X

ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്‍ഡ് മൂന്നു വര്‍ഷമായി വിതരണം ചെയ്തില്ല

നന്യൂഡല്‍ഹി: കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ലഭിക്കേണ്ട കേന്ദ്രഫണ്ട് 2014 മുതല്‍ മുടങ്ങിക്കിടക്കുന്നു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ ഐ.ഡി.എം.ഐ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് ഇന്‍ മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂട്ട്സ്) പദ്ധതി പ്രകാരം സംസ്ഥാനത്തെ 135 സ്ഥാപനങ്ങള്‍ക്കു ലഭിക്കേണ്ട 30 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നത്. കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2012ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ടിന്റെ രണ്ടാം ഗഡു ഉടന്‍ അനുവദിക്കുമെന്ന് കഴിഞ്ഞവര്‍ഷം ആഗസ്തില്‍ കേന്ദ്ര മാനവ വിഭവശേഷിമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇ.ടി മുഹമ്മദ്ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നെത്തിയ പ്രതിനിധി സംഘത്തിനാണ് അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്. എന്നാല്‍ ഈ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന് ന്യൂനപക്ഷസ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐ.ഡി.എം.ഐ ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രണ്ടാംഗഡു ലഭിക്കാത്തതുമൂലം ഈ സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യ വികസനം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ഇക്കാര്യം മാനവവിഭവശേഷിമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിഷയം സജീവമായി ചര്‍ച്ചചെയ്യുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഒരിക്കലൂടെ കേന്ദ്രമന്ത്രിയെ കാണുമെന്നും ഐ.ഡി.എം.ഐ ഫോറം ജനറല്‍ കണ്‍വീനര്‍ യൂസുഫ് എന്‍.കെ അറിയിച്ചു. ഒന്നാംഘട്ട തുകയുടെ ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തിയ വരവ് ചെലവ് കണക്കുകള്‍ സഹിതം സമര്‍പ്പിച്ചാലേ രണ്ടാംഘട്ട ഗ്രാന്റ് വിതരണം ചെയ്യുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തിലെ എല്ലാ നടപടിക്രമങ്ങളും ഈ 135 സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും യൂസുഫ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഫോറം ഭാരവാഹികളായ കെ.ടി മുനീബുര്‍റഹ്്മാനും ഡോ. എന്‍. ലബീദും പങ്കെടുത്തു.

chandrika: