X

”ജ്ഞാനപീഠം കിട്ടിയാല്‍ ഇത്ര സന്തോഷവും അഭിമാനവും തോന്നില്ല”; 2000രൂപ നോട്ട് മാറ്റത്തിലെ ദുരിതം പങ്കുവെച്ച് ബെന്യാമിന്‍

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ രണ്ടായിരം രൂപാ നോട്ട് മാറ്റിയെടുക്കുന്നതിലെ ദുരിത കഥ പങ്കുവെച്ച് പ്രശസ്ത മലയാള നോവലിസ്റ്റ് ബെന്യാമിന്‍.

രാജ്യത്തെ ജനങ്ങള്‍ ചില്ലറ മാറ്റാനായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് അതിന്റെ ആഴം വ്യക്തമാക്കുന്ന വിധത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ബെന്യാമിന്‍ ഇക്കാര്യം വിവരിക്കുന്നത്.

രണ്ടായിരം രൂപയ്ക്ക് ചില്ലറ കിട്ടിയപ്പോള്‍ അനുഭവിച്ച സന്തോഷം പങ്കുവെച്ച ബന്യാമിന്‍, ചില്ലറ കിട്ടിയപ്പോള്‍ ജ്ഞാനപീഠം കിട്ടിയാല്‍ തോന്നാത്ത സന്തോഷവും അഭിമാനവുമാണ് ഉണ്ടായതെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം….

ഇന്ന് രണ്ടായിരം രൂപയ്ക്ക് ചില്ലറ കിട്ടി. ജ്ഞാനപീഠം കിട്ടിയാല്‍ ഇത്ര സന്തോഷവും അഭിമാനവും തോന്നില്ല.
അതാണ് ഇന്ത്യന്‍ ജീവിതത്തിന്റെ ഒരു സുഖം..!
ഒരിക്കല്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്ത് പറഞ്ഞ ഒരു കഥയുണ്ട്. അമേരിക്കയില്‍ പോയിട്ടു വന്ന അമ്മാവനോട് എങ്ങനെയുണ്ട് അവിടുത്തെ ജീവിതം എന്നു ചോദിച്ചപ്പോള്‍ ഒരു രസവുമില്ല എന്നായിരുന്നത്രേ മറുപടി. കാരണം അന്വേഷിച്ചപ്പോള്‍ പറഞ്ഞത് ‘അവിടെ എന്താ.. സ്വിച്ചിട്ടാല്‍ ലൈറ്റ് ഓണാവും ടാപ്പു തുറന്നാല്‍ വെള്ളം വരും ഒരു രസവുമില്ല. എന്നാല്‍ നമ്മുടെ ഇന്ത്യ.. സ്വിച്ചിട്ടാല്‍ ലൈറ്റ് ഓണായെന്നു വരാം. ഓണായില്ലെന്നു വരാം. ടാപ്പു തുറന്നാല്‍ വെള്ളം വന്നു എന്നുവരാം. വെള്ളം വന്നില്ല എന്നു വരാം. അപ്പോള്‍ നമുക്ക് ദേഷ്യവും സങ്കടവും വരും. അങ്ങനെ വിഷമിച്ചിരിക്കുമ്പോള്‍ പെട്ടെന്ന് ലൈറ്റ് ഓണാവും ഫാന്‍ കറങ്ങും വെള്ളം വരും. അപ്പോള്‍ ഒരിക്കലും ഉണ്ടാവാത്ത ഒരു സന്തോഷം വരും. സന്തോഷം വേണോ ഇന്ത്യയില്‍ ജീവിക്കണം…!’
ഞാന്‍ ഇന്ത്യയില്‍ ജീവിക്കുന്നു. ഇടയ്ക്കിടെയെല്ലാം സന്തോഷിക്കുന്നു…

chandrika: