X

നേരായ പാത

എ.എ വഹാബ്

പ്രപഞ്ചവും ജീവിതവും അല്ലാഹുവിന്റെ ഒരു സമയബന്ധിത സോദ്ദേശ പദ്ധതിയാണ്. ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ് മനുഷ്യന് ഇവിടെ ജീവിതം തീരുമാനിക്കപ്പെട്ടിട്ടുള്ളത്. അവധി കഴിഞ്ഞാല്‍ ഓരോരുത്തരും ഒടുവില്‍ പ്രപഞ്ചവും ഈ ഭൗതിക ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങും. ആര് ഇവിടെ എന്തു നേടിയാലും ഉണ്ടാക്കിയാലും സ്ഥായിയായി നിലനില്‍ക്കില്ലെന്ന് സാരം. ഈ യാഥാര്‍ത്ഥ്യം മറന്നുകൊണ്ട് നീതി ധര്‍മാദികള്‍ അവഗണിച്ച് മനുഷ്യന്‍ സമ്പാദിക്കുന്നതെല്ലാം ഒടുവില്‍ അവനവന് തന്നെ തീരാ ആപത്തായി മാറും. മരണത്തോടെയോ പ്രപഞ്ചാന്ത്യത്തോടെയോ ജീവിതമെന്ന അത്ഭുത പ്രയാണം അവസാനിക്കില്ല. അതു പാരത്രിക ലോകത്ത് അനന്തമായി തുടര്‍ന്നുകൊണ്ടേയിരിക്കും. ഉപഭോഗ സംസ്‌കാരത്തിന്റെ മാസ്മരികതയില്‍ കുടുങ്ങി, കിട്ടിയ ജീവിതം അടിപൊളിയാക്കാമെന്ന് ചിന്തിക്കുന്ന മനസ്സുകള്‍ക്ക് ഈ വരികള്‍ വായിക്കാന്‍ താല്‍പര്യമുണ്ടാവില്ലെങ്കിലും ഇവിടുന്ന് പിരിഞ്ഞുപോകുമെന്ന യാഥാര്‍ത്ഥ്യം എല്ലാവരെയും ബാധിക്കുന്ന അതിപ്രധാന കാര്യമാണ്. അക്കാര്യം ആരെയും ഏതു സമയവും പിടികൂടാം. ജാതിയോ മതമോ വര്‍ഗമോ വര്‍ണമോ ഭാഷയോ ദേശമോ പ്രായമോ സമയമോ ഒന്നും പരിഗണിക്കാതെയാണ് മരണത്തിന്റെ മാലാഖ ഓരോരുത്തരെയും തേടിയെത്തുക. ഒറ്റക്കൊറ്റക്കാണ് പോകേണ്ടി വരിക. പിരിഞ്ഞുപോകുന്ന നേരത്തുണ്ടാകുന്ന അനുഭവങ്ങളും മനോനിലയും അനുഭവിക്കുന്നവന് മാത്രമേ അറിയൂ. മറ്റാര്‍ക്കും അതു ഉള്‍ക്കൊള്ളാനാവില്ല. മുന്‍കാലങ്ങളില്‍ അനേകം ആളുകള്‍ അങ്ങനെ പോയി. ദൈനംദിനം നമ്മുടെ മുന്നില്‍ നിന്ന് പലരും പൊയ്‌ക്കൊണ്ടിരിക്കുന്നു. എല്ലാവരും സ്വന്തം ഊഴത്തിന് കാത്തു കഴിയുന്നവരാണ്. പോയവര്‍ ഒന്നും കൂടെ കൊണ്ടുപോയില്ലെന്നത് എല്ലാവര്‍ക്കും അറിയുന്ന യാഥാര്‍ത്ഥ്യമാണ്. എന്നിട്ടും അക്രമവും അധര്‍മവും കാട്ടുന്നവര്‍ക്ക് അതൊന്നും ചിന്താ വിഷയമാകുന്നില്ലെന്നതാണത്ഭുതം. മരണചിന്തയും ഭൗതിക ലോക ജീവിത പ്രവര്‍ത്തനങ്ങള്‍ക്ക് പരലോകത്ത് നീതിപൂര്‍വമായ വിചാരണയും രക്ഷാശിക്ഷാ വിധികള്‍ ഉണ്ടാവുകയും ചെയ്യുമെന്ന ദൃഢബോധ്യമുള്ളവര്‍ക്കേ ഇവിടെ നീതി ധര്‍മാദികളിലൂന്നി ജീവിതം നയിക്കാനാവൂ. സമകാലിക ലോക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മനുഷ്യ സമൂഹത്തിന് ഇത്തരം ഒരവബോധം അനിവാര്യമാണ്. ഇവിടുത്തെ പൊലീസും പട്ടാളവും കോടതിയും നിയമവും ജയിലും കൊണ്ട് ഉണ്ടാക്കി എടുക്കാനാവുന്നതിനേക്കാള്‍ മെച്ചപ്പെട്ട ക്രമസമാധാന ഭദ്രതയും ശാന്തിയും സാമൂഹിക നീതിയും നടപ്പാക്കാന്‍ ഈ അവബോധം കൊണ്ട് കഴിയും.
പ്രപഞ്ചത്തിന്റെയും വിഭവങ്ങളെടെയും നിര്‍മിതിയും നടത്തിപ്പും ഏകനായ അല്ലാഹുവാണെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുന്ന കാര്യമാണ്. സൃഷ്ടിക്കപ്പെട്ട എല്ലാത്തിനും എല്ലാവര്‍ക്കും വേണ്ട വിഭവങ്ങള്‍ അല്ലാഹു ഇവിടെ സംവിധാനിച്ചിട്ടുണ്ട്. നീതിപൂര്‍വം അതെടുത്ത് ഉപയോഗിക്കാന്‍ മനുഷ്യന് മാര്‍ഗരേഖ വേണം. മനുഷ്യനുള്ള മാര്‍ഗദര്‍ശനം അല്ലാഹു സ്വന്തം ബാധ്യതയായി ഏറ്റെടുത്തിട്ടുമുണ്ട്. അതു മനുഷ്യന്‍ സ്രഷ്ടാവിനോട് ചോദിച്ചു വാങ്ങണമെന്ന വ്യവസ്ഥയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അദൃശ്യനായവനില്‍ നിന്ന് സഹായം ചോദിക്കുന്നതിനാണല്ലോ പ്രാര്‍ത്ഥന എന്നു പറയുന്നത്. ആ പ്രാര്‍ത്ഥന തന്നെയാണ് യഥാര്‍ത്ഥത്തില്‍ ആരാധന (വി.ഖു.40:60). മനുഷ്യന് പഠിപ്പിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രാര്‍ത്ഥനയാണ് സൂറത്തുല്‍ ഫാത്തിഹ. അത് ഖുര്‍ആന്റെ ആമുഖമാണ്. സൃഷ്ടിയുടെ ആ പ്രാര്‍ത്ഥനക്ക് സ്രഷ്ടാവ് നല്‍കുന്ന ഉത്തരമാണ് ഖുര്‍ആന്റെ ബാക്കി ഭാഗം. സമാപനത്തില്‍ രണ്ടു പ്രധാന പ്രാര്‍ത്ഥനകള്‍ ഉള്‍ക്കൊള്ളിച്ചതാണ് സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവിനോട് ശരണം തേടിക്കൊള്ളാന്‍ നാം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു (16:98). ആ ശരണ പ്രാര്‍ത്ഥന, പ്രാര്‍ത്ഥിക്കാന്‍ കഴിവേകണേ എന്ന പ്രാര്‍ത്ഥനയാണ്. നന്മ തിന്മകളുടെ തെരഞ്ഞെടുപ്പിന് അവസരമേകാനുള്ള പരീക്ഷണത്തിനായി മനുഷ്യമനസ്സില്‍ പ്രവര്‍ത്തിക്കാന്‍ ഇടം നല്‍കപ്പെട്ട ഒരു ദു:ശ്ശക്തിയാണ് പിശാച്. ജിന്നു വര്‍ഗത്തില്‍പ്പെട്ട ഭക്തനായിരുന്ന ഒരു വ്യക്തിത്വം ഇബ്‌ലീസും ശൈത്താനുമായി മാറിയ കഥ ഖുര്‍ആനില്‍ പലയിടത്തും ആവര്‍ത്തിച്ചു പ്രതിപാദിച്ചിട്ടുണ്ട്. ശൈത്താന്റെ ദുഷ്‌പ്രേരണയില്‍ കുടുങ്ങിയ ആദി പിതാവിനും മാതാവിനുമുണ്ടായ അനുഭവവും അവിടങ്ങളില്‍ പരാമര്‍ശിക്കുന്നു. അക്കാര്യം ചൂണ്ടിക്കാട്ടി മനുഷ്യരെ പിശാച് വഴിതെറ്റിക്കാതിരിക്കട്ടെ എന്ന് അല്ലാഹു ആശംസിക്കുകയും നിഷേധികളുടെ മിത്രങ്ങളായി പിശാച് പ്രവര്‍ത്തിക്കും എന്ന താക്കീത് നല്‍കുകയും ചെയ്യുന്നുണ്ട് (7:27). അല്ലാഹുവിന്റെ യഥാര്‍ത്ഥ ദാസന്മാരുടെ മേല്‍ പിശാചിന് യാതൊരു ആധിപത്യവും ഉണ്ടായിരിക്കുന്നതല്ല.(15: 42) കരുണാമയനെ ഓര്‍ക്കുന്നത് വിട്ടാല്‍ മനുഷ്യന്റെ കൂട്ടാളിയായി പിശാചെത്തും എന്ന താക്കീതും ഖുര്‍ആന്‍ നല്‍കുന്നുണ്ട് (43:36). പൈശാചിക സ്പര്‍ശത്തില്‍ നിന്ന് രക്ഷ നേടാന്‍ അല്ലാഹുവില്‍ ശരണം തേടിക്കൊള്ളാന്‍ ഖുര്‍ആന്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുന്ന പാഠമാണ് (41:36).
ഇസ്‌ലാം മനുഷ്യനെ പഠിപ്പിക്കുന്ന പെരുമാറ്റ മര്യാദകളില്‍ ഒന്ന് എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കണമെന്നാണ്. കരുണാമയനും കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തില്‍ സംസാരിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങുമ്പോള്‍ ഒരു വിശ്വാസിക്കും അരുതായ്മകള്‍ ചെയ്യാന്‍ അറപ്പുണ്ടാകും. അതിനാല്‍ ബിസ്മി ഒരു രക്ഷാകവചവും പ്രാര്‍ത്ഥനയുമാണ്. അഊദും ബിസ്മിയും കഴിച്ചാല്‍ ഫാത്തിഹയുടെ ഉള്ളടക്കത്തെ മുന്നായി തിരിക്കാം. രണ്ടും മൂന്നും നാലും സൂക്തങ്ങള്‍ സ്തുതിയുടേതും അഞ്ചാം സൂക്തം പ്രതിജ്ഞയും ആറ്, ഏഴ് സൂക്തങ്ങള്‍ പ്രാര്‍ത്ഥനയുമാണ്. ആരോടാണോ പ്രാര്‍ത്ഥിക്കുന്നത് അവന്റെ സ്ഥാനമാന ബഹുമാനാദരവുകള്‍ അറിഞ്ഞ് അംഗീകരിച്ച് ഹൃദയംഗമായി മൊഴിയുന്ന സ്തുതി വചനമാണ് അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ എന്നത്. ‘സര്‍വസ്തുതിയും സര്‍വലോക നാഥനായ അല്ലാഹുവിനാകുന്നു’ എന്ന സ്തുതിവാക്യം കേവലം പ്രശംസയെ മാത്രം സൂചിപ്പിക്കുന്നതല്ല. ഔദാര്യത്തിനുള്ള നന്ദി, ഔന്നത്യത്തിന്റെ അംഗീകാരം, പ്രാര്‍ത്ഥന തുടങ്ങിയ ആശയങ്ങളും അതുള്‍ക്കൊള്ളുന്നു. അല്ലാഹു അജയ്യനും സര്‍വഗുണ സമ്പന്നനും സകല നന്മകളുടെയും അനുഗ്രഹങ്ങളുടെയും ഉറവിടവുമായതു കൊണ്ട് പ്രാര്‍ത്ഥിക്കപ്പെടാനുള്ള അര്‍ഹതയും അവകാശവും അവന് മാത്രം സമ്മതിച്ചുകൊടുത്തു കൊണ്ട് സാക്ഷ്യം വഹിക്കലാണ് അല്‍ഹംദുലില്ലാഹ് എന്നത്. ഏറ്റവും ശ്രേഷ്ഠമായ ദിക്ര്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നതും ശ്രേഷ്ഠമായ പ്രാര്‍ത്ഥന അല്‍ഹംദുലില്ലാഹ് എന്ന വാക്യവുമാണെന്ന് ഒരിക്കല്‍ പ്രവാചകന്‍ (സ) പറയുകയുണ്ടായി. അറിയുന്നതും അറിയാത്തതുമായ സകല ലോകങ്ങളുടെയും നിര്‍മാതാവും സംരക്ഷകനും അവന്‍ മാത്രമാണെന്നത് സമ്മതിക്കുന്നു എന്നാണ് തൊട്ടുടനെ പറയുന്നത്.
അല്ലാഹുവിന്റെ കരുണയുടെയും കാരുണ്യത്തിന്റെയും ആഴം നമ്മള്‍ മനസ്സിലാക്കുന്നുവെന്നും തുടര്‍ന്നു പറയുന്നു. മരണാനന്തരം പാരത്രിക ലോകത്ത് മനുഷ്യകര്‍മങ്ങളെ വിചാരണ ചെയ്തു പ്രതിഫലം നല്‍കുന്ന നാളിന്റെ ഉടമസ്ഥന്‍ അല്ലാഹു മാത്രമാണെന്ന പ്രഖ്യാപനത്തിലൂടെ പരലോക ജീവിത വിശ്വാസത്തെ ദൃഢപ്പെടുത്തുകയാണ്. സര്‍വതിന്റെയും ഉടമയും പ്രതാപിയുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു എന്ന് പറയുന്നതിലൂടെ മനുഷ്യന്‍ അല്ലാഹുവല്ലാത്ത എല്ലാത്തിന്റെയും അടിമത്വത്തില്‍ നിന്ന് സ്വയം മോചിതനായി സ്വന്തം സത്തയെ സംബന്ധിച്ച ആത്മവിശ്വാസത്തിലെത്തുന്നു.
ശക്തമായ ആ പ്രതിജ്ഞക്ക് ശേഷമാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന വരുന്നത് ‘നീ ഞങ്ങളെ നേരായ പാതയില്‍ നയിക്കേണമേ’ പ്രതിജ്ഞ നിറവേറ്റാന്‍ മാര്‍ഗദര്‍ശനം തേടുകയാണിവിടെ. നിനക്ക് ഇബാദത്ത് ചെയ്യേണ്ടതെങ്ങനെ എന്നും സഹായം തേടേണ്ടത് എങ്ങനെയെന്നും ഞങ്ങള്‍ക്ക് നീ വെളിപ്പെടുത്തി തരികയും അതിലൂടെ ചരിക്കാന്‍ ഞങ്ങള്‍ക്ക് സൗഭാഗ്യമരുളുകയും ചെയ്യേണമേ എന്ന് സാരം. ആ പാത നീ അനുഗ്രഹിച്ചവരുടെ പാതയാക്കണം. നിന്റെ കോപത്തിനിരയായവരുടെയും വഴിപിഴച്ചവരുടെയും മാര്‍ഗമല്ല എന്ന് എടുത്തുപറയാനും പഠിപ്പിക്കുന്നു. അബദ്ധ വീക്ഷണങ്ങളും അപഥ സഞ്ചാരവും കൊണ്ട് വഴിതെറ്റി ജീവിതം നഷ്ടത്തിലും ആത്യന്തിക പരാജയത്തിലും ആകാതിരിക്കാന്‍ ഒരു വിശ്വാസി ദിനേനെ ഏറ്റവും ചുരുങ്ങിയത് പതിനേഴ് പ്രാവശ്യം ഇതാവര്‍ത്തിച്ച് പറയാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. മാറിമറിയുന്ന ചിന്തകള്‍ ഉതിരുന്ന മനസ്സില്‍ ദൈവീക ബാന്ധവം ദൃഢപ്പെടുത്തി നിര്‍ത്താനാണത്. ഇതില്‍ അലംഭാവം കാണിക്കുകയോ ഇതിനെ അവഗണിക്കുകയോ ചെയ്യുന്നവന് യഥാര്‍ത്ഥമാര്‍ഗ ദര്‍ശനം ലഭ്യമാവില്ല.
സൃഷ്ടിയുടെ ഈ പ്രാര്‍ത്ഥനക്കുള്ള ഉത്തരവായാണ് ഖുര്‍ആന്റെ ബാക്കി ഭാഗം ‘ഭക്തിയുള്ളവര്‍ക്ക് സംശയലേശമന്യേ മാര്‍ഗദര്‍ശനമായ വിശുദ്ധ വേദഗ്രന്ഥമാണിത്’ (2:2) മാര്‍ഗദര്‍ശനം പൂര്‍ണമാവാന്‍ ചില ഉപാധികളും അവിടെയെടുത്തു പറയുന്നു. അദൃശ്യത്തിലുള്ള വിശ്വാസം, നമസ്‌കാരം നിലനിര്‍ത്തല്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കല്‍, മുഹമ്മദ് നബി (സ)ക്ക് അവതീര്‍ണമായതിലും മുന്‍ പ്രവാചകന്മാര്‍ക്ക് അവതരിപ്പിച്ചു കൊടുത്തതിലും വിശ്വസിക്കല്‍, പരലോക ജീവിതത്തെക്കുറിച്ച് ദൃഢബോധ്യം തുടങ്ങിയവയാണവ. ഈ ഉപാധികളുംകൂടി പൂര്‍ത്തീകരിക്കുമ്പോഴാണ് നേരായ പാതയില്‍ നടന്നു നീങ്ങാന്‍ നമുക്ക് അനുഗ്രഹമുണ്ടാവുക.

chandrika: