X

പാണ്ഡ്യയുടേയും രാഹുലിന്റേയും സസ്‌പെന്‍ഷന്‍ ബി.സി.സി.ഐ പിന്‍വലിച്ചു

ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും ബി.സി.സി.ഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. പുതിയ അമിക്കസ് ക്യൂറി പി.നരസിംഹയുമായി കൂടികാഴ്ച നടത്തിയതിന് ശേഷമാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.

കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന ടി.വി ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് ഇരു താരങ്ങളെയും സസ്പെന്‍ഡ് ചെയ്തത്. താരങ്ങള്‍ക്കെതിരെയുടെ അന്വേഷണം പൂര്‍ത്തിയാവാന്‍ സമയം എടുക്കുമെന്നതിനാല്‍ അവരുടെ കളിയെ ബാധിക്കും എന്നതിനാസാണ് നടപടിയെന്നാണ് വിവരം.

നേരത്തെ ശിക്ഷാ നടപടിയുടെ ഭാഗമായി ഇരുവരേയും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പര്യടനത്തില്‍ നിന്ന് ബി.സി.സി.ഐ തിരിച്ചുവിളിച്ചിരുന്നു.

ഇരുവര്‍ക്കുമെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയായിരുന്നില്ല. സുപ്രീംകോടതി നിയമിക്കുന്ന ഓംബുഡ്സ്മാനാണ് ഇരു താരങ്ങള്‍ക്കുമെതിരായ ആരോപണങ്ങള്‍ പരിശോധിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട കേസ് ഫെബ്രുവരി 5നാണ് കോടതി ഇനി പരിഗണിക്കുക. ഈയൊരു സാഹചര്യത്തിലാണ് താരങ്ങള്‍ക്കെതിരായ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.

ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന പരമ്പരയില്‍ പാണ്ഡ്യ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അതേസമയം കെ.എല്‍ രാഹുല്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരും. നിലവില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യ എ ടീമിനൊപ്പമാകും രാഹുല്‍ ചേരുക. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ഇരുവരേയും പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്.

chandrika: