X

ശൈഖ് സായിദിന്റെ ചിത്രം പതിച്ച് പത്ത് എമിറേറ്റ്‌സ് വിമാനങ്ങള്‍

 

ദുബൈ: സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ ചിത്രം പതിച്ച പത്ത് വിമാനങ്ങള്‍ എമിറേറ്റ്‌സിനു വേണ്ടി സര്‍വീസ് നടത്തുന്നു. 40 ലക്ഷം കിലോമീറ്റര്‍ ഇതിനകം പിന്നിട്ട ഈ വിമാനങ്ങള്‍ ആറു ഭൂഖണ്ഡങ്ങളിലെ 90 ലക്ഷ്യ സ്ഥാനങ്ങളില്‍ യുഎഇ രാഷ്ട്രപിതാവിന്റെ ചിത്രം വഹിച്ചെത്തി. അഞ്ച് എയര്‍ബസ് വിമാനങ്ങളും അഞ്ച് ബോയിങ് വിമാനങ്ങളുമാണ് റോം, സിഡ്‌നി, ഹോങ്കോങ്, ലോസ് ആഞ്ചലസ് തുടങ്ങി ലോകത്തെ പ്രമുഖ നഗരങ്ങളിലേക്ക് ശൈഖ് സായിദിന്റെ തലയെടുപ്പുമായി യാത്ര ചെയ്യുന്നത്.
സായിദ് വര്‍ഷത്തില്‍ രാഷ്ട്രപിതാവിന് ആദരവര്‍പ്പിച്ച് കഴിഞ്ഞ നവംബറിലാണ് ശൈഖ് സായിദിന്റെ ചിത്രവുമായി ആദ്യ എമിറേറ്റ്‌സ് വിമാനം യാത്രപുറപ്പെട്ടത്. കൂടുതല്‍ വിമാനങ്ങള്‍ വന്നതോടെ ഇതുവരെ 1500 സര്‍വീസുകളാണ് നടത്തിയതെന്നും ഈ വര്‍ഷം മുഴുവന്‍ വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തുമെന്നും എമിറേറ്റ്‌സ് അറിയിച്ചു.

 

വ്യോമ ഗതാഗത പുരസ്‌കാരങ്ങള്‍: എമിറേറ്റ്‌സിന് എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്

ദുബൈ: എമിറേറ്റ്‌സ് എയര്‍ലൈനിന് 2018ലെ ഏറ്റവും മികച്ച വിമാനക്കമ്പനിക്കുള്ള പുരസ്‌കാരം. 2018ലെ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അവാര്‍ഡുകളിലാണ് എമിറേറ്റ്‌സ് ‘എയര്‍ ലൈന്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. കമ്പനിക്കു വേണ്ടി എമിറേറ്റ്‌സിന്റെ എക്‌സി. വൈസ് പ്രസിഡന്റും ചീഫ് കമേഴ്‌സ്യല്‍ ഓഫീസറുമായ തിയറി ആന്റിനോറി പുരസ്‌കാരം ഏറ്റുവാങ്ങി.
ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമാണ് എമിറേറ്റ്‌സ്. 85 രാജ്യങ്ങളിലായി 159 നഗരങ്ങളിലേക്കാണ് എമിറേറ്റ്‌സ് സര്‍വീസ് നടത്തുന്നത്.

chandrika: