X

വിദേശവരുമാനം: വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കും

ന്യൂഡല്‍ഹി: വിദേശത്തുനിന്നുള്ള സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന, എഫ്.എ.ടി.സി.എ (ഫോറിന്‍ അക്കൗണ്ട് ടാക്‌സ് കംപ്ലയന്‍സ് ആക്ട്) പ്രകാരമുള്ള നോട്ടീസ് ലഭിച്ച അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്കില്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

2014 ജൂലൈ ഒന്നിനും 2015 ഓഗസ്റ്റ് 31നും ഇടയില്‍ ആരംഭിച്ച അക്കൗണ്ടുകള്‍ക്കാണ് ഇത് ബാധകമാവുക. വിവരങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്ന അക്കൗണ്ടുകള്‍ തിങ്കളാഴ്ച മുതല്‍ മരവിപ്പിക്കും. ഇതോടെ ഈ അക്കൗണ്ടുകളില്‍നിന്ന് മ്യൂച്ചല്‍ഫണ്ട് നിക്ഷേപം, ഇന്‍ഷൂറന്‍സ് പോളിസികളിലെ നിക്ഷേപം എന്നിവ സാധ്യമാവില്ല.
രാജ്യാന്തര കരാറിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ട് വഴിയുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ഇന്ത്യയും യു.എസും തമ്മില്‍ ഓട്ടോമാറ്റിക് ആയി പങ്കുവെക്കപ്പെടുന്നതാണ് എഫ്.എ.ടി.സി.എ. അക്കൗണ്ടുകള്‍ ആരംഭിക്കുമ്പോള്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ അനുമതി നല്‍കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ ബാങ്കുകള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ 2014 ജൂലൈ ഒന്നിനും 2015 ഓഗസ്റ്റ് 31നും ഇടയില്‍ ആരംഭിച്ച പല അക്കൗണ്ടുകള്‍ക്കും ബാങ്കുകള്‍ ഇത്തരം രേഖ വാങ്ങിയിരുന്നില്ല.
2015 ഓഗസ്റ്റ് 31നാണ് ഇന്ത്യ യു.എസ് ഇന്റര്‍ ഗവണ്‍മെന്റല്‍ കരാര്‍ നിലവില്‍ വന്നത്. ഇതിനു മുമ്പ് ആരംഭിച്ച അക്കൗണ്ടുകള്‍ ആയതിനാല്‍ ഇവയുടെ വിവരങ്ങള്‍ നിലവില്‍ പങ്കുവെക്കപ്പെടുന്നില്ല. ഈ തടസ്സം നീക്കുന്നതിനാണ് ബാങ്കുകളില്‍ പുതിയ രേഖകള്‍ സമര്‍പ്പിക്കാന്‍ അക്കൗണ്ട് ഉടമകളോട് നിര്‍ദേശിച്ചത്.
ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ (ബാങ്കുകള്‍) ഇന്ത്യന്‍ ടാക്‌സ് അതോറിറ്റിക്കാണ് പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നത്. ഇത് ഇവിടെനിന്ന് യു.എസിലേക്ക് കൈമാറും. നികുതി വെട്ടിപ്പ് തടയുന്നതിനായാണ് ഇതുസംബന്ധിച്ച ഇന്റര്‍ ഗവണ്‍മെന്റല്‍ കരാറുകള്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.

chandrika: