X

ഓഖി: ദുരിതബാധിതരെ എല്ലാ രീതിയിലും സഹായിക്കാന്‍ മുസ്‌ലിം ലീഗ് തയ്യാര്‍, പ്രഖ്യാപിച്ച 20 ലക്ഷം ഉപാധികളില്ലാതെ നല്‍കണം ; ഡോ. എം.കെ മുനീര്‍

??????????????? ?????????????? ??????????? ???????????????? ?????????????? ??????????????? ???????????. ???????????? ????????? ??????????, ??. ??????????????? ???? ?????????? ?????.

 

തിരുവനന്തപുരം: ഓഖി ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപ ഉപാധികളില്ലാതെ നല്‍കണമെന്നും രണ്ട് മന്ത്രിമാരെങ്കിലും തീരദേശത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. തീരദേശ ജനതയുടെ ആശങ്ക അകറ്റുകയാണ് സര്‍ക്കാര്‍ പ്രാഥമികമായി ചെയ്യേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രഖ്യാപിച്ച 20 ലക്ഷത്തില്‍ 10 ലക്ഷം രൂപ ലഭിക്കാന്‍ നിരവധി നിബന്ധനകളാണ് വെച്ചിട്ടുള്ളത്. അതെല്ലാം ഒഴിവാക്കണം. ദുരന്തമുണ്ടായിട്ട് ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോഴും എത്രപേര്‍ കടലില്‍ പോയെന്ന് സര്‍ക്കാരിന് കണ്ടെത്താനായിട്ടില്ല. മന്ത്രിമാര്‍ പരസ്പരം പഴിചാരുകയാണ്. ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. മുഖമന്ത്രി തന്നെയാണ് പ്രധാന ഉത്തരവാദി. ലത്തിന്‍ സഭയിലെ പിതാക്കന്മാര്‍ പറയുന്നത് 200ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ്. 92 പേരാണ് സര്‍ക്കാരിന്റെ കണക്കിലുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്ന റേഷന്‍ അരി അവര്‍ ഉപയോഗിക്കുന്നതല്ല. അവര്‍ ജയ അരി ഉപയോഗിക്കുന്നവരാണ്. അതുതന്നെ നല്‍കാന്‍ സംവിധാനമുണ്ടാകണം. ദുരിത ബാധിത പ്രദേശത്തെ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ നല്‍കണം.

ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്നുണ്ടെങ്കിലും മെഡിക്കല്‍ കോളജുകളിലേക്ക് റെഫര്‍ ചെയ്തവര്‍ ടെസ്റ്റുകള്‍ പുറത്തുനിന്ന് ചെയ്യേണ്ടിവരുന്ന സ്ഥിതിയാണ്. ഇത് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. ബോട്ടുകളുടെ അറ്റകുറ്റപണിക്ക് അനുവദിക്കുന്ന 50,000 രൂപ യഥാസമയം വിനിയോഗിച്ചില്ലെന്ന കാരണം പറഞ്ഞ് 25 ബോട്ടുകളുടെ ഉടസ്ഥാവകാശ രേഖകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചുവെച്ചിരിക്കുകയാണ്. പ്രത്യേക സാഹചര്യം പരിഗണിച്ച് ഇവര്‍ക്ക് ഇളവ് നല്‍കണം. പാക്കേജില്‍ പറയുന്ന വിദ്യാഭ്യാസ സഹായത്തെ കുറിച്ച് വ്യക്തത വരുത്തണം. പ്ലസ് ടു തലം വരെ സൗജന്യ വിദ്യാഭ്യാസം നിലവിലുണ്ട്. കുടുംബനാഥന്‍ നഷ്ടപ്പെട്ട കുടുംബത്തിലെ ഒരംഗത്തിന് തൊഴില്‍ നല്‍കണം. ബീമാപള്ളി, പൂന്തുറ, വിഴിഞ്ഞം തീരങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ മുന്‍ഗണന നല്‍കണം. മറ്റ് സംസ്ഥാനങ്ങളിലെ തീരങ്ങളില്‍ മലയാളികളായ മത്സ്യത്തൊഴിലാളികള്‍ എത്തിയിട്ടുണ്ടെന്ന് കേള്‍ക്കുന്നെങ്കിലും അവരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സംസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ട് അവരെ തിരിച്ചെത്തിക്കണം. ദുരന്തത്തെ നേരിട്ട സര്‍ക്കാരിന്റെ ശൈലി നിരുത്തരവാദത്തിന്റെ അങ്ങേ തലമായിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദുരിതബാധിതരെ എല്ലാ രീതിയിലും സഹായിക്കാന്‍ മുസ്‌ലിം ലീഗ് പാര്‍ട്ടി തയാറാണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് അവ നിര്‍മിച്ചുനല്‍കാന്‍ മുസ്‌ലിം ലീഗിന് ആഗ്രഹമുണ്ട്. എന്നാല്‍ സ്ഥലലഭ്യത ഉറപ്പുവരുത്തണം. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ മുസ്‌ലിം ലീഗിന്റെ ‘ബൈത്തുറഹ്മ ഭവന പദ്ധതി’യില്‍ ഉള്‍പെടുത്തുമെന്നും മുനീര്‍ അറിയിച്ചു.

മുസ്‌ലിം ലീഗ് തിരുവന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കണിയാപുരം ഹലിമും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി മേഖലകള്‍ സന്ദര്‍ശിച്ച ശേഷം മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന യാതനകള്‍ക്ക് പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് ഡോ.എം.കെ മുനീര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

chandrika: