X

സ്വവര്‍ഗ വിവാഹ കേസ് സുപ്രീം കോടതിയില്‍; എതിര്‍പ്പുമായി കേന്ദ്രം

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള വിവിധ ഹരജികള്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌  ഇന്ന് പരിഗണിക്കും.
സ്വവര്‍ഗ വിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ആവശ്യത്തെ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെയും എതിര്‍ത്തിരുന്നു. സ്വവര്‍ഗ വിവാഹമെന്നത് നഗര കേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാടാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള അധികാരം നിയമനിര്‍മാണ സഭകള്‍ക്കാണെന്നും കോടതിക്കല്ലെന്നും കേന്ദ്രം അപേക്ഷയില്‍ പറഞ്ഞു. നിയമസാധുത നല്‍കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം നിയമനിര്‍മാണ സഭ പരിഗണിക്കുമ്ബോള്‍ എല്ലാ വിഭാഗം ജനങ്ങളെയും മത വിഭാഗങ്ങളുടെ കാഴ്ചപ്പാടുകളെയും കണക്കിലെടുക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച ഹരജി നിലനില്‍ക്കുമോയെന്ന് ആദ്യം പരിഗണിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ കുടുംബ സങ്കല്‍പ്പവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തേ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍ എന്ന ഇന്ത്യന്‍ കുടുംബ കാഴ്ചപ്പാടിന് എതിരാണിതെന്നും സാമൂഹികമായും സാംസ്‌കാരികമായും നിയമപരമായും ഇന്ത്യന്‍ സാഹചര്യത്തോട് യോജിക്കുന്നതല്ലെന്നും എതിര്‍ സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. അതേസമയം, സ്വവര്‍ഗ വിവാഹത്തില്‍ എതിര്‍പ്പ് അറിയിച്ച്‌ ദേശീയ ബാലാവകാശ കമ്മീഷനും സുപ്രീം കോടതിയെ സമീപിച്ചു. സ്വവര്‍ഗ പങ്കാളികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അനുവാദം നല്‍കാനാകില്ലെന്ന് കമ്മീഷന്‍ അറിയിച്ചു.

webdesk13: