X

കുതിച്ചുയരാന്‍ ജി.എസ്.എല്‍.വി മാര്‍ക്ക് 3 പറന്നുയരുന്നത് ഇന്ത്യയുടെ ഏറ്റവും കരുത്തേറിയ റോക്കറ്റ്

 

തിരുവനന്തപുരം: ദക്ഷിണേഷ്യന്‍ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ ഏറ്റവും കരുത്തേറിയ റോക്കറ്റായ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്ന് ഐ.എസ്.ആര്‍.ഒ ഇന്ന് വിക്ഷേപിക്കും.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിന്‍ ഉപയോഗിക്കുന്ന ഏറ്റവും ഭാരമേറിയ റോക്കറ്റാണ് മാര്‍ക്ക് 3. ജി.എസ്.ടി 19 എന്ന ഉപഗ്രഹം വഹിച്ചുകൊണ്ട് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ വൈകിട്ട് 5.28ന് ഐ.എസ്.ആര്‍.ഒയുടെ അഞ്ചാംതലമുറ റോക്കറ്റായ ജി.എസ്.എല്‍.വി മാര്‍ക്ക് 3 പറന്നുയരും. ഇതിനായുള്ള ഇരുപത്തിയഞ്ചര മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ ഇന്നലെ വൈകിട്ട് 4.58ന് ആരംഭിച്ചു.
റോക്കറ്റിന്റെ വിക്ഷേപണത്തിനുള്ള ഒരുക്കം അവസാനഘട്ടത്തിലെത്തുമ്പോള്‍ ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പെയ്‌സ് സെന്ററിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. തദ്ദേശീയ ക്രയോജനിക് എഞ്ചിന്‍ ഉപയോഗിച്ചുള്ള കരുത്തന്‍ റോക്കറ്റ് രാജ്യത്ത് നിര്‍മിച്ച ഏറ്റവും വലിപ്പമുള്ളതും ഭാരമേറിയതുമാണ്. ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയിലുള്ള റോക്കറ്റിന്റെ താപകവചവും പ്രത്യേകതയുള്ളതാണ്. അതിതീവ്രതാപം അതിജീവിക്കാന്‍ വികസിപ്പിച്ച കവചത്തിന്റെ ആദ്യ പരീക്ഷണം കൂടിയാണിത്.
അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്‌പേയ്‌സ് ഏജന്‍സി തുടങ്ങിയവക്ക് പിന്നാലെ വന്‍ശേഷിയുള്ള വിക്ഷേപണ വാഹനം തദ്ദേശീയമായി വികസിപ്പിച്ച നേട്ടത്തിനൊരുങ്ങുകയാണ് ഐ.എസ്.ആര്‍.ഒ. അത്യന്തം സങ്കീര്‍ണമായ ക്രയോജനിക് എഞ്ചിന്‍ സി.ഇ-20 നല്‍കുന്ന തള്ളല്‍ശേഷിയുടെ പൂര്‍ണ പരീക്ഷണം കൂടിയാകും വിക്ഷേപണം. അടുത്ത ഒരു മാര്‍ക്ക് 3 വിക്ഷേപണത്തിനുശേഷം ഇത്തരം റോക്കറ്റില്‍ വാണിജ്യവിക്ഷേപണവും ആരംഭിക്കും. 4000 മുതല്‍ 10,000 കിലോഗ്രാം വരെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ശേഷിയും ഇതോടെ ഇന്ത്യ സ്വന്തമാക്കും.
3156 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്-19 ഉപഗ്രഹത്തെ റോക്കറ്റ് ലക്ഷ്യത്തിലെത്തിക്കും. ഇത്രയും ഭാരമുള്ള ഉപഗ്രഹം ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്നതും ആദ്യമായാണ്. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ ഇലക്‌ട്രോണിക് സംവിധാനങ്ങളിലുണ്ടാകുന്ന റേഡിയേഷനെപ്പറ്റിയുള്ള പഠനവും ജിസാറ്റിന്റെ ലക്ഷ്യമാണ്. പത്തുവര്‍ഷമാണ് കാലാവധി.
മെയ് മാസത്തില്‍ വിക്ഷേപണം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ റോക്കറ്റായതിനാല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി വിക്ഷേപണം ജൂണിലേക്ക് മാറ്റുകയായിരുന്നു. പി.എസ്.എല്‍.വി, ജി.എസ്.എല്‍.വി മാര്‍ക്ക് 2 എന്നീ റോക്കറ്റുകളാണ് നിലവില്‍ ഇന്ത്യക്കുള്ളത്.
ഇവയുടെ ഭാരവാഹകശേഷി കുറവായതിനാല്‍ ഭാരം കൂടിയ ഉപഗ്രഹങ്ങള്‍ വിദേശ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യ വിക്ഷേപിച്ച് വന്നിരുന്നത്.

chandrika: