X
    Categories: Culture

ഗസ്സ കൂട്ടക്കുരുതി: ഇസ്രാഈല്‍ അംബാസഡറെ തുര്‍ക്കി പുറത്താക്കി

 

ഇസ്തംബൂള്‍: ഗസ്സയില്‍ പ്രതിഷേധങ്ങള്‍ക്കിടെ അറുപതിലേറെ പേര്‍ കൊല്ലപ്പെട്ട ഇസ്രാഈല്‍ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് ഇസ്രാഈല്‍ അംബാസഡറെ തുര്‍ക്കി പുറത്താക്കി. തിരിച്ച് തുര്‍ക്കി അംബാസഡറെ ഇസ്രാഈലും പുറത്താക്കിയതായി തുര്‍ക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറച്ച് സമയത്തേക്ക് രാജ്യംവിട്ടുപോകാനാണ് ഇസ്രാഈല്‍ അംബാസഡറോട് തുര്‍ക്കി ആവശ്യപ്പെട്ടിരിക്കുന്നത്.

2016 ഡിസംബറിനുശേഷമാണ് തുര്‍ക്കിയും ഇസ്രാഈലും നയതന്ത്ര ബന്ധം പുന:സ്ഥാപിച്ച് എംബസികള്‍ വീണ്ടും തുറന്നത്. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിന്റെ ഭാഗമായി ഗസ്സയില്‍ തിങ്കളാഴ്ച ഒത്തുകൂടിയ പ്രക്ഷോഭകര്‍ക്കുനേരെ ഇസ്രാഈല്‍ നടത്തിയ വെടിവെപ്പില്‍ അറുപതിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഗസ്സയില്‍ നടന്നത് വംശഹത്യയാണെന്നും ഇസ്രാഈല്‍ ഭീകരരാഷ്ട്രമാണെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആരോപിച്ചിട്ടുണ്ട്. ഉര്‍ദുഗാന്റെ വിമര്‍ശനങ്ങളോട് കടുത്ത ഭാഷയിലാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. ഹമാസിന്റെ പ്രധാന അനുകൂലിയാണ് ഉര്‍ദുഗാനെന്നും ഭീകരതയുടെയും കൊലപാതകത്തിന്റെയും വിദഗ്ധനാണ് അദ്ദേഹമെന്നും നെതന്യാഹു കുറ്റപ്പെടുത്തിയിരുന്നു.
അറുപത് വര്‍ഷത്തിലേറെക്കാലം യു.എന്‍ പ്രമേയങ്ങള്‍ ലംഘിച്ച് നിസ്സഹായരായ ഒരു ജനതയെ കൊന്നൊടുക്കുന്ന അപ്പാര്‍ത്തീഡ് രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാണ് നെതന്യാഹുവെന്ന് ഉര്‍ദുഗാന്‍ തിരിച്ചടിച്ചു.

chandrika: