X

ആനുകൂല്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങി ഫൈസലും കുടുംബവും

മാനന്തവാടി: അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങി നടക്കുകയാണ് എടവക, അമ്പലവയല്‍ എടച്ചേരി ഫൈസലും കുടുംബവും. രണ്ട് വര്‍ഷം മുമ്പ് വരെ ഈ യുവാവ് തൊഴിലുറപ്പ് ജോലിയുള്‍പ്പെടെയുള്ള തൊഴിലുകള്‍ക്ക് പോയിരുന്നു എന്നാല്‍ എഴുപത്തി അഞ്ച് ശതമാനം അന്ധത ബാധിച്ച തൊടെയാണ് ജീവിതം ദുരിതമായി മാറി തുടങ്ങിയത്. കോയമ്പത്തൂരിലെ ആസ്പത്രിയില്‍ പരിശോധന നടത്തിയപ്പോള്‍ ഞെരമ്പിന് തകരാര്‍ ഉള്ളതിനാല്‍ ചികിത്സകൊണ്ട് അന്ധത മാറ്റാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്. കട്ട കൊണ്ട് ആകെയുള്ള 5 സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച വീട്ടിലാണ് ഫൈസലും ഭാര്യ സൈനബയും 6 വയസ്സ് കാരന്‍ മകനും കഴിയുന്നത്. മഴക്കാലത്ത് വീട് മുഴുവന്‍ ചോര്‍ന്നോലിക്കും. വീട്ടിലേക്ക് വഴിയുമില്ല. ചെറിയ രണ്ട് തോടുകളിലുടെയുള്ള പാലത്തിലൂടെ വീട്ടിലെത്തുമ്പോള്‍ ഫൈസലിന് അപകടങ്ങള്‍ സംഭവിക്കുന്നതും പതിവാണ്.ഇത്രയെറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് ജീവിക്കുന്ന ഈ കുടുംബത്തിന്റ് റേഷന്‍ കാര്‍ഡ് എ പി എല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണെന്നാണ് ഏറെ വിചിത്രകരം.ഇത് മാറ്റി കിട്ടാന്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഫൈസല്‍ പറഞ്ഞു. വീട് പുനര്‍ നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിക്കാനായി അപേക്ഷകള്‍ നല്‍കിയെങ്കിലും ഇതും ലഭിച്ചില്ല. സൈനബ തൊഴിലുറപ്പിന് പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്. അന്ധതയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ഫൈസലിനെയും കുടുംബത്തെയും കണ്ണുള്ള അധികൃതര്‍ ഇനിയെങ്കിലും കണ്‍ തുറന്ന് കാണുകയാണ് വേണ്ടത്.

chandrika: