X

ബിന്‍ലാദന്റെ മകനെ കുറിച്ച് വിവരം തരുന്നവര്‍ക്ക് ഏഴു കോടി ഇനാം പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടണ്‍: അല്‍ഖൈ്വദ തലവനായിരുന്ന ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ഹംസ ലാദന്‍ തീവ്രവാദത്തിന്റെ മുഖമായി വളര്‍ന്നുവരുന്നുവെന്ന വിവരത്തേ തുടര്‍ന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. ഹംസയുടെ താവളം കണ്ടെത്തുന്നതിന് സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് പാരിതോഷികം.

ജിഹാദിന്റെ കിരീടാവകാശി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹംസയുടെ താവളം എവിടെയാണെന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഇറാനിലെ ഏതെങ്കിലും വീട്ടുതടങ്കലിലോ ആയിരിക്കാമെന്നാണ് വര്‍ഷങ്ങളായുള്ള നിഗമനം.

ബിന്‍ലാദന്‍ കൊല്ലപ്പെട്ടതിനു ശേഷം മകന്‍ ഹംസ ലാദന്‍ അല്‍ ഖൈ്വദയുടെ തലവനാകാന്‍ പോകുന്നുവെന്ന പ്രചാരണമുണ്ടായിരുന്നു. 2011ല്‍ പിതാവിനെ കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് ഹംസ ഭീഷണിപ്പെടുത്തിയിരുന്നതായി അമേരിക്ക ആരോപിച്ചു. അതിനിടയില്‍ സിറിയയിലെ തീവ്രവാദികള്‍ ഫലസ്തീന്റെ മോചനത്തിനായി ഒന്നിച്ചു നില്‍ക്കണമെന്നാവശ്യപ്പെട്ടുള്ള വീഡിയോ ഹംസയുടേതായി പ്രചരിച്ചിരുന്നു.

അമേരിക്കക്കെതിരെ മുപ്പതോളം ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഉസാമ ബിന്‍ ലാദനെ 2011ല്‍ പാകിസ്ഥാനിലെ അബട്ടാബാദില്‍ വെച്ച് അമേരിക്ക ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.
ഉസാമ ബിന്‍ ലാദന്റെ മരണത്തിനു ശേഷം മൂന്ന് ഭാര്യമാരെയും മക്കളെയും അവരുടെ സ്വദേശമായ സൗദിയിലേക്ക് മടങ്ങാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഹംസയുടെ കാര്യത്തില്‍ അപ്പോഴും തര്‍ക്കം നിലനിന്നു. വര്‍ഷങ്ങളോളം മാതാവിനൊപ്പം ഇറാനിലായിരുന്നു ഹംസ.

web desk 1: