X

മൂടല്‍ മഞ്ഞില്‍ കുടുങ്ങി വാഹനങ്ങള്‍

 

അബുദാബി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൂടല്‍മഞ്ഞ് വാഹനമോടിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നു. പ്രധാനമായും ദീര്‍ഘദൂര പാതകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്.
അര്‍ധരാത്രിയോടെ താഴേക്കിറങ്ങുന്ന മൂടല്‍മഞ്ഞ് നേരം പുലര്‍ന്നാലും പല ഭാഗങ്ങളിലും വിട്ടു പോകുന്നില്ല.
ശംഖ, ശവാമിഖ്, അല്‍റീഫ് പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ നേരം പുലര്‍ന്ന് ഏറെ നേരമായിട്ടും മൂടല്‍മഞ്ഞ് വിട്ടു മാറിയിരുന്നില്ല. സ്‌കൂള്‍ ബസുകള്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നത്.
മഞ്ഞ് സമയങ്ങളില്‍ ബസ് എടുക്കാന്‍ പാടില്ലെന്ന് പൊലീസും മറ്റു ബന്ധപ്പെട്ട അധികൃതരും ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, പലയിടങ്ങളിലും വളരെ ചെറിയ പ്രദേശത്ത് മാത്രമാണ് മഞ്ഞ് അനുഭവപ്പെടുന്നത്. അര കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം മഞ്ഞ് മൂടിക്കിടക്കുന്ന കാഴ്ചകളും കഴിഞ്ഞ ദിവസങ്ങളില്‍ ദൃശ്യമായിരുന്നു.
ഇത്തരം സ്ഥലങ്ങളിലും സ്‌കൂള്‍ ബസുകള്‍ നിര്‍ത്തിയിടാന്‍ നിര്‍ബന്ധിതരാണ്. അതേസമയം, അര കിലോമീറ്റര്‍ മാത്രം ദൂരം പിന്നിട്ടാല്‍ തെളിഞ്ഞ അന്തരീക്ഷമാണെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, സ്‌കുള്‍ ബസുകള്‍ നിര്‍ത്തിയിട്ടില്ലെങ്കില്‍ പൊലീസ് പിഴ ചുമത്തുമെന്ന ഭയം സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരെ പ്രയാസത്തിലാക്കുകയും ചെയ്യുന്നു.

chandrika: