X

പ്രതീക്ഷകളോടെ പുതുവര്‍ഷം

നിപ്പ, പ്രളയം, പ്രകൃതിക്ഷോഭം.... ദുരന്തങ്ങളുടെ തീക്കാറ്റിലും അതിജീവനത്തിന്റെ പോര്‍മുഖങ്ങളാണ് പോയ കാലത്തിന്റെ ഓര്‍മ. പ്രതീക്ഷയുടെ പുതു വര്‍ഷത്തിലേക്ക് നമുക്ക് കരുതലോടെ കാലെടുത്തു വെക്കാം (ചിത്രം: സി.കെ തന്‍സീര്‍)

കറുപ്പിന്റെയും വെളുപ്പിന്റെയും ഒരാണ്ടുകൂടി സാമൂഹിക ജീവിതത്തിന്റെ ചുമരുകളില്‍നിന്ന് എടുത്തുമാറ്റപ്പെട്ടിരിക്കയാണ്. കെടുതികളുടെയും കണ്ണീരിന്റെയും പോലെ പ്രത്യാശയുടെയും വര്‍ഷമാണ് ഇന്നലെ കടന്നുപോയത്. കടന്നുപോയ ദുരന്തങ്ങളെയോര്‍ത്ത് നെടുവീര്‍പ്പിടുന്നതിലപ്പുറം വരാനിരിക്കുന്ന നാളുകളെ പ്രതീക്ഷാഭരിതമാക്കുകയാണ് മനുഷ്യന്റെ മുന്നിലെ പ്രായോഗികബുദ്ധി. അതനുസരിച്ച് 2018നെപോലെ ആവരുതേ 2019 എന്ന് ആശ്വസിക്കാനും പ്രതീക്ഷിക്കാനും തദനുസാരം ജീവിതത്തെ ആദര്‍ശനിബദ്ധമായി ചിട്ടയോടെ മുന്നോട്ടുകൊണ്ടുപോകാനും ഓരോമനുഷ്യനും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം; അതിനായി പ്രയത്‌നിക്കാം.
ഇതെഴുതുമ്പോഴും ലോകത്ത് പലയിടത്തും പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി കേഴുകയാണ്. വേദന തിന്നുകഴിയുന്ന കോടിക്കണക്കിന് ജീവിതങ്ങളെ സംബന്ധിച്ച് ഒരുവാക്കും അവരുടെ മനോനിലയെയും ജീവിതത്തെയും മാറ്റിമറിക്കുന്നില്ല. ‘അമേരിക്ക ഒന്നാമത് ‘ എന്ന മുദ്രാവാക്യവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകളും പെരുമാറ്റങ്ങളും ലോകത്തെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് എറിയുകയാണെന്ന തോന്നലാണ് ഇക്കഴിഞ്ഞ കൊല്ലവും മാലോകര്‍ കണ്ടതും കേട്ടതും. ഇറാനുമായും ചൈനയുമായും വടക്കന്‍ കൊറിയയുമായും മറ്റും ഏറ്റുമുട്ടലിന്റെ സ്വരം അവലംബിച്ച ട്രംപ് വര്‍ഷത്തിനൊടുവില്‍ സിറിയയില്‍നിന്ന് സ്വന്തം സൈന്യത്തെ പിന്‍വലിക്കുകയാണെന്ന വാര്‍ത്ത ശുഭകരമാണെങ്കിലും വരുംനാളുകള്‍ ഈരാഷ്ട്ര നേതാവുമൂലം എന്തെല്ലാം സംഭവിച്ചേക്കുമെന്ന ആധി നിലനില്‍ക്കുകയാണ്. ലോകത്ത് പലയിടത്തും മാന്ദ്യം പിടിമുറുക്കുന്നു. മനുഷ്യാര്‍ത്തിയാല്‍ പ്രകൃതി സംഹാര താണ്ഡവമാടുന്നു. മാറാരോഗങ്ങള്‍ തിരിച്ചുവരുന്നു. സമ്പന്നന്‍ വീണ്ടും സമ്പന്നരാകുന്ന അവസ്ഥ. ഫലസ്തീനിലും ഇറാഖിലും സിറിയയിലും യെമനിലും മറ്റും നരകയാതന അനുഭവിക്കുന്ന പതിനായിരങ്ങളാണ് ഒരു വശത്തെങ്കില്‍, നാം അധിവസിക്കുന്ന ഇന്ത്യയിലും കാര്യങ്ങള്‍ അത്രയൊന്നും ഭിന്നമല്ലെന്നാണ് ഇക്കഴിഞ്ഞ ആണ്ട് പഠിപ്പിച്ചുതന്നിട്ടുള്ളത്.
സത്യാനന്തരകാലം എന്നു വിളിക്കപ്പെടുന്ന ട്രംപിന്റെ കാലത്തുതന്നെയാണ് ഇന്ത്യയില്‍ നരേന്ദ്രമോദിയുടെ ഭരണ നടപടികളും ഏറെ വിവാദങ്ങളും പ്രയാസങ്ങളും ക്ഷണിച്ചുവരുത്തിയത്. ഇന്ത്യാരാജ്യത്തെ 70 ശതമാനം സമ്പത്തും ഒരു ശതമാനം പേരിലേക്ക് ചുരുക്കപ്പെട്ടിരിക്കുന്നു. 2000 കോടിയിലധികം രൂപ സ്വന്തം വിദേശയാത്രകള്‍ക്കായി മാത്രം ചെലവഴിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ ചരിത്രത്തിലിതുവരെ മോദിയല്ലാതെ ഉണ്ടായിട്ടില്ലെന്ന വാര്‍ത്ത ജനസംഖ്യയിലെ പകുതിയോളം വരുന്ന ദരിദ്രനാരായണന്മാരുടെ ഇന്ത്യയെ ലജ്ജിപ്പിച്ച വര്‍ഷമാണ് 2018. ദരിദ്രരും നാമമാത്രരുമായ കര്‍ഷകര്‍ വിളകള്‍ക്ക് വിലയില്ലാതെയും ജീവിതച്ചെലവ് അരിഷ്ടിച്ചും കഴിയുമ്പോള്‍ കോടിക്കണക്കിന് രൂപ വന്‍കിട മുതലാളിമാര്‍ക്കായി എഴുതിത്തള്ളിയ സര്‍ക്കാര്‍ പൊങ്ങച്ചത്തിന്റെയും ധൂര്‍ത്തിന്റെയും പ്രതീകമായ പടുകൂറ്റന്‍ പ്രതിമകള്‍കൊണ്ട് എല്ലാം മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത് ദയനീയം. സ്വാതന്ത്ര്യാനന്തരം ഇതാദ്യമായാണ് വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ രക്ഷ യാചിച്ച് എരിയുന്ന രോഷവുമായി ഭരണ സിരാകേന്ദ്രങ്ങളിലേക്ക് കിലോമീറ്ററുകള്‍ നടന്നുനീങ്ങിയത്. പശുവിന്റെയും മറ്റും പേരിലുള്ള നിരവധിയായ ആള്‍ക്കൂട്ടക്കൊലകള്‍ വിശ്വാസത്തെ രാഷ്ട്രീയത്തിന് ദുരുപയോഗിച്ചാല്‍ എന്തു സംഭവിക്കുമെന്ന് വീണ്ടും കാട്ടിത്തന്നു. സി.ഐ അടക്കം രണ്ടു പൊലീസുദ്യോഗസ്ഥര്‍ക്ക് ഡിസംബറില്‍ ഭ്രാന്തമായ ജനക്കൂട്ടത്തിന്റെ കൊലവിധിക്കിരയാകേണ്ടിവന്നതും മുസ്്‌ലിംകള്‍ അടക്കം അമ്പതോളം പൗരന്മാര്‍ വഴിയില്‍ കൊല ചെയ്യപ്പെട്ടതും രാജ്യത്തിന്റെ ഭാവിയെ ചോദ്യം ചെയ്യുന്നു. ജനാധിപത്യത്തിലെ പ്രതീക്ഷയായ ഉന്നത നീതിപീഠം പോലും ചോദ്യം ചെയ്യപ്പെടുന്നതും 2018 കണ്ടു. ഭരണകൂട ഭീകരതയും അഴിമതിയും ദിനചര്യയായി. ഭരണഘടനാസ്ഥാപനങ്ങളായ പാര്‍ലമെന്റ്, റിസര്‍വ് ബാങ്ക്, തിരഞ്ഞെടുപ്പു കമ്മീഷന്‍, സി.ബി.ഐ, വിജിലന്‍സ്, മനുഷ്യാവകാശ, വനിതാകമ്മീഷനുകള്‍ തുടങ്ങിയവ രാജ്യത്താദ്യമായി സംശയത്തിന്റെ നിഴലിലാക്കപ്പെട്ടു. നാഗ്പൂരിലെ ആര്‍.എസ്.എസ് ബുദ്ധിയാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്ന തോന്നല്‍ ജനതയെ വീര്‍പ്പുമുട്ടിച്ചു. വരും നാളുകളില്‍ ഇന്ത്യ ഇതുപോലെ നിലനില്‍ക്കുമോ എന്ന ചോദ്യവുമായാണ് വര്‍ഷം അസ്തമിച്ചിരിക്കുന്നത്. ഭരണഘടനയും അത് ഉല്‍ബോധിപ്പിക്കുന്ന മതേതരത്വ, സോഷ്യലിസ്റ്റ് നയങ്ങളും എന്നാണ് എടുത്തുമാറ്റപ്പെടുക എന്ന ഭീതിയിലാണ് 130 കോടി ജനത.
ഈ തമസ്സിലും പക്ഷേ ചെറു പൊന്‍കിരണങ്ങള്‍ രാജ്യത്തെ ചിലയിടങ്ങളില്‍നിന്ന ്‌പൊന്തിവരുന്നുവെന്നതാണ് 2019ന്റെ പ്രത്യാശയും പ്രതീക്ഷയും. മാര്‍ച്ചിലും നവംബറിലും ഡിസംബറിലുമായി നടന്ന ആറു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ വര്‍ഗീയ രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്ന് വിധിയെഴുതി. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ബി.ജെ.പി ഭരണകൂടങ്ങള്‍ ചീട്ടുകൊട്ടാരം കണക്കെ ചിതറിവീണിരിക്കുന്നു. കര്‍ണാടകയിലെ കുതിരക്കച്ചവടം വിജയിപ്പിക്കാതാക്കിയതും കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുടെ ദീര്‍ഘവീക്ഷണവും രാജ്യത്തോടുള്ള പ്രതിബദ്ധതയും മൂലമായിരുന്നു. സ്വതന്ത്രചിന്താഗതിക്കാര്‍, എഴുത്തുകാര്‍, ആദിവാസികള്‍, പട്ടികവിഭാഗം, പിന്നാക്കവിഭാഗക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കെല്ലാം ഈവിജയങ്ങള്‍ വലിയ പ്രതീക്ഷകളാണ് സമ്മാനിച്ചിരിക്കുന്നത്. അതനുസരിച്ച് നയനിലപാടുകളില്‍ മാറ്റംവരുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ തയ്യാറാവുന്നു എന്നത് ശുഭകരമാണ്. മഹാപ്രളയംതീര്‍ത്ത കൊടിയ നാശത്തില്‍നിന്ന് മാനവിക ഐക്യത്തിന്റെ ഗതകാല സന്ദേശം വീണ്ടെടുത്ത കേരളം ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശന വിഷയത്തില്‍ രണ്ടായി തിരിഞ്ഞ പശ്ചാത്തലത്തില്‍ കൂടിയാണ് 2018 അവസാനിച്ചിരിക്കുന്നത്. വോട്ടു രാഷ്ട്രീയത്തിനുവേണ്ടി ബി.ജെ.പിയും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് നിമിഷ ഹര്‍ത്താലുകളും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് വര്‍ഗീയ വനിതാമതിലും. പ്രകൃതിയുടെ സംരക്ഷണവും നിരാലംബന്റെ ആശ്രയവും മുദ്രാവാക്യമാകേണ്ട കാലത്ത് കേവലരാഷ്ട്രീയത്തെമാത്രം സമയംകൊല്ലിയാക്കി ഭരണകൂടങ്ങള്‍ പിന്നോട്ടുനടക്കുമ്പോള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ട സന്നിഗ്ധാവസ്ഥയിലാണ് കേരളം.
പണവും കാരുണ്യവുമില്ലാത്തതുകൊണ്ട് ഒരൊറ്റ മനുഷ്യജീവിയും പീഡിപ്പിക്കപ്പെടരുതെന്ന സന്ദേശമാകണം ഭാവിയെ ഭരിക്കേണ്ടത്. ഉരിപ്ലവമായ ചിന്തകള്‍ക്കും പൊള്ളയായ പ്രവൃത്തികള്‍ക്കും അപ്പുറം സകല ചരാചരങ്ങളെയും സ്‌നേഹിക്കുന്ന സാഹോദര്യത്തിന്റെ ഉദ്‌ഘോഷം ഉയരട്ടെ എങ്ങും. സഹജീവിയുടെ വേദനയറിയുന്ന, അവളെയും അവനെയും സംരക്ഷിക്കുന്ന, പങ്കുവെപ്പിന്റെ ധാര്‍മിക ചിന്തക്കും പെരുമാറ്റത്തിനും പുത്താണ്ടില്‍ പുതുപ്രതിജ്ഞയെടുക്കാം. പട്ടിണിയും കാലുഷ്യവുമില്ലാത്ത ലോകം. അതാകട്ടെ പുതുവര്‍ഷത്തെ ഏവരുടെയും മാര്‍ഗവും ലക്ഷ്യവും.

chandrika: