്ടുണ്ട് എന്നാണവന്റെ വീമ്പ് പറച്ചില്‍. അവനും അവന്റെ പണവും എവിടെ നിന്നാണ് ലഭിച്ചതെന്ന് പോലും ചിന്തിക്കാതെ ദാതാവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കെതിരായി നിലകൊള്ളുന്നു. അവനെ ആരും കാണുന്നില്ലെന്ന് അവന്‍ വിചാരിക്കുന്നുവോ? എന്നാണ് അല്ലാഹു ചോദിക്കുന്നത്. അല്ലാഹുവിന്റെ കണ്ണുകള്‍ തന്നെ കാണുന്നുണ്ടെന്നും അവന്റെ ജ്ഞാനം തന്നെ ചൂഴ്ന്ന് നില്‍ക്കുകയാണെന്നുമുള്ള കാര്യം മനുഷ്യന്‍ ഓര്‍ക്കുന്നില്ല. എത്ര പണം എന്തിന് വേണ്ടി എപ്പോള്‍ ചെലവാക്കി എന്നിത്യാദി കാര്യങ്ങള്‍ അല്ലാഹുവിന് അജ്ഞാതമല്ല എന്നതാണ് ഇവിടെ അല്ലാഹു വെളിപ്പെടുത്തുന്നത്.
മനുഷ്യന് കാര്യങ്ങള്‍ ഗ്രഹിക്കാനായി കണ്ണുകളും നാവും ചുണ്ടുകളും രണ്ടു വഴികളും നല്‍കി അല്ലാഹു അനുഗ്രഹിച്ച കാര്യം ഉണര്‍ത്തിക്കൊണ്ട് മനുഷ്യന്‍ തന്റെ ഉത്തരവാദിത്വ നിര്‍വഹണത്തിന് മുതിര്‍ന്നില്ല എന്ന വിമര്‍ശനമാണ് പിന്നീട് വരുന്നത്. അടിമ മോചനവും ക്ഷാമകാലത്തും ബന്ധുവായ അനാഥനും തുണയില്ലാത്ത അഗതിക്കും അന്നം നല്‍കുന്നതിനെയും മലമ്പാതയോടുപമിച്ച് തടസ്സവും പ്രയാസവുമുള്ള വഴിയായി ഇവിടെ അല്ലാഹു ചിത്രീകരിക്കുന്നു. ആ സാഹസത്തിന് മുതിരുകയും സത്യവിശ്വാസം യഥാര്‍ത്ഥത്തില്‍ സ്വീകരിച്ചുകൊണ്ട് ക്ഷമിക്കാനും കരുണകാട്ടാനും പരസ്പരം ഉപദേശിക്കാനുമാണ് ഇക്കണ്ട സൗകര്യങ്ങളും വിഭവങ്ങളും അല്ലാഹു നല്‍കിയത്. അത്തരക്കാരെ വലതുപക്ഷം എന്നാണ് അല്ലാഹു നാമകരണം ചെയ്തത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ഇടതുപക്ഷക്കാരാണെന്നും അവരുടെ നിഷേധത്തിന്റെ ഫലമായി അവരെ തീകുണ്ഠത്തിലിട്ട് അടച്ചുപൂട്ടും എന്ന് അല്ലാഹു താക്കീത് ചെയ്തുകൊണ്ടാണ് സൂറത്തുല്‍ ബലദ് പര്യവസാനിപ്പിക്കുന്നത്.
കായികമോ മാനസികമോ ആയ ക്ലേശങ്ങളും പ്രയാസങ്ങളും അനുഭവിക്കാതെ മനുഷ്യനിവിടെ വളരാനോ വികസിക്കാനോ സാധ്യമല്ല. അത് അല്ലാഹു ഈ ജീവിതത്തിന് നിശ്ചയിച്ച വ്യവസ്ഥയാണ്. ജീവനും ജീവിതവും വിഭവങ്ങളും മാര്‍ഗ ദര്‍ശനവും തന്നത് അല്ലാഹുവാണ്. അതിനാല്‍ വൈതരണികള്‍ വകവെക്കാതെ മനുഷ്യന്‍ തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സദാ ജാഗരൂഗരായി അധ്വാനിച്ച് മുന്നേറണം. സഹായവും വിജയവും അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ ദൃഢമായി വിശ്വസിച്ച് മുന്നേറുക, അതു മാത്രമാണ് വിജയവീഥി എന്ന ഗുണപാഠമാണ് അല്‍ ബലദിലൂടെ അല്ലാഹു നല്‍കുന്നത്.

chandrika: