X
    Categories: columns

വൃക്ക രോഗികളുടെ രക്ഷക്കെത്തണം

കോവിഡ്-19 മഹാമാരി നാടിനെയാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കവെ നമുക്കിടയില്‍ ഏറ്റവുമധികം പ്രയാസപ്പെടുന്നത് മാരക രോഗത്തിനടിമപ്പെട്ടവരാണ്. അര്‍ബുദം, വൃക്ക, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം തുടങ്ങിയവ ബാധിച്ചവരുടെ കാര്യം ഈ അവസരത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. കോവിഡ് ബാധിച്ച് മരണപ്പെടുന്നവരിലധികംപേരും ഇതര രോഗങ്ങളുള്ളവരാണെന്ന വിവരമാണ് പുറത്തുവരുന്നത്. പ്രായമേറിയവരും അടിയന്തിര ശസ്ത്രക്രിയയും തുടര്‍ചികില്‍സയും ആവശ്യമുള്ളവരുടെയും അവരുടെ കുടുംബങ്ങളുടെയും പ്രയാസവും മനോവിഷമവും വിവരണാതീതമാണ്. ഇതില്‍ ഏറ്റവും ദയനീയമാണ് വൃക്കരോഗം ബാധിച്ച് തുടര്‍ച്ചയായി ഡയാലിസിന് വിധേയമാകുന്നവരുടെ അവസ്ഥ. ഇവരുടെ കാര്യത്തില്‍ സര്‍ക്കാരും സമൂഹവും ഒറ്റക്കെട്ടായി വേണ്ടത് ചെയ്തില്ലെങ്കില്‍ കോവിഡ് മഹാമാരിയുടെ ഇരകളായി ഇത്തരം രോഗികള്‍ മാറുന്നത് കൈയുംകെട്ടി നോക്കേണ്ടിവരും. ഇതിനകം കോവിഡ് ബാധിച്ച് മരണപ്പെട്ടവരില്‍ 25 ശതമാനവും വൃക്ക രോഗത്തിന് ചികില്‍സയിലുള്ളവരാണെന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട വിവരങ്ങളിലുള്ളത്. ഒരു തവണപോലും ഡയാലിസിസ് മുടങ്ങിയാല്‍ ജീവന്‍തന്നെ അപകടത്തിലാകുന്ന അവസ്ഥ ബന്ധപ്പെട്ട അധികാരികള്‍ തിരിച്ചറിഞ്ഞേ മതിയാകൂ.

കേരളത്തില്‍ ദേശീയ നിലവാരത്തെയും ജനസംഖ്യയെയും അപേക്ഷിച്ച് ഹൃദ്രോഗികളുടെയും വൃക്ക രോഗികളുടെയും എണ്ണം താരതമ്യേന വര്‍ധിച്ചതാണ്. പതിനായിരം വൃക്ക രോഗികള്‍ സംസ്ഥാനത്ത് ഡയാലിസിസിന് വിധേയമാകുന്നുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെയാണ് ഇവരില്‍ മഹാഭൂരിപക്ഷവും ആശ്രയിക്കുന്നത്. ആഴ്ചയിലൊന്നോ രണ്ടോ മൂന്നോ തവണ ഡയാലിസിന് വിധേയമാകേണ്ടവരുടെ കാര്യം അതീവ ഗൗരവമര്‍ഹിക്കുന്നതാണ്. ആസ്പത്രി യാത്ര, ചികില്‍സാസൗകര്യം, സാമൂഹികാകലം പാലിക്കല്‍ തുടങ്ങിയവയാണ് കോവിഡ് കാലത്തെ വലിയ വെല്ലുവിളികള്‍. ഡയാലിസിസ് മുടങ്ങിയാലത്തെ അവസ്ഥ മരണത്തെ അതിവേഗം സ്വീകരിക്കലാണ്.

കോവിഡ് കാലത്ത് എങ്ങനെ സര്‍ക്കാര്‍ ആസ്പത്രികളില്‍ മറ്റ് രോഗികളുടെ ഇടയില്‍ ഡയാലിസിസിന് വിധേയമാകുമെന്ന ചോദ്യം ഇവരെയും കുടുംബാംഗങ്ങളെയും വലിയ തോതില്‍ അലട്ടുകയാണിപ്പോള്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ച് സംസ്ഥാനത്തെ ഏതാനും ആസ്പത്രികള്‍ അടച്ചിടേണ്ടിവന്നത് ഡയാലിസിസ് വേണ്ടവരുടെ കാര്യത്തില്‍ വലിയ പ്രയാസം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരം മെഡി.കോളജ് ആസ്പത്രിയിലെ വൃക്കരോഗവിഭാഗവും പാലക്കാട്ടെയും കോട്ടയത്തെയും സ്വകാര്യ ആസ്പത്രികളും അടച്ചിടുകയുണ്ടായി. ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം കോവിഡ് ബാധിച്ചതിനെതുടര്‍ന്നായിരുന്നു ഇത്. കോവിഡ് ബാധിച്ചവരില്‍നിന്ന് ആരോഗ്യപ്രവര്‍ത്തകരിലേക്കും പിന്നീട് ഡയാലിസിസിന് എത്തുന്നവരിലേക്കും രോഗം പടരുന്ന അവസ്ഥയാണുണ്ടാവുന്നത്. അതുകൊണ്ടുതന്നെ ഡയാലിസിസ് കേന്ദ്രങ്ങളുടെ കാര്യത്തില്‍ സാമൂഹികാകലവും അണുനശീകരണവും പാലിക്കുന്നതിനായി പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നാണ് കഴിഞ്ഞ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരും വിദഗ്ധരും ഉപദേശിക്കുന്നത്. ചികില്‍സാ-മരുന്നുചെലവും യാത്രാബുദ്ധിമുട്ടുകളും കണക്കിലെടുക്കുമ്പോള്‍ പല രോഗികളും പ്രത്യേകിച്ചും ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍, അനുഭവിക്കുന്നത് നരക യാതനകളാണ്. ഇതിനിടെയാണ് പല ആസ്പത്രികളും പുതിയ രോഗികളെ ഡയാലിസിസിന് സ്വീകരിക്കില്ലെന്ന അറിയിപ്പുമായി മുറിവില്‍ എരിവ് പുരട്ടുന്നത്.

ഇനിയത്തെ ആശ്രയം സര്‍ക്കാരും ആരോഗ്യവകുപ്പും മാത്രമാണ്. അവിടെനിന്ന് പ്രതീക്ഷിച്ച രീതിയിലുള്ള പ്രതികരണമല്ല ഉണ്ടാകുന്നതെന്നാണ് പല രോഗികളുടെയും ബന്ധുക്കളുടെയും പരാതി. സംസ്ഥാനത്ത് പാവപ്പെട്ടവരുടെ ഡയാലിസിസ് ചെലവ് വഹിക്കാന്‍ തയ്യാറായി പല തദ്ദേശ സ്ഥാപനങ്ങളും രംഗത്തുവന്നിട്ടുണ്ടെങ്കിലും കോവിഡ് കാലത്തെ രോഗികളുടെ പ്രയാസങ്ങള്‍ പ്രത്യേകമായിതന്നെ പരിഗണിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യത്തില്‍ അവര്‍ക്ക് ആശ്വാസമാകേണ്ടത്. മലപ്പുറം, കോട്ടയം, കാസര്‍കോട് ജില്ലാപഞ്ചായത്തുകള്‍ ലോക്ഡൗണ്‍ കാലത്തെ ഡയാലിസിസ് ചെലവുകള്‍ വഹിക്കാന്‍ തയ്യാറായതുപോലെ കോവിഡ് കാലത്തെ ഡയാലിസിസ്‌ചെലവുകള്‍ വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ആയിരം രൂപയിലധികമാണ് പലയിടത്തും ഡയലാസിസിന് ചെലവ്. മലപ്പുറംജില്ലാപഞ്ചായത്ത് മൂവായിരത്തോളം പേര്‍ക്കാണ് 950 രൂപവെച്ച് ഈയിടെ സഹായ ധനം നല്‍കിയത്.

മരുന്നിനുപോലും പല കുടുംബങ്ങളും പ്രയാസപ്പെടുന്നത് ലോക്ഡൗണ്‍ കാലത്തുതന്നെ പുറത്തുവന്ന പരിദേവനമാണ്. ഇപ്പോഴും ആ സ്ഥിതിക്ക് വലിയ മാറ്റമില്ല. കഴിഞ്ഞ മെയ് 30ന് ഡല്‍ഹി മലയാളിയായ ബാബുരാജിന് കോവിഡ് പോസിറ്റീവായതിനെതുടര്‍ന്ന് ഡയാലിസിസ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ഫലം പിന്നീട് നെഗറ്റീവായിട്ടുപോലും ഡയാലിസിസിന് ആസ്പത്രി അധികൃതര്‍ തയ്യാറായില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറയുകയുണ്ടായി. കേരളത്തിലെ പല ആസ്പത്രികളിലും കോവിഡ് ഇല്ലാതിരുന്നിട്ടുപോലും ഡയാലിസിസ് എന്നു കേള്‍ക്കുമ്പോള്‍ ചികില്‍സക്ക് തയ്യാറാകാത്ത ആരോഗ്യപ്രവര്‍ത്തകരുണ്ട്. കോവിഡ് പെട്ടെന്ന് പകരുമെന്നതിനാല്‍ ഡയാലിസിസിന് വിധേയമാകുന്നവരെ പരിപൂര്‍ണമായി പരിശോധക്ക് വിധേയമാക്കുകയും സവിശേഷശ്രദ്ധ പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ടെങ്കിലും ഡയാലിസിസ് മുടങ്ങുന്ന അവസ്ഥയുണ്ടാകാന്‍ ഒരുകാരണവശാലും അനുവദിക്കപ്പെടരുത്.

കേരളത്തില്‍ തിങ്കളാഴ്ച സ്ഥിരീകരിച്ച 2540 കോവിഡ് രോഗികളില്‍ 2433 പേര്‍ക്കും രോഗ ബാധയുണ്ടായത് സമ്പര്‍ക്കംമൂലമാണ്. ഇവരില്‍ 64 പേര്‍ ആരോഗ്യപ്രവര്‍ത്തരാണെന്നത് കോവിഡ് രോഗികളുടെയും അടിയന്തിരചികില്‍സ വേണ്ടവരുടെയും കാര്യത്തില്‍ വലിയ ആശങ്കയാണ്. ആസ്പത്രികളും പ്രത്യേകിച്ച് ഡയാലിസിസ് നടത്തുന്ന കേന്ദ്രങ്ങളും കോവിഡ് ചികില്‍സക്കുമുമ്പുള്ള നിബന്ധനകള്‍ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കോവിഡ് പടരുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ ബന്ധപ്പെട്ടവരെല്ലാം അതീവ ജാഗ്രത പാലിച്ചേതീരൂ.ആരോഗ്യപരമായും മാനസികമായും ആശ്വാസം തേടിയെത്തുന്ന മാരകരോഗികളുടെ കാര്യത്തിലെങ്കിലും സര്‍ക്കാരും ആരോഗ്യവകുപ്പും പ്രത്യേക ശ്രദ്ധപുലര്‍ത്താനും അവര്‍ക്കുവേണ്ട സാമ്പത്തിക സഹായങ്ങളടക്കം ചെയ്യാനും മുന്നോട്ടുവരണം. യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചുനടപ്പിലാക്കിയ കാരുണ്യ ചികില്‍സാസഹായ പദ്ധതിയെ കഴുത്തുഞെരിച്ചുകൊന്ന ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് മറിച്ചെന്തെങ്കിലും പ്രത്യാശിക്കുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല.

 

web desk 3: