X

ഹിന്ദി വാദത്തിനുപിന്നിലെ ഫാസിസ്റ്റ് അജണ്ട

‘മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍, മര്‍ത്യന്ന് പെറ്റമ്മ തന്‍ ഭാഷതാന്‍. മാതാവിന്‍ വാല്‍സല്യദുഗ്ധം നുകര്‍ന്നാലേ, പൈതങ്ങള്‍ പൂര്‍ണവളര്‍ച്ചനേടൂ.’ എന്നെഴുതിയത് ദേശഭക്ത കവികൂടിയായ മഹാകവി വള്ളത്തോളാണ്. മാതൃഭാഷ ഓരോ വ്യക്തിയെയും സംബന്ധിച്ച് അവന്റെ സ്വകാര്യ അഭിമാനമാണ്. ഇതര ഭാഷകളെ അകറ്റിനിര്‍ത്തണമെന്ന് ഇതിനര്‍ത്ഥമില്ല. ലോകത്തിന്നുള്ള നാനാതരം ഭാഷകള്‍ക്കും അതിന്റേതായ വ്യക്തിത്വവും വ്യതിരിക്തതയും ഉണ്ട്.

സംസ്‌കൃതം പോലുള്ള പല ഭാഷകളും കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ ഇംഗ്ലീഷ് പോലുള്ള ചിലവ പ്രചുരപ്രചാരം നേടുന്നു. ഈപശ്ചാത്തലത്തില്‍ ഇന്ത്യയെ ഒറ്റഭാഷയുള്ള നാടായി പ്രഖ്യാപിക്കാനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രിയുടെ വാദം വലിയ ഭയാശങ്കകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. സെപ്തംബര്‍ 14ലെ ‘ഹിന്ദി ദിവസി’ലാണ് അമിത്ഷാ ഇത്തരമൊരു വിചിത്രവാദഗതി മുന്നോട്ടുവെച്ചത്. രാജ്യം ഭരിക്കുന്ന കക്ഷിയുടെ അധ്യക്ഷനെന്നനിലക്ക് ഷായുടെ നിരീക്ഷണം ഗൗരവമാര്‍ന്ന ചര്‍ച്ചക്ക് വിധേയമാകുകയും ആയത് വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്തതില്‍ അത്ഭുതമില്ല. അന്നേദിവസം മന്ത്രി പോസ്റ്റുചെയ്ത ട്വിറ്ററിലൂടെയും ഇന്ത്യക്ക് ഒറ്റ ദേശീയ ഭാഷയുണ്ടാകുന്നത് വികാസത്തിന് നന്നായിരിക്കുമെന്ന് ഷാ വാദിച്ചു. ട്വിറ്ററിന് പോലും ഇതുകേട്ട് നാണം വന്നുകാണും. കാരണം അതിനുപോലും ഹിന്ദി രൂപാന്തരം കണ്ടെത്താനാവാത്ത കാലത്താണ് കേന്ദ്രമന്ത്രിയുടെ ഹിന്ദി ഭ്രാന്ത്.

‘വിവിധ ഭാഷകളുള്ള നാടാണ് നമ്മുടേത്. എങ്കിലും രാജ്യത്തെ ഒരുമിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഹിന്ദിയെ പൊതുഭാഷയാക്കണം’. എന്നാണ് അമിത്ഷായുടെ വാദം. എത്ര ബാലിശമാണത്. 6,500ഓളം ഭാഷകളും ഉപഭാഷകളുമുള്ള ഇന്ത്യയിലെ എല്ലായിടത്തും ഏകഭാഷ പ്രയോഗവല്‍കരിക്കുക എന്നത് ആലോചിക്കാന്‍കൂടി വയ്യ. സംസ്ഥാനങ്ങളാക്കി ഇന്ത്യ വിഭജിച്ചിരിക്കുന്നതുതന്നെ ഭാഷാടിസ്ഥാനത്തിലാണ്. ഹിന്ദുസ്ഥാനിയുടെ രൂപാന്തരങ്ങളാണ് ഉര്‍ദുമുതല്‍ ഹിന്ദി വരെയുള്ള ഭാഷകള്‍. പേര്‍ഷ്യയുടെ സന്തതികളാണിവ. ഹിന്ദിക്കുതന്നെ ദേവനാഗരി, ജോദ്പൂരി, മൈഥിലി തുടങ്ങിയ രൂപാന്തരങ്ങള്‍ നിലവിലുണ്ട്.

മധ്യപ്രദേശിലും മഹാരാഷ്ട്രയിലും സംസാരിക്കുന്ന ഭാഷയല്ല രാജസ്ഥാനിലും ഡല്‍ഹിയിലുമുള്ളത്. ഹിന്ദിയാണ് ഇന്ത്യയുടെ ഭൂരിപക്ഷഭാഷ എന്നു പറയുന്നതിലും അടിസ്ഥാനമില്ല. 2011ലെ കാനേഷുമാരി അനുസരിച്ച് രാജ്യത്ത് ഹിന്ദി സംസാരിക്കുന്നവരുടെ സംഖ്യ 52.83 കോടി മാത്രമാണ്. അതായത് ജനസംഖ്യയുടെ 43 ശതമാനംമാത്രം. അതില്‍തന്നെ 25കോടി ആളുകള്‍ക്കേ ഹിന്ദി മാതൃഭാഷയായുള്ളൂ. ദക്ഷിണന്ത്യേന്‍ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും, എന്തിന് ഗോവയിലും കശ്മീരിലുമൊന്നും ഹിന്ദി സാമാന്യഭാഷയല്ല.

ഭരണഘടനാനിര്‍മാണസഭ ഹിന്ദിയെ ദേശീയഭാഷയാക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്ന വാദവും അസ്ഥാനത്താണ്. ‘ദേവനാഗരിലിപിയിലുള്ളതോ ഹിന്ദിയിലുള്ളതോ ആയ ഹിന്ദിയെ വ്യക്തികളുടെ ഇഷ്ടമനുസരിച്ച് ദേശീയ ഭാഷയാക്കണമെന്നും ഇംഗ്ലീഷ് രണ്ടാം ഭാഷയാക്കുന്നതുവരെ അത് തുടരണമെന്നു’മാണ് മൗലികാവകാശങ്ങള്‍ സംബന്ധിച്ച ഭരണഘടനാനിര്‍മാണസമിതി മുന്നോട്ടുവെച്ച നിര്‍ദേശം. അതായത് രാജ്യത്തെ ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് മാത്രമേ ഹിന്ദിയെ ദേശീയഭാഷയാക്കാനാകൂ. ഹിന്ദി ദേശീയഭാഷയാണെന്ന പ്രചാരണം കുറച്ചുകാലമായി വടക്കേഇന്ത്യയിലെ സ്ഥാപിതതാല്‍പര്യക്കാര്‍ പ്രചരിപ്പിക്കുകയാണ്.

അതിന ്ഇന്ധനം നല്‍കുന്നത് സവര്‍ണഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍.എസ്.എസ്സാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് വാദിക്കുകയും അതിനായി ഗൂഢമായി പ്രവര്‍ത്തിച്ചുവരികയുംചെയ്യുന്ന പ്രസ്ഥാനത്തിനും ബി.ജെ.പിക്കും ഹിന്ദിയെ ദേശീയ ഭാഷയാക്കി ഏകശിലാനിര്‍മിതിയിലേക്ക് രാജ്യത്തെ പരുവപ്പെടുത്താന്‍ ആഗ്രഹമുണ്ടാകുന്നതില്‍ അത്ഭുതംകൂറേണ്ട കാര്യമില്ല. ഒരൊറ്റ മതം, ഒരൊറ്റ കക്ഷി, ഒരൊറ്റ തെരഞ്ഞെടുപ്പ്, ഒരൊറ്റ നികുതി, ഒരൊറ്റ പവര്‍ഗ്രിഡ്, സംവരണവിരോധം തുടങ്ങിയവയെല്ലാം ഉദ്‌ഘോഷിക്കുകയും മതന്യൂനപക്ഷങ്ങളുടെയും പിന്നാക്കക്കാരുടെയും ദലിതുകളുടെയും ജീവന് ഭീഷണി ഉയര്‍ത്തുകയുംചെയ്യുന്നവര്‍ക്ക് രാജ്യത്തെ ഹിന്ദിയേതരഭാഷകള്‍ തടസ്സംനില്‍ക്കുന്നതിലാണ് അരിശം. ഭരണഘടനയുടെ പതിനേഴാം വകുപ്പില്‍ 22 ഭാഷകളെയാണ് ഷെഡ്യൂള്‍ഡ് ഭാഷകളായി നിശ്ചയിച്ചിട്ടുള്ളത്. ഹിന്ദിയും ഇംഗ്ലീഷുമാണ് ഔദ്യോഗികഭാഷകള്‍. എന്നാല്‍ ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ പതിറ്റാണ്ടുകള്‍ക്കുമുമ്പേ തെക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍പ്രക്ഷോഭങ്ങള്‍ നടന്നു. തമിഴ്‌നാട്ടില്‍ ദ്രാവിഡകക്ഷികളുടെ നേതൃത്വത്തില്‍ ഇതിന് അക്രമമാനംകൈവന്നു.

ഇതേതുടര്‍ന്ന് പ്രഥമപ്രധാനമന്ത്രി പണ്ഡിറ്റ്ജവഹര്‍ലാല്‍ നെഹ്‌റുവാണ് ത്രിഭാഷാസമ്പ്രദായം (ഹിന്ദിക്കും ഇംഗ്ലീഷിനുംപുറമെ അതത് സംസ്ഥാനത്തെ മാതൃഭാഷയും) നടപ്പാക്കിയത്. ഇന്നും തമിഴ്‌നാട്ടിലും കേരളത്തിലുമടക്കം ഭരണഭാഷ മാതൃഭാഷയായി പ്രഖ്യാപിച്ചിരിക്കുന്നു. ഹിന്ദിയോടുള്ള കടുത്ത എതിര്‍പ്പ് ഇന്നും നിലനില്‍ക്കുന്നതിന് തെളിവാണ് ദേശീയപാഠ്യസമ്പ്രദായമനുസരിച്ചുള്ള നവോദയ സ്‌കൂളുകള്‍ക്ക് തമിഴ്‌നാട് ഇന്നും അനുമതി നല്‍കാത്തത്. അപ്പോള്‍ ജനതയിലെ ഭൂരിപക്ഷംപേര്‍ക്കും വേണ്ടാത്ത ഭാഷ അവരിലടിച്ചേല്‍പിക്കുന്നതിനുപിന്നിലുള്ള അജണ്ട നടേസൂചിപ്പിച്ച ഏകശിലാസംസ്‌കാരനിര്‍മിതി തന്നെയാണ്. കോണ്‍ഗ്രസും ഡി.എം.കെയും സി.പി.എമ്മും മുസ്‌ലിംലീഗുമൊക്കെ ഇതിനെതിരെ ശക്തിയായി രംഗത്തുവന്നതിന്റെ കാരണവും ആ ഒളിഅജണ്ട മുന്നില്‍കണ്ടുകൊണ്ടാണ്.

ഇംഗ്ലീഷിനെ അടിമത്തഭാഷയായാണ് അമിത്ഷാ വിശേഷിപ്പിക്കുന്നതെങ്കില്‍ ആ മനോഭാവം ഹിന്ദിയേതര സംസ്ഥാനങ്ങളിലെ പൗരന്മാര്‍ക്കും ബാധകമല്ലേ. മൂന്നര നൂറ്റാണ്ടോളം ഇന്ത്യഭരിച്ച ബ്രിട്ടീഷുകാരുടെ ഭാഷക്ക് ഇന്ത്യയുടെ ഔദ്യോഗിക-അനൗദ്യോഗിക രംഗങ്ങളില്‍ പ്രചാരം ലഭിച്ചതില്‍ അല്‍ഭുതപ്പെടാനുമില്ല. ആ ഭാഷയിലാണ് ശാസ്ത്രവിഷയങ്ങളിലും ആധുനിക സാങ്കേതികവിദ്യയിലുമൊക്കെ ദിനേനയെന്നോണം പുതിയ പദങ്ങള്‍ ഉരുവംകൊള്ളുന്നത്. ഇവയെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് ഒരുസമൂഹത്തിനും നിലനില്‍പില്ല. 1990കളില്‍ സോവിയറ്റ്‌യൂണിയന്റെ തകര്‍ച്ചക്ക് വഴിമരുന്നിട്ടത് ഖസാക്കിസ്താനില്‍ റഷ്യന്‍ ഭാഷ അടിച്ചേല്‍പിക്കാന്‍ ഭരണാധികാരികള്‍ ശ്രമിച്ചതുമൂലമായിരുന്നു. ഹിന്ദിയെപോലെ തന്നെ പരിപാവനമായതുതന്നെയാണ് ഇതര ഭാഷകളുമെന്നതിന് തെളിവാണ് ഇന്നും തല്‍ഭാഷകളിളെ സാഹിത്യസൃഷ്ടികള്‍. വെറുതെയല്ല, അമിത്ഷായുടെ പ്രസ്താവനയെ ഏകാധിപത്യപരമെന്ന് എം.ടി വിശേഷിപ്പിച്ചത്. മന്ത്രി ഉദ്ദേശിച്ചത് അങ്ങനെയല്ല എന്ന വാദവുമായി ബി.ജെ.പിക്ക് രംഗത്തുവരേണ്ടിവന്നത് തല്‍കാലത്തേക്ക് അവര്‍ പിന്‍വലിഞ്ഞേക്കുമെന്നതിന്റെ സൂചനയായി ആശ്വസിക്കാം. ഹിന്ദുത്വവര്‍ഗീയതപോലെ രാജ്യം അകപ്പെട്ടിരിക്കുന്ന സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ശ്രദ്ധതിരിക്കാനും ഇതുമൂലം കഴിഞ്ഞേക്കാം.

web desk 3: