X

ക്രേസി ഗോപാലകൃഷ്ണന്‍

ശക്തമായ നായികാവേഷങ്ങളെടുത്താടിയ മഞ്ജുവാര്യരെ വെള്ളിത്തിരക്ക് അപ്രാപ്യമാക്കി സ്വന്തമാക്കിയപ്പോഴും സുന്ദരിയായ കാവ്യമാധവന്റെ കഴുത്തില്‍ മിന്നു കെട്ടിയപ്പോഴും മലയാളി പുരുഷന്മാരുടെ മനസ്സില്‍ രൂപപ്പെട്ട അസൂയ കലര്‍ന്ന അമര്‍ഷമാണോ ഇന്ന് ദിലീപ് എന്ന ക്രേസി ഗോപാലകൃഷ്ണനില്‍ പെയ്തു തീരുന്നത്? കാല്‍ നൂറ്റാണ്ടായി ദിലീപ് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. സംവിധാന സഹായിയായും കഥയെഴുത്ത്, ഗാനാലാപനം, നിര്‍മാണം എന്നിവക്കൊക്കെ അപ്പുറം തീര്‍ത്തും വ്യത്യസ്തമായ നായക കഥാപാത്രങ്ങള്‍ എല്ലാം കൊണ്ടും മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ദിലീപിനോളം പ്രിയപ്പെട്ട സിനിമാക്കാരനില്ല. പക്ഷെ ആ രണ്ട് നായികമാരെച്ചൊല്ലി ഇടയ്‌ക്കൊരു നെടുവീര്‍പ്പ് ഉയരുകയും ചെയ്യും.
സിനിമാനടിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാനും ഫോട്ടോയെടുക്കാനുമുള്ള ശ്രമം കേരളത്തിന് പുതിയതായിരുന്നു. ടി.പി ചന്ദ്രശേഖരനെ വെട്ടിയപ്പോള്‍ മലയാളത്തിലെ അക്ഷരങ്ങളെ ഓര്‍മിപ്പിച്ച കൊടി സുനിക്ക് ശേഷം കേരളം പള്‍സര്‍ എന്ന് പേരുള്ള സുനിയെ പരിചയപ്പെട്ടു. കൊടിയെ പോലെ പള്‍സറിനും ജയിലില്‍ കത്തെഴുത്തിനും ഫോണ്‍ വിളിക്കും നിര്‍ബാധം സൗകര്യം കിട്ടുന്നുവെന്നാണ് വെളിപ്പെട്ട വിവരം. ഒരു പക്ഷെ സിനിമാനടിയുടെ കേസിലെ ഏറ്റവും വലിയ സവിശേഷത ഇന്നേ വരെ ഒരു ആഭ്യന്തര മന്ത്രിയും നടത്തിയിട്ടില്ലാത്ത വെളിപ്പെടുത്തല്‍ പിണറായി വിജയന്‍ നടത്തിയേടത്താണ്. പള്‍സര്‍ ബൈക്കില്‍ കീഴടങ്ങാനായി കോടതിയിലെത്തിയ സുനിയെ പൊലീസുകാര്‍ ‘അതി സാഹസിക’മായി കീഴ്‌പെടുത്തി അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്ത സമയത്താണ് പൊലീസ് വകുപ്പിന്റെ ചുമതലക്കാരന്‍കൂടിയായ മുഖ്യമന്ത്രി വിളംബരം ചെയ്യുന്നത്, കുറ്റകൃത്യം സുനി സ്വന്തം നിലയില്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് എന്ന്. പട്ടാപ്പകല്‍ അറസ്റ്റ് ചെയ്ത സുനിയോട് പൊലീസിന് പേരുവിവരം പോലും ചോദിച്ചു മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നിരിക്കെ പിണറായിക്ക് എവിടുന്ന് കിട്ടി ഇത്രയും വിവരം എന്ന് അറിയാതെ ജനം അന്തിച്ചു നില്‍ക്കവെ പ്രതിയെ കസ്റ്റഡിയില്‍ കിട്ടണം, ഗൂഢാലോചന സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു. സഖാവിന് കൊടിയും പള്‍സറും മാറിപ്പോയതായിരിക്കുമോ എന്ന ശങ്കക്ക് അടിസ്ഥാനമില്ലാതെ കേസ് സുഷുപ്തിയിലേക്ക് ആണ്ടുപോകുകയായിരുന്നല്ലോ. അതിനിടയിലാണ് സുനിയുടെ വെളിപ്പെടുത്തലും കത്തും അതില്‍ ദിലീപിന്റെ പ്രതികരണവുമൊക്കെ ഉണ്ടായത്.
തന്നെ ആരൊക്കെയോ വേട്ടയാടുന്നുവെന്ന തോന്നല്‍ കുറച്ചുകാലമായി ദിലീപിനുണ്ട്. ‘ഞാന്‍ കാരണം കാവ്യയുടെ ജീവിതം തകര്‍ന്നുവെന്ന് ആദ്യം പ്രചരിപ്പിച്ചു. ഇപ്പോള്‍ കാവ്യ കാരണം എന്റെ കുടുംബം തകര്‍ന്നുവെന്ന് പ്രചരിപ്പിക്കുന്നു. ഇത്തരം ഗോസിപ്പ് കാരണം ഒരു കുടുംബം തകരുമെന്ന് കരുതുന്നുണ്ടോ?’ എന്ന് ഒരു അഭിമുഖത്തില്‍ ദിലീപ് ചോദിക്കുന്നുണ്ട്. നടിക്കെതിരായ കയ്യേറ്റം ഉണ്ടായ അന്നു മുതല്‍ ദിലീപ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു. അതിന്റെ കാരണങ്ങളിലൊന്ന് മഞ്ജുവാര്യരും ഈ നടിയും തമ്മിലെ സൗഹൃദമാണ്. പള്‍സര്‍ സുനിയുടെ ചില വെളിപ്പെടുത്തല്‍ വന്നപ്പോള്‍ തന്നെ മുന്‍ കൂര്‍ ജാമ്യമെന്ന പോലെ പ്രതിയെ നടിയുമായി ബന്ധപ്പെടുത്താന്‍ ദിലീപ് നടത്തിയ ശ്രമം സംശയങ്ങള്‍ ബലപ്പെടുത്താനേ സഹായിച്ചുള്ളൂ. ഇപ്പോള്‍ ദിലീപിനെ പറ്റി ചോദിക്കുമ്പോഴേക്ക് മുകേഷും ഗണേഷുമെല്ലാം മാധ്യമ പ്രവര്‍ത്തകരോട് വല്ലാതെ ക്ഷുഭിതരാകുകയും ചെയ്യുന്നു. ദിലീപ്, ഡ്രൈവര്‍ അപ്പുണ്ണി, സുഹൃത്ത് നാദിര്‍ഷാ എന്നിവരെ മാറി മാറി 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത് തിരുവനന്തപുരത്തുനിന്നുള്ള ഫോണ്‍വിളിയെ തുടര്‍ന്നായിരുന്നല്ലോ.
ഞാന്‍ സ്വപ്‌നം കണ്ടതല്ല ഈശ്വരന്റെ അത്ഭുതം മാത്രമാണ് എന്ന് ദിലീപ് സ്വന്തം ജീവിതത്തെ വിലയിരുത്തിയിട്ടുണ്ട്. ആലുവയില്‍ 1968 ഒക്‌ടോബര്‍ 27ന് ജനിച്ച ഗോപാലകൃഷ്ണന്‍ മിമിക്രിയിലൂടെയാണ് കലാരംഗത്തുവരുന്നത്. കലാഭവന്റെ ഭാഗമായി നാദിര്‍ഷായും ഒക്കെ ചേര്‍ന്ന് സ്റ്റേജ് ഷോകളും ദേ മാവേലികൊമ്പത്ത് പോലെ കാസറ്റുകളുമായി മുന്നേറി. കമല്‍ അടക്കം പ്രമുഖരുടെ അസിസ്റ്റന്റ് ഡയരക്ടറായിരിക്കെ തന്നെ ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. അവ ശ്രദ്ധേയമാക്കിയ അതേ മിടുക്കാണ് 1994ല്‍ മാനത്തെ കൊട്ടാരത്തില്‍ നായക വേഷം നല്‍കാന്‍ സംവിധായകന്‍ സുനിലിന് ധൈര്യം നല്‍കിയത്. സല്ലാപം, ഈ പുഴയും കടന്ന്, പഞ്ചാബി ഹൗസ്, ഉദയപുരം സുല്‍ത്താന്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങിയ സിനിമകളില്‍ ദിലീപിന് മാത്രം ചെയ്യാവുന്ന നായക കഥാപാത്രങ്ങള്‍. 2002ല്‍ മീശമാധവനിലെത്തിയപ്പോള്‍ കാവ്യ- ദിലീപ് ജോഡികള്‍ ക്ലിക്കായി.
വ്യത്യസ്തത ദിലീപിന് ഹരമായി. പണം മുടക്കാന്‍ സ്വന്തം നിര്‍മാണക്കമ്പനി തന്നെ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് സ്ത്രീയായി വേഷം മാറുന്ന മായാമോഹിനി, മുച്ചുണ്ടുകാരന്റെ സൗണ്ട് തോമ, വിരൂപന്റെ കുഞ്ഞിക്കൂനന്‍, മന്ദബുദ്ധിയുടെ പച്ചക്കുതിര, ട്രാന്‍സ്‌ജെന്‍ഡറിന്റെ ചാന്ദ്‌പൊട്ട്. സി.ഐ.ഡി മൂസ മുതല്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവു കൂടിയായ ദിലീപ് മലയാള സിനിമയിലെ കാര്യസ്ഥനായി. സിനിമാതാരങ്ങളുടെ കൂട്ടായ്മക്ക് വേണ്ടി ട്വന്റി ട്വന്റി എടുത്തപ്പോള്‍ അതിന്റെ നിര്‍മാതാവായത് ദിലീപാണ്. അശകൊശലേ പെണ്ണുണ്ടോ, സാറേ സാറെ സാമ്പാറെ തുടങ്ങിയ ഏതാനും പാട്ടുകള്‍ക്ക് സ്വന്തം ശബ്ദം നല്‍കാനും കഴിഞ്ഞ ദിലീപ്, പിടക്കോഴി കൂവുന്ന ഈ നൂറ്റാണ്ടിനെ ഭയക്കുന്നു, പഴിക്കുന്നു.

chandrika: